Editors Pick
മസ്ജിദുന്നമിറയില്‍ വീണ്ടും ബാങ്കൊലി മുഴങ്ങുമ്പോള്‍
നാല് ലക്ഷത്തിലധികം തീര്‍ഥാടകര്‍ക്ക് ഒരേ സമയം പ്രാര്‍ഥന നിര്‍വഹിക്കാനുള്ള സൗകര്യമാണ് മസ്ജിദുന്നമിറയില്‍ ഒരുക്കിയിരിക്കുന്നത്.
ഖലീലുല്ലാഹി ഇബ്റാഹീം നബി (അ)മും, മകന്‍ ഇസ്മാഈല്‍ നബി (അ)മും ചേര്‍ന്ന് വിശുദ്ധ കഅബയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതോടെ അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം അഷ്ടദിക്കുകളില്‍ നിന്നുള്ള മനുഷ്യരാശിയെ ഹജ്ജിന് വിളിക്കാന്‍ അല്ലാഹു കല്‍പിച്ചതിനു ശേഷം പ്രവാചകന്‍ ഇബ്‌റാഹീം നബി (അ) ആദ്യമായി ഹജ്ജിന് ആഹ്വാനം ചെയ്തു. ആ വിളിയാളത്തിന് മറുപടി നല്‍കിയാണ് തല്‍ബിയ്യത്തിന്റെ മന്ത്രധ്വനികള്‍ മുഴക്കി ശുഭവസ്ത്രധാരികള്‍ ഹജ്ജിലെ സുപ്രധാന കര്‍മ്മമായ അറഫയിലെത്തുന്നത്.
ഹിജ്‌റ 10-ാം വര്‍ഷം ദുല്‍ഹജ്ജ് ഒമ്പതിന് പ്രവാചകന്‍ മുഹമ്മദ് നബി (സ) തന്റെ അവസാന ഹജ്ജില്‍ അറഫ സംഗമത്തിനെത്തിയപ്പോള്‍ നിസ്‌കരിക്കുകയും അവസാന പ്രഭാഷണം നടത്തുകയും ചെയ്ത സ്ഥലത്ത് നിര്‍മിച്ചിട്ടുള്ള പള്ളിയാണ് മസ്ജിദുന്നമിറ. ‘ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു.’ ചരിത്ര പ്രധാനമായ വിടവാങ്ങല്‍ പ്രഭാഷണത്തെ അനുസ്മരിച്ചാണ് (ഖുത്ബതുല്‍ വിദാഅ്) എല്ലാ വര്‍ഷവും മസ്ജിദുന്നമിറയില്‍ അറഫാ ഖുതുബ നടക്കുന്നത്. തീര്‍ഥാടകര്‍ ളുഹര്‍, അസര്‍ നിസ്‌കാരങ്ങള്‍ ഒരുമിച്ചാണ് നിര്‍വഹിക്കുക. അറഫ ലഭിക്കാത്തവന് അവരുടെ ഹജ്ജ് അസാധുവായി കണക്കാക്കപ്പെടും. ജനലക്ഷങ്ങള്‍ അറഫയില്‍ സംഗമിക്കുന്ന ദിനത്തില്‍ ആഗോള മുസ്‌ലിംകള്‍ നോമ്പനുഷ്ഠിച്ചാണ് തീര്‍ഥാടകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്.
ദുല്‍ഹിജ്ജ ഒമ്പതിന് നടക്കുന്ന അറഫ സംഗമത്തില്‍ പങ്കെടുക്കാനെത്തുന്ന ജനലക്ഷങ്ങളോട് അറഫയിലെ മസ്ജിദുന്നമിറയിലെ ളുഹര്‍ നിസ്‌കാരത്തിനു മുമ്പായി അന്ത്യ പ്രവാചകരുടെ അറഫ പ്രസംഗത്തെ അനുസ്മരിച്ച് ഖുതുബ നിര്‍വഹിക്കും. ഈ വര്‍ഷം മക്കയിലെ മസ്ജിദുല്‍ ഹറം ഇമാം ശൈഖ് മാഹിര്‍ ആണ് ഖുതുബ നിര്‍വഹിക്കുക. ഹജ്ജിനായി നബി തങ്ങള്‍ മക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് മീഖാത് ദു അല്‍ ഹുലൈഫയില്‍ താമസിച്ച് ഇഹ്റാം ധരിക്കുകയും അത് അനുചരന്മാരെ പഠിപ്പിക്കുകയും ചെയ്തു. യെമനില്‍ നിന്നുള്ള തുന്നാത്ത വെളുത്ത പരുത്തിയുടെ രണ്ട് ഇഹ്റാം വസ്ത്രം ധരിച്ച്, അല്‍ ഖസ്വാ എന്ന ഒട്ടകത്തിന്റെ പുറത്തിരുന്ന് എട്ട് ദിവസം കൊണ്ടാണ് മക്കയില്‍ എത്തിച്ചേര്‍ന്നത്.
അറഫാത്ത് സമതലത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് മസ്ജിദുന്നമിറ സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ഭാഗത്തിന്റെ ഒരു ഭാഗം മക്കയുടെ താഴ്വരകളിലൊന്നായ വാദി ഉറാനയിലേക്ക് വ്യാപിച്ച് കിടക്കുന്നു. ചരിത്രത്തിലെ നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന നമിറ മസ്ജിദ് അറഫാത്തിന്റെ എല്ലാ ഭാഗത്തുനിന്നും കാണാന്‍ കഴിയുമെന്നതാണ് പ്രധാന സവിശേഷത. നാല് ലക്ഷത്തിലധികം തീര്‍ഥാടകര്‍ക്ക് ഒരേ സമയം പ്രാര്‍ഥന നിര്‍വഹിക്കാനുള്ള സൗകര്യമാണ് മസ്ജിദുന്നമിറയില്‍ ഒരുക്കിയിരിക്കുന്നത്. കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ നമിറ മസ്ജിദിന് ചുറ്റും 25,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ അസ്ഫാല്‍റ്റ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സംവിധാനമൊരുക്കിയിട്ടുണ്ട്.
നമിറ മസ്ജിദ് ആദ്യമായി നിര്‍മ്മിച്ചത് ഹിജ്‌റ രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ്. ഹിജ്‌റ 559-ല്‍ അല്‍-ജവാദ് അല്‍-ഇസ്ഫഹാനി പുനര്‍ നിര്‍മ്മാണം നടത്തി. മംലൂക്ക് കാലഘട്ടത്തില്‍ രണ്ട് പ്രധാന പുനര്‍ നിര്‍മ്മാണങ്ങള്‍ നടത്തുകയും മുസാഫര്‍ സെയ്ഫ് അല്‍-ദിന്‍ രാജാവ് ഹിജ്‌റ 843ല്‍ മസ്ജിദ് പുനര്‍നിര്‍മ്മിക്കുകയും ചെയ്തു. ഹിജ്‌റ 884-ല്‍ സുല്‍ത്താന്‍ ഖായ്ത്‌ബേയുടെ ഉത്തരവ് പ്രകാരം നടന്ന പുനര്‍ നിര്‍മ്മാണമാണ് അക്കാലത്തെ ഏറ്റവും ആഡംബരപൂര്‍ണവും മനോഹരവുമായി കണക്കാക്കപ്പെടുന്നത്. പിന്നീട് ഹിജ്‌റ 1272 ല്‍ ഓട്ടോമന്‍ കാലഘട്ടത്തില്‍ വാസ്തുവിദ്യയില്‍ മാറ്റം വരുത്തി പുതുക്കുകയും സഊദി ഭരണ കാലഘട്ടത്തില്‍ ഏറ്റവും വലിയ വിപുലീകരണത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. 18,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
മക്കയിലെ മസ്ജിദുല്‍ഹറമിനു ശേഷം വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ മക്കയിലെ രണ്ടാമത്തെ വലിയ പള്ളി കൂടിയാണ് മസ്ജിദുന്നമിറ. 60 മീറ്റര്‍ ഉയരത്തിലുള്ള ആറ് മിനാരങ്ങളും മൂന്ന് താഴികക്കുടവുമാണ് മസ്ജിദുന്നമിറക്കുള്ളത്.