Connect with us

ews reservation

"ജാതി' ഒടുവില്‍ "വര്‍ഗ'ത്തെ മറികടക്കുമ്പോള്‍

103ാം ഭേദഗതിയിലൂടെ 10 ശതമാനം ഇ ഡബ്ല്യു എസ് ക്വാട്ട മേല്‍ജാതിക്കാര്‍ക്ക് മാത്രമായി നല്‍കിയിരിക്കുന്നു. പ്രസ്തുത സംവരണം ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മാതാക്കള്‍ പരിഹരിച്ച ഒരു തത്ത്വത്തിന്റെ നിഷേധം മാത്രമല്ല, ഭരണഘടനയോട് തന്നെ ചെയ്യുന്ന വ്യക്തമായ വഞ്ചനയാണ്. ഇപ്പോഴിതാ ചര്‍ച്ച പൂര്‍ണ വട്ടത്തില്‍ എത്തിയിരിക്കുകയാണ്.

Published

|

Last Updated

ടുവില്‍, ഫലം പുറത്തുവന്നു. അവസാനമായി, ഇന്ത്യയിലെ ഉയര്‍ന്ന ജാതിക്കാര്‍ക്ക് ചിരിക്കാം. സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കിയുള്ള ഭരണഘടനയുടെ 103ാം ഭേദഗതി സുപ്രീം കോടതി ഒടുവില്‍ ശരിവെച്ചു. സാമ്പത്തികമായി ദരിദ്രര്‍ക്കുള്ള സംവരണം എന്നാണ് ഇതിനെ വിളിക്കുന്നതെങ്കിലും, ഇത് യഥാര്‍ഥത്തില്‍ ഉന്നത ജാതികളിലെ പാവപ്പെട്ടവര്‍ക്കുള്ള സംവരണമാണ്.

2024ലെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ബി ജെ പി ആയുധ സജ്ജമായിരിക്കുന്നത് രണ്ട് വലിയ പദ്ധതികളുമായാണ്. രാമജന്മഭൂമി കേസിന്റെയും (2019) ജന്‍ഹിത് അഭിയാന്‍ കേസിന്റെയും (2022) ഫലങ്ങള്‍ ഹിന്ദു ഭൂരിപക്ഷത്തിന്റെയും ബി ജെ പി അനുകൂലികളായ ഉയര്‍ന്ന ജാതിക്കാരുടെയും മനസ്സ് കീഴടക്കാന്‍ കെല്‍പ്പുള്ള സൗകര്യപ്രദമായ മുദ്രാവാക്യങ്ങള്‍ അവര്‍ക്ക് നല്‍കും. 2019 ജനുവരി ഒന്ന് മുതല്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15, 16 എന്നിവ ഭേദഗതി ചെയ്തുകൊണ്ട് ഭരണഘടനയുടെ 103ാം ഭേദഗതി വരുത്തിയപ്പോഴും എതിര്‍പ്പ് വളരെ കുറവായിരുന്നു. ഇത് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, സുപ്രീം കോടതി, ഇടക്കാല സ്റ്റേ അനുവദിക്കാന്‍ വിസമ്മതിക്കുകയും അതുവഴി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ജോലികളിലും 10 ശതമാനം ഇ ഡബ്ല്യു എസ് ക്വാട്ട നടപ്പാക്കാന്‍ പല സംസ്ഥാനങ്ങളെയും പ്രാപ്തരാക്കുകയും ചെയ്തു.

ഭരണഘടനയിലെ ജാതിയും വര്‍ഗവും

ആര്‍ട്ടിക്കിള്‍ 15(1)ഉം 16(2)ഉം ജാതി അടിസ്ഥാനത്തിലുള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ തുല്യ അവസരങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ വിവേചനം കാണിക്കുന്നതില്‍ നിന്നും തൊഴില്‍ നിഷേധിക്കുന്നതില്‍ നിന്നും ഭരണകൂടത്തെ തടഞ്ഞു. 395 വകുപ്പുകളുള്ള ഒരു ഭരണഘടനയില്‍ ആര്‍ട്ടിക്കിള്‍ 15ലും 16ലും മാത്രമാണ് ജാതി, വര്‍ഗം എന്നീ വാക്കുകള്‍ ഉപയോഗിച്ചത്. 12 ആര്‍ട്ടിക്കിളുകളില്‍ “പട്ടികജാതി’ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 366(24) പ്രകാരം “പട്ടികജാതി’ എന്ന പദത്തിന്റെ നിര്‍വചനവും നല്‍കിയിരിക്കുന്നു. ഇത്രയും ദൈര്‍ഘ്യമേറിയ ഭരണഘടനയില്‍, “വര്‍ഗം’, “ജാതി’ എന്നീ പദങ്ങള്‍ക്ക് നിര്‍വചനങ്ങളൊന്നുമില്ല. ഭരണഘടനാ അസ്സംബ്ലിയിലെ ചര്‍ച്ചകളില്‍, ജാതി, വര്‍ഗം എന്നീ രണ്ട് പദങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ഒരു ചര്‍ച്ചയും ഉണ്ടായില്ല.

മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട്

മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, 1990കളില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് (എസ് ഇ ബി സി) സംവരണം പ്രഖ്യാപിച്ചപ്പോള്‍, വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപകല്‍പ്പന ചെയ്ത ആശയങ്ങളാല്‍ പ്രചോദിതരായ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കലാപങ്ങള്‍ ഉണ്ടായിരുന്നു. വി പി സിംഗ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് നടപ്പാക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഒ ബി സി സംവരണത്തിനെതിരെ ബി ജെ പിയും അതിന്റെ യുവജന-വിദ്യാര്‍ഥി വിഭാഗവും രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുകയും തെരുവിലിറങ്ങുകയും ചെയ്തത്. സംവരണം മെറിറ്റിന് എതിരാണെന്നും സംവരണമില്ലാത്ത വിഭാഗങ്ങള്‍ക്ക് തുല്യതക്കുള്ള അവകാശം നിഷേധിക്കുന്നുവെന്നുമായിരുന്നു വാദം.

50 ശതമാനം പരിധി

മണ്ഡല്‍ വിധിക്കു ശേഷം, ഭരണഘടന രണ്ട് തവണ ഭേദഗതി ചെയ്യപ്പെട്ടു. 77ാം ഭേദഗതി (1995), തൊണ്ണൂറ്റി മൂന്നാമത്തെ ഭേദഗതി (2005). ഈ ഭേദഗതികള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നല്‍കുകയും മതിയായ പ്രാതിനിധ്യം ഇല്ലെങ്കില്‍ പൊതു ജോലിയില്‍ എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് പ്രമോഷനില്‍ സംവരണം നല്‍കുകയും ചെയ്തു. ഈ ഭേദഗതികള്‍ സുപ്രീം കോടതി ശരിവെച്ചിട്ടുണ്ടെങ്കിലും, അത് ഇങ്ങനെയും പറഞ്ഞു: “പ്രമോഷനുകളുടെ കാര്യത്തില്‍ എസ് സി/എസ് ടിക്ക് സംവരണം നല്‍കാന്‍ സംസ്ഥാനം ബാധ്യസ്ഥരല്ല. എന്നിരുന്നാലും, സംസ്ഥാനങ്ങള്‍ അവരുടെ വിവേചനാധികാരം വിനിയോഗിക്കാനും അത്തരം വ്യവസ്ഥകള്‍ ഉണ്ടാക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍, ആര്‍ട്ടിക്കിള്‍ 335ന് അനുസൃതമായി, പൊതു തൊഴിലില്‍ ആ വര്‍ഗത്തിന്റെ പിന്നാക്കാവസ്ഥയും പ്രാതിനിധ്യത്തിന്റെ അപര്യാപ്തതയും കാണിക്കുന്ന ഗണപരമായ ഡാറ്റ സംസ്ഥാനം ശേഖരിക്കേണ്ടതുണ്ട്. മുകളില്‍ പറഞ്ഞതു പോലെ, സംസ്ഥാനത്തിന് ശക്തമായ കാരണങ്ങളുണ്ടെങ്കില്‍പ്പോലും, 50 ശതമാനം പരിധി ലംഘിക്കുന്നതിനോ ക്രീമിലെയര്‍ ഇല്ലാതാക്കുന്നതിനോ സംവരണം അനിശ്ചിത കാലത്തേക്ക് നീട്ടുന്നതിനോ സംവരണ വ്യവസ്ഥ അതിരുകടക്കുന്നില്ലെന്ന് സംസ്ഥാനം ഉറപ്പാക്കേണ്ടതുണ്ട്. (നാഗരാജ്, 2006)

പല സംസ്ഥാന സര്‍ക്കാറുകളും എസ് സി/എസ് ടികള്‍ക്ക് സംവരണം നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍, മിക്കവാറും എല്ലാ തുടര്‍ നടപടികളും ഇല്ലാതാക്കപ്പെട്ടു. ഉത്തരാഖണ്ഡ് വിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചു. കുറഞ്ഞ പ്രാതിനിധ്യമുള്ള പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് സമിതി ശിപാര്‍ശ ചെയ്തപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അത് നിരസിച്ചു. സുപ്രീം കോടതിയില്‍ കേസ് വന്നപ്പോള്‍, സംസ്ഥാനത്തിന് സംവരണ സ്ഥാനക്കയറ്റം നല്‍കേണ്ട ആവശ്യമില്ലെന്നും കോടതികള്‍ക്ക് അവരെ ഒരിക്കലും നിര്‍ബന്ധിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. (മുകേഷ് കുമാര്‍, 2020)

103ാം ഭേദഗതി

2014ലെ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഭരണകാലാവസാനത്തില്‍, മോദി സര്‍ക്കാര്‍ പെട്ടെന്ന് 103ാം ഭേദഗതി നിയമം കൊണ്ടുവന്ന് പാര്‍ലിമെന്റിലെ എതിര്‍ ശബ്ദങ്ങളെ നിലംപരിശാക്കി 2019 ജനുവരി 14ന് ഇ ഡബ്ല്യു എസ് നിയമം പാസ്സാക്കി. ഉയര്‍ന്ന വരുമാന പരിധി നിശ്ചയിച്ചിട്ടുള്ള ഇ ഡബ്ല്യു എസ് ക്വാട്ട 2019ലെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സഹായിക്കുമെന്നവര്‍ കരുതി. 10 ശതമാനം പ്രത്യേക സംവരണം എല്ലാത്തരം സംവരണങ്ങള്‍ക്കും സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനം പരിധി ലംഘിക്കുമോ എന്ന കാര്യം അവരെ തെല്ലും അലോസരപ്പെടുത്തിയില്ല.

ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ് പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള ക്വാട്ട നിശ്ചയിച്ചത്. എന്നാല്‍ ഒ ബി സി സംവരണം വന്നപ്പോള്‍ ജനസംഖ്യാനുപാതത്തിലല്ല അത് നടപ്പാക്കിയത്. മണ്ഡല്‍ കേസില്‍ 27 ശതമാനമായി സംവരണം ചുരുങ്ങി. 10 ശതമാനം ക്വാട്ട കോടതി നിശ്ചയിച്ച 50 ശതമാനം ക്വാട്ട പരിധി ലംഘിക്കുമെന്നതാണ് അതിശയകരം.

ഇ ഡബ്ല്യു എസിനായി നിശ്ചയിച്ചിട്ടുള്ള വരുമാന പരിധി, ഒ ബി സികളെ അവരുടെ സംവരണ ക്വാട്ടയില്‍ നിന്ന് ഒഴിവാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പരിധിയേക്കാള്‍ വളരെ ഉയര്‍ന്നതാണ്. സാമ്പത്തികമായി ദരിദ്രരാണെങ്കിലും പ്രസ്തുത ക്വാട്ടക്ക് കീഴില്‍ പരിഗണിക്കപ്പെടാവുന്നവരായ മറ്റ് സംവരണ വിഭാഗങ്ങളെ ഇ ഡബ്ല്യു എസ് ക്വാട്ടയില്‍ നിന്ന് ബോധപൂര്‍വം ഒഴിവാക്കി എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. ഒഴിവാക്കലിന് വിശേഷിച്ച് കാരണങ്ങളൊന്നും പറഞ്ഞിട്ടില്ല. വാസ്തവത്തില്‍, ഈ വശത്തില്‍ രണ്ട് ജഡ്ജിമാരായ ചീഫ് ജസ്റ്റിസ് ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജിച്ചിട്ടുണ്ട്. നേരത്തേ ജുഡീഷ്യറി നിശ്ചയിച്ച 50 ശതമാനം ക്വാട്ട കവിഞ്ഞതിനെയും ജസ്റ്റിസ് ഭട്ട് ചോദ്യം ചെയ്തു.

പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കുള്ള സംവരണത്തിന്റെ കാര്യത്തില്‍ ആര്‍ട്ടിക്കിള്‍ 335 കൊണ്ടുവന്ന നിയന്ത്രണം ഈ വിഷയത്തിലേക്ക് വ്യാപിക്കാത്തതും മറ്റൊരു ശ്രദ്ധേയമായ ശൂന്യതയായി അവശേഷിക്കുന്നു. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുമ്പോള്‍, രാജ്യത്തെ ഒാരോ സംസ്ഥാനങ്ങളും തങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്കും തസ്തികകളിലേക്കും നിയമനം നടത്തുമ്പോള്‍, ഭരണത്തിന്റെ കാര്യക്ഷമത നിലനിര്‍ത്തുന്നതിനുള്ള കാര്യങ്ങള്‍ “പരിഗണിക്കണം’ എന്ന് വ്യവസ്ഥ ചെയ്തു. ഇ ഡബ്ല്യു എസിന് സംവരണം നല്‍കുമ്പോള്‍, ഭരണകൂടം കണക്കിലെടുക്കേണ്ട ഭരണത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ഒരു അനുബന്ധവും നല്‍കിയില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്. അതായത് (ഉന്നത) ജാതിക്കാര്‍ അല്ലാത്ത, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ മാത്രമേ കാര്യക്ഷമതയുടെ ചോദ്യം ഉയരൂ എന്ന് സാരം. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ഭരണഘടനയോട് ചെയ്യുന്ന ഈ നെറികേടിനെ എതിര്‍ക്കാത്തത് ആശ്ചര്യകരമാണ്.

കഴിഞ്ഞ 27 വര്‍ഷമായി, സംസ്ഥാന സര്‍ക്കാറിന്റെയോ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ ഒരു മേഖലയിലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. മിക്കവാറും എല്ലാ നീക്കങ്ങളെയും കോടതി എതിര്‍ക്കുകയും അതാത് സംസ്ഥാന സര്‍ക്കാറുകള്‍ അവരുടെ സര്‍വീസ് റൂളുകളില്‍ വരുത്തിയ ഭേദഗതികള്‍ സുപ്രീം കോടതി റദ്ദാക്കുകയും അത്തരം ഒരു നീക്കത്തെ സാധൂകരിക്കാന്‍ ആവശ്യമായ ഡാറ്റ സംസ്ഥാനം നല്‍കിയിട്ടില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 16(4എ) ഒരു എനേബ്ലിംഗ് വ്യവസ്ഥ മാത്രമാണെന്നും എസ് സി/എസ് ടികള്‍ക്ക് പൊതു ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കുന്ന ഒരു പദ്ധതിയും സംസ്ഥാനങ്ങള്‍ ഉണ്ടാക്കുന്നത് നിര്‍ബന്ധമല്ലെന്നും കോടതി വിധി വന്നു. സ്‌കീം നടപ്പാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ട കൃത്യമായ ഡാറ്റ എന്താണെന്ന് ഇന്നും ആര്‍ക്കും അറിയില്ല. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലെ അംഗങ്ങള്‍ക്ക് ഉയര്‍ന്ന തസ്തികകളില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നും സംവരണം നല്‍കിക്കൊണ്ട് കൂടുതല്‍ സക്രിയ നടപടി ആവശ്യമാണെന്നും സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയാല്‍ പോരേ?

ജുഡീഷ്യറിയിലെ ഏങ്കോണിപ്പ് പ്രാതിനിധ്യം

ഇന്ത്യന്‍ യൂനിയന്റെയും സംസ്ഥാനങ്ങളുടെയും കീഴിലുള്ള സേവനങ്ങളില്‍ മാത്രമല്ല, ഉയര്‍ന്ന ജുഡീഷ്യറിയില്‍ പോലും സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, എസ് സി/എസ് ടികള്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നിവര്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല. കഴിവുള്ള വ്യക്തികള്‍ ലഭ്യമാണെങ്കിലും ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ഇത്തരം വിഭാഗങ്ങള്‍ക്ക് മതിയായ പ്രാതിനിധ്യമില്ല. ഭരണഘടന നിലവില്‍ വന്നിട്ട് 72 വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഉന്നത ജുഡീഷ്യറിയില്‍ ഇപ്പോഴും ആധിപത്യം പുലര്‍ത്തുന്നത് ഉയര്‍ന്ന ജാതികളില്‍ നിന്നുള്ളവരാണ്.
ഇപ്പോള്‍ 103ാം ഭേദഗതിയിലൂടെ 10 ശതമാനം ഇ ഡബ്ല്യു എസ് ക്വാട്ട മേല്‍ജാതിക്കാര്‍ക്ക് മാത്രമായി നല്‍കിയിരിക്കുന്നു. പ്രസ്തുത സംവരണം ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മാതാക്കള്‍ പരിഹരിച്ച ഒരു തത്ത്വത്തിന്റെ നിഷേധം മാത്രമല്ല, ഭരണഘടനയോട് തന്നെ ചെയ്യുന്ന വ്യക്തമായ വഞ്ചനയാണ്. ഇപ്പോഴിതാ ചര്‍ച്ച പൂര്‍ണ വട്ടത്തില്‍ എത്തിയിരിക്കുകയാണ്. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ സംവരണത്തെ ആദ്യം എതിര്‍ത്ത സമൂഹത്തിലെ ഉയര്‍ന്ന ജാതികളെയാണ് ഇവിടെ ജാതി പ്രതിനിധാനം ചെയ്യുന്നത് എന്നതിനാല്‍ സന്തോഷിക്കാനൊന്നുമില്ല, എന്നല്ല അവസാനം അവര്‍ക്ക് ഒരു പുതിയ ഇ ഡബ്ല്യു എസ് ക്വാട്ട ലഭിച്ചു. അത് അവരുടെ ജനസംഖ്യക്ക് ആനുപാതികവുമല്ല. അതെ, അങ്ങനെയാണ് ജാതി (പിന്നാക്ക) വര്‍ഗത്തെ മറികടന്നത്.

കടപ്പാട്: ദ ഫെഡറല്‍
വിവ. ഡോ. മൊയ്തീന്‍ കുട്ടി

മദ്രാസ് ഹൈക്കോടതി മുൻ ജസ്റ്റിസ്

---- facebook comment plugin here -----

Latest