Connect with us

Kerala

മുഖ്യമന്ത്രി കള്ളനാക്കി ചിത്രീകരിച്ചപ്പോഴാണ് രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത്; കേരളം വെള്ളരിക്കാപ്പട്ടണമായി: പി വി അന്‍വര്‍ എംഎല്‍എ

ആര്‍ക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനം

Published

|

Last Updated

മലപ്പുറം |  സ്വര്‍ണ്ണക്കടത്തുകാര്‍ക്കും പോലീസിലെ സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിനും കസ്റ്റംസ് കൂട്ട് നില്‍ക്കുകയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ.സംസ്ഥാന പോലീസില്‍ പലരും ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞുവെന്നും പിവി അന്‍വര്‍ പൊതുയോഗത്തില്‍ ആരോപിച്ചു. പരാതി നല്‍കിയിട്ടും ഭരണകക്ഷിക്കോ പോലീസോ നടപടി സ്വീകരിച്ചില്ല. രണ്ടും കല്‍പ്പിച്ച് ഇറങ്ങിയത് മുഖ്യമന്ത്രി തന്നെ കളളനാക്കിയപ്പോഴാണെന്നും അദ്ദേഹം ആരോപിച്ചു.

കരിപ്പൂര്‍ വഴി കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്വര്‍ണ്ണക്കടത്ത് നടക്കുന്നു. സ്വര്‍ണ്ണക്കടത്തിന്റെ പേരില്‍ കേരളത്തില്‍ കൊലപാതകങ്ങളുണ്ടാകുന്നു. വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണ്ണം മറ്റൊരു സംഘം അടിച്ചുമാറ്റുന്നു. മുഖ്യമന്ത്രി പറഞ്ഞതല്ല നിയമം. സ്വര്‍ണം കസ്റ്റംസിന് കൈമാറുന്നതാണ് നിയമമെന്നും അന്‍വര്‍ പറഞ്ഞു.

രാാജ്യദ്രോഹിയായ ഷാജന്‍ സ്‌കറിയയെ പി ശശിയും എഡിജിപി അജിത് കുമാറും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഷാജന്‍ സ്‌കറിയക്ക് തടയിടാനുള്ള ശ്രമം ആണ് ഇവിടെ വരെ എത്തിച്ചത്.ബ്രീട്ടീഷുകാരോട് പോരാടി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുപാട് ത്യാഗം സഹിച്ച കുടുംബമാണ് എന്റേത്. ഇന്ത്യാ വിഭജനം നടക്കാതിരിക്കാന്‍ ധാരാളം സമ്പത്തു ചെലവഴിച്ച തറവാടാണ് എന്റേത്. ഒരുത്തന്റെ മുഖത്തുനോക്കി ഒരടിസ്ഥാനവുമില്ലാതെയാണ് വര്‍ഗീയവാദിയെന്നു പറയുന്നത്. ഇസ്ലാമിനെ മനസിലാക്കത്തതു കൊണ്ടാണ് അങ്ങനെ പറയുന്നത്. അന്യ മതസ്ഥാപനത്തെ നെറ്റിചുളിച്ച് നോക്കരുതെന്നാണു ഖുര്‍ആന്‍ പറയുന്നത്.

ആര്‍ക്കുവേണ്ടിയാണോ പോരാട്ടം നടത്തിയത് അവരെ തന്നെ തെരുവിലിറക്കിയിരിക്കുകയാണ് ഈ പ്രസ്ഥാനം.എന്റെ നിലപാടുകള്‍ പറയാന്‍ പോവുകയാണ്. സര്‍ക്കാര്‍ പരിപാടികളില്‍ പ്രാര്‍ഥന ഒഴിവാക്കണമെന്നു നിരവധി തവണ പറഞ്ഞ കാര്യമാണ്. പാദം തൊട്ട് അര വരെ പ്ലാസ്റ്ററിട്ട വ്യക്തി പട്ടയ മേളയുടെ സദസിന്റെ മുന്നില്‍ നില്‍ക്കുകയാണ്. ഈശ്വര പ്രാര്‍ഥന നടക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണം. ഈശ്വര പ്രാര്‍ഥന ഒഴിവാക്കണമെന്നു നിയമസഭയില്‍ എഴുതിക്കൊടുത്തു. സര്‍ക്കാര്‍ ചടങ്ങുകളില്‍ ഒരു പ്രാര്‍ഥനയും ഉണ്ടാകരുതെന്നാണ് അഭിപ്രായം. വര്‍ഗീയവാദിയാക്കി ചാപ്പ കുത്താന്‍ എളുപ്പമാണ്. പറഞ്ഞു പറഞ്ഞു തന്നെ മുന്നോട്ടുപോകണം.

പോലീസ് നടപടി സ്വീകരിക്കുന്നതു കൊണ്ട് കള്ളക്കടത്ത് നടത്താന്‍ കള്ളക്കടത്തുകാര്‍ക്കു ബുദ്ധിമുട്ട് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വര്‍ണക്കടത്ത് നടക്കുന്നുണ്ടെന്ന് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് പൊളിറ്റിക്കല്‍ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ട്. തെളിവുണ്ടോയെന്നാണു പൊളിറ്റിക്കല്‍ സെക്രട്ടറി ചോദിച്ചത്. അത്യാധുനിക സ്‌കാനിങ് സൗകര്യമുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇത്രയുമധികം സ്വര്‍ണം പുറത്തുനിന്നും പാലീസ് എങ്ങനെയാണ് പിടിക്കുന്നത്? എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്ന സഖാക്കളെ കൊണ്ടാണ് അവിടുത്തെ സ്‌കാനറിനെപ്പറ്റി ഇന്റര്‍നെറ്റിലൂടെ പരിശോധിച്ചത്. എങ്ങനെ കടത്തിയാലും സ്വര്‍ണം സ്‌കാനറില്‍ പതിയുമെന്ന് കണ്ടെത്തി. പിന്നെ എങ്ങനെയാണ് ഇത്രയും സ്വര്‍ണം പോലീസ് പിടിച്ചത്? പിന്നെ ഈ അന്വേഷണം സ്വര്‍ണം കൊണ്ടുവരുന്നവരെ ചുറ്റിപ്പറ്റിയായി. പലരും വിദേശത്താണ്. 2 കിലോ സ്വര്‍ണം പിടിച്ചാല്‍ എത്ര കസ്റ്റംസിന് കൊടുക്കണമെന്ന് പൊലീസുകാരാണു തീരുമാനിക്കുന്നത്.

അന്‍വര്‍ ഫോണ്‍ ചോര്‍ത്തിയതിനു കേസെടുത്ത് നടക്കുകയാണ്. കേരളം വെള്ളരിക്കാപ്പട്ടണമായി മാറിയിരിക്കുകയാണ്. ഞാന്‍ പിണറായി വിജയനെ രാഷ്ട്രീയത്തില്‍ വിശ്വസിച്ച മനുഷ്യനായിരുന്നു. എന്റെ ഹൃദയത്തില്‍ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു. എത്ര റിസ്‌കാണ് അദ്ദേഹം ഈ പാര്‍ട്ടിക്കു വേണ്ടിയെടുത്തത്. പ്രതിപക്ഷം മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ ഉയര്‍ത്തിയ എത്ര അനാവശ്യ ആരോപണങ്ങളെ ഞാന്‍ തടുത്തു. ഒരിക്കലും ആ പാര്‍ട്ടിയെയോ പാര്‍ട്ടി പ്രവര്‍ത്തകരെയോ ഞാന്‍ തള്ളിക്കളയില്ലെന്നും അന്‍വര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest