Connect with us

Articles

ഹൃദ്രോഗമുള്ളവർ യാത്ര പോകുമ്പോൾ

ഹൃദ്രോഗമുള്ളവർ ദൂരയാത്ര ചെയ്യുമ്പോൾ തങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെല്ലാം എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിൽ കൈയിൽ കരുതണം

Published

|

Last Updated

യാത്രകൾ ഇഷ്ടപ്പെടാത്ത ആളുകൾ ഇല്ല. വ്യക്തിപരമായ ഉല്ലാസങ്ങൾക്കും ഔദ്യോഗിക ആവശ്യങ്ങൾക്കും വേണ്ടി യാത്ര ചെയ്യുന്നവരാണ് നമ്മൾ. പക്ഷേ, അപ്രതീക്ഷിതമായി കടന്നു വരുന്ന ഹൃദ്രോഗങ്ങൾ നമ്മളിൽ മാനസികമായും ശാരീരികമായും പല യാത്രാ വിലക്കുകളും ഉണ്ടാക്കിയേക്കാം. എന്നിരുന്നാലും ചില യാത്രകൾ ഒഴിവാക്കാൻ സാധിക്കുകയില്ല. താഴെ പറയുന്ന കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.

ഹൃദ്രോഗമുള്ളവർ ദൂരയാത്ര ചെയ്യുമ്പോൾ തങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെല്ലാം എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിൽ കൈയിൽ കരുതണം. ഡോക്ടറുടെ മരുന്ന് കുറിപ്പോ അതിന്റെ പകർപ്പോ കൈയിൽ വേണം. വീട്ടുകാരുടെ, സുഹൃത്തുക്കളുടെ, ഡോക്ടറുടെ ഫോൺ നമ്പറും സൂക്ഷിക്കണം. യാത്ര പോകുന്ന സ്ഥലത്തുള്ള ആശുപത്രികളെയും അത്യാഹിത ചികിത്സാസൗകര്യങ്ങളെയും പറ്റി അന്വേഷിച്ചിരിക്കുകയും വേണം. കൊറോണറി രക്തകുഴലുകളിൽ തടസ്സം, ഹൃദയത്തിന്റെ മസിലുകളെ ബാധിക്കുന്ന കാർഡിയോമയോപതി രോഗമുള്ളവർ, ഹൃദയമിടിപ്പിലെ വൈകല്യ രോഗങ്ങളുള്ളവർ ഏറെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. അത്തരം ആളുകൾ യാത്രകൾക്ക് പോകുമ്പോൾ രോഗവിവരം അറിയുന്ന ഒരു അടുത്ത സുഹൃത്തിനെയോ അടുത്ത ബന്ധുവിനെയോ കൂടെ കൂട്ടുന്നതാണ് ഒറ്റക്ക് യാത്ര ചെയ്യുന്നതിനെക്കാൾ നല്ലത്.

ഒരിടത്ത് തന്നെ അനങ്ങാതെ കുറെ സമയം ഇരിക്കുമ്പോൾ കാൽ ഞരമ്പുകളിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഹാർട്ട് ഫെയ്ലുവർ, പെരിഫറൽ രക്തക്കുഴൽ രോഗങ്ങൾ ഉള്ളവരിൽ കാലിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വളരെയേറെയാണ്. അതിനാൽ ബസ്, ട്രെയിൻ, ഫ്ളൈറ്റ് വഴി ദീർഘദൂരം യാത്ര ചെയ്യുന്നവർ കുറെ നേരം ഇരിക്കുന്നതിന് പകരം ഇടയ്ക്ക് എഴുന്നേറ്റ് നിൽക്കുകയും നടക്കുകയും ചെയ്യുക. അത് ഞരമ്പുകളിലുള്ള രക്തയോട്ടം വർധിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും സഹായിക്കും. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നല്ലതാണ്. നിർജലീകരണം വരാനുള്ള സാധ്യതകൾ ഒഴിവാക്കുക. മദ്യം, പുകവലി മറ്റു ലഹരി വസ്തുക്കൾ എന്നിവ പൂർണമായും ഒഴിവാക്കണം.

ആയാസമേറിയ യാത്രകൾ പോകുന്നവരും ഫ്‌ളൈറ്റിൽ യാത്ര ചെയ്യാൻ പോകുന്ന ഹൃദ്രോഗമുള്ളവരും യാത്രക്ക് മുമ്പ്് ഡോക്ടറെ കാണിക്കുന്നത് ഉചിതമാണ്. യാത്രാ സമയത്ത് നെഞ്ചു വേദനയോ, ശ്വാസതടസ്സമോ, കിതപ്പോ, തളർച്ചയോ, അസാധാരണമായ നെഞ്ചിടിപ്പോ അനുഭവപ്പെട്ടാൽ കൂടെയുള്ള ആളെയോ സഹയാത്രികനെയോ വിവരം അറിയിക്കുക. കാറിൽ യാത്ര ചെയ്യുന്നവരാണെങ്കിൽ കാർ സുരക്ഷിതമായി വഴിയരികിൽ നിർത്തി മറ്റുള്ളവരുടെ സഹായമോ കൈയിലുള്ള എമർജൻസി നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക. വൈദ്യ സഹായം തേടുക.
(മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ഡോ. അജയ് രാഘവൻ’സ് ക്ലിനിക്കിൽ കാർഡിയോളജി സ്പെഷ്യൽ ഒ പി വിഭാഗത്തിന്റെ ഡയറക്ടർ ആണ് ലേഖകൻ)

---- facebook comment plugin here -----

Latest