Connect with us

Editorial

ഫ്രാന്‍സ് ഇടത്തോട്ട് തിരിയുമ്പോള്‍

ഇമ്മാനുവല്‍ മാക്രോണിന്റെ "സെന്‍ട്രിസ്റ്റ് അലയന്‍സി'ന്റെ പിന്തുണയോടെ ഇടതുപക്ഷം അധികാരത്തിലേറുമെന്നാണ് കരുതപ്പെടുന്നത്. ഫ്രഞ്ച് രാഷ്ട്രീയത്തില്‍ മാത്രമല്ല, യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ഒരു വഴിത്തിരിവായാണ് ഈ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.

Published

|

Last Updated

കുടിയേറ്റ-മുസ്‌ലിം വിരുദ്ധ തീവ്രപക്ഷക്കാര്‍ക്ക് കനത്ത തിരിച്ചടിയാണ് ഫ്രാന്‍സ് തിരഞ്ഞെടുപ്പ് ഫലം. ഞായറാഴ്ച നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ ഒന്നാമതെത്തിയിരുന്ന നവഫാസിസ്റ്റ് കക്ഷിയായ മരീന്‍ ലെ പെന്നിന്റെ “നാഷനല്‍ റാലി’ രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. 182 സീറ്റ് നേടിയ ഇടതുസഖ്യം “ന്യൂ പോപുലര്‍ ഫ്രണ്ടാ’ണ് ഏറ്റവും വലിയ കക്ഷി. 166 സീറ്റ് നേടിയ ഇമ്മാനുവല്‍ മാക്രോണിന്റെ മിതവാദി വലതുപാര്‍ട്ടി “സെന്‍ട്രിസ്റ്റ് അലയന്‍സ്’ ആണ് രണ്ടാം സ്ഥാനത്ത്. 143 സീറ്റാണ് “നാഷനല്‍ റാലി’ക്ക് ലഭിച്ചത്. ഇടതുസഖ്യവും സെന്‍ട്രിസ്റ്റ് അലയന്‍സും തമ്മിലുള്ള സഖ്യമാണ്, “നാഷനല്‍ റാലി’ പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചിരുന്ന തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചത്.

ഫ്രഞ്ച് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥി വിജയിക്കണമെങ്കില്‍ മണ്ഡലത്തില്‍ കുറഞ്ഞത് 25 ശതമാനം വോട്ട് രേഖപ്പെടുത്തുകയും അതിന്റെ 50 ശതമാനം ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് ലഭിക്കുകയും വേണം. ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങും. ഇത്തവണ ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ 577 സീറ്റുള്ള നാഷനല്‍ അസ്സംബ്ലിയില്‍ 76 സീറ്റില്‍ മാത്രമാണ് ഈ നിബന്ധനയനുസരിച്ച് വിജയികളുണ്ടായത്. ബാക്കി മണ്ഡലങ്ങളിലെല്ലാം രണ്ടാം ഘട്ട വോട്ടെടുപ്പ് നടത്തേണ്ടി വന്നു.

ജൂണ്‍ 30ന് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 33 ശതമാനം വോട്ടും 30 സീറ്റും നേടി “നാഷനല്‍ റാലി’ ഒന്നാമതെത്തിയതോടെയാണ് രണ്ടാംഘട്ടത്തില്‍ പരമ്പരാഗത വൈരികളായിരുന്ന ഇടതുപക്ഷവും മിതവാദി വലതുപാര്‍ട്ടിയായ സെന്‍ട്രിസ്റ്റ് അലയന്‍സും കൈകോര്‍ത്തത്. തുടര്‍ന്ന് വിവിധ മണ്ഡലങ്ങളില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് വേണ്ടി മറ്റു കക്ഷികളുടെ ഇരുനൂറോളം സ്ഥാനാര്‍ഥികള്‍ പിന്‍വാങ്ങി. ഇന്ത്യയില്‍ അടുത്തു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ “ഇന്ത്യ’ സഖ്യത്തിനു കീഴില്‍ മതേതര കക്ഷികള്‍ നടത്തിയ സീറ്റുധാരണക്ക് സമാനമായിരുന്നു ഫ്രാന്‍സില്‍ തീവ്ര വലതുപക്ഷത്തിനെതിരെ രൂപപ്പെട്ട സഖ്യം. 1997ന് ശേഷം ഫ്രാന്‍സ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പോളിംഗാണ് രണ്ടാം ഘട്ടത്തില്‍ നടന്നത്. 66.6 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
തീവ്ര കുടിയേറ്റ വിരുദ്ധ ആശയങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് “നാഷനല്‍ റാലി’ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഫ്രഞ്ചുകാരല്ലാത്തവര്‍ക്കു നല്‍കി വരുന്ന സൗജന്യ ചികിത്സാ സഹായം എടുത്തുകളയുമെന്നായിരുന്നു അവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന്. നിലവില്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി ഫ്രാന്‍സില്‍ താമസിച്ച ആര്‍ക്കും സൗജന്യ ചികിത്സാ സഹായം ലഭിക്കും. ഫ്രാന്‍സില്‍ ജനിക്കുന്ന ആര്‍ക്കും ലഭിക്കുന്ന സ്വാഭാവിക പൗരത്വം ഫ്രാന്‍സുകാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നായിരുന്നു രണ്ടാമത്തെ വാഗ്ദാനം. യൂറോപ്പിലാകെ തീവ്ര വലതുപക്ഷ ചിന്താഗതികള്‍ ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിലും ഈ ആശയത്തെ ജനങ്ങള്‍ പിന്തുണക്കുമെന്ന് നാഷനല്‍ റാലി നേതൃത്വം പ്രതീക്ഷിച്ചിരുന്നു. ഒന്നാംഘട്ട വോട്ടെടുപ്പ് ഫലം ആ പ്രതീക്ഷക്ക് ശക്തിപകരുകയും ചെയ്തു. രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ഫലം അട്ടിമറിഞ്ഞത് പാര്‍ട്ടി നേതൃത്വത്തെയും പ്രവര്‍ത്തകരെയും കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ പല ഭാഗത്തും സംഘര്‍ഷം സൃഷ്ടിക്കുകയും പോലീസുമായി ഏറ്റുമുട്ടുകയുമാണ് നവ ഫാസിസ്റ്റുകള്‍.

തിരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ പ്രശ്‌നവും പ്രതിഫലിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്‌റാഈല്‍-ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്‌റാഈലിനെ പിന്തുണക്കുന്ന സമീപനമാണ് ഫ്രാന്‍സ് ഭരണകൂടം സ്വീകരിച്ചിരുന്നത്. ഇതിനെതിരെ യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ ഫ്രാന്‍സിലും ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു. ഈ ഘട്ടത്തില്‍ ഫ്രാന്‍സിലെ ഇടതുപക്ഷം ഫലസ്തീനെ പിന്തുണച്ചും ഹമാസിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും രംഗത്തുവരികയും ചെയ്തു. ഇടതുപക്ഷ നേതാവായ ജീന്‍ ലൂക്ക് മെലങ്കോണ്‍ അന്താരാഷ്ട്ര കോടതിയില്‍ ഇസ്‌റാഈലിനെതിരെ ഹാജരായ വ്യക്തിയാണെന്ന വസ്തുത കൂടി ഇതോടൊപ്പം ചേര്‍ത്തു കാണേണ്ടതുണ്ട്. ഇസ്‌റാഈലിനെതിരെ ആയുധ ഉപരോധം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പ്രമുഖ ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെയുടെ ആഹ്വാനവും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് ആഗോള മാധ്യമങ്ങളുടെ വിലയിരുത്തല്‍. രാജ്യത്തിന്റെ ഭാവി ഛിദ്രശക്തികള്‍ക്ക് വിട്ടുകൊടുക്കരുതെന്നും വോട്ടവകാശം ബുദ്ധിപൂര്‍വം വിനിയോഗിക്കണമെന്നും ഫ്രഞ്ച് ജനതയോട് എംബാപ്പെ ആവശ്യപ്പെട്ടിരുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടി അധികാരത്തിലേറുന്നത് രാജ്യത്തിന് കടുത്ത ദോഷം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. രണ്ടാം ഘട്ട വോട്ടെടുപ്പിനു മുമ്പ്, യൂറോ കപ്പുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത മാധ്യമ സമ്മേളനത്തിലായിരുന്നു ഈ ആഹ്വാനം. “ഫുട്‌ബോളും രാഷ്ട്രീയവും തമ്മില്‍ കലര്‍ത്തരുതെന്നാണ് പറയാറുള്ളത്. എന്നാല്‍ ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് ഫുട്‌ബോളിനേക്കാള്‍ പ്രാധാന്യമുള്ള വിഷയമാണെ’ന്ന ആമുഖത്തോടെയായിരുന്നു എംബാപ്പെയുടെ വാര്‍ത്താസമ്മേളനത്തിന്റെ തുടക്കം.

577 സീറ്റുള്ള നാഷനല്‍ അസ്സംബ്ലിയില്‍ ഭൂരിപക്ഷത്തിന് 289 സീറ്റ് വേണം. നിലവില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സഖ്യസര്‍ക്കാറിനാണ് സാധ്യത. ഇമ്മാനുവല്‍ മാക്രോണിന്റെ “സെന്‍ട്രിസ്റ്റ് അലയന്‍സി’ന്റെ പിന്തുണയോടെ ഇടതുപക്ഷം അധികാരത്തിലേറുമെന്നാണ് കരുതപ്പെടുന്നത്. നവ ഫാസിസത്തെ ചെറുക്കാന്‍ തിരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും ധാരണയിലെത്തിയപ്പോള്‍ ഒരുമിച്ചു ഭരിക്കുന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയിരുന്നില്ല. എങ്കിലും തിരഞ്ഞെടുപ്പില്‍ കാണിച്ച സഹകരണം ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാര്‍ രൂപവത്കരണത്തിലും പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഫ്രഞ്ച് രാഷ്ട്രീയത്തില്‍ മാത്രമല്ല, യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ തന്നെ ഒരു വഴിത്തിരിവായാണ് ഈ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.

Latest