Editors Pick
ജെവിപിയും അനുര ദിസ്സനായകയും ലങ്കയുടെ നായകരാകുമ്പോൾ
ശ്രീലങ്കയിലെ വലതുപക്ഷ സർക്കാരുകളുടെ അഴിമതിക്കും അമിതാധികാരവാഴ്ചയ്ക്കുമെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ കുന്തമുനയായിരുന്നു ജനതാ വിമുക്‌തി പെരമുന (ജെവിപി) എന്ന മാർക്‌സിസ്‌റ്റ് ലെനിനിസ്‌റ്റ് പാർടി.

രണ്ടര വർഷം മുമ്പുണ്ടായ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ ശ്രീലങ്ക അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ചിരുന്നു. ഭക്ഷണത്തിനും പെട്രോളിനും നിത്യോപയോക സാധനങ്ങൾക്കുമായി തെരുവിൽ ക്യൂനിന്ന ശ്രീലങ്കൻ ജനതയെ ലോകം കണ്ടു. ശ്രീലങ്കയുടെ സാമ്പത്തിക നട്ടെല്ലായ ടൂറിസം മേഖല സ്‌തംഭിച്ചുനിന്നു. അതെല്ലാം മറികടക്കാൻ ലങ്കയുടെ മുന്നിൽ പുതിയ നായകൻ അവതരിച്ചിരിക്കുകയാണ്–- അനുര ദിസ്സനായകെ.
ശ്രീലങ്കയിലെ വലതുപക്ഷ സർക്കാരുകളുടെ അഴിമതിക്കും അമിതാധികാരവാഴ്ചയ്ക്കുമെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ കുന്തമുനയായിരുന്നു ജനതാ വിമുക്‌തി പെരമുന (ജെവിപി) എന്ന മാർക്‌സിസ്‌റ്റ് ലെനിനിസ്‌റ്റ് പാർടി. രജപക്‌സമാർ നയിച്ച ഗവൺമെന്റുകൾക്കെതിരെ തലസ്ഥാനമായ കൊളംബോയും സമീപ നാടുകളുമെല്ലാം ഇളകി മറിഞ്ഞപ്പോൾ ആ പ്രക്ഷോഭത്തിന് രാഷ്‌ട്രീയ ഉള്ളടക്കം നൽകാൻ മുന്നിൽനിന്നത് ജെവിപിയായിരുന്നു.
അഴിമതിക്കെതിരെ സംസാരിക്കാൻ അർഹത ജെവിപിക്ക് മാത്രമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ കാലം. സാമ്പത്തിക പ്രതിസന്ധിയെ കൂടുതൽ രൂക്ഷമാക്കി അന്താരാഷ്‌ട്ര സാമ്പത്തിക ഏജൻസികൾ കുരുക്ക് മുറുക്കിയപ്പോൾ വെള്ളവും ഭക്ഷണവും ഇന്ധനവും കിട്ടാതെ വലഞ്ഞ ജനങ്ങൾക്ക് സമരമല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നു. ആ ജനതയെ നിരന്തരമായ പ്രക്ഷോഭങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും രാഷ്‌ട്രീയമായി വഴികാട്ടാൻ ജെവിപിക്ക് കഴിഞ്ഞതാണ് ആ പാർട്ടിയുടെയും അനുര ദിസ്സനായകയുടെയും വിജയത്തിനുപിന്നിൽ.
പാർലമെന്റിൽ നാമമാത്രമായ സാന്നിധ്യം മാത്രമുണ്ടായിരുന്ന ജെവിപിക്കും അവർ നയിക്കുന്ന മുന്നണിക്കും ജനങ്ങളുടെ വിശ്വാസം വളരെപെട്ടെന്ന് നേടിയെടുക്കാനായി. മറ്റു പാർട്ടികളെല്ലാം അഴിമതിയിൽ കുളിച്ചുനിൽക്കുകയാണെന്നും ലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അവർ പിന്തുടരുന്ന സമ്പന്നാനുകൂല നയങ്ങളാണെന്നും സ്ഥാപിക്കാൻ ജെവിപിക്ക് സാധിച്ചു. വലതുപക്ഷ പാർടികൾക്കെതിരെ ശക്തമായ പ്രചാരണമാണ് സഖാവ് തിൽവിൻ സിൽവയുടെ നേതൃത്വത്തിലുള്ള ജെവിപിക്കു അഴിച്ചുവിടാനായത്.അങ്ങനെയൊരു സുദീർഘമായ പോരാട്ടത്തിന്റെ ഒരു നിർണായക ഘട്ടത്തിലാണ് ആ പാർട്ടിയുടെ നേതാവ് അനുര ദിസ്സനായകെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ആധികാരിക വിജയം ഉറപ്പാക്കുന്നത്. നാഷണൽ പീപ്പിൾസ് പവർ എന്ന ഇടതുപക്ഷ കൂട്ടായ്‌മക്കു വേണ്ടിയാണ് അനുര ദിസ്സനായകെ മത്സരിച്ചത്. ഇന്ന് അനുര ദിസ്സനായകെ മരതക ദ്വീപിന്റെ ആദ്യ കമ്യൂണിസ്റ്റ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വെല്ലുവിളികൾ ഏറെയാണ്.
ആദ്യം സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക എന്നത് തന്നെയാണ് അനുര ദിസ്സനായകെയ്‌ക്ക് മുന്നിലുള്ള കടമ്പ. ടൂറിസം മേഖലയുടെ നഷ്‌ടപ്രതാപം വീണ്ടെടുക്കണം. കമ്യൂണിസ്റ്റ് സർക്കാർ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികളും ചെറുതായിരിക്കില്ല. ചൈനയുമായി പല മേഖലയിലും നേരത്തേ സഹകരിക്കുന്ന ശ്രീലങ്കയെ കൂടുതൽ സംശയത്തോടെ മറ്റ് രാജ്യങ്ങൾ കാണാൻ ഇടയാക്കുന്ന തരത്തിലേക്ക് പോകാതിരിക്കാനും അവർ ശ്രദ്ധിക്കേണ്ടതുണ്ട്.
അധികാരത്തിലെത്തിയാൽ അദാനി ഗ്രൂപ്പിന്റെ ശ്രീലങ്കയിലെ കാറ്റാടി ഊർജ പദ്ധതി റദ്ദാക്കുമെന്ന് ജെവിപി പറഞ്ഞിരുന്നു. അക്കാര്യത്തിൽ ഉൾപ്പെടെ എടുക്കുന്ന തീരുമാനങ്ങൾ അന്താരാഷ്‌ട്ര ബന്ധങ്ങളെ സ്വാധീനിച്ചേക്കാം.