siraj editorial
ഉത്പാദനം കൂട്ടാൻ ഒപെക് രാജ്യങ്ങൾ തീരുമാനിക്കുമ്പോൾ
എണ്ണ വിപണിയിലെ മാറ്റങ്ങളൊന്നും സ്വാഭാവികമായി സംഭവിക്കുന്നതല്ല. ഏതൊക്കെയോ കേന്ദ്രങ്ങളിൽ രചിക്കപ്പെട്ട തിരക്കഥയനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നത്. അത്‌കൊണ്ട് ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങൾ അമേരിക്ക പറയുന്നത് കേട്ട് കരുതൽ എണ്ണ ശേഖരം പുറത്തെടുക്കേണ്ടതില്ല. ക്ഷാമ കാലത്തേക്ക് ഉള്ളതാണത്
എണ്ണ വിപണിയിൽ ഉരുണ്ടു കൂടിയ “വില യുദ്ധം’ തത്കാലം വഴിമാറിയിരിക്കുന്നു. എണ്ണ ഉത്പാദക, കയറ്റുമതി രാജ്യങ്ങൾ ഉത്പാദനം കൂട്ടാൻ സന്നദ്ധമായതോടെയാണ് നയതന്ത്ര, രാഷ്ട്രീയ ഏറ്റുമുട്ടലിന് ശമനമായിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയിൽ ദീർഘവീക്ഷണമില്ലാത്ത നയങ്ങൾ പിന്തുടർന്ന അമേരിക്കയും ആ രാജ്യത്തിന്റെ നയം പകർത്തുന്ന സഖ്യ രാജ്യങ്ങളും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയപ്പോൾ എണ്ണയുടെ വില കുറച്ചു കിട്ടാൻ കരുക്കൾ നീക്കുകയായിരുന്നു. ജോ ബൈഡൻ വന്നപ്പോൾ യു എസ് അതിന്റെ നഷ്ടപ്രതാപം വീണ്ടെടുത്തുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം കൂടി ഈ കരുനീക്കങ്ങളിലുണ്ടായിരുന്നു. സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒപെക് രാജ്യങ്ങളും റഷ്യയുടെ നേതൃത്വത്തിലുള്ള ഒപെക് പ്ലസ് രാജ്യങ്ങളും ഉടൻ ഉത്പാദനം കൂട്ടണമെന്ന് ബൈഡൻ ഉത്തരവിട്ടു. അത് ചെവികൊള്ളാൻ എണ്ണ ഉത്പാദക രാജ്യങ്ങൾ തയ്യാറായില്ല. നേരത്തേ പ്രഖ്യാപിച്ച ഉത്പാദന വർധനവ് പിൻവലിക്കുമെന്ന പ്രഖ്യാപനം അവർ നടത്തുകയും ചെയ്തു. കൊവിഡ് തന്നെയായിരുന്നു അവരുടെയും പ്രശ്‌നം. ഉത്പാദനം കൂട്ടി വല കുറക്കേണ്ട ഘട്ടമല്ല ഇതെന്നും കൊവിഡ് പ്രതിസന്ധി മറികടക്കാൻ വില സുസ്ഥിരത അനിവാര്യമാണെന്നും ഈ രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. മാത്രമല്ല, ആഭ്യന്തര രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ട് നടത്തുന്ന കുതന്ത്രത്തിന് കീഴ്‌പ്പെടേണ്ടതില്ലെന്ന തീരുമാനത്തിൽ അവർ എത്തുകയും ചെയ്തു.
ഈ നിലപാട് യു എസിനെ ശരിക്കും പ്രകോപിപ്പിച്ചു. കരുതൽ ശേഖരമായി സൂക്ഷിച്ചു വെച്ച (സ്ട്രാറ്റജിക് റിസർവ്‌സ്) ക്രൂഡ് ഓയിൽ പുറത്തിറക്കുമെന്നായിരുന്നു അമേരിക്കയുടെ ഭീഷണി. ഇന്ത്യ, ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും സഊദിയുടെ നേതൃത്വത്തിലുള്ള എണ്ണ ഉത്പാദക രാജ്യങ്ങളെ വെല്ലുവിളിക്കാനിറങ്ങി. ചരിത്രത്താലാദ്യമായിരുന്നു ഇത്തരത്തിലുള്ള സംയുക്ത നീക്കം. 50 മില്യൺ ബാരൽ ക്രൂഡ് ഇത്തരത്തിൽ പൊതു വിപണിയിലെത്തിക്കുമെന്നായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം. ആഗോള വിപണിയെ സംബന്ധിച്ച് ഇത് വലിയ ഒരു അളവല്ല. ആഗോള ആവശ്യത്തിന് ഒരു ദിവസത്തേക്കുള്ളത് പോലുമില്ല ഇത്. വിപണിയിൽ ഒരു ചലനമവുമുണ്ടാക്കാത്ത ഈ നീക്കത്തിന്റെ ഒരേയൊരു ലക്ഷ്യം ഒപെക് രാജ്യങ്ങൾക്ക് മേൽ സമ്മർദം ശക്തമാക്കുകയെന്നതായിരുന്നു.
ഏതായാലും സഊദിയും റഷ്യയും നേതൃത്വം നൽകുന്ന ഒപെക്, ഒപെക് പ്ലസ് രാജ്യങ്ങൾ ക്രൂഡ് പ്രതിദിന ഉത്പാദനം കൂട്ടാൻ തീരുമാനിച്ചതോടെ അനിശ്ചിതത്വത്തിന് വിരാമമായിരിക്കുന്നു. ജനുവരി മുതൽ പ്രതിദിനം നാല് ലക്ഷം ബാരൽ ക്രൂഡ് എണ്ണ അധികം ഉത്പാദിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഉടൻ വീണ്ടും യോഗം ചേരുമെന്നും അപ്പപ്പോഴുള്ള സാഹചര്യമനുസരിച്ച് തീരുമാനത്തിൽ മാറ്റം വരുത്തുമെന്നും ഒപെക് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഉത്പാദനം കൂട്ടാനുള്ള ഇപ്പോഴത്തെ തീരുമാനം കരുതൽ ശേഖരം പുറത്തെടുക്കാനുള്ള യു എസ് തന്ത്രത്തിന്റെ വിജയമായി കണക്കാക്കേണ്ടതില്ലെന്നും ഒപെക് വൃത്തങ്ങൾ വ്യക്തമാക്കുന്നു. നാല് ലക്ഷം ബാരൽ അധിക ഉത്പാദനം പ്രഖ്യാപിച്ചതിന് പിറകേ ക്രൂഡ് വില കുറഞ്ഞെങ്കിലും പിന്നീട് ഉയരാനുള്ള പ്രവണത പ്രകടിപ്പിച്ചുവെന്നത് കമ്പോളം പുതിയ സംഭവവികാസങ്ങളെ എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നതിന്റെ തെളിവാണ്. ഉത്പാദനം കൂട്ടാമെന്ന് സമ്മതിക്കുന്നതിലൂടെ അമേരിക്കയുടെ അനിഷ്ടം ഒഴിവാക്കാൻ സഊദിയും മറ്റ് ഒപെക് രാജ്യങ്ങളും ശ്രമിക്കുന്നു. അതോടൊപ്പം തങ്ങളുടെ സ്വയം നിർണായവകാശം അടിയറ വെച്ചിട്ടില്ലെന്ന സൂചന നൽകുകയും ചെയ്യുന്നു.
പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നതല്ല ശരി. അമേരിക്കൻ പ്രസിഡന്റിന്റെ ഭീഷണിക്ക് വഴങ്ങുകയായിരുന്നില്ല സഊദി. മറിച്ച് നിരന്തരമായ നയതന്ത്ര ശ്രമങ്ങളുടെ തുടർച്ചയായാണ് ഈ തീരുമാനം വന്നത്. യു എസ് ഉന്നത ഉദ്യോഗസ്ഥർ ഈയാഴ്ച ഗൾഫിൽ നിരവധി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. മുതിർന്ന യു എസ് ഊർജ നയതന്ത്രജ്ഞൻ ആമോസ് ഹോഷ്ടീൻ, ഡെപ്യൂട്ടി നാഷനൽ സെക്യൂരിറ്റി അഡ്വൈസർ ദിലീപ് സിംഗ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. ഈ ചർച്ചകളുടെ ഫലമായാണ് ക്രൂഡ് ഉത്പാദനത്തിൽ ധാരണയിലെത്തിയത്. എന്നാൽ ഇക്കാര്യം സമ്മതിക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. ഇറാൻ ആണവ കരാർ വിഷയത്തിലും ഇസ്‌റാഈലുമായുള്ള ബന്ധത്തിലും സഊദിയുമായി കൈകോർക്കുന്ന സമീപനമാണ് ബൈഡൻ ഭരണകൂടത്തിനുള്ളത്. അതുകൊണ്ട് ഒരു പരിധിക്കപ്പുറം നയതന്ത്ര ബന്ധം വഷളാകണമെന്ന് യു എസ് ആഗ്രഹിക്കുന്നില്ല. ചുരുക്കത്തിൽ ഇരു പക്ഷത്തിന്റെയും വിട്ടുവീഴ്ചയിലാണ് വെടിനിർത്തൽ സാധ്യമായിരിക്കുന്നത്.
ഇതാദ്യമായല്ല യു എസ് എണ്ണ വിപണിയിൽ ഇടപെടാൻ ശ്രമിക്കുന്നത്. സഖ്യ രാജ്യമെന്ന് സഊദിയെ വിശേഷിപ്പിക്കുമ്പോഴും പെട്രോ സാമ്പത്തിക ക്രമത്തിലെ സഊദിയുടെ നേതൃസ്ഥാനം ദുർബലമാക്കാൻ പലപ്പോഴും അമേരിക്ക ശ്രമിച്ചിട്ടുണ്ട്. ഒപെക് പ്ലസിലെ റഷ്യയുമായി ശീതസമരകാലത്തെ വടം വലി ഇന്നും അമേരിക്ക തുടരുന്നുമുണ്ട്. ബദൽ ഇന്ധനം കമ്പോളത്തിലേക്ക് കടത്തിവിടുകയാണ് വിലയിടിക്കാൻ അമേരിക്ക ചെയ്യുന്നത്. ഷെയ്ൽ വാതക അധിഷ്ഠിത ഇന്ധന ഉത്പാദനം കുത്തനെ കൂട്ടുന്നു. പാറയിടുക്കിൽ പ്രത്യേക രീതിയിൽ അടിഞ്ഞു കൂടിയിട്ടുള്ള വാതകത്തിൽ നിന്ന് വേർത്തിരിച്ചെടുക്കുന്ന ഈ ഇന്ധനത്തിന്റെ ഉത്പാദനച്ചെലവ് വളരെയേറെയാണ്. കാനഡ, മെക്‌സിക്കോ, ചൈന, അൾജീരിയ, ബ്രിട്ടൻ, പോളണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെല്ലാം ഷെയ്ൽ നിക്ഷേപം ഉണ്ട്. പക്ഷേ, ഉത്പാദനച്ചെലവ് താങ്ങാനാകാത്തതിനാലും ജലദൗർലഭ്യം മൂലവും ഇവരാരും അതിന്റെ പിറകേ പോകാറില്ല. അമേരിക്കക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളതിനാൽ അവർ ഷെയ്ൽ പാറകൾ തുരന്ന് കൊണ്ടിരിക്കുകയാണ്. ഇസിൽ തീവ്രവാദികളിൽ നിന്നും ലിബിയയിലെ മിലീഷ്യകളിൽ നിന്നും തുച്ഛ വിലക്ക് എണ്ണ വാങ്ങി വിപണയിൽ എത്തിക്കുകയെന്ന തന്ത്രവും പയറ്റിയിരുന്നു യു എസ്. ഇറാൻ ആണവ കരാർ പോലും ക്രൂഡ് പിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായിരുന്നു. എണ്ണ വിപണിയിലെ മാറ്റങ്ങളൊന്നും സ്വാഭാവികമായി സംഭവിക്കുന്നതല്ല. ഏതൊക്കെയോ കേന്ദ്രങ്ങളിൽ രചിക്കപ്പെട്ട തിരക്കഥയനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നത്. അതുകൊണ്ട് ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങൾ അമേരിക്ക പറയുന്നത് കേട്ട് കരുതൽ എണ്ണ ശേഖരം പുറത്തെടുക്കേണ്ടതില്ല. ക്ഷാമ കാലത്തേക്ക് ഉള്ളതാണത്. തീർച്ചയായും ഒപെക് രാജ്യങ്ങൾ ഇപ്പോൾ കൈകൊണ്ടത് ശരിയായ തീരുമാനമാണ്. പ്രതിസന്ധി ഘട്ടത്തിൽ കൈകൊള്ളേണ്ട നിലപാട്. എന്നാൽ അതിന്റെ ഗുണം ഉപഭോക്തൃ രാജ്യങ്ങളിലെ മനുഷ്യർക്ക് കിട്ടുമോയെന്നതിലാണ് സംശയം.