National
പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം കിട്ടി; 12 ലക്ഷം വരെ ആദായ നികുതിയില്ലെന്ന പ്രഖ്യാപനം മധ്യവര്‍ഗത്തിന് വലിയ ആശ്വാസം
ഡല്‍ഹി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനം സമ്പദ് വ്യവസ്ഥയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നു വിലയിരുത്തല്‍
ന്യൂഡല്‍ഹി | രാജ്യത്തെ മധ്യവര്‍ഗത്തിന് ആശ്വാസം പകരുന്ന അപ്രതീക്ഷിത നീക്കവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. 12 ലക്ഷം വരെ ആദായ നികുതിയില്ലെന്ന പ്രഖ്യാപനം സമ്പദ് വ്യവസ്ഥയില്‍ വലിയ ചലനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആദായ നികുതി ഘടന ലഘൂകരിക്കും, നികുതിദായകരുടെ സൗകര്യം പരിഗണിക്കും, ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തില്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകില്ല തുടങ്ങിയ ബജറ്റ് പ്രഖ്യാപനങ്ങളും സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കുന്നതാണ്. പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച്ച അവതരിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
പുതിയ ബില്ല് നികുതി വ്യവസ്ഥയിലെ മാറ്റം വ്യക്തമാക്കും. നടപടികള്‍ ലഘൂകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. നികുതി ദായകരുടെ സൗകര്യം പരിഗണിക്കും. നവീകരിച്ച ഇന്‍കം ടാക്‌സ് റിട്ടേണുകള്‍ നല്‍കാനുള്ള കാലാവധി നാല് വര്‍ഷമാക്കി. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി ആറ് ലക്ഷമാക്കി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാരുടെ ടി ഡി എസ് പരിധി ഉയര്‍ത്തി. പരിധി ഒരു ലക്ഷമാക്കി.
12 ലക്ഷം വരെ ആദായ നികുതിയില്ലെന്ന പ്രഖ്യാപനം പൂക്കാലം ചോദിച്ച മധ്യവര്‍ഗത്തിന് പൂക്കാലം കിട്ടിയ പോലെ ആഹ്ലാദം പകരുന്നതാണെന്നു സാമ്പത്തിക വിദഗ്ധര്‍ പ്രതികരിച്ചു. 10 ലക്ഷമായിരുന്നു മധ്യമവര്‍ഗം ഇളവ് പ്രതീക്ഷിച്ചത്. ഉയര്‍ന്ന ശമ്പളക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ കൈവശം വരുന്ന പണം മാര്‍ക്കറ്റില്‍ ഇറങ്ങും. നികുതി ഭാരം എന്ന ആശങ്ക ഇല്ലാതെ സാമ്പത്തിക വിനിയോഗം നടക്കുന്നതിനാല്‍ സമൂഹത്തില്‍ പണത്തിന്റെ ഒഴുക്ക് സുഗമമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാലത്തില്‍ കൂടിയാണ് ഈ സുപ്രധാന പ്രഖ്യാപനം എന്നാണു വിലയിരുത്തപ്പെടുന്നത്. ഡല്‍ഹിയിലെ ഇടത്തരക്കാര്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം. ഇടത്തരക്കാരുടെ വലിയ ആവശ്യം അംഗീകരിക്കപ്പെടുന്നത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്.