Connect with us

Articles

രാഹുല്‍ കശ്മീര്‍ വിടുമ്പോള്‍

ഭാരതത്തെ ഒന്നിപ്പിക്കാനുള്ള പരിശ്രമത്തിനായി ഒരു രാഷ്ട്രീയ നേതാവും സംഘവും രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നടന്നു നീങ്ങി അത് കശ്മീരില്‍ തന്നെ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് കേവലമൊരു യാദൃച്ഛികതയാണെന്ന് തോന്നുന്നില്ല.

Published

|

Last Updated

ദേശീയ പ്രാധാന്യമുള്ള ഒരു ഐതിഹാസിക പര്യടനം രാജ്യത്തിന്റെ തലപ്പത്ത് മഞ്ഞില്‍ കുളിച്ച് പര്യവസാനിക്കുമ്പോഴും തുടങ്ങിയിടത്ത് നിന്ന് അയാള്‍ ഉരുവിട്ടുകൊണ്ടേയിരുന്ന മന്ത്രം ചുണ്ടില്‍ അപ്പോഴും ബാക്കിയുണ്ടായിരുന്നു. വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കട തുറക്കാന്‍ അയാള്‍ക്കിത്ര പണിപ്പെടണമായിരുന്നു. ദേവദാരു പൂക്കാത്ത മഞ്ഞുകാലത്ത്, ചിനാര്‍ മരങ്ങള്‍ വെള്ള പുതക്കുന്ന തണുപ്പില്‍ കണ്ഠമിടറി അയാള്‍ പറഞ്ഞ വാക്കുകള്‍ പെയ്തു വീണതൊന്നും ഷേറെ കശ്മീര്‍ മൈതാനത്തെ തടിച്ചുകൂടിയ ആയിരങ്ങളുടെ കാതുകളില്‍ മാത്രമല്ല എന്ന് ആര്‍ക്കും ബോധ്യപ്പെടും. ഇന്ത്യയൊട്ടാകെയുള്ള ഗ്രാമ നഗര വീഥികളില്‍ അതിന്റെ അലയൊലികള്‍ ഉണ്ടായിട്ടുണ്ട്. ഭാരതത്തെ ഒന്നിപ്പിക്കാനുള്ള പരിശ്രമത്തിനായി ഒരു രാഷ്ട്രീയ നേതാവും സംഘവും രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നടന്നു നീങ്ങി അത് കശ്മീരില്‍ തന്നെ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് കേവലമൊരു യാദൃച്ഛികതയാണെന്ന് തോന്നുന്നില്ല. മനസ്സറിഞ്ഞു കൊണ്ടല്ലെങ്കിലും രാജ്യത്ത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അപരവത്കരണത്തിന്റെയും വലിയൊരു പരിധിക്കുള്ളില്‍ തളച്ചിടപ്പെട്ടവരാണ് കശ്മീര്‍ ജനത. വിഭജനാനന്തരം ഇന്നോളം സൈ്വര്യം കിട്ടാത്തവര്‍. ഭരണകൂടവും അവര്‍ക്ക് വാഴ്ത്തുപാട്ട് പാടുന്ന മാധ്യമങ്ങളും ചേര്‍ന്ന് ചേര്‍ത്തുനിര്‍ത്താന്‍ എന്ന പേരില്‍ അണച്ചുകൂട്ടി ദ്രോഹിക്കുന്ന കാലത്ത് ആ വിദ്വേഷ വിചാരങ്ങള്‍ക്ക് കടുപ്പമേറെയായിരുന്നു. അതിനിടയിലാണ് രാജ്യത്തൊട്ടുക്കും സ്നേഹം പറഞ്ഞ് ഒരു സംഘം ഇന്ത്യയുടെ ഉണങ്ങാത്ത മുറിവുള്ള തലഭാഗത്തേക്ക് വന്നത്. മഞ്ഞു പുതച്ച പുഷ്പഹാരങ്ങളോടെ കശ്മീര്‍ ജനത ഭാരത് ജോഡോ യാത്രയെ സ്വീകരിച്ചു. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാനെത്തിയ നിര്‍ഭയത്വവും പ്രതീക്ഷയും തിളക്കം കൂട്ടുന്ന അനേകായിരം കണ്ണുകളെ തുകല്‍ തൊപ്പികള്‍ക്കിടയിലൂടെ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. ഹിമാലയ സാനുക്കളില്‍ പടിഞ്ഞാറന്‍ പഞ്ചാബില്‍ നിന്ന് കശ്മീരിനെ ബന്ധിപ്പിക്കുന്ന പീര്‍പാഞ്ചല്‍ പാസ് കടന്ന് രാഹുല്‍ ഗാന്ധി പുറത്തേക്കു വരുമ്പോള്‍ അവിടെ ഒരുമിച്ചു കൂടിയ മനുഷ്യസമുദ്രം പാട്ടുപാടിയും ബദാം പഴങ്ങളെറിഞ്ഞുമാണ് യാത്രയെ സ്വീകരിച്ചത്. വിശേഷാല്‍ അതിഥികള്‍ക്ക് മാത്രമായി നല്‍കുന്ന പാരമ്പര്യ സ്വീകരണം തന്നെ അവര്‍ സ്നേഹം പറഞ്ഞുവരുന്ന യാത്രാ നായകന് നല്‍കി. രാഹുല്‍ ഗാന്ധിയെ കശ്മീരില്‍ അനുഗമിക്കുന്നതില്‍ മുന്നില്‍ നിന്നത് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല കൂടിയാണ്. എന്നാല്‍ വഴിയോരത്ത് തിങ്ങിക്കൂടിയ ജനങ്ങള്‍ വെറും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോ ഉമര്‍ അബ്ദുല്ലയെ പിന്തുണക്കുന്നവരോ മാത്രമായിരുന്നില്ല. ഒരുവിധ പാര്‍ട്ടി വകഭേദങ്ങളും ഇല്ലാത്ത ഏതൊരു ശരാശരി കശ്മീര്‍ മനുഷ്യരും അന്ന് പുറത്തിറങ്ങിയിരുന്നു. കോണ്‍ഗ്രസ്സ് യാത്ര ആരംഭിച്ചപ്പോഴുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളോ അന്ന് മുതല്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇതര മുദ്രാവാക്യങ്ങളോ ഒന്നും ഒരുപക്ഷേ അവര്‍ക്ക് വിഷയമായിരുന്നില്ല. തങ്ങളുടെ ഏറെക്കാലമായുള്ള വികാരങ്ങള്‍ക്ക് ശബ്ദം നല്‍കാനുള്ള ഒരു വാതില്‍ തുറക്കുന്നുണ്ടെന്ന ഒറ്റ പ്രതീക്ഷയാണ് അവരെ യാത്രയിലേക്ക് വിളിച്ചു വരുത്തിയത്. മുറിവുണക്കാനുള്ള സ്നേഹത്തിന്റെ പൊടി വിതറുന്നുണ്ടെന്നറിഞ്ഞാണ് അവര്‍ വഴിയോരത്ത് തടിച്ചുകൂടിയത്.

2019ന് ശേഷം ഇത്രയധികം കശ്മീരികള്‍ ഒരുമിച്ച് ഒന്നായി പുറത്തിറങ്ങിയ അനുഭവം ഇതാദ്യമായിട്ടാണ്. അടുത്ത കാലത്തൊന്നും കാണാത്ത വിധം ഒരു ദേശത്തെ ജനതയൊന്നടങ്കം നിര്‍ഭയരായി കാണപ്പെട്ട ദിനങ്ങള്‍. രാഹുല്‍ ഗാന്ധിയോടൊപ്പം ഇരട്ട സഹോദരന്‍ എന്ന പോലെ അതേ വെള്ളക്കുപ്പായമിട്ട് ഉമര്‍ അബ്ദുല്ലയും കൂടിച്ചേര്‍ന്നതോടെ പിന്നില്‍ കൂട്ടംകൂട്ടമായി കശ്മീര്‍ ജനത അണിനിരന്നു. പി ഡി പി നേതാവും ബി ജെ പിയോടൊപ്പം ഒരുകാലത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന മെഹ്ബൂബ മുഫ്തി പോലും ട്വിറ്ററില്‍ ഇങ്ങനെ എഴുതി. ‘കശ്മീരിലേക്ക് രാഹുല്‍ ഗാന്ധിയുടെ യാത്ര വന്നത് പുതിയൊരു ശ്വാസം പോലെയാണ്’.

പാര്‍ട്ടി അടിസ്ഥാനത്തിലും അല്ലാതെയും പൊതു യാത്രകള്‍ കശ്മീരില്‍ മുമ്പും നടന്നിട്ടുണ്ട്. പക്ഷേ ശരാശരി കശ്മീരിന്റെ വലിയൊരു പ്രാതിനിധ്യമാണ് ഭാരത് ജോഡോ യാത്രയെ മുന്നിട്ടു നിര്‍ത്തിയത്. 2019 ആഗസ്റ്റ് അഞ്ചിനാണ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരിന്റെ പ്രത്യേക പദവി ഭരണകൂടം എടുത്തു കളയുന്നത്. അതില്‍ പിന്നെ കശ്മീര്‍ കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എല്ലാം മരവിച്ചുപോയ ഒരിടം. അവസാനമായി തിരഞ്ഞെടുപ്പ് നടത്തുന്നത് എട്ട് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. 2014ല്‍ നടന്ന ആ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പിന്തുണയോടെ പി ഡി പി ഭരണത്തിലേറി. പിന്നീട് ഇരു പാര്‍ട്ടികളും വേര്‍പിരിഞ്ഞതോടെ പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതിന് പകരം ബി ജെ പി സര്‍ക്കാര്‍ ചെയ്തത് സംസ്ഥാന നിയമസഭയെ തന്നെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുകയായിരുന്നു. രാജ്യ തലസ്ഥാനത്ത് നിന്ന് നിയമിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ പ്രതിനിധിയായി മാറി. കഴിഞ്ഞ നാല് വര്‍ഷമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടമില്ലാതെയാണ് കശ്മീര്‍ മുമ്പോട്ട് പോകുന്നത്. നാട്ടിലെ രാഷ്ട്രീയ നാഥന്മാരെ നോക്കുകുത്തികളാക്കി കേന്ദ്രം നിയമിക്കുന്ന ആയമാരുടെ കൈകളിലിട്ട് അമ്മാനമാടുന്ന ദേശത്ത് തന്നെ, രാജ്യത്തെ ഒന്നിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയവര്‍ക്ക് ഒട്ടേറെ ചെയ്യാനുണ്ട് എന്ന ബോധ്യമായിരിക്കണം ഭാരത് ജോഡോ യാത്രയുടെ സമാപനത്തെ കശ്മീരിലെത്തിക്കുന്നത്.

മുതിര്‍ന്ന നാഷനല്‍ കോണ്‍ഗ്രസ്സ് നേതാവ് ഫാറൂഖ് അബ്ദുല്ല രണ്ടിടങ്ങളില്‍ യാത്രയെ അനുഗമിക്കുകയുണ്ടായി. സെപ്തംബര്‍ ഏഴിന് ആരംഭിച്ച യാത്ര ജനുവരി 30ന് അവസാനിക്കുമ്പോള്‍ നടന്നുനീങ്ങിയ ആയിരക്കണക്കിന് കിലോമീറ്ററില്‍ ഉടനീളം നേടിയ ജനപിന്തുണയില്‍ മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീരിന്റെ കാര്യം വേറിട്ടു തന്നെ നില്‍ക്കുന്നു.

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ബി ജെ പി സര്‍ക്കാറിന്റെ നടപടി തികച്ചും ജനാധിപത്യവിരുദ്ധമായിരുന്നു എന്ന് പിന്നെയും പറഞ്ഞു കൊണ്ട് തന്നെയാണ് കശ്മീരിലെ ജോഡോ യാത്ര തുടങ്ങുന്നത്. എന്നാല്‍ യാത്രയില്‍ എങ്ങും മുഴച്ചു നിന്നിരുന്ന ചില രാഷ്ട്രീയ നയതന്ത്ര നിശ്ശബ്ദത ഇക്കാര്യത്തിലും സുവ്യക്തമായിരുന്നു. മാധ്യമ പ്രവര്‍ത്തകരുടെ നിരന്തര പ്രേരണയില്ലാതെ അധികാരവും വാഗ്വാദങ്ങളും പ്രധാന വിഷയങ്ങളായി വന്നില്ല. ഭരണം തിരിച്ചു കിട്ടിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചു നല്‍കാമെന്ന വാഗ്ദാനം പോലും എവിടെയും ഉയര്‍ന്നു കണ്ടില്ല. ഇതുപോലെയുള്ള നിരവധി രാഷ്ട്രീയ പ്രബുദ്ധതകളുടെ സ്ഥായീ ഭാവങ്ങള്‍ മേളിച്ചൊരു പര്യടനത്തെ ഇത്തരം സവിശേഷതകള്‍ തന്നെയാണ് മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിച്ചത്. പകരം രാജ്യമുറ്റ് നോക്കിയ സമാപനത്തില്‍ പോലും രാഹുല്‍ ഗാന്ധി തൊടാന്‍ ശ്രമിച്ചത് കശ്മീര്‍ ജനതയുടെ ഹൃദയത്തെയായിരുന്നു. അതില്‍ കാലങ്ങളായി നഷ്ടങ്ങള്‍ സഹിക്കുന്നവരുടെ വേദനകളോട് താദാത്മ്യപ്പെടലുണ്ടായിരുന്നു. ഉറ്റവര്‍ വെടിയേറ്റ് മരിച്ച വിവരം ഫോണിലൂടെ കേള്‍ക്കുന്ന കൊച്ചുകുട്ടിയുടെ നുറുങ്ങുന്ന മനസ്സുണ്ടായിരുന്നു. അനുഭവങ്ങളുടെ തീച്ചൂളകളില്‍ നാം ഒരുപോലെ ഉരുകിയവരാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.

ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കീഴിലുള്ള തണുത്തൊരു ഭരണകാര്യത്തിനു കീഴില്‍ പ്രതീക്ഷകളൊന്നും പുലരാത്ത ഒരുതരം അനാസ്ഥ കശ്മീരിനെ പിടികൂടിയിരുന്നു. തണുപ്പും ലഹരിയും സമൂഹത്തില്‍ അള്ളിപ്പിടിച്ചു പടര്‍ന്നു കയറുന്ന കാലത്താണ് ലാല്‍ ചൗക്കിലെ ക്ലോക്ക് ടവറില്‍ രാഹുല്‍ ഗാന്ധി പതാക ഉയര്‍ത്തുന്നത്. ആരുടെയൊക്കെയോ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു വേണ്ടി നിരപരാധികളായ തങ്ങളെ ബലിയാടാക്കുകയാണെന്ന്, തങ്ങളോടെന്നും അനീതിയാണെന്ന് പറയാതെ പറയുന്ന മുഖഭാവങ്ങള്‍ക്കിടയിലാണ് നെഹ്റുവിന്റെ ഓര്‍മകളുള്ള ആ പതാക ഉയരുന്നത്. പ്രതിഷേധിച്ച് മനം മടുത്ത് ഇനിയൊരു പ്രതികരണങ്ങള്‍ക്കും ഇല്ലെന്ന് ആശയറ്റ് പറയുന്നിടത്ത് നിന്നാണ് ആഘോഷപൂര്‍വം കൊണ്ടാടുന്ന പാക്കിസ്ഥാന്‍ ഗോത്രകലാപ വിജയത്തിന്റെ ഓര്‍മകളെ തൊട്ടുണര്‍ത്തുന്നത്.

കനത്ത സുരക്ഷാ നിര്‍ദേശങ്ങള്‍ക്കിടയിലും വെല്ലുവിളി നിറഞ്ഞ ദൗത്യം രാഹുല്‍ ഗാന്ധി നടന്നുതന്നെയാണ് തീര്‍ത്തത്. കശ്മീര്‍ മാറിയിട്ടൊന്നുമില്ല. പഹല്‍ഗാമിലെ തണുപ്പില്‍ കമ്പിളിയിട്ട് തരുന്ന എക്കാലത്തെയും മികച്ച ആതിഥേയരാണവര്‍. ഹസ്്‌റത്ത് ബാല്‍ പള്ളിയില്‍ കയറി പ്രവാചകന്റെ തിരുശേഷിപ്പുകള്‍ കാണാന്‍ വരുന്ന സഞ്ചാരികള്‍ക്ക് ഇന്ന് കുറവൊന്നുമില്ല. ദാല്‍ തടാകത്തിലൂടെ മൂടിക്കെട്ടിയ മഞ്ഞിന്റെ കുളിരില്‍ കാലുനീട്ടി സംഗീതം പൊഴിച്ച് നൗകകള്‍ തുഴയാന്‍ ഇവര്‍ക്കിന്നും ഊര്‍ജമുണ്ട്. വസുവാന്‍ പലഹാരം വായില്‍ വെച്ചിട്ട് ഇന്നും ഒട്ടേറെ വെള്ളം പൊടിഞ്ഞിട്ടുണ്ട്. കോച്ചുന്ന നേരത്ത് ഒരു ഗ്ലാസ് കഹ്വ ഇന്നും ആശ്വാസം തന്നെയാണ്. രാഷ്ട്രീയമല്ലാത്ത എന്തും കശ്മീര്‍ താഴ്വരകളിലെ മഞ്ഞിനടിയില്‍ ഇപ്പോഴും പച്ച പുതച്ചു തന്നെയുണ്ട്. ഭരണകൂടത്തില്‍ നിന്ന് തങ്ങള്‍ക്കിനി ഒന്നും നേടാനില്ലെന്ന നിരാശ ഉറച്ചുപോയ പ്രതലത്തില്‍ സ്നേഹവാഴ്ത്തുപാടി ഭാരത് ജോഡോ യാത്ര മഞ്ഞുകട്ടകളുടക്കുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്. വിദൂരമല്ലാത്ത ഭാവിയില്‍ തന്നെ തങ്ങള്‍ക്കും രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് അല്ലെങ്കില്‍ ഉണ്ടാകുമെന്ന് കശ്മീര്‍ വിശ്വസിച്ചു തുടങ്ങുന്നുണ്ടോ? ആ സാധ്യതയുടെ നേരിയ ഒരു പ്രതീക്ഷ വരുന്നുണ്ടെന്ന് കണ്ടാണ് അന്നൊരു സായാഹ്നത്തില്‍ നിര്‍ത്താതെ മഞ്ഞുപെയ്തപ്പോള്‍ രാഹുല്‍ എന്ന മനുഷ്യന്‍ രാഷ്ട്രീയം സ്നേഹമാണെന്ന് വിളിച്ചു പറഞ്ഞത്. മടിത്തട്ട് മാധ്യമങ്ങള്‍ പോലും അന്നത് കണ്ണുതുറന്ന് കണ്ടത്.