Connect with us

articles

സ്വത്വം വിഷയമാകുമ്പോള്‍ അധരവ്യായാമം മതിയോ?

ഏത് കാര്യവും സ്ത്രീസൗഹൃദ രീതിയിലാകണമെന്ന് ചിന്തിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. സ്ത്രീകള്‍ക്കായി ബസുകളില്‍ പ്രത്യേകം സീറ്റുകള്‍ നല്‍കുന്നതും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിൽ സ്ത്രീകള്‍ക്ക് പ്രത്യേക ടോയ്്ലെറ്റുകള്‍ സജ്ജീകരിക്കുന്നതും അവരുടെ സ്വകാര്യതയും മാന്യതയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ സ്ത്രീകളെ അന്യപുരുഷന്മാരോടൊപ്പം നിര്‍ത്തി എക്സര്‍സൈസ് ചെയ്യിക്കുന്ന വീഡിയോകള്‍ പുറത്തുവരാന്‍ തുടങ്ങി. ചിലയിടങ്ങളില്‍ ഇതിന്റെ പേരില്‍ കുടുംബ സംഗമങ്ങളും ഉല്ലാസ യാത്രകളും ആരംഭിച്ചു.

Published

|

Last Updated

മള്‍ട്ടി എക്‌സര്‍സൈസ് കോമ്പിനേഷന്‍ എന്ന പേരില്‍ ഏഴ് തരം വ്യായാമങ്ങള്‍ ഉള്‍ച്ചേര്‍ത്ത് കൊണ്ടോട്ടി തുറക്കലിലുള്ള ഒരു മുന്‍ സൈനികന്‍ 2012ല്‍ ആരംഭിച്ച ആരോഗ്യ സംരക്ഷണ പരിപാടി ഇന്ന് വിവാദമായിരിക്കുകയാണ്.

രണ്ടാഴ്ച മുമ്പ് സോഷ്യല്‍ മീഡിയകളില്‍ ആരംഭിച്ച് ശേഷം ദൃശ്യമാധ്യമങ്ങള്‍ ഏറ്റെടുത്ത് ഒടുവില്‍ എന്‍ ഐ എ അന്വേഷണം വരുന്നു എന്ന വാർത്തയിലാണ് വിവാദം എത്തിനില്‍ക്കുന്നത്. അതിന്റെ സ്ഥിരീകരണം ഇനിയും വരേണ്ടതുണ്ട്. ഇതിന് പിന്നില്‍ ഏതെങ്കിലും നിരോധിത സംഘടനകളാണോ? ഇത് സ്ഥാപിച്ചവരുടെ കൈകളില്‍ നിന്ന് മറ്റേതെങ്കിലും മൂവ്‌മെന്റുകള്‍ ഇതിനെ ഹൈജാക്ക് ചെയ്‌തോ തുടങ്ങിയ ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്.

സത്യത്തില്‍ കേരളീയ സമൂഹത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ക്ക് വ്യായാമം ഒരു നല്ല പരിഹാരമാണ്. മെക്-7 എന്ന ഈ വ്യായാമ മുറകള്‍ അതിനുതകുന്ന ഒരു വ്യായാമക്രമമാണ് എന്നാണ് അതിന്റെ വക്താക്കൾ അവകാശപ്പെടുന്നത്. ആ നിലക്ക് നോക്കുന്പോൾ ഇത് എതിര്‍ക്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ല. എന്നാല്‍ ഒരാള്‍ ചിട്ടപ്പെടുത്തിയ ഒരു എക്‌സര്‍സൈസ് തന്റെ ശാരീരികാവസ്ഥയെ കുറിച്ച് ഒരു പരിശോധനയും നടത്താതെ ചാടിക്കയറി പ്രാക്ടീസ് ചെയ്യുന്നത് അപകടകരമാണെന്ന അഭിപ്രായം പല വിദഗ്ധർക്കും ഉണ്ട്.

ശാരീരികവും മാനസികവുമായ ആരോഗ്യാവസ്ഥ നന്നായി പഠിച്ച് വേണം ഏതൊരാളും വ്യായാമ രീതികള്‍ തിരഞ്ഞെടുക്കാന്‍. ഏതാനും മാസങ്ങളായി മെക്-7നുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയാ പ്രചാരണത്തിന്റെ സ്വാധീനത്തില്‍ പെട്ട് ഒരു പരിശോധനയുമില്ലാതെ ജനങ്ങള്‍ വ്യായാമത്തിനിറങ്ങുകയാണ്. വ്യായാമത്തിന് സ്വീകരിച്ചു വരുന്ന യോഗ, ഫുട്‌ബോള്‍, ജിം തുടങ്ങിയവയിലേര്‍പ്പെട്ടുകൊണ്ടിരിക്കെ മരണപ്പെടുന്നവരുടെ വാര്‍ത്തകള്‍ കൂടിവരികയാണല്ലോ. ഓരോ ശരീരത്തിനും ഇണങ്ങുന്നതായിരിക്കണം ശീലമാക്കുന്ന എക്‌സര്‍സൈസുകള്‍. മറിച്ചായാല്‍ അത് വിപരീത ഫലമായിരിക്കും നല്‍കുക.

സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ ഒരു പാര്‍ട്ടി പരിപാടിയില്‍ വെച്ച്, പെട്ടെന്ന് പ്രചാരം നേടിയ മെക്-7നെ കുറിച്ച് ചില ആശങ്കകള്‍ ഉന്നയിച്ചതോടെയാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങുന്നത്. 20 മിനുട്ട് നീണ്ടുനില്‍ക്കുന്ന ഒരു വ്യായാമം എന്നതിലുപരി ഇതിന് യൂനിറ്റ്, ഏരിയാ കമ്മിറ്റികള്‍ വരുന്നു. അതും ഒരു പ്രശ്‌നമാക്കേണ്ട വിഷയമല്ല. എന്നാല്‍ ചില കമ്മിറ്റികള്‍ ഇതിന്റെ സ്ഥാപകര്‍ പോലും ഉദ്ദേശിക്കാത്ത രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകാന്‍ തുടങ്ങി.

ഏത് കാര്യവും സ്ത്രീസൗഹൃദ രീതിയിലാകണമെന്ന് ചിന്തിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. സ്ത്രീകള്‍ക്കായി ബസുകളില്‍ പ്രത്യേകം സീറ്റുകള്‍ നല്‍കുന്നതും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക ടോയ്്ലെറ്റുകളും വിശ്രമ സ്ഥലങ്ങളും സജ്ജീകരിക്കുന്നതുമെല്ലാം അവരുടെ സ്വകാര്യതയും മാന്യതയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍ മെക്-7ന്റെ ഭാഗമായി സ്ത്രീകളെ അന്യപുരുഷന്മാരോടൊപ്പം നിര്‍ത്തി എക്‌സര്‍സൈസ് ചെയ്യിക്കുന്ന വീഡിയോകള്‍ പുറത്തുവരാന്‍ തുടങ്ങി. ചിലയിടങ്ങളില്‍ ഇതിന്റെ പേരില്‍ കുടുംബ സംഗമങ്ങളും ഉല്ലാസ യാത്രകളും ആരംഭിച്ചു. ചിലയിടങ്ങളില്‍ നിന്ന് നിങ്ങള്‍ എല്ലാ ആദര്‍ശങ്ങളും മാറ്റിവെച്ച് പരസ്പരം സലാം പറയുക തുടങ്ങിയ മതോപദേശങ്ങളും കേള്‍ക്കാനിടയായി. സ്വാഭാവികമായും മെക്-7 പദ്ധതിയെ ആരോ ഹൈജാക്ക് ചെയ്യുന്നുണ്ടോ എന്ന സംശയം ഉയര്‍ന്നു.

പാരമ്പര്യ മുസ്‌ലിം വിശ്വാസികള്‍ സ്ത്രീകളെ ഇത്തരം പൊതുവേദികളിലെ പ്രദര്‍ശന വസ്തുക്കളാക്കുന്നതിനെതിരെ ശക്തമായ നിലപാട് നേരത്തേയുള്ളവരാണ്. എന്നാല്‍ മുജാഹിദ് വിഭാഗത്തിലെ പണ്ഡിതന്മാര്‍ പോലും അവരുടെ ജുമുഅ പ്രസംഗങ്ങളില്‍ വരെ ഇതിനെതിരെ ആഞ്ഞടിച്ചു. നവംബര്‍ 29ന് മുജാഹിദ് നേതാവ് കെ വി അബ്ദുല്ലത്തീഫ് മൗലവി തന്റെ ജുമുഅ പ്രസംഗത്തില്‍ പറഞ്ഞത്, സ്ത്രീകളുടെ ഈ തുള്ളലും ചാട്ടവും പൈശാചികമാണെന്നാണ്.

ഇ കെ വിഭാഗം സുന്നി നേതാവ് ബശീര്‍ ഫൈസി ദേശമംഗലവും ഈ പ്രവണതക്കെതിരെ ജാഗ്രത വേണമെന്ന് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകൻ കൂടിയായ മുഹമ്മദലി കിനാലൂരും മെക്-7ന്റെ പേരില്‍ നടക്കുന്ന പുതിയ നീക്കങ്ങളില്‍ ചില സാംസ്‌കാരിക വെല്ലുവിളികള്‍ ഉണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഏതൊരു സംരംഭത്തെയും സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുന്ന ഇക്കാലത്ത് ഈ വിമര്‍ശനങ്ങളെല്ലാം സ്വാഭാവികമാണ്. സംഘാടകര്‍, തങ്ങളുടെ നിര്‍ദേശമില്ലാതെ ഏതെങ്കിലും പ്രാദേശിക കമ്മിറ്റികള്‍ അനുചിതമായത് വല്ലതും ഇതിനോട് കൂട്ടിച്ചേര്‍ക്കുന്നുണ്ടെങ്കില്‍ അത് തിരുത്താന്‍ തയ്യാറാകുകയും ആശങ്കകള്‍ ഉന്നയിച്ചവര്‍ക്ക് കൃത്യമായ വിശദീകരണം കൊടുക്കുകയും ചെയ്താല്‍ തീരാവുന്നതായിരുന്നു ഈ പ്രശ്‌നങ്ങള്‍.
ആരാണ് വിവാദം കത്തിച്ചത്

മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് കുറിപ്പ് വന്നതോടെ സമുദായത്തിനകത്തെ ചില “സ്ത്രീ സ്വതന്ത്രവാദികള്‍’ തേനീച്ച കൂട്ടം കണക്കെ ഇളകിവന്നു. ജമാഅത്തെ ഇസ്‌ലാമി പശ്ചാത്തലമുള്ളവരായിരുന്നു അവരില്‍ കൂടുതലും. ഇതോടെ മെക്-7നെ മറയാക്കി മുസ്‌ലിം സ്ത്രീകളെ തെരുവിലിറക്കാന്‍ ശ്രമിച്ചവര്‍ ആരാണെന്ന് വ്യക്തമായി. സോഷ്യല്‍ മീഡിയകളില്‍ പ്രശ്‌നം ആളിക്കത്തിയതോടെ ദൃശ്യമാധ്യമങ്ങള്‍ ഏറ്റെടുത്തു. അതില്‍ ചില മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും ചാര്‍ത്തി വാര്‍ത്തകള്‍ ചമയ്ച്ചു. അതിൽ ഭീകരതയും തീവ്രവാദവും കടന്നുവന്നു. ഇതോടെ വാര്‍ത്തകള്‍ക്ക് ദേശീയ മാനം വന്നു. പോപുലര്‍ ഫ്രണ്ട് പുനരുദയം ചെയ്യുകയാണെന്ന് വരെ ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത പടച്ചു.

ഇതോടെ എന്‍ ഐ എ അന്വേഷണം വരുന്നെന്ന പ്രചാരണമായി. പിന്നെ മുസ്‌ലിംകള്‍ ഇരകളും മറ്റു ചിലര്‍ വേട്ടക്കാരുമെന്നായി. നോക്കണേ, ഒരു വ്യായാമ പരിപാടിയെ “വെടക്കാക്കി തനിക്കാക്കാനുള്ള’ ചിലരുടെ കുത്സിത ശ്രമങ്ങള്‍ കാര്യങ്ങൾ എവിടെയാണ് കൊണ്ടെത്തിച്ചത്! ലക്ഷ്യം തെറ്റിയ സഞ്ചാരത്തെ ചൂണ്ടിക്കാണിച്ചവരെ പ്രതിയാക്കാനാണ് ജമാഅത്തെ ഇസ്്ലാമി മാധ്യമങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. സ്ത്രീകളെ വെച്ച് പരസ്യ കവാത്ത് കളിപ്പിച്ചവര്‍ ഇപ്പോള്‍ നല്ലപിള്ള ചമയുകയാണ്. ഏതായാലും ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിനിടയില്‍ സാംസ്‌കാരിക സ്വത്വം കളഞ്ഞുകുളിക്കാതിരിക്കാനും കുടുംബ ഭദ്രത തകരാതിരിക്കാനും സമുദായം ജാഗ്രത കാട്ടണം. സാംസ്‌കാരികാധിനിവേശത്തിനെതിരെ സമുദായത്തെ ബോധവത്കരിക്കുന്നവരെ കുരിശില്‍ തറക്കേണ്ട ആവശ്യമില്ല.

---- facebook comment plugin here -----

Latest