Connect with us

book review

പ്രസംഗം കലയാകുമ്പോള്‍

മുന്നിട്ടിറങ്ങുന്നവരിൽ ധൈര്യവും പിന്തിരിയുന്നവരിൽ ഭയവും വർധിക്കും എന്ന ദർശനമാണ് പ്രസംഗകലയുടെ ഈ പുത്തൻ രീതിശാസ്ത്രം വായനക്കാരോട് പങ്കുവെക്കുന്നത്.

Published

|

Last Updated

പ്രൗഢമായ പ്രസംഗകലയെ സമഗ്രമായും ആധികാരികമായും ഗവേഷണബുദ്ധിയോടെയും സമീപിക്കുന്ന പുസ്തകമാണ് ജുനൈദ് കൈപ്പാണിയുടെ ‘പ്രസംഗകല 501 തത്ത്വങ്ങൾ’. ഏതൊരു കാലഘട്ടത്തിലും സമൂഹത്തിന് ഒരു വക്താവിനെ ആവശ്യമുണ്ടെന്ന ഉത്തമബോധ്യത്തിലാണ് ഗ്രന്ഥകാരൻ അക്കാദമികമായ താത്പര്യത്തോടെ പ്രസംഗകലക്ക് 501 തത്ത്വങ്ങൾ നിർദേശിക്കുന്നത്.

കേവലം ആശയവിനിമയോപാധികളായ സംഭാഷണ ശകലങ്ങളെ അത്യുത്തമങ്ങളായ പ്രസംഗങ്ങളാക്കി മാറ്റാൻ പോന്ന ക്ഷമതയാർന്ന ഉപകരണങ്ങളാണ് ഈ പുസ്തകത്തിലെ 501 തത്ത്വങ്ങളും. അതുകൊണ്ടുതന്നെ പ്രസംഗകലക്കും പ്രസംഗ പരിശീലനത്തിനും നിത്യനൂതനമായ നിർദേശക തത്ത്വങ്ങളെന്ന നിലയിൽ ഏറെ പ്രാധാന്യമുണ്ട് രചനക്ക്. പ്രസംഗകലയെ നിർവചിച്ചും പ്രസംഗങ്ങളുടെ പ്രാധാന്യത്തെയും സാംഗത്യത്തെയും സാധൂകരിച്ചും നല്ല പ്രസംഗകനെ സൂചകങ്ങൾ ഉപയോഗിച്ച് വിലയിരുത്തിയും ആൾക്കൂട്ട മനഃശാസ്ത്രത്തെ അപഗ്രഥിച്ചും ഒരു നല്ല ശ്രോതാവ് മുന്നോട്ട് വെക്കാനിടയുള്ള നിബന്ധനകളിലൂന്നിയും കാലഘട്ടത്തിന്റെ ആവശ്യങ്ങളെ ക്രമപ്പെടുത്തിയും വാക്കുകളുടെ വ്യാഖ്യാന സാധ്യതകളെ ജാഗ്രതയോടെ സമീപിച്ചും ഭാഷയുടെ അഴകളവുകളെ നിർവചിച്ചുമാണ് ഈ പുസ്തകം അതിന്റെ ഉള്ളടക്കത്തെ ഭദ്രമായി കൈകാര്യം ചെയ്യുന്നത്.

മുന്നിട്ടിറങ്ങുന്നവരിൽ ധൈര്യവും പിന്തിരിയുന്നവരിൽ ഭയവും വർധിക്കും എന്ന ദർശനമാണ് പ്രസംഗകലയുടെ ഈ പുത്തൻ രീതിശാസ്ത്രം വായനക്കാരോട് പങ്കുവെക്കുന്നത്. ഈ ദർശനത്തിന് വായനക്കാരിലും ശ്രോതാക്കളിലും സർവോപരി പ്രസംഗകരിലും ഗുണാത്മകങ്ങളായ പരിവർത്തനങ്ങൾ സാധ്യമാക്കാൻ പോന്ന കരുത്തുണ്ട്.

അറിയിക്കാനും അനുനയിപ്പിക്കാനും പ്രേരിപ്പിക്കാനും പ്രകോപിപ്പിക്കാനും അഭ്യർഥിക്കാനും അറിവുപകരാനും തിരുത്താനും മുന്നോട്ട് നയിക്കാനും വാക്കിനോളം തൂക്കമുള്ള യാതൊന്നും ഈ ഭൂമിയിലില്ലെന്ന തിരിച്ചറിവാണ് പ്രസംഗകലയുടെ സാധ്യത.വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രസംഗ പരിശീലനം നൽകുന്ന ലെറ്റ്സ് സ്‌കൂൾ ഓഫ് പബ്ലിക് സ്പീക്കിംഗ് എന്ന സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ കൂടിയാണ് ജുനൈദ് കൈപ്പാണി. നിരവധിയായ അനുഭവങ്ങളുടെ പരിസരത്ത് നിന്ന് രചയിതാവ് തയ്യാറാക്കിയ പ്രസംഗ കലയുമായി ബന്ധപ്പെട്ട ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ഹാംലെറ്റ് ബുക്സ് ആണ്. വില 100 രൂപ.