Connect with us

Ongoing News

ഹൈഡ്രജനും ഓക്സിജനും ചേർന്നാൽ വെള്ളമാകും; വിഷവും വിവരക്കേടും ചേർന്നാലോ?

ഒന്നും കിട്ടുന്നില്ലെങ്കിൽ കുടുംബത്തെ തെറി പറയണം . കേരളത്തിലെ കോലീബി സഖ്യം എടുത്തുപയോഗിക്കുന്ന ആയുധമാണിത്".

Published

|

Last Updated

കെ റെയിൽ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷന്റെ തലപ്പത്ത് തന്റെ ഭാര്യയെ അനധികൃതമായി നിയമിച്ച് ലക്ഷങ്ങൾ വേതനം നൽകുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിച്ച് ജോൺ ബ്രിട്ടാസ് എം പി. 31 വർഷമായി റെയിൽവേയിൽ ഉദ്യോഗസ്ഥയാണ് തന്റെ ഭാര്യയെന്നും റെയിൽവേ മന്ത്രാലയമാണ് അവരെ ഡെപ്യൂട്ടേഷനിൽ കെ ആർ ഡി സിയിൽ നിയമിച്ചതെന്നും കാലാവധി നീട്ടി നൽകിയതെന്നും അദ്ദേഹം രേഖകൾ സഹിതം വ്യക്തമാക്കി. ഫേസ്ബുക്കിലാണ് അദ്ദേഹം വിശദീകരണ കുറിപ്പ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് പൂർണരൂപത്തിൽ:

ഹൈഡ്രജനും ഓക്സിജനും പ്രത്യേക അനുപാതത്തിൽ ചേർന്നാൽ (H2O) വെള്ളമാകും.വിഷവും വിവരക്കേടും ചേർന്നാലോ? കേരളത്തിലതിനൊരുപാട് ഉദാഹരണങ്ങൾ ഉണ്ട്. ദുർഗന്ധം വമിച്ചുകൊണ്ട് ഓരോദിവസവും പടച്ചുവിടുന്ന കള്ളക്കഥകൾ അവഗണിക്കുകയാണ് എന്റെ രീതി.എന്നാൽ അതിലൊരു മുന്തിയ ഇനം എന്റെ ഭാര്യയെ കുറിച്ചാണ്.പ്രതികരിക്കേണ്ട എന്നാദ്യം വിചാരിച്ചു. എന്നാൽ തലയിൽ കിഡ്നിയുണ്ടെന്ന് കരുതിയ യുവകോമള നേതാക്കൾ പോലും ദുർഗന്ധം സ്വന്തം വായിൽ നിന്നും സ്പ്രെ ചെയ്യുന്നത് കണ്ടപ്പോൾ ചില സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞു രണ്ടു വരി ഇട് എന്ന്.നിജ സ്ഥിതി അറിയാവുന്ന ചിലർ കോറിയിട്ട വരികൾ ഇവിടെ ചേർക്കട്ടെ.അതാണ് സത്യം!

“ബ്രിട്ടാസിന്റെ ഭാര്യയ്ക്കെതിരായ വിവാദബോംബ് ചീറ്റി. നിയമിച്ചത് കേന്ദ്രം നിലനിർത്തുന്നതും കേന്ദ്രം എന്നു വന്നപ്പോൾ വിവാദങ്ങൾ വലിഞ്ഞു.
കേരളത്തിൽ അവസാനമിറങ്ങിയ വിവാദബോംബ് ചീറ്റിപ്പോയതിന്റെ കഥ ഇങ്ങന ചുരുക്കാം:
കെ റെയിൽ – അവിടെ ജോൺ ബ്രിട്ടാസിന്റെ ഭാര്യ നിയമിക്കപ്പെട്ടു – എന്ത് കഥ – പിൻ വാതിലിലൂടെ ബ്രിട്ടാസ് ഭാര്യയെ പിടിച്ചു കയറ്റി – വലിയൊരു കസേരയിൽ ഭാര്യയെ ഇരുത്തി – ബ്രിട്ടാസിന്റെ ഭാര്യയ്ക്ക് ലക്ഷങ്ങൾ ശമ്പളം – ബ്രിട്ടാസിന്റെ ഭാര്യ കെ റെയിൽ നടത്തിപ്പുകാരിയായ പരമോന്നത ഉദ്യാഗസ്ഥ: പല മടങ്ങു പൊട്ടാൻ ശേഷിയുള്ള അമിട്ട് എന്ന് കരുതി പലരും ചൂടോടെ ഷെയർ ചെയ്തു കളിച്ച വിസ്ഫോടനാത്മകകഥ ഇത്. .
സത്യമോ – അതിങ്ങനെയും:
സത്യം അറിഞ്ഞപ്പോൾ ബീഡി പടക്കം പോലും ഇല്ലന്ന് കണ്ടു കോലീബിക്കാർ നിരാശരായി
.
1. KERALA RAIL DEVELOPMENT CORPORATION- ഇന്ത്യൻ റെയിൽവേയും കേരള സർക്കാരും തമ്മിലുള്ള സംയുക്ത സംരംഭം .
2. ഇത് പോലുള്ള സമാന സംരംഭങ്ങൾ പല സംസ്ഥാനങ്ങളിലും ഉണ്ട് . റെയിൽവേ വികസനത്തിൽ സംസ്ഥാനങ്ങളും പങ്ക് വഹിക്കണമെന്ന കേന്ദ്ര നയപ്രകാരം രൂപീകൃതമായവ.
3. ബ്രിട്ടാസിന്റെ ഭാര്യ ഇന്ത്യൻ റെയിൽവേയിലെ ഉദ്യോഗസ്ഥ. 31 കൊല്ലമായി അവർ ആ ജോലി തുടങ്ങിയിട്ട്. ബ്രിട്ടാസിനെ കല്യാണം കഴിക്കും മുമ്പേ തുടങ്ങിയ ജോലി.
4. ബ്രിട്ടാസിന്റെ ഭാര്യയെ തങ്ങൾക്കും കൂടി പങ്കാളിത്തമുള്ള സംരംഭത്തിലേക്കു ഡെപ്യുട്ടേഷനിൽ അയച്ചത് റെയിൽവേ തന്നെ. പീയൂഷ് ഗോയൽ ഭരിക്കുമ്പോൾ.
5. ബ്രിട്ടാസിന്റെ ഭാര്യയ്ക്ക് കെആർഡിസിയിൽ കിട്ടിയത് റെയിൽവേയിലെ സമാന തസ്തിക. ഇവിടത്തെ ജോലിയിൽ അവർക്കു കിട്ടുന്നത് കേന്ദ്ര നിബന്ധന പ്രകാരമുള്ള ശമ്പള-ആനുകൂല്യങ്ങൾ മാത്രം.
6. ബ്രിട്ടാസിന്റെ ഭാര്യ കെആർഡിസിയിലെത്തിയത് 3 വർഷം മുമ്പ്. ഇപ്പോൾ ഡെപ്യൂട്ടേഷൻ കാലാവധി തീർന്നു. റെയിൽവേ തന്നെ അതു നീട്ടിക്കൊടുത്തു. ബിജെപിയുടെ അശ്വിനി വൈഷ്ണവ് നയിക്കുന്ന അതേ റെയിൽവേ.
7. ബ്രിട്ടാസിന്റെ ഭാര്യ കെആർഡിസിയിൽ എച്ച് ആർ വകുപ്പിൽ വേണ്ടെന്നാണോ ബിജെപി നയിക്കുന്ന റെയിൽവേയ്ക്ക് അത് 24 മണിക്കൂർ കൊണ്ടു ചെയ്യാം. വി ഡി സതീശനും കെ സുരേന്ദ്രനും കൂടി അതാണ് ചെയ്യേണ്ടത്.
വാൽക്കഷ്ണം – ബ്രിട്ടാസ് ഭാഗ്യവാൻ – അയാൾ വിവാഹം കഴിക്കുന്നതിനു മുൻപ് അവർ റയിൽവേയിൽ ഉദ്യോഗത്തിനു കയറി – അല്ലെങ്കിൽ പത്രപ്രവർത്തകനായ അയാൾ സ്വാധീനം ഉപയോഗിച്ചു ഭാര്യക്ക് കേന്ദ്രത്തിൽ ( പത്രക്കാർക്ക് അപാര സ്വാധീനം ആണല്ലോ – ഐക്യരാഷ്ട്ര സഭ വരെ !) ജോലി വാങ്ങി കൊടുത്തു എന്ന് പറഞ്ഞേനേം !
എന്തരോ മഹാനുഭാവുലു!! ഒന്നും കിട്ടുന്നില്ലെങ്കിൽ കുടുംബത്തെ തെറി പറയണം . കേരളത്തിലെ കോലീബി സഖ്യം എടുത്തുപയോഗിക്കുന്ന ആയുധമാണിത്”.
റെയിൽവേ ബോർഡിലെ ഉദ്യോഗസ്ഥയായ എൻറെ ഭാര്യ മുൻപും പ്രത്യേക അസൈൻമെന്റിൽ
കേരളത്തിൽ ജോലി ചെയ്തിട്ടുണ്ട്.
റെയിൽവേ റിക്രൂട്മെൻറ് ബോർഡിൽ.
സംയുക്ത സംരംഭമായ KRDCL
ലേക്ക് വരുന്ന ഘട്ടത്തിൽ സെമി ഹൈസ്പീഡ്
റെയിൽവേയ്‌ക്കെതിരെ യുഡിഎഫും ബിജെപിയും കമാന്നൊരക്ഷരം പറഞ്ഞിരുന്നില്ല. ഇടതുപക്ഷം രണ്ടാമത് അധികാരത്തിൽ വന്നതിനുശേഷമാണ് പ്രത്യേക പഠനത്തിലൂടെ സെമി ഹൈസ്പീഡ് കേരളത്തിന് നല്ലതല്ലെന്ന് യുഡിഎഫും ബിജെപിയും കണ്ടെത്തിയത്. അത് അവരുടെ രാഷ്ട്രീയം. കേരളത്തിലെ പ്രതിപക്ഷം ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുമെന്ന് വർഷങ്ങൾക്ക് മുൻപ് എന്റെ ഭാര്യ കബഡി നിരത്തി കണ്ടുപിടിക്കണമായിരുന്നുവെന്ന് ചില സ്പെസിമെനുകൾ കരുതുന്നുണ്ട്.അവരോടൊക്കെ എന്ത് പറയാൻ.

ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഡെപ്യുട്ടേഷൻ ഉള്ളിടത്തോളം കാലം എന്റെ ഭാര്യ റെയിൽവേയുടെ കൂടെ ഉടമസ്ഥതയിലുള്ള KRDCL ഇൽ ജോലിചെയ്യും.ഇനി അതിഷ്ടപ്പെടുന്നില്ലങ്കിൽ കോലീബിക്കാർക്ക് കേന്ദ്രത്തെ സമീപിച്ച് ഡെപ്യുട്ടേഷൻ ഉത്തരവ് റദ്ദ്‌ദാക്കുവുന്നതാണ്.ഡെപ്യുട്ടേഷൻ ഓഡറുകളുടെ പകർപ്പുകൾ ഇതോടൊപ്പം.

 

Latest