Connect with us

Poem

ഓര്‍മച്ചെപ്പ് തുറക്കുമ്പോള്‍

പതിയെ കലണ്ടര്‍ത്താളുകളടര്‍ന്നു മാറുമ്പോള്‍, ഒരോര്‍മപ്പുസ്തകമായ് തീരുന്നു ജീവിതം.

Published

|

Last Updated

ര്‍മച്ചെപ്പ് തുറക്കുമ്പോള്‍
ശ്രുതി മീട്ടിയെത്തുന്നു സൗഹൃദഗീതികള്‍

കൊഴിഞ്ഞ ദിനരാത്രങ്ങളൊഴുകിയെത്തുമ്പോള്‍
സ്മരണയില്‍ നിര്‍വൃതിയായതു പടരുന്നു

ഉണര്‍ച്ച നീളുന്ന രാവുകളിലവ
സ്മൃതികളെ പുല്‍കുവാനെത്തുന്നു

എവിടെയുണ്ടേതുകോണിലുണ്ടാര്‍ക്കറിയാം
എവിടെയാകിലും സ്വസ്ഥരായിരിക്കട്ടെ ദീര്‍ഘനാള്‍

ചിലതുണ്ടായിരുന്നു പൂക്കള്‍ക്ക് സമാനം,
സൗരഭ്യമൂറുന്ന സ്വരവിന്യാസങ്ങള്‍

പൂന്തോട്ടത്തിലുലാത്തുമ്പോള്‍
ഇളംകാറ്റോയോര്‍മയെയവ തലോടിയുണര്‍ത്തുന്നു

കാലപ്രയാണത്തില്‍ മാറിമറിഞ്ഞെല്ലാം,
പുതുലോകം പുണര്‍ന്നല്ലോ ജീവിത ഗതികളും

ജോലിഭാരത്താലവിശ്രമം ചരിക്കുവോര്‍,
സൗഹൃദമോര്‍ക്കാന്‍ നേരമില്ലാത്തവര്‍

നീയില്‍ നിന്ന് നിങ്ങളായ്, പിന്നെ താങ്കളായി
നഷ്ടമായിതല്ലോ സൗഹൃദ വല്ലരി

കൊഴിഞ്ഞ ദിനരാത്രങ്ങളൊഴുകിയെത്തുമ്പോള്‍
സ്മരണയില്‍ നിര്‍വൃതിയായതു പടരുന്നു

പതിയെ കലണ്ടര്‍ത്താളുകളടര്‍ന്നു മാറുമ്പോള്‍,
ഒരോര്‍മപ്പുസ്തകമായ് തീരുന്നു ജീവിതം

ചില നേരത്തവരെക്കുറിച്ചോര്‍ത്തുള്ള നൊമ്പരം
ചിലപ്പോള്‍ ഓര്‍മത്തോണിയിലൊഴുകുന്നു ജീവിതം

കാണില്ല തീരത്തൊട്ടുമേ സാഗര നിധികളെന്നാലും
മങ്ങില്ല, പഴകില്ല സൗഹൃദക്കൂട്ടുകള്‍

തിരികെ വരില്ലക്കാലമൊരിക്കലും നിശ്ചയം
നിറപുഞ്ചിരിയാല്‍ പുണര്‍ന്നിടാം ഇന്നിമിഷ ധാരയെ…

( പ്രശസ്ത ഹിന്ദി കവിയാണ് ഹരിവന്‍ശ് റായ് ബച്ചന്‍. 1907 നവംബര്‍ 27ന് ജനനം. 2003 ജനുവരി 18ന് അന്തരിച്ചു. നടന്‍ അമിതാഭ് ബച്ചന്റെ പിതാവാണ്. മധുശാലയാണ് പ്രശസ്ത കൃതി. പത്മഭൂഷണ്‍, സരസ്വതി സമ്മാന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടി. മധുശാല, മധുബാല, മധുകലശ്, നിശാ നിമന്ത്രണ്‍, ഏകാന്ത് സംഗീത്, പ്രതീക്ഷ, അഗ്നിപഥ്, കോശിഷ് കര്‍നെ വാലോന്‍ കി കഭി ഹാര്‍ നഹി ഹോതി, തേരാ ഹാര്‍ തുടങ്ങിയവ ശ്രദ്ധേയമായ കൃതികളാണ്. )

മൊഴിമാറ്റം: എം വി ഫിറോസ്

 

സീനിയർ സബ് എഡിറ്റർ, സിറാജ്