Editors Pick
വെങ്കലത്തിളക്കത്തിൽ പി ആര്‍ ശ്രീജേഷ് കളിക്കളം വിടുമ്പോൾ...
ദീർഘകാലം ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ ഗോള്‍വല കാത്ത ശ്രീജേഷ് ആഗസ്റ്റ് 8ന് പാരീസ് ഒളിമ്പിക്‌സിലെ ഒരു വെങ്കലമെഡല്‍ എന്ന തന്‍റെ അന്താരാഷ്ട്ര കരിയറിലെ മികച്ച നേട്ടം കൂടി സ്വന്തമാക്കിയാണ് കളിക്കളത്തില്‍ നിന്ന് വിടവാങ്ങുന്നത്.
പാരീസ് ഒളിമ്പിക്‌സാണ് അവസാന അന്താരാഷ്ട്ര വേദിയെന്ന് ശ്രീജേഷ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. സ്പെയിനിനെതിരായ വെങ്കല മെഡൽ മത്സരത്തിന് മുന്നോടിയായി, അദ്ദേഹം തൻ്റെ ഇൻസ്റ്റാഗ്രാമിൽ എടുത്ത് ഹൃദയസ്പർശിയായ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഈ ഒളിമ്പിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയെന്നത് തന്‍റെ കായിക യാത്രത്തിലെ അസാധാരണമായ ഒരു അനുഭവമാണെന്ന് അവിടെ രേഖപ്പെടുത്തിയിരുന്നു. തൻ്റെ അന്താരാഷ്‌ട്ര യാത്രയിലുടനീളം തനിക്കൊപ്പം നിന്നതിന് ആരാധകരോട് നന്ദി പറയുന്ന ഈ അനുഗ്രഹീത ഗോൾകീപ്പർ ‘സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരന്‍ ‘ എന്നാണ് സ്വയം വിശേഷിപ്പിച്ചത്. ദീർഘകാലം ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ ഗോള്‍വല കാത്ത ശ്രീജേഷ് ആഗസ്റ്റ് 8ന് പാരീസ് ഒളിമ്പിക്‌സിലെ ഒരു വെങ്കലമെഡല്‍ എന്ന തന്‍റെ അന്താരാഷ്ട്ര കരിയറിലെ മികച്ച നേട്ടം കൂടി സ്വന്തമാക്കിയാണ് കളിക്കളത്തില്‍ നിന്ന് വിടവാങ്ങുന്നത്.
36-കാരനായ അദ്ദേഹം വർഷങ്ങളായി ഇന്ത്യൻ ഹോക്കിയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. 2021 ലെ ടോക്കിയോ ഒളിമ്പിക്സിൽ ആദ്യമായി ഒരു വെങ്കല മെഡൽ നേടി. തുടർച്ചയായ രണ്ടാം വെങ്കല മെഡലോടെയാണ് ഹോക്കിയോട് വിട പറയുന്നത് എന്നതും ശ്രദ്ധേയമാണ്.
ജർമ്മനിക്കെതിരായ സെമിയിൽ ഇന്ത്യ തോറ്റതോടെ ഇന്ത്യക്കായി ഒളിമ്പിക്‌സ് സ്വർണമെഡൽ നേടുകയെന്ന പിആർ ശ്രീജേഷിൻ്റെ സ്വപ്നം തകർന്നു. എന്നിരുന്നാലും, അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് ഒരു ഒളിമ്പിക് മെഡൽ കൂടി നേടാൻ ഇന്ത്യൻ ഇതിഹാസ ഗോൾകീപ്പറിന് കഴിഞ്ഞുവെന്ന സന്തോഷത്തോടെയാണ് കളിക്കളത്തിലെ അദ്ദേഹത്തിന്‍റെ കൂട്ടുകാര്‍ ശ്രീജേഷിനെ യാത്രയാക്കുന്നത്.
1988 മെയ് 8 ന് കേരളത്തിലെ എറണാകുളം ജില്ലയിൽ ജനിച്ച ശ്രീജേഷ് എളിയ തുടക്കത്തിൽ നിന്നാണ് വന്നത്. ലോംഗ് ജമ്പും വോളിബോളും പരിശീലിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് അദ്ദേഹം സ്പ്രിൻ്ററാകാനുള്ള പരിശീലനമായിരുന്നു. ഒടുവിൽ ഹോക്കിയിലെത്തുകയും ടീമിലെ ഗോൾകീപ്പറായി തൻ്റെ ഇടം കണ്ടെത്തുകയും ചെയ്തു.
2006-ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ശ്രീജേഷ്, ഇന്ത്യൻ ഹോക്കിയുടെ ചരിത്രത്തിലെ മികച്ച കളിക്കാരിൽ ഒരാളെന്ന നിലയില്‍ ക്രമേണ ഫസ്റ്റ് ചോയ്‌സ് ഗോൾകീപ്പറായി ടീമില്‍ തൻ്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
ഈ നീണ്ട യാത്രയില്‍ നിരാശാജനകമായ അനുഭവങ്ങളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. 2012ൽ ലണ്ടൻ ഗെയിംസിൽ പിആർ ശ്രീജേഷ് തൻ്റെ ഒളിമ്പിക്‌സ് സ്വപ്നം സാക്ഷാത്കരിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ ജയിക്കാതെ ടീം ഇന്ത്യ പുറത്തായതാണ് അതിലൊന്ന്. കഴിവുറ്റ ഈ ഗോൾകീപ്പർ 2016ലെ റിയോ ഗെയിംസിലും ഇന്ത്യൻ ടീമിൻ്റെ ഭാഗമായിരുന്നു. പക്ഷേ വെറും കൈയോടെ വീട്ടിലേക്ക് മടങ്ങേണ്ടി വന്നത് മറ്റൊരു അനുഭവം.
രണ്ട് ഒളിമ്പിക്‌സ് മെഡലുകൾ നേടാൻ ഇന്ത്യയെ സഹായിച്ചതിനു പുറമേ, 2014, 2022 ഏഷ്യൻ ഗെയിംസുകളിലും 2011, 2016, 2018, 2023 വർഷങ്ങളിലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലുമുള്ള ഇന്ത്യയുടെ വിജയങ്ങളില്‍ പിആർ ശ്രീജേഷിന്‍റെ നിർണായക പങ്ക് എടുത്തു പറയേണ്ടതാണ്. 2016 ല്‍ ടീമിന്‍റെ ക്യാപ്റ്റനായതും അദ്ദേഹത്തിന്‍റെ നേട്ടങ്ങളില്‍ ഒന്നാണ്.
ഫുട്ബോളിന് ലക്ഷക്കണക്കിന് ആരാധകരുള്ള കേരളത്തിൽ നിന്നാണ് ആർ ശ്രീജേഷ് ഹോക്കിയിലേക്ക് വരുന്നത്. ഇവിടത്തെ ആളുകൾക്കിടയില്‍ ഹോക്കി എന്ന കളി പിന്തുടര്‍ന്ന് കാണുന്നവരേറെയില്ല. എന്നിരുന്നാലും, അന്താരാഷ്ട്ര വേദിയിലെ ഇതിഹാസ ഗോൾകീപ്പർ കേരളത്തെ ഹോക്കി ഭൂപടത്തിൽ ഉൾപ്പെടുത്തുക മാത്രമല്ല, ഇവിടത്തെ എണ്ണമറ്റ യുവ കായികതാരങ്ങളെ കായികരംഗത്തേക്കും ഹോക്കിയിലേക്കും വരാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.