Connect with us

indian judiciary

ഹേമന്ത് ഗുപ്ത കളമൊഴിയുമ്പോള്‍

മുസ്‌ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം ശരിവെച്ച ഹൈക്കോടതി വിധി അംഗീകരിക്കുന്ന വിധിപ്രസ്താവം നടത്തിയാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ പടിയിറക്കം. എന്നാല്‍ തന്റെ ജുഡീഷ്യല്‍ കരിയറില്‍ പലപ്പോഴും നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെയും സ്വീകരിച്ച നിലപാടുകളുടെയും പേരില്‍ അദ്ദേഹം ഓര്‍മിക്കപ്പെടാനായിരിക്കും കൂടുതല്‍ സാധ്യത.

Published

|

Last Updated

സുപ്രീം കോടതിയില്‍ സീനിയോരിറ്റിയില്‍ ഏഴാമനായിരിക്കെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഇക്കഴിഞ്ഞ 16ന് വിരമിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം ശരിവെച്ച ഹൈക്കോടതി വിധി അംഗീകരിക്കുന്ന വിധിപ്രസ്താവം നടത്തിയാണ് അദ്ദേഹത്തിന്റെ പടിയിറക്കം. എന്നാല്‍ തന്റെ ജുഡീഷ്യല്‍ കരിയറില്‍ പലപ്പോഴും നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെയും സ്വീകരിച്ച നിലപാടുകളുടെയും പേരില്‍ അദ്ദേഹം ഓര്‍മിക്കപ്പെടാനായിരിക്കും കൂടുതല്‍ സാധ്യത. പരമോന്നത നീതിപീഠത്തിലെ ഒരു ന്യായാധിപന് ചേരാത്ത ഇടപെടലുകളെന്ന് പരക്കെ വിമര്‍ശമുയര്‍ന്ന വിവാദ പരാമര്‍ശങ്ങള്‍ ബാക്കിയാക്കിയാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിരമിച്ചിരിക്കുന്നത്.

ഹിജാബ് കേസില്‍ ചില മുന്‍വിധികള്‍ ഹേമന്ത് ഗുപ്തയെ സ്വാധീനിച്ചിരുന്നെന്ന ആക്ഷേപം നിയമരംഗത്തെ പ്രമുഖര്‍ ഉന്നയിച്ചിരുന്നു. കേസിന്റെ വിചാരണാ വേളയില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുതറയും അഭിപ്രായപ്രകടനങ്ങളും അതിനൊരു കാരണമായിട്ടുണ്ടാകും. സിഖ് മതവിശ്വാസികള്‍ക്ക് കൃപാണ്‍ അനുവദിക്കുന്നുണ്ടല്ലോ എന്ന ചോദ്യം സുപ്രീം കോടതിയിലെ വിചാരണക്കിടെ ഹരജിക്കാരുടെ അഭിഭാഷകന്‍ ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ ഉന്നയിച്ചിരുന്നു. ദയവായി സിഖ് വിശ്വാസവുമായി താരതമ്യം ചെയ്യരുത്. അത് പൂര്‍ണമായും ഇന്ത്യന്‍ സംസ്‌കാരത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ മറുപടി. അതുപോലെ 1,400 വര്‍ഷമായി ഇസ്‌ലാമും ഹിജാബും ഇവിടെ ഉണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകന്‍ അതിനോട് പ്രതികരിക്കുകയും ചെയ്തു.

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള മൗലികാവകാശം ഭരണഘടന വാഗ്ദാനം ചെയ്യുകയും പ്രസ്തുത അവകാശത്തിന് മേല്‍ അന്യായമായ നിയന്ത്രണങ്ങള്‍ ഭരണകൂടം ചുമത്തിയിരിക്കുകയാണെന്ന ആക്ഷേപം ഉന്നയിക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തില്‍ ഹിജാബിനെ പരദേശിയാക്കി മുദ്രകുത്തുകയായിരുന്നു ഹേമന്ത് ഗുപ്ത. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ടോ എന്ന ചോദ്യത്തിന്റെ മറുപടിയില്‍ അത് പരദേശി സംസ്‌കാരമാണ് (അതങ്ങനെയാണോ എന്നത് വേറെക്കാര്യം) എന്ന നിലപാടിന് ഒരിടവുമില്ല. അങ്ങനെയിരിക്കെ നിസ്സാരമെന്ന് കരുതാനാകാത്ത അപകടകരമായ പ്രസ്താവനയാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ ഭാഗത്ത് നിന്നുണ്ടായത്. സാമൂഹിക മാധ്യമങ്ങളില്‍ നിന്നടക്കം വലിയ വിമര്‍ശങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വരികയും ചെയ്തു.

വസ്ത്രം ധരിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അത് ധരിക്കാതിരിക്കാനുള്ള അവകാശവും മൗലികാവകാശമാണെന്ന് കണക്കാക്കേണ്ടി വരുമെന്ന് ഹിജാബ് കേസില്‍ മറ്റൊരിടത്ത് ജസ്റ്റിസ് ഗുപ്ത അഭിപ്രായപ്പെടുന്നുണ്ട്. നീതി ലഭിക്കണമെന്ന അവകാശം നിങ്ങള്‍ ഉന്നയിക്കുമ്പോള്‍ അക്രമത്തെയും അവകാശമായി അംഗീകരിച്ച് കൊടുക്കേണ്ടി വരുമെന്നല്ലേ ബഹുമാന്യ ന്യായാധിപന്‍ പറഞ്ഞതിന്റെ സാരം. അതെങ്ങനെ ശരിയാകും. ഭരണഘടനക്കപ്പുറം ആത്മനിഷ്ഠാപരമായ ബോധ്യങ്ങള്‍ നമ്മുടെ ന്യായാധിപരെ സ്വാധീനിക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ നികുതി കൊടുക്കുന്ന എല്ലാവര്‍ക്കും വിദ്യാഭ്യാസം നേടാനുള്ള തുല്യ അവസരമുണ്ടാകണമെന്ന് ഒരുവേള പറയുന്നുണ്ട്. ജനസംഖ്യയില്‍ നാല് ശതമാനം മാത്രമേ നികുതി നല്‍കുന്നുള്ളൂ എന്ന വസ്തുതാപരമല്ലാത്തതും നിരുത്തരവാദപരവുമായ പ്രസ്താവനയായിരുന്നു ജസ്റ്റിസ് ഗുപ്തയുടെ അതിനോടുള്ള പ്രതികരണം. പരോക്ഷ നികുതി എല്ലാവരും നല്‍കുന്നുണ്ടല്ലോ എന്ന് അഭിഭാഷകന്‍ പറയുകയും ചെയ്തു.
നിയമ മേഖലയില്‍ കാലുറപ്പിച്ചവരുടെ കുടുംബ പാരമ്പര്യമാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടേത്. പിതാവ് ന്യായാധിപനും പിതാമഹന്‍ അഭിഭാഷകനുമായിരുന്നു. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 2018 നവംബര്‍ രണ്ടിനാണ് ഹേമന്ത് ഗുപ്ത സുപ്രീം കോടതി ന്യായാധിപനായി ഉയര്‍ത്തപ്പെടുന്നത്. പരമോന്നത നീതിപീഠത്തിലെ തന്റെ കരിയറില്‍ 35 ബഞ്ചുകളുടെ ഭാഗമാകുകയും 190 വിധികള്‍ എഴുതുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. അത്തരത്തിലുള്ള ഒരു ന്യായാധിപനെ നിയമ വ്യവഹാരങ്ങളുടെ വിചാരണക്കിടയില്‍ നടത്തിയ നിരീക്ഷണങ്ങളുടെ പേരില്‍ കുരിശിലേറ്റുകയല്ല. വിചാരണാ വേളയില്‍ ന്യായാധിപര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ വിധികളല്ലെന്ന് ഈയടുത്തും സുപ്രീം കോടതി ആവര്‍ത്തിച്ചതുമാണല്ലോ. പക്ഷേ, കേസ് വിചാരണക്കിടയില്‍ ന്യായാധിപര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ വിധികളില്‍ പ്രതിഫലിച്ചു കാണുക പതിവാണ്. തങ്ങള്‍ നടത്തുന്ന നിരീക്ഷണങ്ങളില്‍ ന്യായാധിപര്‍ക്ക് ഉത്തരവാദിത്വമുണ്ടാകുകയും വേണമല്ലോ. അങ്ങനെ വരുമ്പോള്‍ ജസ്റ്റിസ് ഗുപ്തയുടെ സമീപനം ശരിയല്ലെന്ന് കരുതേണ്ടിയിരിക്കുന്നു. ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ പിതാവ് ജസ്റ്റിസ് ജിതേന്ദ്ര വീര്‍ ഗുപ്ത 1991ല്‍ പഞ്ചാബ് – ഹരിയാന ഹൈക്കോടതിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ വിരമിച്ചതാണ്. തൊട്ടടുത്ത വര്‍ഷം ആര്‍ എസ് എസിനെ നിരോധിച്ച ഘട്ടത്തില്‍ ആര്‍ എസ് എസ് നേതാവായിരുന്ന അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നിരോധനം എടുത്തുകളഞ്ഞപ്പോള്‍ പഞ്ചാബ് – ഹരിയാന ഹൈക്കോടതി എഫ് ഐ ആര്‍ റദ്ദാക്കുകയായിരുന്നു. പിതാവ് ആര്‍ എസ് എസ് നേതാവായിരുന്നു എന്നത് ഒരയോഗ്യതയായി കണക്കാക്കാവതല്ലെങ്കിലും അത് ജസ്റ്റിസ് ഹേമന്ത് ഗുപ്തയിലെ ന്യായാധിപനെ സ്വാധീനിച്ചിരുന്നോ എന്ന് സംശയിച്ചേക്കാവുന്ന ഇടപെടലുകള്‍ ഹിജാബ് കേസിന്റെ വിചാരണക്കിടയില്‍ തെളിഞ്ഞു കാണാം. അദ്ദേഹം ഏറെ വിമര്‍ശിക്കപ്പെടാനുള്ള ഒരു കാരണവും അതാകാം.

ഹിജാബ് കേസിലെ വിചാരണ സുപ്രീം കോടതിയില്‍ നടന്നുകൊണ്ടിരുന്ന അതേ ആഴ്ച തന്നെ ജസ്റ്റിസ് ഗുപ്ത കേട്ട മറ്റൊരു കേസില്‍ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ അവഹേളനാപൂര്‍ണമായിരുന്നെന്ന വിമര്‍ശമുയര്‍ന്നിരുന്നു. അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ സ്വാമി അഗ്‌നിവേഷ് 2012ല്‍ സമര്‍പ്പിച്ച പൊതു താത്പര്യ ഹരജി പരിഗണിക്കുകയായിരുന്നു പരമോന്നത നീതിപീഠം. കരാര്‍ തൊഴിലാളികളായ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ശാരീരിക, ലൈംഗിക അതിക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെടുന്നതായിരുന്നു ഹരജി. കരാര്‍ തൊഴിലാളികളായ സ്ത്രീകളില്‍ പലരും ലൈംഗികാതിക്രമങ്ങളെ അതിജീവിച്ചവരാണെന്നും 10 വര്‍ഷമായി നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു ഹരജിക്കാരന്റെ അഭിഭാഷകന്‍. ആരാണ് കരാര്‍ തൊഴിലാളികളെന്ന് നിങ്ങള്‍ക്കറിയുമോ. അവര്‍ കരാറുകാരല്ല. ക്യാഷ് വാങ്ങി ഇഷ്ടികച്ചൂളകളിലെത്തുന്ന അവര്‍ പിന്നാക്ക മേഖലകളില്‍ നിന്നുള്ളവരാണ്. ക്യാഷ് വാങ്ങി ഭക്ഷണം കഴിച്ച് പണി നിര്‍ത്തിപ്പോകുന്നു. അതൊരു റാക്കറ്റാണ്. രാജ്യത്തെ പരമോന്നത കോടതിയിലെ ന്യായാധിപ പദവിയിലിരുന്നാണ് വസ്തുതകളുടെ പിന്‍ബലമില്ലാതെ ഒരു വിഭാഗത്തെ ആക്ഷേപിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ട കോടതി മുറികളാണ്, തെരുവ് കസര്‍ത്തിന്റെ ഇടമല്ല ഇതെന്ന് പോലും ചില ന്യായാധിപരെ ഓര്‍മിപ്പിക്കേണ്ടി വരുന്നത് എത്ര കഷ്ടമാണ്.

Latest