Digital media
ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കു മേല്‍ നിയന്ത്രണം വരുമ്പോള്‍
ഡിജിറ്റല്‍ മാധ്യമങ്ങളായാലും മറ്റ് മാധ്യമങ്ങളായാലും ശുദ്ധീകരണ പ്രക്രിയയിലേക്ക് അതിവേഗം സഞ്ചരി ക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ മാധ്യമ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം അര്‍ഥവത്താകൂ.

രാജ്യത്തെ മാധ്യമ പ്രവര്‍ത്തനം നിര്‍ണായകമായ രണ്ട് പ്രതിസന്ധികളെ നേരിടുകയാണ്. ഒന്ന് വിശ്വാസ്യതാ നഷ്ടമാണ്. രണ്ടാമത്തേത് ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളും. ഒന്നാമത്തേതിന് പരിഹാരം കാണണമെങ്കില്‍ മാധ്യമ രംഗത്തുള്ള മുഴുവന്‍ പേരും വീണ്ടുവിചാരത്തിന് തയ്യാറാകേണ്ടി വരും. ഉള്ളില്‍ നിന്ന് തന്നെയുള്ള പരിഹാരമാണ് വേണ്ടത്. രണ്ടാമത്തെ പ്രതിസന്ധിയെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി നിന്ന് തരണം ചെയ്യേണ്ടതാണ്. ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്ര നീക്കത്തെ ഈ രണ്ട് പ്രശ്‌നങ്ങളുടെയും വെളിച്ചത്തിലേ വിലയിരുത്താനാകൂ.
ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി പ്രസ്സ് ആന്‍ഡ് പിരിയോഡിക്കല്‍സ് രജിസ്‌ട്രേഷന്‍ (ഭേദഗതി) ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഭേദഗതി ബില്‍ അടുത്തയാഴ്ച ആരംഭിക്കുന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് നീക്കം. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഭേദഗതി ബില്‍ അവതരിപ്പിക്കുന്നത്. നിലവില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല. അതുകൊണ്ട് തന്നെ രാജ്യത്ത് ഡിജിറ്റല്‍ മാധ്യമ പ്ലാറ്റ്‌ഫോം ശക്തമാണ്. പുതിയ നിയമം വരുന്നതോടെ യൂട്യൂബ് ചാനലുകള്‍ക്കും വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്കുമെല്ലാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാകും. ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ വാര്‍ത്തകള്‍ നല്‍കുന്ന എല്ലാ മാധ്യമങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. ഇതാദ്യമായാണ് ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ വരുന്നത്.
ഒരു വശത്ത് നിന്ന് നോക്കുമ്പോള്‍ ഇത്തരത്തിലുള്ള വ്യവസ്ഥകള്‍ സ്വാഗതം ചെയ്യേണ്ടതാണ്. കാരണം, ഒരു ഉത്തരവാദിത്വവുമില്ലാതെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ ചില്ലറ പ്രശ്‌നങ്ങളല്ല സൃഷ്ടിക്കുന്നത്. അര്‍ധസത്യങ്ങളും അസത്യങ്ങളും അവിടെ ചുട്ടെടുക്കുന്നു. റീച്ച് കൂട്ടാന്‍ ആരെയും അപഹസിക്കും. ഒരു പരിശോധനയുമില്ലാതെ ബ്രേക്കിംഗ് ന്യൂസുകള്‍ പടച്ചുവിടും. തെറ്റാണെന്ന് തെളിഞ്ഞാലും അത് ഏറ്റുപറയുകയോ തിരുത്തുകയോ ചെയ്യില്ല. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്. ആര്‍ക്കും എന്തും പ്രചരിപ്പിക്കാവുന്ന സ്ഥിതി. വര്‍ഗീയ വിഭജനത്തിന്റെ വിഷവിത്തുകള്‍ അവിടെയാണ് മുളയ്ക്കുന്നത്. കേവല യുക്തിയെ വെല്ലുവിളിക്കുന്ന ശുദ്ധ മണ്ടത്തരങ്ങള്‍ ആത്യന്തിക സത്യങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ പറന്നുനടക്കുന്നു. എല്ലാ വിദ്വേഷ പ്രചാരകരും വിളയാടുന്നത് ഈ പുതിയ മാധ്യമങ്ങളിലാണ്. മാധ്യമ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത കളഞ്ഞുകുളിക്കുന്ന ഈ പുതിയ മാധ്യമ പ്രവണതകള്‍ക്ക് തടയിടേണ്ടത് തന്നെ. പക്ഷേ, ഡിജിറ്റല്‍ മാധ്യമങ്ങളെ രജിസ്‌ട്രേഷന്‍ പരിധിയിലേക്ക് കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാറിന് ഈ വിശാല ലക്ഷ്യമാണോ ഉള്ളത്? അതോ ഭരിക്കുന്നവര്‍ക്ക് ഇഷ്ടമില്ലാത്ത വാര്‍ത്തകളും വസ്തുതകളും പുറത്ത് കൊണ്ടുവരുന്ന സമാന്തര മാധ്യമങ്ങളെ നിലക്കു നിര്‍ത്തുകയാണോ ലക്ഷ്യം? കേന്ദ്ര ഭരണം കൈയാളുന്നവരുടെ ഇതുവരെയുള്ള പത്രമാരണ ത്വര കണക്കിലെടുക്കുമ്പോള്‍ ഭേദഗതി ബില്ലിനെ നിഷ്‌കളങ്കമായി പിന്തുണക്കാനാകില്ല.
ഭേദഗതി അനുസരിച്ച് ഡിജിറ്റല്‍ വാര്‍ത്താ പ്രസാധകര്‍ പ്രസ്സ് രജിസ്ട്രാര്‍ ജനറലില്‍ രജിസ്‌ട്രേഷന് അപേക്ഷിക്കണം. നിയമം പ്രാബല്യത്തില്‍ വന്ന് 90 ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന് അപേക്ഷ നല്‍കണമെന്നാണ് വ്യവസ്ഥ. നിയമം ലംഘിച്ചാല്‍ മാധ്യമ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ താത്കാലികമായി നിര്‍ത്തുകയോ പൂര്‍ണമായും റദ്ദാക്കുകയോ ചെയ്യാന്‍ കേന്ദ്രത്തിന് അധികാരമുണ്ടാകും. ഡിജിറ്റല്‍ മാധ്യമങ്ങളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിന് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്‌സൻ മേധാവിയായി ഒരു അപ്പീല്‍ ബോര്‍ഡ് രൂപവത്കരിക്കാനും പദ്ധതിയുണ്ട്. പുതിയ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങള്‍ പ്രകാരം ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തിയത് വലിയ വിമര്‍ശങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഡിജിറ്റല്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ പുറപ്പെടുവിക്കുകയാണ് അന്ന് ചെയ്തത്. സൗമ്യമായ ഇടപെടലായി സര്‍ക്കാര്‍ വിശദീകരിക്കുന്ന ഈ നടപടികള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമായാണ് വിലയിരുത്തപ്പെട്ടത്. ഈ നീക്കത്തിന്റെ കൂടിയ തീവ്രതയിലുള്ള ചുടവുവെപ്പായി വേണം പാര്‍ലിമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന ബില്ലിനേയും കാണാന്‍.
ഈ നിയന്ത്രണങ്ങള്‍ക്കെതിരായ എതിര്‍പ്പ് ദുര്‍ബലമാകുന്നതിന് കാരണം ഡിജിറ്റല്‍ വാര്‍ത്താ പോര്‍ട്ടലുകളുടെ നിരുത്തരവാദപരമായ സമീപനമാണ്. സ്വയം നിയന്ത്രണത്തിനും പരിശോധനകള്‍ക്കും സത്യത്തോടുള്ള നിരുപാധിക പ്രതിബദ്ധതക്കും മാധ്യമങ്ങള്‍ തയ്യാറാകാത്തിടത്തോളം കാലം ഇത്തരം നിയന്ത്രണങ്ങള്‍ സര്‍ക്കാറിന് എളുപ്പമാകുമെന്ന് എല്ലാവരും മനസ്സിലാക്കണം. മാധ്യമ മേഖലയുടെയാകെ വിശ്വാസ്യത തകര്‍ക്കുന്ന അപഥ സഞ്ചാരങ്ങള്‍ നടത്തുന്നത് ഡിജിറ്റല്‍ സാമൂഹിക മാധ്യമങ്ങള്‍ മാത്രമല്ല. വലിയ പരിശോധനാ സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ചില ശ്രാവ്യ, അച്ചടി മാധ്യമങ്ങളും ഇതേ കുറ്റം ചെയ്യുന്നു. ചില മാധ്യമങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉച്ചഭാഷിണികളായി അധഃപതിക്കുന്നു. മതം, ജാതി, വംശം തുടങ്ങിയ സ്ഥാപിത താത്പര്യങ്ങളുടെ പിറകേ പോകുന്നു. പ്രത്യാഘാതമെന്തെന്ന് നോക്കാതെ വാര്‍ത്താനിര്‍മിതി നടത്തുന്നു. പരസ്യ, വാണിജ്യ താത്പര്യങ്ങളില്‍ പെട്ട് മാധ്യമ ധാര്‍മികത ഞെരുങ്ങുന്നു. ജനാധിപത്യത്തിന്റെ സാധ്യതയിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മറന്ന് തികച്ചും ജനാധിപത്യവിരുദ്ധമായ പ്രവണതകള്‍ മാധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുകയും ചെയ്യുന്നു. ഇവയെല്ലാം ഭരണകൂടത്തിന്റെ മാധ്യമ നിയന്ത്രണ നീക്കങ്ങള്‍ക്ക് ജനസമ്മതി നേടിക്കൊടുക്കുന്നതിലാണ് കലാശിക്കുക. മാധ്യമങ്ങള്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണം വരേണ്ടതുണ്ടെന്ന് ജനങ്ങള്‍ കരുതിയാല്‍ അവരെ കുറ്റം പറയാന്‍ സാധിക്കാതാകും. അതുകൊണ്ട് ഡിജിറ്റല്‍ മാധ്യമങ്ങളായാലും മറ്റ് മാധ്യമങ്ങളായാലും ശുദ്ധീകരണ പ്രക്രിയയിലേക്ക് അതിവേഗം സഞ്ചരിക്കേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ മാധ്യമ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം അര്‍ഥവത്താകുകയുള്ളൂ.