Connect with us

child line

കുരുന്നുകളുടെ സുരക്ഷക്ക് കേന്ദ്രം കുരുക്കിടുമ്പോള്‍

തങ്ങള്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനമെന്നതിനാല്‍ സഹായങ്ങളും ഫണ്ടുകളും വെട്ടിക്കുറച്ചുകൊണ്ട് കേരളത്തെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് ബി ജെ പി കേന്ദ്ര നേതൃത്വം മോദി സര്‍ക്കാറിലൂടെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തിലെ കുരുന്നുകള്‍ നേരിടുന്ന അക്രമങ്ങളും പീഡനങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടി രൂപവത്കരിച്ച നിയമപരമായ സംവിധാനങ്ങളെ പോലും ദുര്‍ബലമാക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചിരിക്കുകയാണ്.

Published

|

Last Updated

കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ പുറത്തെടുക്കുന്ന രാഷ്ട്രീയ പ്രതികാര മനോഭാവം ഇവിടുത്തെ കുട്ടികളുടെ ജീവിത സുരക്ഷിതത്വത്തിന് പോലും കരിനിഴല്‍ വീഴ്ത്തുകയാണ്. തങ്ങള്‍ക്ക് സ്വാധീനമുറപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനമെന്നതിനാല്‍ സഹായങ്ങളും ഫണ്ടുകളും വെട്ടിക്കുറച്ചുകൊണ്ട് കേരളത്തെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് ബി ജെ പി കേന്ദ്ര നേതൃത്വം മോദി സര്‍ക്കാറിലൂടെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കേരളത്തിലെ കുരുന്നുകള്‍ നേരിടുന്ന അക്രമങ്ങളും പീഡനങ്ങളും അടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് വേണ്ടി രൂപവത്കരിച്ച നിയമപരമായ സംവിധാനങ്ങളെ പോലും ദുര്‍ബലമാക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനുള്ള ഫണ്ട് വെട്ടിക്കുറച്ചിരിക്കുകയാണ്. നാളിതുവരെ കേന്ദ്രം ഭരിച്ച ഒരു സര്‍ക്കാറും സ്വീകരിക്കാതിരുന്ന ഹീനമായ നടപടിയാണ് മോദി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കേന്ദ്രം ഫണ്ട് വെട്ടിക്കുറച്ചതോടെ കേരളത്തില്‍ ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പൂര്‍ണമായും തൃപ്തികരമല്ലെങ്കിലും സാമാന്യം ഭേദപ്പെട്ട നിലയിലാണ് സംസ്ഥാനത്ത് ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോയിരുന്നത്. എന്നാല്‍ ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം ഭാവിയില്‍ പൂര്‍ണമായും തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഇടപെടലാണ് കേന്ദ്രം ഇപ്പോള്‍ നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കേരളത്തിലെ പല ജില്ലകളിലും ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി ചൈല്‍ഡ് ലൈന്‍ ജീവനക്കാരാണ് ജോലി ഉപേക്ഷിച്ചുപോയത്. ശമ്പളം വൈകുന്നുവെന്നത് മാത്രമല്ല ഇവര്‍ നേരിടുന്ന പ്രശ്നം. കുട്ടികളുടെ പരാതികള്‍ കേള്‍ക്കുന്നതിനും അവര്‍ക്ക് നിയമപരമായ സഹായം നല്‍കുന്നതിനുമൊക്കെ പ്രവര്‍ത്തിക്കുമ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് സാമ്പത്തികമായ ചെലവുകള്‍ സ്വയം വഹിക്കേണ്ടിവരുന്നുണ്ട്. ചിലപ്പോള്‍ ഇവര്‍ക്ക് ദൂരപ്രദേശങ്ങളിലേക്ക് പോകേണ്ടിവരും. ഭക്ഷണം, വിശ്രമം, യാത്ര തുടങ്ങിയവക്കായി നീക്കിവെക്കേണ്ട തുകകള്‍ ഫണ്ടില്‍ നിന്നാണ് ലഭിച്ചുകൊണ്ടിരുന്നത്. പുതിയ സാഹചര്യത്തില്‍ ദൈനംദിന ചെലവുകള്‍ക്കുള്ള പണവും കിട്ടാത്ത അവസ്ഥ വന്നുചേര്‍ന്നിരിക്കുകയാണെന്ന പരാതിയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കുള്ളത്. കുട്ടികളെ ബാധിക്കുന്ന വിഷയങ്ങളില്‍ അന്വേഷണം നടത്തുമ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പല തരത്തിലുള്ള പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്നുണ്ട്. കുട്ടികളെ ഉപദ്രവിക്കുന്നവര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ വരെ ഉണ്ടാകുന്നു. ഇതിനിടയില്‍ ശമ്പളം വൈകുന്നതും പീഡിപ്പിക്കപ്പെടുന്ന കുട്ടികളെ തേടിയുള്ള യാത്രക്കായി ഉണ്ടാകുന്ന ചെലവുകള്‍ക്കുള്ള പണം പോലും ലഭിക്കാത്തതും സ്വാഭാവികമായി ഇവരില്‍ മടുപ്പുളവാക്കുന്നു. ചൈല്‍ഡ് ലൈനില്‍ തുടരുന്നവര്‍ പല ജില്ലകളിലും ഫീല്‍ഡ് പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. കുട്ടികളുടെ സുരക്ഷയെയാണ് ഈ പ്രശ്‌നങ്ങളെല്ലാം ബാധിക്കുന്നത്. നിയമ പരിരക്ഷ ഉള്‍പ്പെടെയുള്ള സഹായം തേടി വിളിക്കുന്ന കുട്ടികളുടെ പരാതികള്‍ കേള്‍ക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ് ഇതോടെ രൂപപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങളും മറ്റ് രീതിയിലുള്ള കുറ്റകൃത്യങ്ങളും വര്‍ധിച്ചുവരുന്ന കാലഘട്ടമാണിത്. കുടുംബങ്ങളിലും പൊതു ഇടങ്ങളിലുമൊക്കെ കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഏറ്റവും അടുപ്പമുള്ളവരില്‍ നിന്നാണ് പല കുട്ടികളും ഉപദ്രവിക്കപ്പെടുന്നത്. ലൈംഗികമായി പീഡിപ്പിക്കുന്നത് അടുത്ത ബന്ധുക്കളോ അയല്‍വാസികളോ ആകാം. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരകളാകുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച പരാതികള്‍ നിയമത്തിന് മുന്നിലെത്തുമ്പോള്‍ മാത്രമാണ് പുറം ലോകമറിയുന്നത്. അതേസമയം എവിടെയും പരാതി നല്‍കാനാകാതെ പീഡനങ്ങള്‍ സഹിച്ച് കടുത്ത മാനസിക സമ്മര്‍ദത്തിലൂടെ കടന്നുപോകുന്ന എത്രയോ കുട്ടികള്‍ പല കുടുംബങ്ങളിലുമുണ്ട്. ഇങ്ങനെയുള്ള കുട്ടികളില്‍ ചിലരെയെങ്കിലും പരാതി നല്‍കാനായി നിയമ സംവിധാനങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കുന്നുണ്ട്. അതുവഴി കുട്ടികള്‍ക്കെതിരെ കുറ്റകൃത്യങ്ങള്‍ നടത്തുന്ന കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനും സാധിക്കുന്നു. സ്‌കൂളുകളില്‍ നടത്തുന്ന കൗണ്‍സലിംഗിലൂടെയാണ് മിക്ക കുട്ടികളും തങ്ങള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്താറുള്ളത്. പിന്നീട് കുട്ടികള്‍ പോലീസിലും മറ്റും പരാതി നല്‍കാറുള്ളത് ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെയാണ്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരള പോലീസിന്റെ നേതൃത്വത്തില്‍ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1,363 കേസുകളാണ്. കേരള പോലീസിന്റെ സൈബര്‍ ഡോമിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള പോലീസ് സി സി എസ് ഇ (കൗണ്ടറിംഗ് ചൈല്‍ഡ് സെക‌്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍) ടീമിന്റെ ഓപറേഷന്‍ പി- ഹണ്ടിനു കീഴിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവ വഴി നടന്ന കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അധികവും. കേസുകളുമായി ബന്ധപ്പെട്ട് 315 പേര്‍ ഇതിനോടകം അറസ്റ്റിലായിക്കഴിഞ്ഞു. കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പി-ഹണ്ട് എന്ന പേരില്‍ ഒരു പ്രത്യേക ഓപറേഷന്‍ സംസ്ഥാന പോലീസ് ആരംഭിച്ചത്. സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിച്ചുകൊണ്ടാണ് സൈബര്‍ ഡോമിന്റെ ഇടപെടല്‍.

ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന 3,794 കേന്ദ്രങ്ങള്‍ കണ്ടെത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങള്‍ സൈബര്‍ സെല്ലുകളിലെ അംഗങ്ങള്‍, സാങ്കേതിക വിദഗ്ധര്‍, വനിതാ വിഭാഗം എന്നിവരടങ്ങുന്ന ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള 280 ടീമുകള്‍ക്ക് പിന്നീട് കൈമാറി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്ത 1,363 കേസുകളിലായി 2,425 ഉപകരണങ്ങള്‍ പിടിച്ചെടുത്തിരുന്നു. കുട്ടികളുടെ നിയമവിരുദ്ധ വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ സൂക്ഷിച്ചിട്ടുള്ള മൊബൈല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്‌കുകള്‍, മെമ്മറി കാര്‍ഡുകള്‍, ലാപ്ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍ മുതലായവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെട്ടിരുന്നു. മയക്കുമരുന്ന് മാഫിയകളും സെക്സ് റാക്കറ്റുകളും കഴുകന്‍മാരെ പോലെ കുട്ടികളെ വലംവെക്കുകയാണ്. കുട്ടികളുടെ നഗ്‌ന വീഡിയോകള്‍ ശേഖരിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘങ്ങള്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സജീവമായിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരെ ഉപയോഗിച്ച് കഞ്ചാവും മയക്കുമരുന്നും വില്‍പ്പന നടത്തുന്ന റാക്കറ്റുകള്‍ കുടുംബങ്ങളുടെ കെട്ടുറപ്പിനും നാടിന്റെ നിലനില്‍പ്പിനും വലിയ ഭീഷണിയാണ്. കുട്ടികളെ ഇത്തരം മാഫിയാ സംഘങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളും ചൈല്‍ഡ് ലൈനിന്റെ ഉത്തരവാദിത്വമാണ്. കുട്ടികളെ ഇരകളും കുറ്റവാളികളുമൊക്കെയാക്കി മാറ്റുന്ന ആപത്കരമായ സ്വാധീനമാണ് മയക്കുമരുന്ന് മാഫിയകള്‍ ചെലുത്തുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ചൈല്‍ഡ് ലൈനിന്റെ സഹായവും സേവനവും കുട്ടികള്‍ക്ക് നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം ദൂരവ്യാപകമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തും. കുട്ടികള്‍ കൂടുതല്‍ അരക്ഷിതാവസ്ഥ നേരിടാനും കുറ്റകൃത്യങ്ങള്‍ പിന്നെയും വര്‍ധിക്കാനും ഇത് കാരണമാകും. നേരത്തേ ചൈല്‍ഡ് ലൈന്‍, കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന് കീഴില്‍ നിന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലേക്ക് മാറ്റാനുള്ള നീക്കം വിവാദത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ സംവിധാനത്തില്‍ അടിമുടി മാറ്റങ്ങളുണ്ടാകുമെന്ന പ്രചാരണം നിലനില്‍ക്കുന്നുണ്ട്. എന്‍ ജി ഒകള്‍ ഇക്കാരണത്താല്‍ സാമ്പത്തിക സഹായം നല്‍കുന്നത് നിര്‍ത്തിവെച്ചത് മറ്റൊരു തിരിച്ചടിയായി മാറിയിരിക്കുകയാണ്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ചൈല്‍ഡ് ലൈന്‍ സംവിധാനം ഇവിടെ നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. ഇക്കാര്യത്തില്‍ വീഴ്ച വന്നാല്‍ അത് വലിയ തോതിലുള്ള സാമൂഹിക ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കും. ഈ സാഹചര്യത്തില്‍ ചൈല്‍ഡ് ലൈനിന്റെ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും പ്രതിസന്ധി പരിഹരിക്കാനും കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.

Latest