chinese spy ship
ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിടുമ്പോള്‍
യുവാന്‍ വാംഗ് 5ന് പിറകെ കൂടുതല്‍ ചൈനീസ് സൈനിക സംവിധാനങ്ങള്‍ ഹമ്പന്‍തോട്ടയില്‍ എത്തിച്ചേരുമെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. അതുകൊണ്ട് തന്നെ ഈ ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തുന്നത് തടയാന്‍ നയതന്ത്ര സമ്മര്‍ദം ശക്തമാക്കിയേ തീരൂ.
യു എസ് ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തോട് ചൈന നടത്തിക്കൊണ്ടിരിക്കുന്ന പ്രതികരണങ്ങള്‍ മേഖലയിലാകെ യുദ്ധഭീതിയുയര്‍ത്തിയ പശ്ചാത്തലത്തിലാണ് ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാംഗ് 5 ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാനുള്ള നീക്കവും വാര്‍ത്തകളില്‍ നിറയുന്നത്. സമുദ്ര ഗവേഷണമാണ് ലക്ഷ്യമെന്നും ഇത്തരത്തില്‍ വിവിധ രാജ്യങ്ങളുടെ തുറമുഖങ്ങളില്‍ പര്യവേഷണം മുന്‍നിര്‍ത്തി കപ്പലുകള്‍ ഡോക്ക് ചെയ്യുന്നത് പുതിയ കാര്യമല്ലെന്നും ചൈന വിശദീകരിക്കുന്നുവെങ്കിലും മേഖലയിലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ തയ്യാറായിട്ടില്ല. യഥാര്‍ഥത്തില്‍ ചൈനയുടെ അത്യന്താധുനിക ചാരക്കപ്പലാണ് യുവാന്‍ വാംഗ് 5. ഗവേഷണമൊക്കെ സത്യം മറച്ചു പിടിക്കാനുള്ള വെറും അവകാശവാദങ്ങള്‍ മാത്രമാണ്. അയല്‍രാജ്യങ്ങളുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തുകയും നിയമവിരുദ്ധമായ നിരീക്ഷണം നടത്തുകയുമാണ് ഈ ചാരക്കപ്പലിന്റെ ദൗത്യമെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സഹകരണത്തിന്റെ അന്തരീക്ഷം തകര്‍ക്കുന്ന ഈ നടപടിയില്‍ നിന്ന് പിന്‍വാങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം ശ്രീലങ്കന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊരു കപ്പല്‍ ചൈനീസ് തുറമുഖമായ ജിംയാംഗ്‌യിനില്‍ നിന്ന് പുറപ്പെടാനിരിക്കുന്നുവെന്ന് പ്രതിരോധ ഏജന്‍സികള്‍ വ്യക്തമാക്കിയപ്പോള്‍ തന്നെ ഇന്ത്യ കൃത്യമായ നിലപാടെടുത്തു. കപ്പലിന് ശ്രീലങ്കന്‍ തുറമുഖത്ത് ഇടം കൊടുക്കരുത്. അനുമതി പിന്‍വലിക്കണം. മേഖലയിലെ പൊതുസ്വാസ്ഥ്യം തകര്‍ക്കുന്ന നടപടിയില്‍ നിന്ന് പിന്‍വാങ്ങാന്‍ ശ്രീലങ്കയിലെ പുതിയ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ നേരിട്ട് ഇടപെടണമെന്ന ആവശ്യവും ഇന്ത്യ മുന്നോട്ട് വെച്ചു. തുടക്കത്തില്‍ ഈ അഭ്യര്‍ഥനക്ക് ചെവികൊടുക്കാന്‍ ശ്രീലങ്ക തയ്യാറായില്ല.
ആ ഘട്ടത്തില്‍ അവര്‍ ന്യായീകരിക്കുകയാണ് ചെയ്തത്. ഇന്ത്യയുടെ ആശങ്ക അസ്ഥാനത്താണെന്ന് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ നളിന്‍ ഹെരാത് പ്രതികരിച്ചു. ഇത് പതിവ് നടപടിയാണെന്നും അതിലപ്പുറമുള്ള പ്രാധാന്യം നല്‍കേണ്ടെന്നും ഹെരാത് പറഞ്ഞു. ഇന്ത്യ, ചൈന, റഷ്യ, ജപ്പാന്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ അവരവരുടെ കപ്പലുകള്‍ വിന്യസിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. ഇപ്പോള്‍ ചൈനക്ക് അനുമതി കൊടുത്തുവെന്നേയുള്ളൂ. ആണവായുധ സജ്ജമായ കപ്പല്‍ വന്നാല്‍ മാത്രമേ ശ്രീലങ്കക്ക് തടയാനാകൂ. ഇവിടെ വരാനിരിക്കുന്നത് അത്തരമൊരു കപ്പലല്ല. എന്നിങ്ങനെയായിരുന്നു കേണല്‍ ഹെരാത്തിന്റെ ന്യായീകരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും രാഷ്ട്രീയ അസ്ഥിരതയിലും നട്ടം തിരിയുന്ന ശ്രീലങ്കക്ക് ഇന്ത്യയുടെ സൗഹൃദം അനിവാര്യമാണ്. രാജപക്‌സേമാര്‍ ചൈനയുമായി സാമന്ത ബന്ധം പുലര്‍ത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണമെന്ന് ദ്വീപ് രാഷ്ട്രത്തിലെ പ്രക്ഷോഭകരും പ്രതിപക്ഷവും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഈ വസ്തുതകളുടെ വെളിച്ചത്തില്‍ ശ്രീലങ്കന്‍ അധികാരികള്‍ ഇരുന്ന് ആലോചിച്ചപ്പോള്‍ നിലപാട് മാറ്റി. കപ്പല്‍ തുറമുഖത്ത് അടുക്കുന്നത് അനിശ്ചിതമായി നീട്ടിവെക്കണമെന്ന് ചൈനീസ് പ്രതിരോധ മന്ത്രാലയത്തോട് ശ്രീലങ്ക ആവശ്യപ്പെട്ടു.
ചൈനീസ് അധികൃതര്‍ പ്രകോപിതരാകാന്‍ അത്രയും മതിയായിരുന്നു. മുതിര്‍ന്ന ശ്രീലങ്കന്‍ നേതൃത്വവുമായി ഉടന്‍ കൂടിക്കാഴ്ചക്ക് അവസരമൊരുക്കണമെന്ന് കൊളംബോയിലെ ചൈനീസ് എംബസി ആവശ്യപ്പെട്ടു. പ്രതിഷേധം അറിയിക്കാനും മുന്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ ശ്രീലങ്കയെ നിര്‍ബന്ധിക്കാനുമാണ് കൂടിക്കാഴ്ചയെന്ന് വ്യക്തം. പ്രസിഡന്റ് റെനില്‍ വിക്രമ സിംഗെ നേരിട്ട് ചൈനീസ് സ്ഥാനപതിയുമായി ചര്‍ച്ച നടത്തി. തത്കാലം കപ്പലിന്റെ വേഗം കുറക്കാമെന്നും ഹമ്പന്‍തോട്ടയില്‍ കപ്പല്‍ ഡോക്ക് ചെയ്യുന്നത് ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ധാരണ. ഈ ധാരണ പ്രകാരം യുവാന്‍ വാംഗ് 5 പ്രയാണം തുടരുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം.
ഇവിടെ രണ്ട് കാര്യങ്ങള്‍ പ്രത്യേകം പരിഗണിക്കേണ്ടിയിരിക്കുന്നു. യുവാന്‍ വാംഗ് 5 വെറുമൊരു പര്യവേഷണ കപ്പലല്ല എന്നതാണ് ഒന്നാമത്തെ കാര്യം. ചൈനീസ് പ്രതിരോധ വിഭാഗത്തിന്റെ ഗവേഷണ വിഭാഗം രൂപകല്‍പ്പന ചെയ്ത കപ്പല്‍ 2007 സെപ്തംബര്‍ മുതലാണ് സര്‍വീസ് ആരംഭിച്ചത്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്‌സ് യൂനിറ്റ് ആണ് കപ്പല്‍ നിയന്ത്രിക്കുന്നത്. ബഹിരാകാശ നിരീക്ഷണം, സൈബര്‍, ഇലക്ട്രോണിക് യുദ്ധമുറഎന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വിഭാഗമാണ് സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്‌സ്. സ്‌പേസ് ട്രാക്കിംഗിനും ഉപഗ്രഹ നിരീക്ഷണത്തിനുമായി യുവാന്‍ വാംഗ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീങ്ങിയേക്കുമെന്നാണ് ഇന്റലിജന്‍സ് റിപോര്‍ട്ട്. ഇന്ത്യന്‍ സമുദ്ര മേഖലയിലും സൂക്ഷ്മ നിരീക്ഷണം നടത്താന്‍ തക്കതായ സംവിധാനങ്ങളും കപ്പലിലുണ്ട്. ഇന്ത്യന്‍ സമുദ്രത്തില്‍ നിലയുറപ്പിച്ചാല്‍ ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്നുള്ള ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ നിരീക്ഷിക്കാനും ട്രാക്ക് ചെയ്യാനും കഴിയുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. 750 കിലോമീറ്റര്‍ വരെയുള്ള ആകാശപരിധിയിലെ സിഗ്‌നലുകള്‍ കപ്പലിന് നിരീക്ഷിക്കാനാകുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ശ്രീഹരിക്കോട്ട ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലെ വിവരങ്ങള്‍ ചോരുമെന്നതാണ് പ്രധാന ആശങ്ക.
ശ്രദ്ധേയമായ രണ്ടാമത്തെ പ്രശ്‌നം ഈ കപ്പല്‍ നങ്കൂരമിടാന്‍ പോകുന്ന ഹമ്പന്‍തോട്ട തുറമുഖം തന്നെയാണ്. ഈ തുറമുഖത്തിനായി ചൈന മുടക്കിയത് 1.4 ബില്യണ്‍ ഡോളറാണ്. ഈ തുറമുഖത്തില്‍ പണം മുടക്കാന്‍ ചൈനയെ ക്ഷണിച്ചത് ഇപ്പോള്‍ അധികാരഭ്രഷ്ടരായ മഹീന്ദ രാജപക്‌സേയും ഗൊതാബയ രാജപക്‌സേയുമായിരുന്നു. വായ്പ തിരിച്ചടക്കാത്തതിനാല്‍ തുറമുഖത്തിലുള്ള നിയന്ത്രണം ശ്രീലങ്കന്‍ സര്‍ക്കാറിന് നഷ്ടമായിരിക്കുകയാണ്. എന്നുവെച്ചാല്‍ ഈ തുറമുഖം ചൈനയുടെ സൈനിക താത്പര്യങ്ങളുടെ കേന്ദ്രമായി മാറുമെന്ന ഇന്ത്യയുടെ വിലയിരുത്തല്‍ അന്വര്‍ഥമായിരിക്കുന്നു. യുവാന്‍ വാംഗ് 5ന് പിറകെ കൂടുതല്‍ ചൈനീസ് സൈനിക സംവിധാനങ്ങള്‍ ഹമ്പന്‍തോട്ടയില്‍ എത്തിച്ചേരുമെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. അതുകൊണ്ട് തന്നെ ഈ ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തെത്തുന്നത് തടയാന്‍ നയതന്ത്ര സമ്മര്‍ദം ശക്തമാക്കിയേ തീരൂ. ഇത് ശ്രീലങ്കയുടെ ആഭ്യന്തര പ്രശ്‌നമായി കാണാനാകില്ല. മേഖലയുടെ സുസ്ഥിരതയും സമാധാനവുമായി ബന്ധപ്പെട്ട പ്രശ്‌നമാണിത്. ചൈനയുടെ മേധാവിത്വ സ്വപ്‌നങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ശ്രീലങ്കക്ക് ഒട്ടും ഗുണകരമാകില്ല.