Connect with us

khap panchayat

ഖാപ് പഞ്ചായത്തുകള്‍ ജനാധിപത്യ "മാതൃക'യാകുമ്പോള്‍

തികച്ചും ജനാധിപത്യവിരുദ്ധമായ ഒട്ടേറെ കൃത്യങ്ങള്‍ക്ക് ഹേതുവായ സംവിധാനമാണ് ഖാപ് പഞ്ചായത്തുകള്‍. സ്ത്രീവിരുദ്ധതക്കും മനുഷ്യത്വത്തിന് നിരക്കാത്ത ഹീന കൃത്യങ്ങള്‍ക്കും പേരുകേട്ട ഒരു വ്യവസ്ഥയുടെ പാരമ്പര്യവും പെരുമയും പറഞ്ഞ് ജനാധിപത്യം എന്നൊക്കെ ഉദ്‌ഘോഷിക്കുന്നതിന്റെ സാംഗത്യം എന്താണെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. ലോകം അംഗീകരിക്കുന്ന ചരിത്രത്തിന്റെ ചട്ടക്കൂടിലേക്ക് പുതിയ ഇന്ത്യ സ്വപ്‌നം കാണുന്നവരുടെ രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ എഴുതിച്ചേര്‍ക്കണം.

Published

|

Last Updated

ദിവസങ്ങള്‍ക്കു മുമ്പാണ് വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരിലേക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം എത്തുന്നത്. രാജ്യത്തെ നൂറോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവര്‍ണര്‍മാര്‍ നേരിട്ട് ചെന്ന് ക്ലാസ്സെടുക്കണം എന്നായിരുന്നു കല്‍പ്പന. ദേശീയ ഭരണഘടനാ ദിനമായ നവംബര്‍ 26നാണ് ഈ ക്ലാസ്സെടുപ്പ് യജ്ഞം നടത്താന്‍ തീരുമാനിച്ചിരുന്നത്. ലക്ഷ്യം ഭരണഘടനാ ദിനാഘോഷമാണെങ്കിലും ഗവര്‍ണര്‍മാര്‍ക്ക് ക്ലാസ്സെടുക്കാന്‍ കിട്ടിയ വിഷയമാണ് പ്രധാനം- “ഇന്ത്യ: ജനാധിപത്യത്തിന്റെ മാതാവ്’ എന്നായിരുന്നു വിഷയം. ഇതേ ദിവസം തന്നെ എല്ലാ സര്‍വകലാശാലകളും കോളജുകളും ലക്ചറുകള്‍ സംഘടിപ്പിക്കണമെന്ന് യു ജി സിയുടെ നിര്‍ദേശവും ഉണ്ടായിരുന്നു. വിഷയം “ജനാധിപത്യത്തിന്റെ മാതാവായ ഇന്ത്യ’. സന്ദര്‍ഭം ഭരണഘടനാ ദിനാഘോഷവും.

സര്‍ക്കുലര്‍ പ്രകാരം, ലോകത്തിന് ജനാധിപത്യം എന്ന മാതൃക ആദ്യമായി സംഭാവന ചെയ്തത് ഇന്ത്യയാണ് എന്ന ആശയത്തിലൂന്നിയാണ് ഈ വര്‍ഷത്തെ ഭരണഘടനാ ദിനാഘോഷം സംഘടിപ്പിച്ചത്. ഭാരതീയ തത്വചിന്തയിലെ രാജ സങ്കല്‍പ്പങ്ങള്‍, ഖാപ് പഞ്ചായത്തുകളും അവയുടെ ജനാധിപത്യ പാരമ്പര്യവും തുടങ്ങിയ വിഷയങ്ങളിലാണ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നത്. സര്‍ക്കുലറിനോടൊപ്പം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ സി എച്ച് ആര്‍) തയ്യാറാക്കിയ “ഭാരത്: ലോകതന്ത്ര കി ജനനി’ എന്ന് പേരിട്ട കണ്‍സെപ്റ്റ് നോട്ടും വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തിട്ടുണ്ടായിരുന്നു.

ഭരണഘടന അനുശാസിക്കുന്ന ഒരു അധികാര മാതൃകയുടെയും പരിധിയില്‍ വരാത്തതും തികച്ചും ജനാധിപത്യവിരുദ്ധമായ ഒട്ടേറെ കൃത്യങ്ങള്‍ക്ക് ഹേതുവായതുമായ സംവിധാനമാണ് ഖാപ് പഞ്ചായത്തുകള്‍. പോലീസിനോ സര്‍ക്കാറുകള്‍ക്കോ ഒരു നിയന്ത്രണവുമില്ലാത്ത വിധം സാമൂഹിക വിഷയങ്ങളില്‍ മൂപ്പന്മാര്‍ വിധി പറയുന്ന ഇത്തരം ഒട്ടേറെ ഗ്രാമങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇപ്പോഴും സജീവമാണ്. സ്ത്രീവിരുദ്ധതക്കും മനുഷ്യത്വത്തിന് നിരക്കാത്ത ഹീന കൃത്യങ്ങള്‍ക്കും പേരുകേട്ട ഒരു വ്യവസ്ഥയുടെ പാരമ്പര്യവും പെരുമയും പറഞ്ഞ് ജനാധിപത്യം എന്നൊക്കെ ഉദ്‌ഘോഷിക്കുന്നതിന്റെ സാംഗത്യം എന്താണെന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. ലോകം അംഗീകരിക്കുന്ന ചരിത്രത്തിന്റെ ചട്ടക്കൂടിലേക്ക് പുതിയ ഇന്ത്യ സ്വപ്‌നം കാണുന്നവരുടെ രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ എഴുതിച്ചേര്‍ക്കണം.

ബി ജെ പിയും ആര്‍ എസ് എസും വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്ര തത്വസംഹിതയുടെ എല്ലാ പദാര്‍ഥങ്ങളും ഉള്‍ക്കൊണ്ട കണ്‍സെപ്റ്റ് നോട്ടാണ് വിദ്യാര്‍ഥികളിലേക്ക് ഗവര്‍ണര്‍മാരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്. അതിനപ്പുറം ചരിത്ര രചനയില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യ നേടിയ മുഴുവന്‍ നേട്ടങ്ങളേയും ലോകത്തിലെ തന്നെ ബൃഹത്തായൊരു ജനാധിപത്യ മാതൃക എന്ന അവലോകനങ്ങളേയുമെല്ലാം തകര്‍ത്തെറിയുന്നവയാണ് ആ നോട്ടിലെ കാര്യങ്ങള്‍. ഇതോടെ മോദി സര്‍ക്കാറിന്റെ കീഴില്‍ രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖമായൊരു ചരിത്ര ഗവേഷണ സ്ഥാപനത്തെ കൂടി ആര്‍ എസ് എസ് കൈപ്പിടിയിലാക്കിയിരിക്കുന്നു എന്ന് പരസ്യമായി പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യക്കാര്‍ ചരിത്രാധീന കാലം മുതലേ ലോകത്ത് എല്ലായിടത്തും ഉണ്ടായിരുന്നു എന്നും അതിനാല്‍ തന്നെ ഭാരതം എന്ന സങ്കല്‍പ്പം ആഗോള തലത്തില്‍ തന്നെ ആഘോഷിക്കപ്പെടണം എന്നുമുള്ള അത്യധികം ചരിത്രവിരുദ്ധമായ വാദങ്ങള്‍ കൊണ്ടാണ് കണ്‍സെപ്റ്റ് നോട്ട് ആരംഭിക്കുന്നത് തന്നെ. പിന്നീടങ്ങോട്ട് പ്രാചീന ഇന്ത്യയില്‍ ആധുനിക ജനാധിപത്യത്തിന്റെ വേരുകള്‍ കണ്ടെത്താനുള്ള ശ്രമവും കുറിച്ചു വെക്കുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ സ്വതന്ത്രമായ സാമൂഹിക, രാഷ്ട്രീയ, അധികാര വ്യവസ്ഥകളെക്കുറിച്ചുള്ള യൂറോപ്യന്‍, ബ്രിട്ടീഷ് കൊളോണിയല്‍ രചനകളില്‍ എഴുതിവെച്ചിട്ടുള്ള എല്ലാ സവിശേഷതകളും ചേർത്തു‌ വെച്ച് കൊണ്ട് ആശയക്കുഴപ്പം നിറഞ്ഞതും വികലവുമായ ഒരു ചരിത്രത്തെ കണ്‍സെപ്റ്റ് നോട്ടില്‍ അവതരിപ്പിക്കുന്നു. അതുപ്രകാരം വേദ കാലഘട്ടം മുതലേ ഇന്ത്യയില്‍ ജനപദ, രാജ്യ തുടങ്ങിയ രണ്ട് തരം അധികാര രൂപങ്ങള്‍ നിലനിന്നിരുന്നുവത്രെ. ഗ്രാമ തലത്തിലും അതിനു മുകളില്‍ ഒരു കേന്ദ്രീകൃത തലത്തിലുമായിരുന്നു രാഷ്ട്രീയ വിഭജനം. ഇതില്‍ ഇന്ത്യയുടെ തനതായ ജനാധിപത്യ രാഷ്ട്രീയ ശൈലി രൂപപ്പെട്ടു വന്നു. കേന്ദ്രീകൃത രാഷ്ട്രീയം ഗ്രാമ തലത്തിലുള്ള സംവിധാനങ്ങളുമായി ബന്ധം വിച്ഛേദിച്ചു. അതോടെ ഗ്രാമീണ സമുദായങ്ങള്‍ സ്വയം അധികാരമുള്ളവരായി മാറി. അവര്‍ ഖാപ് പഞ്ചായത്തുകള്‍ പോലുള്ള സ്വയം ഭരണ സ്ഥാപനങ്ങളുടെ ശ്രേണി തന്നെ വികസിപ്പിച്ചെടുത്തു. ഇത് പിന്നീട് മാറിമാറി വന്ന രാജാക്കന്മാരുടെയും സാമ്രാജ്യങ്ങളുടെയും സ്വാധീനത്തില്‍ പെടാതെ ദീര്‍ഘകാലം നിലനില്‍ക്കാന്‍ അവരെ പ്രാപ്തരാക്കി എന്നാണ് നോട്ടില്‍ പറയുന്ന ഇന്ത്യന്‍ ജനാധിപത്യ മാതൃകയുടെ ആകത്തുക. കൂടെ ഈ മാതൃക, പ്രത്യേകിച്ചും ഹിന്ദു സംസ്‌കാരങ്ങളോട് ശത്രുത പുലര്‍ത്തിയ ഭരണകൂടങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിച്ചു എന്നും പറഞ്ഞു വെക്കുന്നു.

ഇന്ത്യന്‍ ഗ്രാമീണ മേഖലകളില്‍ നിലനില്‍ക്കുന്ന ഇത്തരം പരമ്പരാഗത സ്വേച്ഛാധിപത്യ സ്വഭാവമുള്ള സ്വയംഭരണ സംവിധാനങ്ങള്‍ പുറമേ നിന്നുള്ള ആര്‍ക്കും ഇടപെടാന്‍ കഴിയാത്ത വിധം നിലനില്‍ക്കുന്ന രീതിയെ കുറിച്ച് ജയിംസ് മില്ലിനെ പോലുള്ള ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രകാരന്മാര്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്നെ എഴുതിവെച്ചിട്ടുണ്ട്. ഇത്തരം ഗ്രാമ സമുദായങ്ങള്‍ ഇന്ത്യയില്‍ തങ്ങളുടെ കൊളോണിയല്‍ സാമ്രാജ്യം വളര്‍ത്തുന്നതില്‍ നെടും തൂണായി പ്രവര്‍ത്തിച്ചിരുന്നു എന്നും അവര്‍ തന്നെ എഴുതി വെച്ചിട്ടുണ്ട്. കോളനിവിരുദ്ധ സമര പോരാട്ട ചരിത്രത്തില്‍ കാര്യമായിട്ടൊന്നും പറയാനില്ലാത്തവര്‍ ഭരണത്തില്‍ ഇപ്പോഴുള്ള മേല്‍ക്കൈ ഉപയോഗിച്ച് പണ്ടുകാലത്ത് ബ്രിട്ടീഷുകാര്‍ തിരഞ്ഞു നടന്ന പ്രാചീന ആര്യന്‍ ഗ്രാമ സംവിധാനങ്ങളെ ജനാധിപത്യവത്കരിച്ച് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്. അതോടൊപ്പം തന്നെ ആദ്യകാല ഇന്ത്യയില്‍ വേദങ്ങളുടെ അധികാരത്തെയും ബ്രാഹ്‌മണ തന്ത്രത്തെയും വെല്ലുവിളിക്കുന്ന പാരമ്പര്യങ്ങളുണ്ടായിരുന്നു എന്ന വസ്തുത ബദല്‍ പാരമ്പര്യങ്ങളെ വെള്ളപൂശാന്‍ ശ്രമിക്കുന്ന ഐ സി എച്ച് ആറിലെ ഹിന്ദുത്വ സൈദ്ധാന്തികര്‍ കണ്ടഭാവം നടിച്ചിട്ടില്ല താനും.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ കുഴപ്പക്കാരനായിരുന്ന ഇപ്പോഴത്തെ യു ജി സി തലവന്‍ എം ജഗദീഷ് കുമാര്‍ ഗവര്‍ണര്‍മാരോട് നേരിട്ട് നിര്‍ദേശം നല്‍കിയത് സര്‍ക്കാറിന്റെ നിര്‍ദേശം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നടപ്പാക്കി എന്ന് ഉറപ്പുവരുത്താനാണ്. ചരിത്ര ഗവേഷണ കേന്ദ്രത്തിലെ ഹിന്ദുത്വ വക്താക്കള്‍ തയ്യാറാക്കിയ കണ്‍സെപ്റ്റ് നോട്ടുമായി വന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സര്‍ക്കുലറാകട്ടെ, ഭൂതകാലത്തെ വളച്ചൊടിച്ച് സമകാലിക ഇന്ത്യയിലാണ് ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വേരുകള്‍ എന്ന് കിണഞ്ഞ് സ്ഥാപിക്കാനും ശ്രമിക്കുന്നു.

അതിനിടെ, കഴിഞ്ഞയാഴ്ച ഐ സി എച്ച് ആര്‍ പ്രസിദ്ധീകരിച്ച “ഇന്ത്യന്‍ ജനാധിപത്യ ചരിത്രം’ എന്ന പുസ്തകം കൂടി ഇതിനോട് ചേര്‍ത്തു വെക്കേണ്ടതുണ്ട്. പുസ്തകം പ്രകാശനം ചെയ്ത വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, നാഗരികതകളുടെ തുടക്കം മുതലേ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഇന്ത്യയില്‍ ഉള്‍ച്ചേര്‍ന്ന് കിടന്നിരുന്നു എന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം എന്ന് പരിചയപ്പെടുത്തുന്നു. നമ്മള്‍ വായിച്ചു കൊണ്ടിരിക്കുന്ന ചരിത്രം തെറ്റാണ്. അത് തിരുത്തിയെഴുതുക തന്നെ ചെയ്യും എന്ന അമിത് ഷായുടെ പ്രസ്താവന വന്നിട്ട് അധിക നാളുകളായിട്ടില്ല.

രാഷ്ട്രമീമാംസയിലെ ജനാധിപത്യം എന്ന സിദ്ധാന്തവും അതിന്റെ പ്രയോഗവും ചരിത്രവും വര്‍ഗീകരണങ്ങളും എല്ലാം ആരംഭിച്ചിരുന്നത് ഇത്രയും കാലം ഗ്രീക്കിലെയും ഏഥന്‍സിലെയും പ്രത്യക്ഷ ജനാധിപത്യ മാതൃകകളില്‍ നിന്നായിരുന്നു. രാഷ്ട്രീയ വിദ്യാര്‍ഥികള്‍ അടിസ്ഥാനപാഠം എന്നോണം ഹൃദിസ്ഥമാക്കുന്ന ഇത്തരം ആഗോള വസ്തുതാ യാഥാര്‍ഥ്യങ്ങളുടെയെല്ലാം ഇന്ത്യയിലെ ഭാവി ഇനി എന്താകുമെന്ന് അറിയില്ല. വിദ്യാഭ്യാസ വകുപ്പും യു ജി സിയും ചേര്‍ന്ന് ഗവര്‍ണര്‍മാരെയും ഉന്നത കലാലയങ്ങളെയും ചേര്‍ത്ത് വളരെയധികം ‘ശ്ലാഘനീയ’മായൊരു ഭരണഘടനാ ദിനാഘോഷമാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ചരിത്രത്തിന്റെ നാഭിയില്‍ പിടിച്ചുള്ള പുനഃക്രമീകരണങ്ങള്‍ തകൃതിയായി തുടരുന്നുവെന്നും താത്വികമായി തിരുത്തുന്ന ഓരോന്നും പ്രായോഗികമായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും ഇതിലും കൃത്യമായി വെളിപ്പെടുന്നതെങ്ങനെ?