Connect with us

Siraj Article

സ്വാതന്ത്ര്യം ഹനിക്കപ്പെടുന്പോൾ

ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യം, പ്രതിഷേധിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങൾ പാർലിമെന്റിനുള്ളിൽപ്പോലും അനുവദിക്കില്ലെന്ന ധാർഷ്ട്യമാണ് സർക്കാർ പ്രകടിപ്പിക്കുന്നതെന്നത് ഭയാജനകമായൊരു അവസ്ഥയാണ്. സമ്പന്നരെ സഹായിക്കുകയും സാധാരണക്കാരെയും ദരിദ്രരെയും കൊള്ളയടിക്കുകയും ചെയ്യുന്ന മോദി സർക്കാറിന്റെ വിനാശകരമായ നയങ്ങൾക്കെതിരായ വിമർശം ഉന്നയിക്കുന്നത് പൂർണമായും തടയുകയാണ്.

Published

|

Last Updated

ജുഡീഷ്യറിയും ലെജിസ്‌ലേച്ചറും ഭരണഘടനാനുസൃതം പ്രവർത്തിക്കുന്നുവെന്ന ഉറപ്പിലാണ് നമ്മുടെ ജനാധിപത്യത്തിന്റെ നിലനിൽപ്പും ഭാവിയും. എന്നാൽ ഇന്ത്യയിലിപ്പോൾ ലെജിസ്‌ലേച്ചറും ജുഡീഷ്യറിയും മോദി ഭരണത്തിന് കീഴിൽ അതിന്റെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവർത്തനങ്ങൾ സാധ്യമല്ലാത്ത വിധം ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗങ്ങളുടെ നിർവഹണ ഏജൻസിയായി അധഃപതിക്കുകയാണ്. കോർപറേറ്റ് മൂലധനവും ഹിന്ദുത്വ വർഗീയതയും ചേർന്ന് ഇന്ത്യയുടെ പരമാധികാരത്തെയും മതനിരപേക്ഷ സംവിധാനങ്ങളെയും തകർക്കുകയാണെന്ന വേദനാകരമായ തിരിച്ചറിവിന്റെ സന്ദർഭത്തിലാണ് നാം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കാൻ പോകുന്നത്. ആഗസ്റ്റ് 15ന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കവെയാണ് ജനപ്രതിനിധികൾക്ക് ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ പാർലിമെന്റിൽ ഉന്നയിക്കാനോ പ്രതിഷേധിക്കാനോ ഉള്ള അവകാശം പോലും നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിപ്പെട്ടിരിക്കുന്നത്. ഭരണഘടനാപരമായി ജനാധിപത്യത്തിൽ അടിയുറച്ച ഒരു രാജ്യത്തെ പാർലിമെന്റ് ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങളെ മോദി സർക്കാർ എത്രമാത്രം അപകടാവസ്ഥയിലേക്ക് തള്ളിവിടുന്നുവെന്നാണ് സമീപദിവസങ്ങളിലെ സംഭവങ്ങൾ വ്യക്തമാക്കുന്നത്. അതിന് തൊട്ടുമുമ്പാണ് സുപ്രീം കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശാല അധികാരങ്ങൾ ശരിവെച്ചു കൊണ്ടുള്ള ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന വിധി പ്രസ്താവിച്ചത്. ഇ ഡിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്നത് ഒരു കലയാക്കി മാറ്റിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ വിധി ഇ ഡിയെ ഇറക്കിവിട്ട് ജനാധിപത്യ പൗരാവകാശങ്ങളെ ചവിട്ടിമെതിക്കാൻ കേന്ദ്ര സർക്കാറിന് അനുമതി നൽകുന്നതാണ്.

പ്രതിപക്ഷ പാർട്ടികൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും എതിരായ മോദി സർക്കാറിന്റെ ഇ ഡിയെ ഉപയോഗിച്ചുള്ള നീക്കങ്ങൾക്ക് പിന്നാലെ സുപ്രീം കോടതി വിധിയിലെ നിർഭാഗ്യകരമായ പരാമർശത്തെ നിമിത്തമാക്കിയാണല്ലോ ടീസ്റ്റക്കും ശ്രീകുമാറിനുമെതിരെ കള്ളക്കേസ് എടുത്ത് അവരെ ജയിലിലടച്ചത്. ഗുജറാത്ത് വംശഹത്യാ കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഇ ഡി കേസിലും വിധി പറഞ്ഞത്. വിരമിക്കുന്നതിന്റെ തലേന്നാളാണ് ഖാൻവിൽക്കറിന്റെ വിധി ഉണ്ടായത്! അയോധ്യാകേസിൽ വിധി എഴുതിയ ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഇപ്പോൾ രാജ്യസഭയിലുണ്ടല്ലോ എന്നത് ഓർക്കാതിരിക്കാനാകില്ലല്ലോ.

രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജീവൽ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം തുടർച്ചയായി നിഷേധിച്ചതിനെതിരെ പ്രതിഷേധിച്ചതിനാണ് പാർലിമെന്റിലെ അംഗങ്ങളെ സസ്പെൻഡ് ചെയ്തത്. രാജ്യസഭയിൽ മൂന്ന് ദിവസത്തിനിടെ രണ്ട് സി പിഎം അംഗങ്ങൾ ഉൾപ്പെടെ 23 പേരെയാണ് സസ്പെൻഡ് ചെയ്തത്. എ ഐ സി സി പ്രസിഡന്റ് സോണിയാ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിനെതിരെ പ്ലക്കാർഡുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് നാല് ലോക്സഭാ അംഗങ്ങളെയും സമ്മേളന കാലയളവുവരെ സസ്പെൻഡ് ചെയ്തു. പാർലിമെന്റിൽ പ്രതിപക്ഷ പ്രതിഷേധം അനുവദിക്കില്ലെന്ന സ്വേച്ഛാധികാരത്തിന്റെ ഭീഷണിയാണിത്.

ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യം, പ്രതിഷേധിക്കാനുള്ള അവകാശം തുടങ്ങിയ മൗലികാവകാശങ്ങൾ പാർലിമെന്റിനുള്ളിൽപ്പോലും അനുവദിക്കില്ലെന്ന ധാർഷ്ട്യമാണ് സർക്കാർ പ്രകടിപ്പിക്കുന്നതെന്നത് ഭയാജനകമായൊരു അവസ്ഥയാണ്. സമ്പന്നരെ സഹായിക്കുകയും സാധാരണക്കാരെയും ദരിദ്രരെയും കൊള്ളയടിക്കുകയും ചെയ്യുന്ന മോദി സർക്കാറിന്റെ വിനാശകരമായ നയങ്ങൾക്കെതിരായ വിമർശം ഉന്നയിക്കുന്നത് പൂർണമായും തടയുകയാണ്. നടപ്പുസമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുതന്നെ എങ്ങോട്ടാണ് കാര്യങ്ങളുടെ പോക്കെന്ന് വ്യക്തമായിരുന്നു. പാർലിമെന്റ് അംഗങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾക്കാണ് ആദ്യം വിലക്കേർപ്പെടുത്തിയത്. സർക്കാറിനെയും മന്ത്രിമാരെയും വിമർശിക്കാൻ ഉപയോഗിക്കുന്ന അഴിമതിക്കാരൻ, സ്വേച്ഛാധിപതി, വഞ്ചന തുടങ്ങി അറുപതിലേറെ വാക്കുകളാണ് നിരോധിച്ചത്. അങ്ങനെ 65 വാക്കുകൾക്ക് നിരോധനം കൊണ്ടുവന്ന് മോദി അമിതാധികാരത്തിന്റെ പല്ലിളിച്ച് ജനാധിപത്യത്തിന് മരണം വിധിക്കുന്നു. തൊട്ടടുത്ത ദിവസം തന്നെ പാർലിമെന്റ് വളപ്പിൽ പ്രതിഷേധങ്ങൾ നിരോധിച്ച് ഉത്തരവിറക്കി. ഇതിനു പിന്നാലെയാണ് പാർലിമെന്റിനകത്ത് ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിച്ച അംഗങ്ങളെ സസ്പെൻഡ് ചെയ്തു തുടങ്ങിയത്. ജനകീയ പ്രശ്നങ്ങളെപ്പറ്റി ചർച്ചക്കിട നൽകാതെ സർക്കാറിന്റെ ഭരണപരമായ കാര്യങ്ങൾ മാത്രം നടത്തിക്കൊണ്ടുപോകാനുള്ള വേദി മാത്രമായി പാർലിമെന്റിനെ മാറ്റിയെടുക്കുകയാണ് മോദി സർക്കാർ.

കോടതികളെ ജനാധിപത്യപരമായും ഭരണഘടനാനുസൃതവുമായി പ്രവർത്തിക്കാൻ പറ്റാത്ത വിധം ജസ്ജിമാരെ സമ്മർദത്തിലാക്കുകയും പാർലിമെന്റിന്റെ ജനാധിപത്യപരമായ പ്രവർത്തനത്തിലും എം പിമാരുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിലുമുള്ള കടന്നാക്രമണങ്ങൾ തീവ്രമാക്കുകയുമാണ്. ചട്ടപ്രകാരം ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം നൽകുന്ന നോട്ടീസ് അംഗീകരിക്കാൻ പോലും സർക്കാർ തയ്യാറാകുന്നില്ല. നിഷ്പക്ഷമായി സഭ നടത്തിക്കൊണ്ടുപോകേണ്ട ലോക്സഭാ സ്പീക്കറും രാജ്യസഭാ അധ്യക്ഷനും സർക്കാറിന്റെ കൈയിലെ പാവകളായി മാറി. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താൻ സർക്കാറിനൊപ്പം സഭാധ്യക്ഷന്മാരും കൂട്ടുനിൽക്കുന്നു. എല്ലാ വിഷയങ്ങളും പാർലിമെന്റിൽ ചർച്ച ചെയ്യാൻ സന്നദ്ധമാണെന്ന് സർവകക്ഷി യോഗത്തിൽ ഉറപ്പുനൽകിയ ശേഷം ജനകീയ പ്രശ്നങ്ങൾ പ്രതിപക്ഷം ഉന്നയിക്കുമ്പോൾത്തന്നെ സർക്കാർ ഇത്തരം ചർച്ചകളെ ബോധപൂർവം അട്ടിമറിക്കുന്നു. എല്ലാവിധ ചർച്ചകളെയും സർക്കാർ ഭയപ്പെടുകയാണ്. അതുകൊണ്ടാണ് ചർച്ച നിഷേധിച്ചതിനെതിരെ പ്രതിഷേധിച്ച അംഗങ്ങളെ സസ്പെൻഡ് ചെയ്യുന്നത്. സർക്കാറിന്റെ ഭീഷണികളെ തള്ളിക്കളഞ്ഞു കൊണ്ട് സസ്‌പെൻഷനിലായ അംഗങ്ങൾ പാർലിമെന്റ് വളപ്പിലെ ഗാന്ധിപ്രതിമക്ക് മുന്നിൽ രാപ്പകൽ സമരം നടത്തുകയാണ്.

രണ്ടാം മോദി സർക്കാർ എല്ലായിടത്തും മയമില്ലാതെ ഫാസിസ്റ്റ് ശൈലി ഉപയോഗിക്കുകയാണ്. ആധുനിക ഫാസിസ്റ്റുകൾ ജനാധിപത്യവാദികളാകുകയും പ്രവൃത്തിപഥത്തിൽ ജനാധിപത്യസ്ഥാപനങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുകയുമാണ്. ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നതുപോലും ബി ജെ പിയും മോദി സർക്കാറും ദേശവിരുദ്ധമെന്ന് പ്രഖ്യാപിക്കുന്നു. ഇപ്പോൾ ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും അട്ടിമറിച്ച് പാർലിമെന്റിനെ നിർജീവമാക്കുന്ന സ്ഥിതിയാണ്. ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനും പാർലിമെന്റിനെ മോദി സർക്കാർ നോക്കുകുത്തിയാക്കുന്നതിനുമെതിരെ ജനങ്ങളെ അണിനിരത്തി യോജിച്ച പോരാട്ടം ഉയർത്തിക്കൊണ്ടുവരേണ്ടത് അനിവാര്യമാണ്. ജുഡീഷ്യറിയും ലെജിസ്‌ലേച്ചറും ഭരണഘടനാനുസൃതമായി പ്രവർത്തിക്കുക എന്നതിലാണ് ജനാധിപത്യത്തിന്റെ നിലനിൽപ്പും ഭാവിയും.