bihar politics
ഇത്തിള്‍ക്കണ്ണി രാഷ്ട്രീയത്തോട് നിതീഷ് സലാം പറയുമ്പോള്‍
അധികാരലബ്ധിക്ക് സ്വത്വ രാഷ്ട്രീയം പയറ്റി വിജയിച്ച നേതാവായ നിതീഷ് ബുദ്ധികൂര്‍മതയുള്ള രാഷ്ട്രീയക്കാരനാണ്. അതിനേക്കാള്‍ ബുദ്ധികൂര്‍മതയുള്ള വര്‍ഗീയവാദ നേതാവ് കുതന്ത്രങ്ങള്‍ പയറ്റി വിജയിക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കേണ്ടത് വിശാലമായ രാഷ്ട്രീയമുപയോഗിച്ചാണെന്ന് തിരിച്ചറിയുന്ന തേജസ്വിമാരാണ് പുതിയ കാലത്തിന് ആവശ്യം. അതിനോട് യോജിക്കുന്ന നിതീഷുമാരും. ആ കൈകോര്‍ക്കലിന് മുന്നില്‍ അന്ധാളിച്ചു നില്‍ക്കേണ്ടി വരുന്നുണ്ട് അമിത് ഷാ മുതല്‍ മോദി വരെയുള്ളവര്‍ക്ക്.
2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ജനതാദള്‍ (യുനൈറ്റഡ്) – ബി ജെ പി സഖ്യത്തെ അധികാരത്തില്‍ തിരിച്ചെത്തിക്കുന്നത് മാത്രമായിരുന്നില്ല, ആ സഖ്യത്തിന്റെ ആയുസ്സ് സംബന്ധിച്ച സംശയം ബലപ്പെടുത്തുന്നത് കൂടിയായിരുന്നു. സഖ്യത്തിലെ വലിയ പാര്‍ട്ടിയായിരുന്ന ജെ ഡി യുവിനെ പലകാലം കൊണ്ട് ശോഷിപ്പിച്ച്, സ്വയം വളര്‍ന്ന ബി ജെ പി ആ തിരഞ്ഞെടുപ്പില്‍ ചിരാഗ് പാസ്വാനെ മുന്നില്‍ നിര്‍ത്തി നിയമസഭയിലെ അവരുടെ അംഗബലം കുറച്ചു. സഖ്യത്തിലെ വലിയകക്ഷിയായിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ അത് ബി ജെ പിയുടെ വലിയ മനസ്സായും സഖ്യം നിലനിര്‍ത്താന്‍ അവര്‍ ചെയ്യുന്ന വലിയ ത്യാഗമായും വിശേഷിപ്പിക്കപ്പെട്ടു. അതേസമയം മുഖ്യമന്ത്രിയായ നിതീഷിനെ അംഗബലത്തിലെ മേല്‍ക്കൈ ഉപയോഗിച്ച് വരുതിയില്‍ നിര്‍ത്തുക എന്ന തന്ത്രം നടപ്പാക്കുകയും ചെയ്തു. ആ ധൃതരാഷ്ട്രാലിംഗനത്തില്‍ നിന്ന് പുറത്തുവരികയാണ് നിതീഷ് ഇപ്പോള്‍ ചെയ്തത്, മഹാരാഷ്ട്രയില്‍ ഹിന്ദുത്വ ദര്‍ശനത്തിന്റെ പ്രയോക്താക്കളായിരുന്ന ശിവസേനയോട് ചെയ്തതിലധികം ജെ ഡി യുവിനോട് ചെയ്യാന്‍ മടിക്കില്ലെന്ന തിരിച്ചറിവില്‍. തന്റെ പാര്‍ട്ടിയെ പിളര്‍ത്താന്‍ താന്‍ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിച്ച മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനായ നേതാവിനെ (ആര്‍ സി പി സിംഗ് യു പി കേഡറില്‍ നിന്നുള്ള ഐ എ എസ്സുകാരനായിരുന്നുവെന്നത് പ്രത്യേകം സ്മരണീയം) ഉപയോഗിക്കുന്നുവെന്ന തിരിച്ചറിവിലും. സഖ്യകക്ഷിയുടെ തായ്ത്തടിയില്‍ പറ്റി വളര്‍ന്ന്, മരത്തെ തന്നെ ഇല്ലാതാക്കുന്ന ഇത്തിള്‍ക്കണ്ണിയെ ഇനിയും ചുമന്നാല്‍ മുഖ്യമന്ത്രി സ്ഥാനവും പാര്‍ട്ടിയും ഇല്ലാതെയാകുമെന്ന് മനസ്സിലാക്കാന്‍ 2020ലെ അനുഭവം ഓര്‍മയിലുള്ള നിതീഷിന് പ്രയാസമുണ്ടായില്ല. അമിത് ഷായുടെ ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്ത്, ഉപമുഖ്യമന്ത്രിയായ ബി ജെ പി നേതാവിനോട് സഖ്യം പൂര്‍വാധികം ശക്തമായി മുന്നോട്ടുപോകുമെന്ന് ഉറപ്പിച്ചു പറഞ്ഞ് ബി ജെ പിയെ തീര്‍ത്തും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് നേതൃസ്ഥാനവും പാര്‍ട്ടിയും സംരക്ഷിക്കാന്‍ നിതീഷിന് സാധിച്ചു. ഇനിയൊരു തിരിച്ചുപോക്കില്ലാതെയാണ് നിതീഷ് ബി ജെ പി സഖ്യം വിട്ടിറങ്ങുന്നത് എന്നുറപ്പിക്കാം. ഗുജറാത്ത് വംശഹത്യാ ശ്രമത്തിന് അധ്യക്ഷത വഹിച്ച നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് 2013ല്‍ സഖ്യമുപേക്ഷിച്ച് 2015ല്‍ ആര്‍ ജെ ഡി – കോണ്‍ഗ്രസ്സ് സഖ്യത്തില്‍ മത്സരിച്ച് വിജയിച്ച ശേഷം 2017ല്‍ ബി ജെ പി പാളയത്തിലേക്ക് തിരികെപ്പോയ നിതീഷിനെ ഇനി കാണേണ്ടിവരില്ലെന്നുറപ്പിക്കാം. ഇത്തിള്‍ക്കണ്ണി ഊറ്റിയ ചോരയും നീരുമെന്തെന്ന ബോധ്യം അദ്ദേഹത്തിന് ഇപ്പോഴുള്ളതിനാല്‍.
ബി ജെ പിയുടെയും അമിത് ഷായുടെയും തന്ത്രങ്ങളെ പൊളിച്ച നിതീഷ് മുഖ്യമന്ത്രിയും ബിഹാറിലെ തലയെടുപ്പുള്ള നേതാവുമായി തുടരുകയും ദേശീയ രാഷ്ട്രീയത്തിലെ ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി മാറുകയും ചെയ്യുമ്പോഴും തിളങ്ങി നില്‍ക്കുന്ന രാഷ്ട്രീയ നേതാവ് തേജസ്വി യാദവെന്ന മുപ്പത്തിമൂന്നുകാരനാണ്. കാലിത്തീറ്റ കുംഭകോണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ലാലു പ്രസാദ് യാദവ് രാഷ്ട്രീയ വനവാസത്തിലായതോടെ രാഷ്ട്രീയ ജനതാദളെന്ന പാര്‍ട്ടിയുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് കരുതിയവര്‍ നിരവധി. ലാലുവിനും പിന്തുടര്‍ച്ചക്കാരിയായ ഭാര്യ റാബ്‌റിക്കും ശേഷം പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വന്ന തേജസ്വിക്ക് കുടുംബത്തിലെ പോര് ചെറിയ തലവേദനയായിരുന്നില്ല. ലാലുവിനൊപ്പം തലപ്പൊക്കമുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ വിശ്വാസമാര്‍ജിച്ച് മുന്നോട്ടുപോകുക എന്നത് സമാനമായ ചെന്നിക്കുത്തും. 2015ല്‍ നിതീഷിനൊപ്പം ചേര്‍ന്ന് ബിഹാറില്‍ മഹാസഖ്യ സര്‍ക്കാറുണ്ടാക്കുന്നതില്‍ ചെറുതല്ലാത്ത റോളുണ്ടായിരുന്നു തേജസ്വിക്ക്. പകുതിയില്‍ നിര്‍ത്തി നിതീഷ് ഇറങ്ങിപ്പോകുമ്പോള്‍ വിശ്വസ്തരല്ലാത്തവര്‍ക്കൊപ്പം സഖ്യമുണ്ടാക്കി പാര്‍ട്ടിയെ പെരുവഴിയില്‍ ഒറ്റക്ക് നിര്‍ത്തിയതിന്റെ ഉത്തരവാദിത്വം തേജസ്വിയില്‍ ആരോപിക്കപ്പെട്ടു. സഹോദരന്‍ തേജ് പ്രതാപ് പാര്‍ട്ടിക്കുള്ളിലുണ്ടാക്കിയ അസ്വാരസ്യങ്ങള്‍ പുറമെ. അതിനെയൊക്കെ അതിജയിച്ച്, മുതിര്‍ന്ന നേതാക്കളുടെ വിശ്വാസ്യത നേടിയെടുത്ത് 2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായും ഇടതു പാര്‍ട്ടികളുമായും സഖ്യമുണ്ടാക്കി, തൊഴിലില്ലായ്മയും വികസനമുരടിപ്പും മുഖ്യവിഷയമായി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച്, പ്രായത്തിനപ്പുറത്തെ രാഷ്ട്രീയ പക്വത നേടിയിട്ടുണ്ട് താനെന്ന് തേജസ്വി തെളിയിച്ചു. അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എം, കരുത്ത് തെളിയിക്കാന്‍ രംഗത്തിറങ്ങിയില്ലായിരുന്നുവെങ്കില്‍ തേജസ്വിയുടെ കണക്കുകൂട്ടലുകള്‍ ശരിയാകുമായിരുന്നു. 2020ല്‍ ആര്‍ ജെ ഡി സഖ്യം ഭൂരിപക്ഷം നേടുമായിരുന്നു.
സഖ്യത്തിന് ഭൂരിപക്ഷം നേടിക്കൊടുക്കാന്‍ കഴിയാതെ വന്നുവെങ്കിലും ഏറ്റവും വലിയ കക്ഷിയായി, ബിഹാര്‍ രാഷ്ട്രീയത്തിലെ എഴുതിത്തള്ളാനാകാത്ത ശക്തിയായി ആര്‍ ജെ ഡിയെ നിലനിര്‍ത്താന്‍ തേജസ്വിക്കായി. ആര്‍ ജെ ഡിയില്‍ ലാലുവിന്റെ പിന്‍ഗാമിയാരെന്ന ചോദ്യത്തിനും ഉത്തരമായി. അതങ്ങനെ വെറുതെ സംഭവിച്ചതല്ലെന്നും വ്യക്തമായ രാഷ്ട്രീയ ബോധ്യത്തോടെയാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും തേജസ്വി ബിഹാറിനെയും രാജ്യത്തെയും ബോധ്യപ്പെടുത്തുന്ന കാഴ്ച പിന്നീട് കണ്ടു. ജെ ഡി യുവിനെ സഖ്യത്തിലെ രണ്ടാം കക്ഷിയാക്കി ബി ജെ പി, അധികാരമുപയോഗിക്കുമ്പോള്‍ പകരം വെക്കേണ്ട രാഷ്ട്രീയമെന്തെന്ന് നിതീഷിന് പറഞ്ഞുകൊടുത്തു തേജസ്വി. ജനസംഖ്യാ കണക്കെടുക്കുമ്പോള്‍ ജാതി തിരിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കണമെന്ന ആവശ്യമുയര്‍ത്തി, ആര്‍ ജെ ഡിക്കൊപ്പം നില്‍ക്കുന്ന യാദവര്‍ക്കൊപ്പം ഇതര പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണ ആര്‍ജിക്കാന്‍ തേജസ്വി ശ്രമിച്ചു. ഒപ്പം ബ്രാഹ്‌മണരുള്‍പ്പെടെ ഉയര്‍ന്ന ജാതിക്കാരുടെയും. ജാതി തിരിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച്, സംവരണമുള്‍പ്പെടെ ആനുകൂല്യങ്ങള്‍ ജനസംഖ്യാനുപാതികമാക്കണമെന്ന ആവശ്യമാണ് ഉന്നയിക്കപ്പെട്ടത്. അതിനോട് വിയോജിക്കാന്‍ പിന്നാക്ക – മുന്നാക്ക വിഭാഗങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. ആര്‍ ജെ ഡിയുടെ അടിത്തറ വിപുലീകരിക്കാന്‍ പാകത്തില്‍ തേജസ്വി തന്ത്രം മെനഞ്ഞത്, അതിനെ തള്ളിപ്പറയാന്‍ നിതീഷിന് കഴിയില്ലെന്ന ഉറപ്പോടെയായിരുന്നു.
കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍, സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കടന്നുകയറുന്നത്, സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ജി എസ് ടി വിഹിതം അനുവദിക്കാത്തത്, ബിഹാറിന് സവിശേഷമായ പരിഗണന നല്‍കാതിരിക്കുന്നത് എന്ന് തുടങ്ങി സംസ്ഥാന രാഷ്ട്രീയത്തില്‍ പിടിമുറുക്കാന്‍ പാകത്തിലുള്ള വിഷയങ്ങളൊക്കെ നിരന്തരം ഉന്നയിച്ചു തേജസ്വി. ഇത്തിള്‍ക്കണ്ണിയാല്‍ നശിപ്പിക്കപ്പെടുന്നതിനേക്കാള്‍ നല്ലത് തേജസ്വിയുടെ പുതുരാഷ്ട്രീയത്തോട് സംവദിക്കുന്നതാണെന്ന് നിതീഷ് തിരിച്ചറിഞ്ഞതിന്റെ ഫലം കൂടിയാണ് ഇപ്പോഴത്തെ ചേരിമാറ്റം. ആ രാഷ്ട്രീയം മുന്നോട്ടുവെക്കുമ്പോള്‍ തന്നെ, ബിഹാറും രാജ്യവും നേരിടുന്ന വലിയ വെല്ലുവിളിയെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്നു തേജസ്വി യാദവിനെന്ന്, നിതീഷിന് മുഖ്യമന്ത്രി പദം വിട്ടുകൊടുക്കുമ്പോള്‍ വ്യക്തമാകുന്നുണ്ട്. സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ ജെ ഡിയുടെ നേതാവിന് എന്‍ ഡി എ വിടാന്‍ നിര്‍ബന്ധിതനായ നിതീഷിന് മുന്നില്‍ ഉപാധികള്‍ വെക്കാമായിരുന്നു. മുഖ്യമന്ത്രിപദം തനിക്കാണെങ്കില്‍ സഖ്യമാകാമെന്ന് ഉറപ്പിച്ച് പറയാമായിരുന്നു. ആര്‍ ജെ ഡിയും ജെ ഡി യുവും ചേര്‍ന്നാല്‍ കേവല ഭൂരിപക്ഷമുണ്ടെന്നിരിക്കെ കോണ്‍ഗ്രസ്സിനെയും ഇടതു പാര്‍ട്ടികളെയും ജിതിന്‍ റാം മാഞ്ചിയുടെ എച്ച് എം എമ്മിനെയും അകറ്റിനിര്‍ത്തി സര്‍ക്കാറുണ്ടാക്കാമെന്ന് പറയാമായിരുന്നു. അതിനൊന്നും മുതിരാതെ, നേരിടേണ്ട ശത്രുവിന്റെ വലിപ്പവും അവരുപയോഗിക്കുന്ന ഹിന്ദുത്വാണുവായുധത്തിന്റെ പ്രഹരശേഷിയും മനസ്സിലാക്കി, എതിര്‍പക്ഷത്ത് നില്‍ക്കുന്നവരുടെ യോജിച്ചുനില്‍ക്കല്‍ പ്രധാനമാണെന്ന് തീരുമാനിച്ചു ആ മുപ്പത്തിമൂന്നുകാരന്‍. യഥാര്‍ഥത്തില്‍ അതിന്റെ ഫലമായാണ് ബി ജെ പി സഖ്യമുപേക്ഷിച്ച് നിതീഷ് പുറത്തുവന്നതും, ഇപ്പോള്‍ രൂപവത്കരിക്കപ്പെടുന്ന മഹാസഖ്യ സര്‍ക്കാറും.
പണവും പ്രലോഭവനവും കൊണ്ട് കിട്ടാത്ത ജനപ്രതിനിധികളെ ഇ ഡി മുതല്‍ സി ബി ഐ വരെയുള്ള അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വരുതിയിലാക്കി, പലേടത്തും അധികാരം പിടിച്ചവര്‍ക്ക്, മഹാരാഷ്ട്രയില്‍ ഉദ്ധവിനെ തള്ളി പുറത്തിറങ്ങാന്‍ ശിവസേനയിലെ 40 എം എല്‍ എമാരെ പ്രാപ്തരാക്കിയവര്‍ക്ക് ബിഹാര്‍ വഴങ്ങാതെ നില്‍ക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റില്‍ വലിയ പങ്ക്, തേജസ്വി യാദവിനാണെന്ന് നിസ്സംശയം പറയാം. ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ വിപ്ലവ ആഹ്വാനത്തോട് യോജിച്ച പഴയ സോഷ്യലിസ്റ്റും അധികാരലബ്ധിക്ക് സ്വത്വ രാഷ്ട്രീയം പയറ്റി വിജയിച്ച നേതാവുമായ നിതീഷ് ബുദ്ധികൂര്‍മതയുള്ള രാഷ്ട്രീയക്കാരനാണെന്നതില്‍ തര്‍ക്കം വേണ്ട. അതിനേക്കാള്‍ ബുദ്ധികൂര്‍മതയുള്ള വര്‍ഗീയവാദ നേതാവ് കുതന്ത്രങ്ങള്‍ പയറ്റി വിജയിക്കുമ്പോള്‍ പ്രതിരോധം തീര്‍ക്കേണ്ടത് വിശാലമായ രാഷ്ട്രീയമുപയോഗിച്ചാണെന്ന് തിരിച്ചറിയുന്ന തേജസ്വിമാരാണ് പുതിയ കാലത്തിന് ആവശ്യം. ആ രാഷ്ട്രീയം തിരിച്ചറിഞ്ഞ്, നിലനില്‍പ്പിന് വേണ്ടിയാണെങ്കില്‍ കൂടി അതിനോട് യോജിക്കുന്ന നിതീഷുമാരും. ആ കൈകോര്‍ക്കലിന് മുന്നില്‍ അന്ധാളിച്ചു നില്‍ക്കേണ്ടി വരുന്നുണ്ട് അമിത് ഷാ മുതല്‍ സുശീല്‍ കുമാര്‍ മോദി വരെയുള്ളവര്‍ക്ക്.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, നിയമലംഘനപ്രസ്ഥാനത്തിന് തുടക്കമിട്ട ബിഹാറിലെ ചമ്പാരണ്‍ തിളങ്ങുന്ന ഓര്‍മയാണ്. സ്വാതന്ത്ര്യാനന്തരം ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ വിപ്ലവത്തിന് ആഹ്വാനം ചെയ്ത് ആരംഭിച്ച സമരത്തിന്റെ തുടക്കവും ബിഹാറില്‍ നിന്ന് തന്നെ. രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കാനും പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങളുറപ്പിക്കാനുള്ള മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കുന്നത് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടും ആരംഭിച്ച എല്‍ കെ അഡ്വാനിയുടെ രഥയാത്ര തടഞ്ഞതും ബിഹാറില്‍ തന്നെ (ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ). ആ നാട്, രാജ്യത്തെ സമരസജ്ജമാക്കിയിട്ടുണ്ട് മുമ്പ്, പലകുറി.