Justice DY Chandrachud
ഡി വൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് പദവിയിലെത്തുമ്പോള്‍
കോടതിക്കും ജനാധിപത്യത്തിനും ഏറ്റ പുഴുക്കുത്തുകള്‍ മായ്ച്ചു കളയാന്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനാകുമോ? വരും നാളുകളാണ് അതിന് ഉത്തരം നല്‍കേണ്ടത്. നേരത്തേ ചില പ്രഭാഷണങ്ങളില്‍ ഭരണകൂടത്തിന്റെ അപച്യുതിയെ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്.
രാജ്യത്തെ അമ്പതാമത് ചീഫ് ജസ്റ്റിസായി ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി വൈ ചന്ദ്രചൂഡ് ചുമതലയേറ്റിരിക്കുകയാണ്. ഇന്നലെ കാലത്ത് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തതോടെയാണ് യു യു ലളിതിന്റെ പിന്‍ഗാമിയായി അദ്ദേഹം പരമോന്നത ന്യായാധിപന്റെ കസേരയിലെത്തിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും നീണ്ട കാലയളവ് (1978-1985) ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ജസ്റ്റിസ് യശ്വന്ത് വിഷ്ണു ചന്ദ്രചൂഡിന്റെ മകനായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് രണ്ട് വര്‍ഷത്തെ കാലാവധിയുണ്ട് ഈ പദവിയില്‍. 2024 നവംബര്‍ 24നാകും അദ്ദേഹം വിരമിക്കുക. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡ്, 2016 മെയ് 13നാണ് സുപ്രീം കോടതി ജഡ്ജിയായത്. 2000 മാര്‍ച്ച് 29 മുതല്‍ ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. അതിനു മുമ്പേ അഡീഷനല്‍ സോളിസിറ്റര്‍ ജനറലും.
ചീഫ് ജസ്റ്റിസിന്റെ പദവിയില്‍ ആര് ഉപവിഷ്ടരാകുന്നുവെന്നതല്ല, നീതിന്യായ വ്യവസ്ഥയെ അതിന്റെ യഥാര്‍ഥ ലക്ഷ്യത്തില്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അവര്‍ എത്രമാത്രം വിജയിക്കുന്നുവെന്നതാണ് കാതലായ പ്രശ്‌നം. എല്ലാ ഭരണകൂട സമ്മര്‍ദങ്ങളും ബാഹ്യസ്വാധീനങ്ങളും അതിജീവിച്ച് നീതിന്യായ സ്വാതന്ത്ര്യം മാത്രം മുറുകെ പിടിച്ചുള്ള ഇടപെടലുകലും തീര്‍പ്പുകളുമാണ് നീതിപീഠങ്ങളെ നയിക്കുന്നവരുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടത്. ഇന്ത്യന്‍ ഭരണഘടനയില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്ന സ്ഥാപനങ്ങളാണ് നീതിന്യായ കോടതികള്‍. സിവില്‍, ക്രിമിനല്‍ കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതോടൊപ്പം സര്‍ക്കാറിന്റെ ഭാഗമായ നിയമനിര്‍മാണ സഭകള്‍ക്കും ഉദ്യോഗസ്ഥ വിഭാഗത്തിനും ഭരണഘടനാപരമായ വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ അതിനെ ഭരണഘടനയുടെ പിന്‍ബലത്തില്‍ തിരുത്തി നേര്‍വഴിക്കു നയിക്കാന്‍ ബാധ്യതയുണ്ട് കോടതികളുടെയും ജുഡീഷ്യറിയുടെയും മര്‍മ സ്ഥാനങ്ങള്‍ വഹിക്കുന്ന ജഡ്ജിമാര്‍ക്ക്. വിശിഷ്യാ ചീഫ് ജസ്റ്റിസിന്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പുറത്ത് സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ അധികാരമുള്ള കേന്ദ്രങ്ങളാണവര്‍.
പലപ്പോഴും കോടതികള്‍ ഈ ബാധ്യത നിറവേറ്റിയിട്ടുണ്ട്. കൊവിഡ് 19 രാജ്യത്തൊട്ടാകെ പടര്‍ന്നു പിടിക്കുകയും അതിനെ നേരിടാനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ഭരണ സംവിധാനങ്ങള്‍ക്കു കഴിയാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ കോടതികളെടുത്ത നിലപാടുകളും രാജ്യദ്രോഹ നിയമത്തിന്റെ കാര്യത്തില്‍ സ്വീകരിച്ച തീരുമാനവും ഉദാഹരണം. മരുന്നുകളുടെയും ആശുപത്രി കിടക്കകളുടെയും ഓക്സിജന്റെയും ആരോഗ്യ പരിരക്ഷയുടെയും അഭാവം ജനത്തെ കടുത്ത പ്രയാസത്തിലാക്കിയപ്പോള്‍ രാജ്യത്തെ ഹൈക്കോടതികള്‍ ശക്തമായ ഭാഷയിലാണ് സര്‍ക്കാറുകളെ വിമര്‍ശിച്ചതും അടിയന്തര പരിഹാരങ്ങള്‍ക്ക് ഉത്തരവിട്ടതും. 160 വര്‍ഷമായി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലുണ്ടായിരുന്ന രാജ്യദ്രോഹ നിയമം (124 എ വകുപ്പ്) മരവിപ്പിക്കുകയും ഈ വകുപ്പ് പ്രകാരം രാജ്യദ്രോഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത മെയ് 11ലെ ഉത്തരവ് സുപ്രീം കോടതിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച വിധിപ്രസ്താവമായിരുന്നു.
അതേസമയം, ആശാവഹമല്ലാത്ത ധാരാളം വിധിപ്രസ്താവങ്ങള്‍ അടുത്ത കാലത്തായി സുപ്രീം കോടതിയില്‍ നിന്നുണ്ടായി. അയോധ്യയിലെ ബാബരി മസ്ജിദിന്റെ വഖ്ഫ് ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനു വിട്ടുകൊടുത്തുകൊണ്ടുള്ള 2019 നവംബര്‍ ഒമ്പതിലെ വിധി, സ്വവര്‍ഗ വിവാഹം, വിവാഹേതര ബന്ധങ്ങള്‍, വിവാഹിതകള്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രത്തിന് അവകാശം നല്‍കുന്ന വിധി തുടങ്ങി ധാര്‍മികതക്കും സദാചാര മൂല്യങ്ങള്‍ക്കും നിരക്കാത്ത തീര്‍പ്പുകള്‍ ഇതിന് ഉദാഹരണമാണ്. സുപ്രീം കോടതി ഭരണകൂടത്തിന് വിധേയപ്പെടുന്നു എന്ന വിമര്‍ശവും വ്യാപകമാണ്. കോടതികളെ പൊതുസമൂഹം മാത്രമല്ല, നീതിന്യായ സംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെ സംശയത്തോടെ നോക്കിക്കാണുന്ന സാഹചര്യം നിലവില്‍ സംജാതമായിട്ടുണ്ട്. 2018 ജനുവരിയില്‍ മുതിന്ന നാല് ജഡ്ജിമാര്‍ അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തേണ്ടി വന്ന സാഹചര്യവും വിലയിരുത്തപ്പെടേണ്ടതാണ്. കോടതി നടത്തിപ്പിനെതിരെ അന്നവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമായിരുന്നു. ജനാധിപത്യം അപകടാവസ്ഥയിലാണെന്നാണ് അന്നവര്‍ ചൂണ്ടിക്കാണിച്ചത്.
കോടതിക്കും ജനാധിപത്യത്തിനും ഏറ്റ പുഴുക്കുത്തുകള്‍ മായ്ച്ചു കളയാന്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനാകുമോ? വരും നാളുകളാണ് അതിന് ഉത്തരം നല്‍കേണ്ടത്. “സാധാരണ പൗരന്മാരെ സേവിക്കുന്നതിനാണ് താന്‍ മുന്‍ഗണന നല്‍കുകയെന്നും ജുഡീഷ്യല്‍-രജിസ്ട്രി രംഗങ്ങളില്‍ പരിഷ്‌കരണം കൊണ്ടുവരുമെ’ന്നുമാണ് ഇന്നലെ പുതിയ പദവി ഏറ്റെടുത്ത ഉടനെ ജസ്റ്റിസ് ചന്ദ്രചൂഡ് പ്രതികരിച്ചത്. “വാക്കുകളല്ല, എന്റെ പ്രവൃത്തികള്‍ സംസാരിക്കു’മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തേ ചില പ്രഭാഷണങ്ങളില്‍ ഭരണകൂടത്തിന്റെ അപച്യുതിയെ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ പേരില്‍ വ്യക്തികളെ ആള്‍ക്കൂട്ടം കൊലപ്പെടുത്തുമ്പോള്‍ ഭരണഘടനയും കൊലചെയ്യപ്പെടുന്നുവെന്നും രാജ്യദ്രോഹം ആരോപിക്കപ്പെട്ട് കാര്‍ട്ടൂണിസ്റ്റ് ജയിലിലായപ്പോള്‍ ഭരണഘടന പരാജയപ്പെടുന്നു എന്നും അദ്ദേഹം ആശങ്കപ്പെട്ടിരുന്നു. ജനാധിപത്യ വ്യവസ്ഥകളോടും നീതിന്യായത്തോടുമുള്ള പ്രതിബദ്ധതയാണ് ഇവയില്‍ നിന്നെല്ലാം വായിച്ചെടുക്കാനാകുന്നത്. അതേസമയം നല്ല ചിന്തകളും കാഴ്ചപ്പാടുകളും ഉണ്ടായത് കൊണ്ടായില്ല, ഭരണകൂടത്തിന്റെ സമ്മര്‍ദങ്ങളെ വകഞ്ഞുമാറ്റി അത് പ്രാവര്‍ത്തികമാക്കാനുള്ള ആര്‍ജവവും ചങ്കൂറ്റവും കൂടി വേണം. ജനാധിപത്യവും മതേതരത്വവും മുമ്പെങ്ങുമില്ലാത്ത വിധം കടുത്ത വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണിന്ന്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങളെ പോലും ചോദ്യം ചെയ്യാനും അട്ടിമറിക്കാനും മടിക്കാത്തവരാണ് ഭരണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ ഒഴുക്കിനൊത്തു നീങ്ങാതെ അതിനെ മുറിച്ചു കടക്കുക ശ്രമകരമാണ്. നീതിന്യായ രംഗത്തെ പരമാധികാര സഭയുടെ നിഷ്പക്ഷതയും സംശുദ്ധതയും വിശ്വാസ്യതയും കാത്തുസൂക്ഷിക്കാനും കോടതികളെ സുതാര്യവും ജനപക്ഷവുമാക്കാനും അദ്ദേഹത്തിനു സാധിച്ചാല്‍, ആ ലക്ഷ്യത്തിലൊരു ചുവടുവെക്കാനെങ്കിലുമായാല്‍ ചരിത്രത്തില്‍ അത് പ്രത്യേകം രേഖപ്പെടുത്താതിരിക്കില്ല.