National
ബോട്ട് മുങ്ങാൻ തുടങ്ങിയപ്പോൾ മക്കളെ കടലിലെറിയാൻ ഒരുങ്ങി രക്ഷിതാക്കൾ...
മുംബൈ ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ആദ്യം ഓടിയെത്തിയ സിഐഎസ്എഫ് ജവാന്മാർ ഞെട്ടിക്കുന്ന അനുഭവങ്ങൾ പങ്കുവെക്കുന്നു...
കഴിഞ്ഞ ബുധനാഴ്ചയാണ് മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലിഫന്റ ദ്വീപിലേക്കുള്ള യാത്രാമധ്യേ ‘നീല്‍ കമല്‍’ എന്ന ടൂറിസ്റ്റ് ബോട്ടില്‍ നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറി 14 പേര്‍ മരിച്ചത്. ഡിസംബര്‍ 18ന് നടന്ന അപകടത്തിന് ശേഷം ആദ്യമായി അന്നേദിവസത്തെ സംഭവവികാസങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ അമോല്‍ സാവന്തും അദ്ദേഹത്തിന്റെ രണ്ട് സഹപ്രവര്‍ത്തകരും.
മുബൈയില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങാന്‍ തുടങ്ങിയതില്‍ പരിഭ്രാന്തരായ മാതാപിതാക്കള്‍ കുട്ടികളെ വെള്ളത്തിലേക്ക് വലിച്ചെറിയാന്‍ ശ്രമം നടത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. സിഐഎസ്എഫ് മറൈന്‍ കമാന്‍ഡോകളുടെ സംഘം തക്ക സമയത്ത് എത്തി മാതാപിതാക്കളെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചതോടെയാണ് വലിയൊരപകടം ഒഴിവായത്. മുങ്ങാന്‍ തുടങ്ങുന്ന ബോട്ടില്‍ നിന്നും എല്ലാവരെയും ജീവനോടെ രക്ഷിക്കുമെന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേലാണ് പരിഭ്രാന്തരായ രക്ഷിതാക്കള്‍ തീരുമാനത്തില്‍ നിന്നും പിന്മാറിയത്.
അപകടം നടന്ന ദിവസം ഏകദേശം നാല് മണിയോടെയാണ് മുംബൈ തീരത്ത് സിഐഎസ്എഫ് ഉദ്യാഗസ്ഥരുടെ പട്രോളിംഗ് ബോട്ട് എത്തുന്നത്. ആദ്യ മണിക്കൂറില്‍ കുട്ടികള്‍ ഉള്‍പ്പെടെ അപകടത്തില്‍ ഏറ്റവും ദുര്‍ബലരായവരെ എത്രയും പെട്ടെന്ന് രക്ഷിക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം.
ഞങ്ങള്‍ തീരത്ത് നിന്ന് കുറച്ച് അകലെ പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു. പെട്ടെന്നാണ് ഒരു വിനോദസഞ്ചാര ബോട്ട് മുങ്ങുന്നുവെന്ന് വാക്കി ടോക്കി വഴി അറിയാന്‍ സാധിച്ചത്. ഉടന്‍ തന്നെ എത്രയും പെട്ടെന്ന് അപകടസ്ഥലത്തേക്ക് ബോട്ട് തിരിക്കാന്‍ ഞാന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടു. മൂന്ന് നാല് കിലോ മീറ്റര്‍ വളരെ വേഗത്തില്‍ പിന്നിട്ട് ഞങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിയെന്നും കോണ്‍സ്റ്റബിള്‍ സാവന്ത് പിടിഐയോട് പറയുന്നു.
അപകടം നടന്ന സ്ഥലം കണ്ട് താന്‍ ആശ്ചര്യപ്പെട്ടു. എന്നാല്‍ പരിശീലനം ലഭിച്ച ഒരു സൈനികന്‍ ആയതിനാല്‍ എന്താണ് ചെയ്യേണ്ടതെന്നും എങ്ങനെയെന്നും എനിക്ക് മനസ്സിലായി. മുങ്ങുന്ന ബോട്ടില്‍ നിന്നും ലൈഫ് ജാക്കറ്റ് ഉള്ളതിനാല്‍ രക്ഷപ്പെടുമെന്ന് കരുതി ആളുകള്‍ തങ്ങളുടെ കുട്ടികളെ സമുദ്രജലത്തിലേക്ക് എറിയാന്‍ തയ്യാറായി നില്‍ക്കുന്നത് ഞങ്ങള്‍ കണ്ടു.
പരിഭ്രാന്തരാകരുതെന്നും ഇതിന് ശ്രമിക്കരുതെന്നും ഞാന്‍ അവരോട് ആവശ്യപ്പെട്ടു.പിന്നീട് കഴിവതും പെട്ടന്ന് ഞങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായുള്ള കാര്യങ്ങള്‍ ഊര്‍ജിതമാക്കുകയായിരുന്നു. മുങ്ങുന്ന ബോട്ടില്‍ നിന്നും അപകടകരമായി തൂങ്ങിക്കിടക്കുന്ന കുട്ടികളെയും 6-7 സ്ത്രീകളെയുമാണ് ഞാനും എന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആദ്യം രക്ഷപ്പെടുത്തി തങ്ങളുടെ ബോട്ടിലേക്ക് മാറ്റുന്നത്.
നിരവധി കൈകള്‍ ഞങ്ങള്‍ക്ക് നേരെ ഉയര്‍ന്നു, ചിലര്‍ നിലവിളിച്ചു, ചിലര്‍ അവരെ രക്ഷിക്കാന്‍ അഭ്യര്‍ത്ഥിച്ചു. കൃത്യമായി എത്രപേര്‍ അപകടത്തില്‍പ്പെട്ടെന്ന് ഞങ്ങള്‍ക്കറിയില്ല, പക്ഷേ മുങ്ങുന്ന ബോട്ടില്‍ ഉണ്ടായിരുന്ന 50-60 പേരെ സഹായിക്കാനും രക്ഷിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു – 2010ല്‍ സിഐഎസ്എഫില്‍ ചേര്‍ന്ന സാവന്ത് പറഞ്ഞു.
സിഐഎസ്എഫ് യൂണിറ്റിലെ സബ് ഇന്‍സ്‌പെക്ടര്‍ (എസ്‌ഐ) ഖെയോക സെമ ആണ് സ്ഥലത്തെത്തിയ രണ്ടാമത്തെ പട്രോള്‍ ബോട്ടിലുണ്ടായിരുന്നത്.
സംഭവസ്ഥലത്ത് എത്തിയപ്പോള്‍ ലൈഫ് ജാക്കറ്റ് ധരിച്ച് വെള്ളത്തില്‍ കിടക്കുന്ന ഒരു സ്ത്രീയെയാണ് ഞാന്‍ ആദ്യം കാണുന്നത്. അവര്‍ രക്ഷപ്പെടുമെന്ന് പ്രതീക്ഷിച്ച് കൈകള്‍ ഉയര്‍ത്തുന്നുണ്ടായിരുന്നു. ഞങ്ങള്‍ അവളുടെ അടുത്തേക്ക് എത്തുമ്പോഴേക്കും ശരീരത്തില്‍നിന്നും ജാക്കറ്റ് തെന്നിമാറി അവര്‍ മുങ്ങാന്‍ തുടങ്ങിയിരുന്നു. പെട്ടന്ന് കൈകള്‍ താഴ്ത്താന്‍ അവളോട് ഞങ്ങള്‍ ആവശ്യപ്പെട്ടു. അവരെ രക്ഷിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. സെമ പറഞ്ഞു. 2018ല്‍ അര്‍ദ്ധസൈനിക സേനയില്‍ ചേര്‍ന്ന എസ്‌ഐയാണ് സെമ.
തങ്ങള്‍ 10-12 പേര്‍ക്ക് കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ (സിപിആര്‍) നല്‍കുകയും വെള്ളം കുടിച്ചുപോയവരെ ശരീരത്തില്‍ നിന്നും അമിതജലം പുറംതള്ളി ജീവന്‍ രക്ഷിക്കുകയും ചെയ്തു.
ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് മറൈന്‍ കമാന്‍ഡോ ഓപ്പറേഷനുകള്‍, പോരാട്ടം, അതിജീവന സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ പ്രാഥമിക പരിശീലനം ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും അട്ടിമറി അല്ലെങ്കില്‍ തീവ്രവാദ ഭീഷണിക്കെതിരെ അവര്‍ സായുധ സുരക്ഷ നല്‍കുന്നു – സിഐഎസ്എഫ് മുഖ്യ വക്താവും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലുമായ (ഡിഐജി) ദീപക് വര്‍മ്മ പറഞ്ഞു. മുംബൈയിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ ഈ ഉദ്യോഗസ്ഥരില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സേവന രേഖകളില്‍ ഉയര്‍ന്ന അംഗീകാരം നല്‍കുന്നതിനും പുറമേ ‘ജീവന്‍ രക്ഷാ പദക്’ നല്‍കാന്‍ സേന ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജവഹര്‍ലാല്‍ നെഹ്റു തുറമുഖ അതോറിറ്റിയിലും മുംബൈ പോര്‍ട്ട് ട്രസ്റ്റിലും വിന്യസിച്ചിരിക്കുന്ന ഞങ്ങളുടെ രണ്ട് സുരക്ഷാ യൂണിറ്റുകളുടെ ഉത്തരവാദിത്തത്തിന്റെ പരിധിക്കപ്പുറമാണ് അപകടം നടന്ന സ്ഥലം. എന്നാല്‍ ദുരന്ത സ്ഥലത്ത് ആദ്യം എത്തി അര്‍പ്പണബോധത്തോടെ കര്‍ത്തവ്യബോധത്തോടെയും പ്രവര്‍ത്തിച്ച് നിരവധി ജീവന്‍ രക്ഷിക്കാന്‍ തങ്ങളുടെ സുരക്ഷായൂണിറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞെന്ന് ഒരു മുതിര്‍ന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.