Articles
കെ എം മൗലവിയെ പുനരാനയിക്കുമ്പോൾ
കേരളത്തിലെ മുസ്‌ലിം അവാന്തര വിഭാഗങ്ങളുമായും അവയുടെ ഉൾപ്പിരിവുകളുമായും കെട്ടുപിണഞ്ഞുകിടക്കുന്ന കാത്തിബ് മുഹമ്മദ് മൗലവിയെ പോലുള്ള ഒരാളെ ഇപ്പോൾ പുനരാനയിക്കുന്നതിന്റെ രാഷ്ട്രീയം എന്തായിരിക്കും?
സ് കൂൾ അറബി പാഠപുസ്തകത്തിലെ കെ എം മൗലവിയെക്കുറിച്ചുള്ള ആ വരികൾ ഇപ്പോൾ എത്ര പേർ ഓർക്കുന്നു എന്നറിയില്ല. സത്യസന്ധതയുടെ കാര്യത്തിൽ ഖലീഫ അബൂബക്കറിനെ പോലെയും ധീരതയിൽ ഹൈദറിനെ പോലെയും സഹിഷ്ണുതയിൽ ഉസ്മാനെ പോലെയും നീതിയുടെ കാര്യത്തിൽ ഉമറിനെ പോലെയും ഉപദേശിക്കുന്നതിൽ ലുഖ്‌മാനുൽ ഹകീമിനെ പോലെയും ആയിരുന്നു മൂപ്പർ എന്നായിരുന്നല്ലോ തള്ള്. അദ്ദേഹത്തിന് തുല്യനായി ഒരു പണ്ഡിതനെയും കേരളം ജന്മം നൽകിയിട്ടില്ല എന്ന ലെവലിലുള്ള പ്രകീർത്തന കാവ്യം കുട്ടികൾ അക്കാലത്ത് സ്‌കൂളിൽ പഠിച്ചു.
പണ്ടാണേ. പാവം സുന്നികളല്ലേ. അവർക്ക് രാഷ്ട്രീയ അധികാരമോ ഭരണതലത്തിൽ സ്വാധീനമോ ഉണ്ടായിരുന്നില്ലല്ലോ. പിന്നെയുണ്ടോ പാഠപുസ്തത്തിലെ ഉള്ളടക്കം? അങ്ങനെയാണ് ബഹുഭൂരിപക്ഷം വരുന്ന സുന്നി മുസ്‌ലിംകളുടെ കുട്ടികൾ തങ്ങൾ ബഹുദൈവവിശ്വാസികളും അന്ധവിശ്വാസികളും അനാചാരികളും ആണെന്ന് പ്രചരിപ്പിച്ച കേരളത്തിലെ ആദ്യ സലഫീ പ്രചാരകരിൽ ഒരാളായ തയ്യിൽ മുഹമ്മദ് കുട്ടി മൗലവിയെക്കുറിച്ച് പഠിക്കേണ്ടി വന്നത്. അന്നത്തെ അറബി മുൻഷിമാരല്ലേ, മോശമാക്കില്ലല്ലോ. അവർ പാഠത്തിലുള്ളതിനേക്കാൾ ഉഷാറാക്കുകയും ചെയ്യും. അങ്ങനെ ശിർക്ക്, ബിദ്അത്ത് ചർച്ചകളായി സ്‌കൂൾ ക്ലാസ്സുകളിലെ പിരീഡുകളിൽ. എട്ടും പൊട്ടും തിരിയാത്ത കുട്ടികളോട് കെ എം മൗലവിയുടെ പിൻഗാമികളായ ഈ മുൻഷിമാർ ഭയങ്കര ചോദ്യങ്ങൾ ചോദിച്ച് ഏകപക്ഷീയമായി ജയിച്ചുകൊണ്ടിരുന്നു. അതൊക്കെ ഒരു കാലം…
കേരളത്തിലെ മുസ്‌ലിം അവാന്തര വിഭാഗങ്ങളുമായും അവയുടെ ഉൾപ്പിരിവുകളുമായും കെട്ടുപിണഞ്ഞുകിടക്കുന്ന മൗലവിയെ പോലുള്ള ഒരാളെ ഇപ്പോൾ പുനരാനയിക്കുന്നതിന്റെ രാഷ്ട്രീയം എന്തായിരിക്കും? ഒരർഥത്തിൽ, മുസ്‌ലിം അവാന്തര വിഭാഗങ്ങളുടെ ആവിർഭാവത്തെയും സമുദായ രാഷ്ട്രീയത്തിന്റെ അതിനോടുള്ള സമീപനത്തെയും മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് വലിയ തുറസ്സുകൾ നൽകുന്നതാണ് ഏതായാലും കെ എം മൗലവിയെക്കുറിച്ചുള്ള ചർച്ചകൾ.
സത്യത്തിൽ ആരാണ് കെ എം മൗലവി? എന്തായിരുന്നു അദ്ദേഹത്തിന്റെ ഉള്ളടക്കം? എങ്ങനെ അദ്ദേഹത്തെ സമാന്യമായി സംഗ്രഹിക്കാം? തയ്യിൽ മുഹമ്മദ് കുട്ടി 1886 ജൂലൈ ആറിന് ജനിച്ചു. വാഴക്കാട് ദാറുൽ ഉലൂമിൽ പഠനം. നല്ല കൈയെഴുത്തായിരുന്നത് കൊണ്ട് ഉസ്താദിന്റെ എഴുത്തുകുത്തുകൾ പകർത്തി എഴുതും. അങ്ങനെ “കാത്തിബ്’ എന്ന പേര് കിട്ടി. അങ്ങനെ കാത്തിബ് മുഹമ്മദ് കുട്ടി മൗലവി കെ എം മൗലവിയായി. ഉസ്താദിന്റെ മകളെ കെട്ടിതോടെ, എം സി സി മൗലവിമാർ അളിയന്മാരുമായി. കേരള നദ്‌വത്തുൽ മുജാഹിദീന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. മരണം വരെ മുസ്‌ലിം ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്. കേരളത്തിലെ വഹാബീ പ്രസ്ഥാനത്തിന്റെ ആദ്യ പ്രചാരകരിൽ ഒരാളായിരുന്നു. കൊടുങ്ങല്ലൂരിൽ ഒളിവിൽ താമസിക്കുന്ന കാലത്ത് പ്രമാണിമാരുമായി ചേർന്ന് നിഷ്പക്ഷ സംഘമുണ്ടാക്കി. അത് ഐക്യസംഘമായും കേരള ജംഇയ്യത്തുൽ ഉലമയായും നദ്‌വത്തുൽ മുജാഹിദീനായും രൂപമാറ്റം സംഭവിച്ചപ്പോഴെല്ലാം നേതൃനിരയിൽ തന്നെ നിന്നു. 1935ൽ കെ എം സീതി, ബി പോക്കർ, ഉപ്പി സാഹിബ്, കെ എം മൗലവി എന്നിവരുടെ നേതൃത്വത്തിലാണ് തലശ്ശേരിയിൽ മുസ്‌ലിം ലീഗ് കേരള ഘടകം രൂപവത്കരിക്കുന്നത്. തിരൂരങ്ങാടിയിൽ പാർട്ടിയുടെ ആദ്യ യൂനിറ്റുണ്ടാക്കിയപ്പോൾ പ്രസിഡന്റായി. 1964ൽ സെപ്തംബർ 10ന് മരിച്ചുപോയി.
ജീവചരിത്രകാരനായ കെ കെ മുഹമ്മദ് അബ്ദുൽ കരീം എഴുതി. “1922ൽ ജ. കെ എം മൗലവി സാഹിബ് അവർകൾ പുളിക്കൽ ജ. പി പി ഉണ്ണിമുഹ്്യിദ്ദീൻ കുട്ടി മൗലവി സാഹിബിന്റെ വസതിയിൽ ഒളിവിൽ താമസിച്ചിരുന്ന കാലത്ത് (ഭാര്യാസഹോദരൻ) ജ. എം സി സി അബ്ദുർറഹ്മാൻ മൗലവി സാഹിബിന്റെ ഒരു രഹസ്യ സന്ദേശം ലഭിച്ചു: “അളിയാങ്ക എല്ലാ കാര്യവും അല്ലാഹുവിൽ തവക്കുലാക്കി ഉടനെ കൊടുങ്ങല്ലൂരിലെത്തിച്ചേരണം. ഇവിടെ സുഖമായി കഴിഞ്ഞുകൂടാം. നാട്ടുരാജഭരണമാകയാൽ ബ്രിട്ടീഷുകാരുടെ ശർറ് (ഉപദ്രവം) ഭയപ്പെടേണ്ടതില്ല. അല്ലാഹു അനുഗ്രഹിക്കട്ടെ”
കത്ത് കിട്ടിയ ഉടനെ തന്നെ കെ എം മൗലവി പുളിക്കലിൽ നിന്നൊരു ദിവസം അർധരാത്രിയിൽ തിരൂരങ്ങാടിയിലെത്തിച്ചേർന്നു. അവിടെ നിന്ന് തന്റെ വിശ്വസ്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്ന മൗലവി സി എ അബ്ദുർറഹ്മാൻ ഹാജി, വലിയാട്ട് കുഞ്ഞിമൊയ്തീൻ സാഹിബ് എന്നിവരോടൊപ്പം കൊടുങ്ങല്ലൂരിലേക്ക് യാത്രായി എന്നാണ് കരീം എഴുതുന്നത്. ഏറെ വൈകാതെ ഭാര്യ ഫാത്വിമക്കുട്ടിയെയും കൊടുങ്ങല്ലൂരിലേക്ക് എത്തിച്ചു.
നാട്ടുകാരെ ആവേശഭരിതരാക്കി പോർമുഖത്തിറക്കിയ ശേഷം സുഖമായി കഴിഞ്ഞുകൂടാൻ കൊടുങ്ങല്ലൂരിലെ അളിയന്റെയും പ്രമാണിമാരുടെയും അടുത്തേക്ക് ഒളിച്ചുകടന്ന ഭീരു ആയിരുന്നു എന്നാണോ ജീവചരിത്രകാരൻ പറഞ്ഞുവെക്കുന്നത്? കൊടുങ്ങല്ലൂരിൽ വീടുകൾ മാറി മാറി താമസിക്കുമായിരുന്നു മൗലവി. മുങ്ങി നടക്കുന്നതിനിടെ പോലീസ് പൊക്കാൻ വന്നപ്പോൾ മൗലവി സാഹിബിൽ നിന്നുണ്ടായ അത്ഭുത വൃത്തികൾ ജീവചരിത്രത്തിൽ കാണാം. അവിടെ മൗലവി സാഹിബ് ആദ്യം കൈവെച്ചത് പലിശയിലായിരുന്നു. ഇ മൊയ്തു മൗലവി എഴുതുന്നു: ഐക്യസംഘക്കാർ രാഷ്ട്രീയ കാര്യങ്ങളിൽ നിന്നകന്നുനിന്നിരുന്നുവെങ്കിലും മുസ്‌ലിമീങ്ങളുടെ സാമ്പത്തിക സ്ഥിതി നന്നാക്കിത്തീർക്കേണ്ടതിനെ പറ്റി അവർ ഗാഢമായി ആലോചിച്ചു. ഒരു ബേങ്ക് സ്ഥാപിച്ചു. തദ്വാരാ മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തിക അവശതകൾക്ക് പരിഹാരം കാണാമെന്ന് കണ്ടുപിടിച്ച് ബേങ്ക് സ്ഥാപിച്ചു. പലിശ ഏർപ്പാട് നടത്തുന്നത് മതദൃഷ്ട്യാ അനുവദനീയമാണോ എന്ന് കണ്ടുപടിക്കാൻ ജനാബ് കെ എം മൗലവി (തിരൂരങ്ങാടി) മുതലായ ചില പണ്ഡിതന്മാരെ ഭരമേൽപ്പിച്ചു.” (എന്റെ കൂട്ടുകാരൻ).
കെ എം സീതിയാണ് ബേങ്കിന് മുൻകൈ എടുത്തത്. പലിശ മുസ്‌ലിംകൾക്ക് നിഷിദ്ധമാണല്ലോ. അതിനാൽ ബേങ്കിംഗ് പലിശയിൽ ഉൾപ്പെടുകയില്ലെന്ന ഒരു മതവ്യാഖ്യാനവും കണ്ടുപിടിച്ചു. ഇത് ചെയ്തത് കെ എം മൗലവിയായിരുന്നുവെന്ന് എം റഷീദ് എഴുതുന്നു. അതിന് “ഹീലത്തുർരിബ’ എന്ന് പേരിടുകയും ചെയ്തു. “രിസാലത്തുൻ ഫിൽ ബങ്കി’ എന്ന പേരിൽ അറബി മലായാളത്തിൽ ഒരു ചെറു ഗ്രന്ഥം തന്നെ കെ എം മൗലവി പ്രസിദ്ധപ്പെടുത്തി. (മുഹമ്മദ് അബ്ദുർറഹ്മാൻ ജീവിത ചരിത്രം- എം റഷീദ്). മിതമായ പലിശ വാങ്ങുന്നത് കുഴപ്പമില്ല എന്ന വാദമാണ് പുതിയ ആദർശങ്ങളെ അനുകൂലിക്കുന്ന മൗലവിമാർ മുന്നോട്ട് വെച്ചതെന്ന് അനുഭവസ്ഥനായ ഇ മൊയ്തുമൗലവി ആത്മകഥയിൽ അയവിറക്കുന്നുണ്ട്. ഈജിപ്തിലെ “മജല്ലുത്തിൽ മനാറി’ൽ റശീദ് രിള എഴുതിയ ലേഖനങ്ങളായിരുന്നു “രിസാലത്തുൻ ഫിൽ ബങ്കി’ എഴുതാൻ മൗലവിക്ക് ചോദന.
ഹീലത്തുർരിബക്കെതിരെ മുഹമ്മദ് അബ്ദുർറഹ്മാൻ സാഹിബും അൽ അമീനും ആഞ്ഞടിച്ചു. സമുദായത്തിൽ നിന്ന് എതിർപ്പ് കൊടുമ്പിരിക്കൊണ്ടു. സമുദായത്തെ അഭിവൃദ്ധിപ്പെടുത്താൻ ഉള്ള മാർഗം അല്ലാഹു കഠിനമായി വിരോധിച്ചിരിക്കുന്ന പലിശ ഹലാലാക്കുകയോ എന്നാണ് കോഴിക്കോട്ടെ ചില പ്രബലന്മാർ ഓഹരി പിരിക്കാൻ എത്തിയപ്പോൾ കെ എം സീതിയോടും മണപ്പാടൻ കുഞ്ഞിമുഹമ്മദ് ഹാജിയോടും ചോദിച്ചത്. ഇതോടെ ബേങ്ക് പ്രവർത്തനം മാത്രമല്ല, ഐക്യസംഘം തന്നെ പൂട്ടിപ്പോയെന്ന് സംസ്ഥാന പബ്ലിക് റിലേഷൻ വകുപ്പ് പുറത്തിറക്കിയ “മുഹമ്മദ് അബ്ദുർറഹ്മാൻ’ പറയുന്നു. കെ എം സീതിയും സംഘവും വളരെ വ്യക്തിപരമായാണ് സാഹിബിന്റെ വിമർശങ്ങളെ കണ്ടതെന്ന് എം റഷീദ് നിരീക്ഷിക്കുന്നു. അടുത്ത ബന്ധുവും ബാല്യകാല സുഹൃത്തുമായ അബ്ദുർറഹ്മാനോട് കഠിന ശത്രുവിനെ പോലെയാണ് സീതി പിന്നീട് പെരുമാറിയത്. അബ്ദുർറഹ്മാന്റെ നടപടികൾ മൗലവിമാരെ നിരാശരും കോപാന്ധരുമാക്കിയെന്നും അവർ സാഹിബിനെതിരെ ചന്ദ്രഹാസമിളക്കിയെന്നും പറയുന്നു ഇ മൊയ്തു മൗലവി.
ചാലപ്പുറം കോൺഗ്രസ്സിന്റെ കെണികളാൽ അൽ അമീൻ ഊർധശ്വാസം വലിക്കുമ്പോൾ മാതൃഭൂമിക്ക് വേണ്ടി പണം പിരിക്കാനിറങ്ങി കെ എം മൗലവിയും സംഘവും അബ്ദുർറഹ്മാനോട് പക വീട്ടി. ബേങ്കും ഐക്യസംഘവും പൂട്ടിച്ച കെറുവിൽ സാഹിബിന്റെ മനോവീര്യം കെടുത്തുകയായിരുന്നു ലക്ഷ്യം. ഏത് മാതൃഭൂമി എന്നല്ലേ? മലബാറിലെ മുസ്‌ലിംകളെ ഒരു കുറ്റവാളി സമൂഹമായി ചാപ്പകുത്തുന്നതിന് വേണ്ടി ബ്രിട്ടീഷുകാർ കൊണ്ടുവന്ന മാപ്പിള ഔട്ട്‌റെജസ് ആക്ടിനെ മൗനം കൊണ്ട് ആശീർവദിച്ച അന്നത്തെ മാതൃഭൂമി. ഈ ആക്ട് പ്രകാരം ബ്രിട്ടീഷ്, ജന്മിവിരുദ്ധ സമരങ്ങളിൽ പങ്കെടുത്ത് മരണപ്പെട്ട മുസ്‌ലിംകളുടെ മയ്യിത്തുകൾ ഇസ്‌ലാം മത ആചാര പ്രകാരം സംസ്‌കരിക്കുന്നതിന് പകരം തീ വെച്ച് നശിപ്പിക്കുകയാണ് ചെയ്തത്. “ലഹള പ്രിയൻ’ എന്ന് ബ്രിട്ടീഷുകാർക്ക് തോന്നുന്ന ആരെങ്കിലും ഗ്രാമത്തിൽ ഉണ്ടെങ്കിൽ ആ ഗ്രാമത്തിലെ മുഴുവൻ മുസ്‌ലിംകളുടെയും സ്വത്തിൽ നിന്ന് ഒരു ഭാഗം സർക്കാറിന് പിഴയായി നൽകണം എന്നും പ്രസ്തുത ആക്ടിൽ ഉണ്ടായിരുന്നു.
ആദ്യം നല്ല ചില കാര്യങ്ങളിൽ ഏർപ്പെട്ടെങ്കിലും ഒടുവിൽ ബേങ്ക് സ്ഥാപിക്കാനും പലിശ മേടിക്കാനുമുള്ള ശ്രമത്തിലാണ് ഐക്യസംഘക്കാർ എത്തിച്ചേർന്നത് എന്നും കാലാന്തരത്തിൽ അവർ നിരവധി വഴക്കിനും വയ്യാവേലിക്കും ഹേതുവായി പരിണമിച്ചെന്നും ഇ മൊയ്തു മൗലവി തന്നെ നിരീക്ഷിക്കുന്നുണ്ട്. കെ എം മൗലവി മുന്നിൽ കൊണ്ടുവന്ന ഈ വയ്യാവേലികളാണ് ശംസുദ്ദീൻ പാലത്തിന്റെയും മുജാഹിദ് ബാലുശ്ശേരിയുടെയും എം എം അക്ബറിന്റെയുമൊക്കെ കോലത്തിൽ പിൽക്കാലത്ത് തിടംവെച്ചത്.
പാർട്ടിയാകട്ടെ, പലിശയാകട്ടെ ഫത്‌വയുടെ കാര്യത്തിൽ മൂപ്പർക്ക് അത്രയൊക്കെ കടുംപിടിത്തമേ ഉണ്ടായിരുന്നുള്ളൂ. ഏത് തരം ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും റെഡി. മുസ്‌ലിം ലീഗിൽ അണി ചേരേണ്ടത് മുസ്‌ലിംകളുടെ മതപരമായി തന്നെ നിർബന്ധകാര്യമാണെന്ന് കെ എം മൗലവി ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട് (കെ ഉമർ മൗലവി, ഓർമയുടെ തീരത്ത്- 149)
ഹജ്ജിന് പോയ കെ എം മൗലവി, ജലാലത്തുൽ മലിക് സുഊദ്്ബിൻ അബ്ദുൽ അസീസിന് ഒരു മെമ്മോറാണ്ടം നൽകിയ കഥയുണ്ട്. അറേബ്യൻ ഉപദ്വീപിന്റെ ഭരണസാരഥിയും അല്ലാഹുവിന്റെ ശ്രദ്ധയാൽ സംരക്ഷിക്കപ്പെടുന്ന സഊദി അറേബ്യൻ ഭരണകൂടത്തിന്റെ ഇമാമും ആയ മഹാനായ രാജാവ് സുഊദ് ഒന്നാമൻ അവർകളുടെ സമക്ഷന്തിങ്കലേക്ക്….എന്നൊക്കെ രാജാവിനെ നല്ലോണം പൊക്കിയടിച്ച ശേഷം കെ എം മൗലവി സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: “ഏകദേശം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സലഫി വിശ്വാസം സ്വന്തമാക്കിയ അങ്ങയുടെ സഹോദരന്മാരായ മലബാറിലെ മുസ്‌ലിംകളുടെ ഗണത്തിൽ പെട്ട ഒരു സഹോദരനാണീ കുറിപ്പുകാരൻ….’ സലഫികളുടെ അഭയകേന്ദ്രമായ ഹിജാസിൽ എത്തുന്ന സലഫികളെ അവിടെ താമസിക്കാനനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോളിയം കമ്പനികളിലേക്ക് ഇന്ത്യക്കാരായ ക്രിസ്ത്യാനികളെ നിയമിക്കുന്നത് ഒഴിവാക്കണമെന്നും അവർ മദ്യപാനത്തിന്റെയും ദുർവൃത്തിയുടെയും പ്രചാരണം വളരെ സൂത്രത്തിൽ നടത്തുന്നവരാണെന്നും സലഫികളെ മാത്രം അത്തരം പോസ്റ്റുകളിൽ നിയമിക്കണമെന്നും ഉണർത്തുകയും ചെയ്യുന്നുണ്ട് മെമ്മോറാണ്ടത്തിൽ. ഒരാൾ അയാളെ ഇങ്ങനെ സ്വയം നിർവചിക്കുന്നതിനപ്പുറം മറ്റൊന്നില്ലല്ലോ.
വിഭജനാനന്തരം ലീഗ് പിരിച്ചുവിടണമെന്ന് ആവശ്യമുയർന്നപ്പോൾ അതിനെ ധിഷണാപരമായി എതർത്തയാളാണ് മൗലവിയെന്നാണ് പാർട്ടി ചരിത്രകാരന്മാർ പ്രകീർത്തിക്കുന്നത്. പാരമ്പര്യ സുന്നീ മുസ്‌ലിംകളെ ലീഗിലേക്ക് ആകർഷിക്കാൻ ബാഫഖി തങ്ങളെ പാർട്ടി പ്രസിഡന്റാക്കിയ കാഞ്ഞ ബുദ്ധിയും മൗലവിയുടേതായിരുന്നു. കെ എം സീതിക്ക് കോൺഗ്രസ്സ് വിടാൻ കത്തെഴുതിയതും മൂപ്പര് തന്നെ. സമുദായത്തിന്റെ പൊതു നന്മ ലാക്കാക്കിയുണ്ടാക്കിയ ലീഗിനെ സ്വന്തം ആശയ താത്പര്യത്തിന് ഉപയോഗിക്കാൻ പോലും അദ്ദേഹം ഉത്സാഹിച്ചു. അങ്ങനെയാണ് “യഥാർഥ’ തൗഹീദ് പ്രചാരണം മുസ്‌ലിം ലീഗിന്റെ സ്ഥാപിത ലക്ഷ്യങ്ങളിൽ ആദ്യത്തേതായി സ്ഥാനം പിടിക്കുന്നത്.
കേരളത്തിന്റെ പൊതു ജീവിതത്തിൽ വിഗ്രഹങ്ങൾ എത്രയുണ്ടെന്ന് പരിശോധിക്കാൻ ആരെങ്കിലും മുതിർന്നിട്ടുണ്ടോ എന്ന് എം കെ സാനു ചോദിക്കുന്നുണ്ട്. മുതിർന്നിട്ടുണ്ടെങ്കിൽ അവർ അദ്ഭുതാധീനരായി അന്തംവിട്ടുപോകുമെന്ന കാര്യം തീർച്ചയാണ്. എന്തിന്റെയടിസ്ഥാനത്തിലാണ് ചിലരെ നാം (പലരെയും) വിഗ്രഹങ്ങളാക്കുന്നത് എന്നു ചോദിക്കുന്നു അദ്ദേഹം. പ്രമാണിമാരുടെയോ ജാതിമതാദി വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സമ്മർദ സംഘങ്ങളുടെയോ പ്രേരണ പ്രതിമാസ്ഥാപനത്തിന് പിന്നിൽ ഒട്ടുമിക്കപ്പോഴും കാണാമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. രാമചന്ദ്രന്റെ “സ്വദേശാഭിമാനി: ക്ലാവുപിടിച്ച കാപട്യം’ എന്ന പുസ്തകത്തിന്റെ അവതാരികയിലാണ് സാനു മാഷ് ഇത്രയും കുറിക്കുന്നത് എന്നത് യാദൃഛികം. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ മുതലാളി വക്കം മൗലവിയുടെ കട്ട ചങ്ക് ആയ കെ എം മൗലവിയുടെ കാര്യത്തിൽ ഈ നിരീക്ഷണം എത്ര പാകമാകുമെന്ന ആലോചനകൾ കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിന്റെ ചട്ടപ്പടി മാമൂൽ വായനകളെ റദ്ദ് ചെയ്യാൻ പോന്നതാണ്.
കെ എം മൗലവിയെക്കുറിച്ചുള്ള ഏത് ചർച്ചയും മുസ്‌ലിം നവോത്ഥാനമെന്ന പേരിൽ പാടിപ്പുകഴ്ത്തപ്പെട്ട സംഗതികളുടെ ഉള്ളുകള്ളികളെ വെളിച്ചത്ത് കൊണ്ടുവരാനും അത് ഏതൊക്കെ തലത്തിലും തരത്തിലുമാണ് പിൽക്കാല മുസ്‌ലിം സാമൂഹിക ജീവിതത്തെ നിസ്സഹായമാക്കിയത് എന്ന് മനസ്സിലാക്കാനും ഉതകാതിരിക്കില്ല. അദ്ദേഹം സമൂഹത്തിൽ പ്രസരിപ്പിച്ച ആശയദുഷിപ്പുകളും അവാന്തര ചിന്തയും സമുദായത്തെ മാത്രമല്ല, സ്വന്തം പിന്മുറക്കാരെയും ശ്ലഥവും ശിഥിലവുമാക്കിയ പശ്ചാത്തലത്തിൽ വിശേഷിച്ചും. മൗലവിയെക്കുറിച്ചുള്ള സാമ്പ്രദായിക ആഖ്യാനങ്ങൾക്ക് ഇപ്പോൾ അത്ര ഡിമാന്റില്ലല്ലോ.