Editorial
ഭക്ഷ്യ വിഷബാധ തുടർക്കഥയാകുമ്പോൾ
ഉദ്യോഗസ്ഥരുടെ കള്ളക്കളി മൂലം ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ പ്രതിക്കൂട്ടിലാകേണ്ടി വരുന്നതിൽ ജീവനക്കാരിൽ ഒരു വിഭാഗം അസംതൃപ്തരാണ്. ഇത്തരം ആരോപണങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവർ അന്വേഷണം നടത്തുകയും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ. കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവതി(19)യാണ് ഇന്നലെ കാലത്ത് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഡിസംബർ 31ന് ഓൺലൈനിൽ വരുത്തിയ കുഴിമന്തി കഴിച്ചതിനെ തുടർന്നാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥകൾ അനുഭവപ്പെട്ടത്. ഇതേ ഭക്ഷണം കഴിച്ച വീട്ടുകാർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് ഇത് രണ്ടാമത്തെ ഭക്ഷ്യ വിഷബാധ ദുരന്തമാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹോട്ടലിലെ പാഴ്‌സൽ ഭക്ഷണം കഴിച്ചു കോട്ടയം മെഡിക്കൽ കോളജ് നഴ്‌സ് രശ്മി രാജ് മരിച്ചത്. ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച മറ്റ് 20 പേർക്കും അസ്വസ്ഥത അനുഭവപ്പെട്ടു. കാസർകോട്ട് ദേവനന്ദ എന്ന വിദ്യാർഥിനി ഷവർമ കഴിച്ച് മരിച്ചത് കഴിഞ്ഞ മെയിലാണ്.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് “നല്ല ഭക്ഷണം നാടിന്റെ അവകാശം’ ക്യാമ്പയിൻ പ്രഖ്യാപിക്കുകയും ഇതിന്റെ ഭാഗമായി ഓപറേഷൻ ഷവർമ, ഓപറേഷൻ മത്സ്യ, ഓപറേഷൻ ജാഗറി, ഓപറേഷൻ ഓയിൽ, ഓപറേഷൻ ഹോളിഡേ തുടങ്ങി വിവിധ പേരുകളിൽ സംസ്ഥാനത്തെ ഹോട്ടലുകളിലും ബേക്കറികളിലും ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങളിലും മത്സ്യ- മാംസ മാർക്കറ്റുകളിലും ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാര പരിശോധന നടത്തുകയും ചെയ്തിരുന്നു. ക്രിസ്മസ്, പുതുവത്സര അവധിക്കാലവുമായി ബന്ധപ്പെട്ട് നടത്തിയ ഓപറേഷൻ ഹോളിഡേയിൽ എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസർമാരുടെ സ്പെഷ്യൽ സ്‌ക്വാഡുകളെ നിയോഗിച്ചായിരുന്നു പരിശോധന. ഈ വർഷം ജൂലൈ മുതൽ ഡിസംബർ വരെ 46,928 പരിശോധനകൾ നടത്തി 9,248 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പത്രക്കുറിപ്പിൽ പറയുന്നു. നിയമ നടപടികളുടെ ഭാഗമായി 149 സ്ഥാപനങ്ങൾ അടപ്പിക്കുകയും 97.60 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. “ഓപറേഷൻ ഹോളിഡേ’ നടത്തി വരവെയാണ് കോട്ടയത്ത് നഴ്‌സ് രശ്മി രാജ് മരിച്ചത്. രശ്മി രാജിന്റെ മരണത്തെ തുടർന്ന് പരിശോധന കൂടുതൽ കർക്കശമാക്കിയ വേളയിലാണ് ഇന്നലെ കാസർകോട്ട് അഞ്ജുശ്രീ പാർവതിയുടെ വിഷബാധയേറ്റുള്ള മരണം.
ഭക്ഷണത്തിൽ മായം കലർത്തുന്നതും ശുചിത്വക്കുറവും കാലപ്പഴക്കമുള്ള ഭക്ഷണം നൽകുന്നതും ക്രിമിനൽ കുറ്റമാണെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയത്. മായം കലർത്തിയ ഭക്ഷണമോ കാലപ്പഴക്കമുള്ള ഭക്ഷണമോ പിടിക്കപ്പെട്ടാൽ സ്ഥാപനത്തിന്റെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ലൈസൻസ് റദ്ദാക്കിയാൽ അത് പുനഃസ്ഥാപിച്ചു കിട്ടുക പ്രയാസകരമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, ഭക്ഷണ വിൽപ്പന ശാലകളിൽ മിക്കയിടത്തും അടുക്കളയും സാധനങ്ങൾ സൂക്ഷിക്കുന്ന മുറികളും ഭക്ഷണം കഴിക്കുന്ന ഇടവും വൃത്തിഹീനമായാണ് കണ്ടതെന്നാണ് പരിശോധനാ ഉദ്യോഗസ്ഥർ പറയുന്നത്. പലയിടത്തും മാലിന്യം ശേഖരിക്കുന്ന ബിന്നുകൾ തുറന്നുവെച്ച നിലയിലും നിലം വൃത്തിയാക്കാതെ ചെളിയും വെള്ളവും കലർന്നു മലിനവുമായിരുന്നുവത്രേ. എറണാകുളം മട്ടാഞ്ചേരിലെ ഒരു ഹോട്ടലിൽ വെള്ളിയാഴ്ച ഉച്ചക്ക് തൃശൂർ സ്വദേശികളായ കുടുംബം ബിരിയാണി കഴിക്കവേ ഭക്ഷണത്തിൽ പഴുതാരയെ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഇത് സ്ഥിരീകരിക്കുകയും തുടർന്ന് ഹോട്ടൽ പൂട്ടിക്കുകയും ചെയ്തു. ഹോട്ടലിന്റെ അടുക്കളയിൽ നടത്തിയ പരിശോധനയിൽ എലികളെയും എലിക്കാഷ്ഠവും കണ്ടെത്തുകയുണ്ടായി.
ഗുണനിലവാരം ഉറപ്പാക്കാത്ത ഭക്ഷണ ശാലകൾക്കെതിരെ ആരോഗ്യ വകുപ്പ് അടിക്കടി മുന്നറിയിപ്പ് നൽകുകയും ഓപറേഷനുകൾ പലതും നടത്തുകയും ചെയ്തിട്ടും എന്തുകൊണ്ടാണ് ഭക്ഷ്യവിഷ ബാധ ആവർത്തിക്കുന്നത്? ചില ഹോട്ടലുകാരും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു. “മിന്നൽ പരിശോധന’ കളെക്കുറിച്ച് പല ഹോട്ടലുടമകൾക്കും മുൻകൂട്ടി വിവരം ലഭിക്കുന്നതും പരിശോധനാഫലം ലഭ്യമാകുന്നതിനുള്ള കാലതാമസവും ഈ ആരോപണത്തിനു ബലമേകുന്നു. അടുത്തിടെ നടന്ന ഓപറേഷൻ ഹോളിഡേയെക്കുറിച്ച് ചില പ്രമുഖ ഹോട്ടലുകൾക്ക് നേരത്തേ വിവരം ലഭിച്ചതായാണ് വിവരം. ഭക്ഷ്യ വിഷബാധാ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ കൊട്ടിഘോഷിച്ചു പരിശോധനകൾ നടത്തുകയും ഏതാനും സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു അതവസാനിപ്പിക്കുകയും ചെയ്യും. നടപടിക്ക് വിധേയമാകുന്ന സ്ഥാപനങ്ങൾ താമസിയാതെ തുറന്നു പ്രവർത്തിക്കും. ചില സ്ഥാപനങ്ങളിൽ നിരവധി തവണ ക്രമക്കേടുകളും നിയമലംഘനവും കണ്ടെത്തിയിട്ടും കരിമ്പട്ടികയിൽ പെടുത്തുകയോ, പ്രവർത്തനം പാടേ നിർത്തിവെക്കാൻ ഉത്തരവിടുകയോ ചെയ്യാത്തതും സംശയത്തിനിട നൽകുന്നു. ഉദ്യോഗസ്ഥരുടെ കള്ളക്കളി മൂലം ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ പ്രതിക്കൂട്ടിലാകേണ്ടി വരുന്നതിൽ ജീവനക്കാരിൽ ഒരു വിഭാഗം അസംതൃപ്തരാണ്. ഇത്തരം ആരോപണങ്ങളെക്കുറിച്ച് ബന്ധപ്പെട്ടവർ അന്വേഷണം നടത്തുകയും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
മുൻകാലങ്ങളെ അപേക്ഷിച്ച് ആളുകൾ പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന പ്രവണത വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ കുടുംബം ഒന്നിച്ചു ഭക്ഷണത്തിന് ഹോട്ടലുകളെയും ഫാസ്റ്റ്ഫുഡ് കേന്ദ്രങ്ങളെയും ആശ്രയിക്കുന്നത് എങ്ങും ദൃശ്യമാണ്. ഹോട്ടൽ വ്യവസായത്തിന് ഗുണകരമാണിത്. അതേസമയം ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിലെയും ഭക്ഷ്യനിലവാരത്തെയും സുരക്ഷയെയും ആശ്രയിച്ചിരിക്കുന്നു ഇതിന്റെ ഗുണകരമായ ഭാവി. ഹോട്ടൽ ഭക്ഷണം അടിക്കടി ദുരന്തങ്ങൾ സൃഷ്ടിക്കുന്നത് ആളുകൾ ഈ മേഖലയോട് അകലാൻ ഇടയാക്കും. ഈ സാഹചര്യത്തിൽ ഭക്ഷണ വിൽപ്പനശാലകളിലെ വിഭവങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടികൾക്ക് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസ്സോസിയേഷൻ പൂർണ സഹകരണവും പിന്തുണയും നൽകേണ്ടതുണ്ട്.