Connect with us

Business

ലുലു ഓഹരി കമ്പോളത്തില്‍ ചലനം സൃഷ്ടിക്കുമ്പോള്‍

Published

|

Last Updated

എം എ യൂസുഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥ ഓഹരികളില്‍ 25 ശതമാനം പൊതു കമ്പോളത്തിന് ലഭ്യമാകുകയാണ്. ലുലു ഗ്രൂപ്പ് ലോകമാകെ വ്യാപിച്ചു കൊണ്ടിരിക്കുന്ന റീട്ടെയ്ല്‍ ഭീമന്‍. മധ്യ പൗരസ്ത്യ മേഖലയിലും ഇന്ത്യയിലുമൊക്കെയായി നൂറുകണക്കിന് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍. ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങള്‍ വേറെ.

ഇതില്‍ മധ്യ പൗരസ്ത്യ ദേശത്തെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഓഹരി വില്‍പ്പന. കുറച്ചുകാലമായി ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐ പി ഒ) സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച അബൂദബിയില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നു. ഓഹരി വിപണിയില്‍ വലിയ ചലനമുണ്ടാക്കിയിരിക്കുന്നു. ലുലുവിന് കോടികള്‍ മൂലധനമായി കിട്ടാന്‍ പോകുന്നു. സ്ഥാപനം കൂടുതല്‍ വൈവിധ്യവത്കരണത്തിലേക്ക് നയിക്കപ്പെടും. എങ്കിലും ലുലു ഗ്രൂപ്പിനോട് വൈകാരികാഭിമുഖ്യമുള്ള ‘യാഥാസ്ഥിതികര്‍ക്ക്’ ആഹ്ലാദത്തിനിടയിലും ചെറിയ ആശങ്കയുണ്ട്. സ്ഥാപനം എം എ യൂസുഫലിയുടേതാണെങ്കിലും ധാരാളം പേര്‍ക്ക്, വിശേഷിച്ച് മലയാളികള്‍ക്ക് സ്വന്തം പോലെ ആയിരുന്നു. അതിന്റെ ഒരു പങ്ക് മറ്റു പലര്‍ക്കുമായി വീതംവെക്കുന്നു. അതുകൊണ്ട് തന്നെ, ഓഹരി കൈക്കലാക്കാന്‍ മലയാളികള്‍ തന്നെ മുന്നില്‍. പക്ഷെ, അത് അത്ര എളുപ്പമല്ല. സാധാരണക്കാരില്‍, എക്സ്ചേഞ്ച് ഇന്‍വെസ്റ്റേഴ്‌സ് നമ്പറുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക. പുറത്തിറക്കുന്ന ഓഹരികളില്‍ നല്ലൊരു ഭാഗം സ്ഥാപനങ്ങള്‍ക്കുമാണ്.

ഇന്ന് ഓഹരി വിപണിയിലെത്തും. മൂന്ന് ഘട്ടങ്ങളിലായാണ് വില്‍പ്പന. നവംബര്‍ അഞ്ചിന് അവസാനിക്കും. ‘ലുലു റീട്ടെയില്‍ ഹോള്‍ഡിംഗ്’ അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിലാണ് ലിസ്റ്റ് ചെയ്യുക. നിരവധി ബേങ്കുകള്‍ ഓഹരി വില്‍പ്പനക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. യു എ ഇയില്‍ ദുബൈ ടാക്‌സി കോര്‍പ്പറേഷന്‍, സാലിക്, പ്യുവര്‍ ഹെല്‍ത്ത്, ഇന്‍വെസ്റ്റ്‌കോര്‍പ്പ് ക്യാപിറ്റല്‍, ഫീനിക്‌സ് ഗ്രൂപ്പ്, അഡ്‌നോക് തുടങ്ങി നിരവധി പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ രണ്ട് വര്‍ഷമായി ഐ പി ഒകള്‍ ഇറക്കി. ഇവയുടെയെല്ലാം ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറെ. വന്‍കിട സ്ഥാപനങ്ങള്‍ എല്ലാം ഓഹരി വിറ്റഴിക്കുന്ന കാലമാണിത്. വിവിധ ഭൂഖണ്ഡങ്ങളില്‍ മുതലിറക്കി, ലോകമാകെ ചുവടുറപ്പിക്കാന്‍ മൂലധനം കണ്ടെത്തലാണ് സ്ഥാപനങ്ങളുടെ പ്രഥമ ലക്ഷ്യം. സമൂഹത്തില്‍ അംഗീകാരം നേടിയ സ്ഥാപനങ്ങള്‍ക്ക് ഈ ആസൂത്രണത്തില്‍ വേഗം വിജയിക്കാന്‍ പറ്റും. മറ്റൊന്ന്, ഓഹരി വാങ്ങുന്നത് പതിനായിരങ്ങള്‍. അവരുടെ മമതയും സൗഹൃദ മനോഭാവവും സ്ഥാപനത്തിന് എപ്പോഴും തുണയാകും. ഉപഭോക്താവിന്റെ കാഴ്ചപ്പാട് മറ്റൊന്നാണ്. വന്‍കിട സ്ഥാപനത്തിന്റെ ഓഹരി ഉടമ ആകുക എന്നത് അന്തസ്. മിക്കപ്പോഴും ലാഭകരവുമാണ്. ലാഭ വിഹിതം ലഭിക്കും. സ്ഥാപനത്തിന്റെ കരുത്ത് കൂടുന്നതിനനുസരിച്ച് കമ്പോളത്തില്‍ ഓഹരി മൂല്യം ഉയരും. ഉചിതമായ സമയം നോക്കി വില്‍ക്കാം. ഓഹരി ഇടപാടില്‍ കോടികള്‍ സമ്പാദിക്കുന്നവരുണ്ട്. ഗള്‍ഫ് മലയാളികള്‍ സമ്പാദ്യം പ്രത്യുത്പാദനപരമല്ലാത്ത രംഗങ്ങളില്‍ ചെലവഴിക്കാതെ ഓഹരികളില്‍ നിക്ഷേപിക്കണമെന്ന് ഗള്‍ഫില്‍ സാമ്പത്തിക വിദഗ്ധനായ കെ വി ശംസുദ്ദീന്‍ ഇടക്കിടെ ചൂണ്ടിക്കാട്ടാറുണ്ട്. ദുബൈയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ‘സാലിക്’. പ്രധാന പാതകളില്‍ ചുങ്കകവാടം സ്ഥാപിച്ചിരിക്കുന്നത് ഇവരാണ്. ഇവര്‍ ഏതാനും വര്‍ഷം മുമ്പ് ഓഹരിക്കമ്പോളത്തില്‍ പട്ടികപ്പെടുത്തി. രണ്ട് ദിര്‍ഹമാണ് ഒരു ഓഹരിക്ക് വിലയിട്ടത്. 1,867,500,000 ഓഹരികള്‍ പലര്‍ക്കായി നല്‍കി. സ്ഥാപന ആസ്തിമൂല്യം കണക്കാക്കിയാല്‍ മൊത്തം ഓഹരി മൂലധനത്തിന്റെ 24.9 ശതമാനം. സാലിക്കിന് ഓഹരി കമ്പോളത്തില്‍ ഗംഭീര വരവേല്‍പ്പ് ലഭിച്ചെന്ന് ദുബൈ ഫൈനാന്‍ഷ്യല്‍ മാര്‍ക്കറ്റ് അറിയിച്ചു. സ്ഥാപനം വാഗ്്ദാനം ചെയ്തത് 20 ശതമാണെങ്കില്‍ ആവശ്യക്കാരുടെ തള്ളിക്കയറ്റം മൂലം ഓഹരി എണ്ണം കൂട്ടേണ്ടിവന്നു. 49 മടങ്ങായിരുന്നു അപേക്ഷകര്‍. 18,420 കോടി ദിര്‍ഹം സാലിക്കിന് ലഭിച്ചു. യു എ ഇയിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിംഗസ് അബൂദബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു. ആദ്യ ദിനം മികച്ച പ്രതികരണമാണ് ബുര്‍ജീലിന്റെ ഓഹരികള്‍ക്ക് ലഭിച്ചത്. രണ്ട് ദിര്‍ഹം നിരക്കിലാണ് പട്ടികപ്പെടുത്തിയത്. എന്നാല്‍ വ്യാപാരം തുടങ്ങിയതാകട്ടെ രണ്ട് ദിര്‍ഹം മുപ്പത്തിയൊന്ന് ഫില്‍സ് നിരക്കിലും. ഒരു ഘട്ടത്തില്‍ ഓഹരിവില 2.40 ദിര്‍ഹം വരെ ഉയര്‍ന്നു. 110 കോടി ദിര്‍ഹമാണ് ഓഹരി വിപണിയില്‍ നിന്ന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് സമാഹരിച്ചത്. ഗ്രൂപ്പിന്റെ പതിനൊന്ന് ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് തീരുമാനിച്ചത്.

ലുലുവിന്റെ ഓഹരി വില്‍പ്പനക്ക് നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്ന് വിശകലന വിദഗ്ധര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. 50,000-ത്തിലധികം പേര്‍ ജോലി ചെയ്യുന്ന, മേഖലയിലെ ഏറ്റവും വലിയ റീട്ടെയിലര്‍മാരില്‍ ഒന്നാണ് ലുലു. ഒരു ശതമാനം ഓഹരി അര്‍ഹതയുള്ള ജീവനക്കാര്‍ക്ക് നല്‍കും. ഓരോ ജീവനക്കാരനും കുറഞ്ഞത് 2,000 ഓഹരി അനുവദിക്കും. ഇതും നല്ലൊരു സൂചന. ലുലു ഒരിക്കലും വന്ന വഴി മറന്നിട്ടില്ല. അതിന്റെ ധാര്‍മിക കരുത്ത് മറ്റൊരു ആകര്‍ഷകത്വം

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest