Connect with us

Articles

ജീവജല സംരക്ഷണത്തോട് മുഖംതിരിക്കുമ്പോള്‍

തദ്ദേശ ഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പല പദ്ധതികളും കൊണ്ടുവരുന്നുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തുന്നില്ല. ജനപങ്കാളിത്തത്തോടെയും ദീര്‍ഘ വീക്ഷണത്തോടെയുമുള്ള പദ്ധതികള്‍ ഇല്ലാത്തതാണ് കുടിവെള്ള പ്രശ്നം നിലനില്‍ക്കാന്‍ കാരണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വം വളരെ വലുതാണ്. എന്നാല്‍ അത് എത്രത്തോളം നിറവേറ്റപ്പെടുന്നുണ്ട് എന്ന് പരിശോധിച്ചാല്‍ നിരാശ തന്നെയായിരിക്കും ഫലം.

Published

|

Last Updated

കൊടും വേനലില്‍ മനുഷ്യര്‍ ദാഹജലത്തിനായി കേഴുകയാണ്. കുടിവെള്ളത്തിനായി ആളുകള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് എവിടെയും കാണുന്നത്. പുഴകളും തോടുകളും മറ്റ് ജലാശയങ്ങളും വറ്റി വരണ്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ലഭിച്ച വേനല്‍ മഴയുടെ തോത് വളരെ കുറവാണ്. സാമാന്യം ശക്തമായ മഴ ലഭിച്ചത് തെക്കന്‍ ജില്ലകളിലെ ചില ഭാഗങ്ങളില്‍ മാത്രമാണ്. വടക്കന്‍ മേഖലകളില്‍ മഴ കാര്യമായി ലഭിച്ചില്ല. അതുകൊണ്ട് തന്നെ കൊടും ചൂടില്‍ നീരുറവകള്‍ വറ്റിവരളുന്നു. കാര്‍ഷിക വിളകളെല്ലാം കരിഞ്ഞുണങ്ങുന്നു. എങ്ങും ചുടുകാറ്റും പൊടിപടലങ്ങളും ഉയരുന്ന അന്തരീക്ഷം. തുള്ളിവെള്ളത്തിനായി നിലവിളിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. ജലം ഒരു ആഗോളപ്രശ്നം തന്നെയായി മാറുന്ന സ്ഥിതിയാണുള്ളത്. ജലത്തിന്റെ പ്രാധാന്യവും മഹത്വവും കഴിഞ്ഞ തലമുറ മനസ്സിലാക്കിയിരുന്നു. ജലസംരക്ഷണത്തിന് ഹാനികരമാകുന്ന പ്രവര്‍ത്തനങ്ങള്‍ മുമ്പൊന്നും ഉണ്ടായിരുന്നില്ല. പരമ്പരാഗതമായ ജലസ്രോതസ്സുകള്‍ക്ക് ഹാനികരമാകാത്ത വികസന പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിയിരുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു കാലത്ത് കൃഷി പ്രധാന ഉപജീവന മാര്‍ഗമായിരുന്നതിനാല്‍ വയലുകളും മറ്റ് തണ്ണീര്‍ തടങ്ങളും സംരക്ഷിക്കുകയെന്നത് ഓരോ കുടുംബവും വലിയൊരു ഉത്തരവാദിത്വമായി കരുതിയിരുന്നു.

ജലത്തിന്റെ വിവേകപൂര്‍വമായ ഉപയോഗം മനസ്സിലാക്കിയവരും നിയന്ത്രിതമായ ഉപയോഗം പ്രാവര്‍ത്തികമാക്കിയവരും ജലസംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിച്ചവരുമായിരുന്നു അന്നത്തെ തലമുറ. കുളങ്ങള്‍, കിണറുകള്‍, നീരുറവകള്‍, ചോലകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവ നശിപ്പിക്കാതെ സംരക്ഷിച്ചിരുന്നതും കഴിഞ്ഞ തലമുറയായിരുന്നു. ജലസംരക്ഷണത്തിന്റെ പ്രാധാന്യം അവര്‍ അത്രയും ആഴത്തില്‍ തന്നെ മനസ്സിലാക്കിയിരുന്നു. അതിന്റേതായ അഭിവൃദ്ധി ആ കാലത്ത് എല്ലാ പ്രദേശങ്ങളിലും പ്രതിഫലിക്കുകയും ചെയ്തിരുന്നു. ജീവിത സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി വയലുകള്‍ നികത്തിയും കുന്നുകള്‍ ഇടിച്ചും തണ്ണീര്‍ തടങ്ങള്‍ നശിപ്പിച്ചുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജലസമൃദ്ധി നഷ്ടമാകുന്നതിനാണ് ഇടവരുത്തിയത്. പ്രകൃതിക്ക് നേരേയുള്ള കൈയേറ്റങ്ങളും ചൂഷണങ്ങളും അനിയന്ത്രിതമായതോടെ കുടിവെള്ള ക്ഷാമത്തിന്റെ കെടുതികളും ഇന്നത്തെ തലമുറ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
കുടിവെള്ളപ്രശ്നം ഇന്ന് നമ്മുടെ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. മഴക്കാലത്ത് പ്രളയവും പകര്‍ച്ച വ്യാധികളുമാണ് പ്രശ്നമെങ്കില്‍ വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമം പ്രതിസന്ധിയുണ്ടാക്കുന്നു. ഓരോ വര്‍ഷം കഴിയും തോറും കുടിവെള്ള പ്രശ്നത്തിന്റെ രൂക്ഷത കൂടി വരികയും ചെയ്യുന്നു.

തദ്ദേശ ഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പല പദ്ധതികളും കൊണ്ടുവരുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ല. ജനപങ്കാളിത്തത്തോടെയും ദീര്‍ഘ വീക്ഷണത്തോടെയുമുള്ള പദ്ധതികള്‍ ഇല്ലാത്തതാണ് കുടിവെള്ള പ്രശ്നം നിലനില്‍ക്കാന്‍ കാരണം. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വം വളരെ വലുതാണ്. എന്നാല്‍ അത് എത്രത്തോളം നിറവേറ്റപ്പെടുന്നുണ്ട് എന്ന് പരിശോധിച്ചാല്‍ നിരാശ തന്നെയായിരിക്കും ഫലം. വേനല്‍ കടുക്കുകയും വരള്‍ച്ച രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തില്‍ പോലും കേരളത്തിലെ പല കുടിവെള്ള പദ്ധതികളുടെയും പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്. കുടിവെള്ള പദ്ധതികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കേരളത്തിലുണ്ട്. എന്നാല്‍ ഈ പദ്ധതികള്‍ വഴിയുള്ള ജലവിതരണം ഒട്ടുമിക്ക ഭാഗങ്ങളിലും തടസ്സപ്പെടുകയാണ്.

ചിലയിടങ്ങളില്‍ തീരെ നിലയ്ക്കുന്ന സ്ഥിതിയുമുണ്ട്. വേനല്‍ മഴയുടെ ലഭ്യതക്കുറവും കൊടും ചൂടും കാരണം സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പല കുടുംബങ്ങളും കുഴല്‍ കിണറുകളും മറ്റും നിര്‍മിച്ച് കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ്. എന്നാല്‍ കുഴല്‍ കിണര്‍ നിര്‍മിച്ചാലും വെള്ളം കിട്ടാത്ത അനുഭവങ്ങളുമുണ്ട്. വലിയ സാമ്പത്തിക ബാധ്യത വേണ്ടിവരുന്നതിനാല്‍ കുഴല്‍ കിണര്‍ നിര്‍മിക്കാന്‍ നിര്‍വാഹമില്ലാത്ത കുടുംബങ്ങള്‍ ഏറെയാണ്. അത്തരം കുടുംബങ്ങള്‍ ആശ്രയിക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള കുടിവെള്ള പദ്ധതികളെയാണ്. ആദ്യം നിശ്ചിത തുക അടച്ചാണ് കുടുംബങ്ങള്‍ കുടിവെള്ള പദ്ധതികളുടെ ഗുണഭോക്താക്കളായി മാറിയത്. പിന്നീട് മാസം തോറും പണമടക്കുന്നു. പുഴകളും മറ്റ് ജലസ്രോതസ്സുകളും വറ്റി തുടങ്ങിയതോടെ കുടിവെള്ള പദ്ധതി വഴിയുള്ള ജലവിതരണവും തടസ്സപ്പെടുകയാണ്. ജലജീവന്‍ മിഷന്‍, സ്വജല്‍ധാര എന്നിങ്ങനെ വിവിധ പേരുകളിലുള്ള കുടിവെള്ള പദ്ധതികള്‍ സംസ്ഥാനത്ത് നിലവിലുണ്ട്. കോടികള്‍ മുടക്കിയാണ് ശുദ്ധജല സംവിധാനങ്ങള്‍ ഒരുക്കുന്നത്. എന്നാല്‍ വേനല്‍ കാലമാകുമ്പോള്‍ പദ്ധതികള്‍ മുഖേനയുള്ള വെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്. ദേശീയ പാതാ വികസന ജോലികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ ഭാഗങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്ന സ്ഥിതിയുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ വെള്ളത്തെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ പ്രശ്നമായി മാറുന്നു. പൊട്ടിയ പൈപ്പുകള്‍ നന്നാക്കുന്നതിന് എടുക്കുന്ന കാലതാമസം അനേകം കുടുംബങ്ങള്‍ക്ക് ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുന്ന ദയനീയമായ അവസ്ഥയിലെത്തിക്കുന്നു.

പുഴകളുടെ സംരക്ഷണം ജലസംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ അനധികൃത മണലെടുപ്പ് പുഴകളെ നാശത്തിന്റെ വക്കിലെത്തിക്കുന്നു. പുഴകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് മറ്റൊരു വെല്ലുവിളിയാണ്. പുഴകളില്‍ വെള്ളം വറ്റിവരളുന്നു എന്നത് മാത്രമല്ല പ്രശ്നം. പുഴകളിലെ മാലിന്യങ്ങള്‍ പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടവരുത്തുന്നു. മറ്റ് ജലാശയങ്ങളിലും മാലിന്യം എത്തി വെള്ളം ഉപയോഗശൂന്യമാക്കുകയും ചെയ്യുന്നു. സ്വാര്‍ഥ ചിന്തയും ആധുനിക സൗകര്യങ്ങളോടുള്ള ആസക്തിയും മൂലം ജലത്തിന്റെ പ്രാധാന്യം ഇന്നത്തെ തലമുറ മനസ്സിലാക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ ദുര്യോഗം. ജലത്തിന്റെ വിവേകപൂര്‍വമായ ഉപയോഗം ഇന്ന് നടക്കുന്നില്ല. ലഭ്യമായ വെള്ളത്തെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.

ഓരോ വേനലും വരള്‍ച്ചയും ഭീതിദമായ അവസ്ഥയുമാണുണ്ടാക്കുന്നത്. മണ്ണും ജലവും ജൈവ സമ്പത്തുക്കളും സംരക്ഷിക്കുക എന്നത് തന്നെയാണ് പരമ പ്രധാനം. ഇതിനായി ഒട്ടേറെ നിയമ വ്യവസ്ഥകളും, അവ നടപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന-പ്രാദേശിക സര്‍ക്കാറുകളും ഉണ്ടെങ്കിലും ഫലപ്രദമായ ഇടപെടലുകള്‍ ഉണ്ടാകുന്നില്ല. മാത്രമല്ല നിയമങ്ങളെ മണ്ണിനെയും ജലത്തെയും ചൂഷണം ചെയ്യുന്നതിനുള്ള ഉപാധികളാക്കി മാറ്റി വലിയ തോതില്‍ മുതലെടുപ്പ് നടത്തുകയും സാമ്പത്തിക നേട്ടങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ലാഭക്കൊതി മാത്രം ലക്ഷ്യം വെച്ചുള്ള ഇന്നത്തെ തലമുറയുടെ മനോഭാവം മാറിയില്ലെങ്കില്‍ കേരളത്തില്‍ വരള്‍ച്ച വിപുലമായ ജീവനാശത്തിന് ഇടവരുത്തുന്ന ദുരന്തമായി പരിണമിക്കും. അതിന് ഇടനല്‍കരുത്. മണ്ണും ജലവും സംരക്ഷിച്ചാല്‍ മാത്രമേ ജീവന്‍ പോലും നിലനില്‍ക്കൂവെന്ന യാഥാര്‍ഥ്യം നമ്മള്‍ തിരിച്ചറിയണം.

Latest