Connect with us

Siraj Article

ഡല്‍ഹി പോലീസിനെ കോടതി കുടയുമ്പോള്‍

കലാപവുമായി ബന്ധപ്പെട്ട പല കേസുകളിലും എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ പോലീസിന് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കോടതികള്‍ കുറ്റപ്പെടുത്തി. പല കേസുകളിലും ഒരേ കുറ്റത്തിന് ഒന്നിലധികം എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. മറ്റ് പല കേസുകളിലും പോലീസ് കേസെടുക്കാന്‍ പോലും വിസമ്മതിച്ചു. കലാപത്തിനിടെ വെടിയേറ്റ് ഇടത് കണ്ണ് നഷ്ടപ്പെട്ട മുഹമ്മദ് നസീര്‍ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതിക്ക് പോലീസിന് പ്രത്യേകമായി നിര്‍ദേശം നല്‍കേണ്ടിവന്നു

Published

|

Last Updated

‘സി എ എ വിരുദ്ധ പ്രക്ഷോഭ കാലത്ത് അയാള്‍ നടത്തിയ പ്രഭാഷണങ്ങളുടെ തുടക്കത്തില്‍ അസ്സലാമു അലൈക്കുമെന്ന് ഉപയോഗിക്കുന്നു’- ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജെ എന്‍ യു വിദ്യാര്‍ഥിയായ ശര്‍ജീല്‍ ഇമാമിന്റെ ജാമ്യ ഹരജിയെ എതിര്‍ത്ത് ഡല്‍ഹി പോലീസ് ഉന്നയിച്ച എതിര്‍വാദമാണിത്. പ്രഭാഷണങ്ങളുടെ തുടക്കത്തില്‍ അസ്സലാമു അലൈക്കുമെന്നാണ് ശര്‍ജീല്‍ ഇമാം ഉപയോഗിക്കുന്നത്. ഇത് ഒരു പ്രത്യേക സമുദായത്തെ മാത്രം അഭിസംബോധന ചെയ്യാന്‍ വേണ്ടിയാണെന്നാണ് തീവ്രവാദ കുറ്റമാരോപിക്കുന്ന കേസില്‍ ജാമ്യ ഹരജിയെ എതിര്‍ക്കാനായി ഡല്‍ഹി പോലീസിന് പ്രധാനമായി ഉയര്‍ത്തിക്കാണിക്കാനുള്ളത് എന്നതാണ് ഏറെ ആശ്ചര്യകരം. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഏതാണ്ടെല്ലാം ഇതുപോലെയാണ്. കേസുകള്‍ വിചാരണാ ഘട്ടത്തിലേക്ക് കടന്നതോടെ ഇക്കാര്യം ഏറെ ദൃശ്യമാകുന്നുണ്ട്. രണ്ട് കാര്യങ്ങളാണ് ഡല്‍ഹി കലാപക്കേസുകളില്‍ സംഭവിച്ചിരിക്കുന്നത്. സി എ എ വിരുദ്ധ പ്രക്ഷോഭം നയിച്ച വിദ്യാര്‍ഥികളെയും ആക്ടിവിസ്റ്റുകളെയും അകാരണമായി ഡല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തുവെന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് കേസുകളില്‍ കൃത്യമായ അന്വേഷണം പോലും നടത്താതെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നുവെന്നതാണ്. ഇക്കാര്യം വിചാരണാ കോടതി തന്നെ ഡല്‍ഹി പോലീസിനോട് ശരിയായ രീതിയില്‍ പറയുന്നുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ഡല്‍ഹിയില്‍ ആളിക്കത്തുന്ന 2020ന്റെ തുടക്കത്തിലാണ് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ആസൂത്രിതമായ കലാപം അരങ്ങേറുന്നത്. പൗരത്വ പ്രക്ഷോഭകരെ അടിച്ചമര്‍ത്തണമെന്ന ബി ജെ പി നേതാവിന്റെ ആഹ്വാനത്തിന് പിന്നാലെയായിരുന്നു കലാപം. ഫെബ്രുവരി 23ന് തുടങ്ങിയ ആക്രമണം ദിവസങ്ങളോളം നീണ്ടുനിന്നു. കലാപത്തെത്തുടര്‍ന്ന് 53 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്നില്‍ രണ്ടും മുസ്‌ലിംകളായിരുന്നു. നിരവധി പേരെ കാണാതായി. എത്രയോ മനുഷ്യര്‍ പലായനം ചെയ്തു. വീടുകള്‍ അഗ്നിക്കിരായക്കപ്പെട്ടു. മസ്ജിദുകളും മദ്‌റസകളും തകര്‍ക്കപ്പെട്ടു. സ്‌കൂളുകള്‍ തീ വിഴുങ്ങി. കലാപം കയറിയിറങ്ങിപ്പോയതിന്റെ ശേഷിപ്പുകള്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ചുമരുകളില്‍ ഇപ്പോഴും ബാക്കിയായി നില്‍ക്കുന്നുണ്ട്. ഇരകളില്‍ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നുവെങ്കിലും ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലും ഈ അനുപാതം കുറച്ചില്ല. യു എ പി എ ഉള്‍പ്പെടെ 750ഓളം കേസുകളാണ് ഡല്‍ഹി പോലീസ് ഫയല്‍ ചെയ്തത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചവരും കലാപ കേസുകളില്‍ ഉള്‍പ്പെട്ടു. അക്രമം ആരംഭിക്കാന്‍ ആഹ്വാനം നല്‍കിയെന്നും നരേന്ദ്ര മോദി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് സി എ എ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ കേസെടുത്തത്. കലാപ കേസുകളില്‍ പോലീസ് വാദങ്ങളെ തള്ളി നിരവധി പേര്‍ ജാമ്യം നേടി പുറത്ത് എത്തിയിട്ടുണ്ട്. പല കേസുകളും ഇപ്പോള്‍ വിചരണാ ഘട്ടത്തിലാണ്. അതിരൂക്ഷ വിമര്‍ശമാണ് ഡല്‍ഹി പോലീസ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ചില കേസുകളില്‍ കോടതികളില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്.

അന്വേഷണം നടത്തുന്നതിലുള്ള പോലീസിന്റെ അലസത മൂലം ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണയുമായി മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെന്നാണ് ഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് അരുണ്‍ കുമാര്‍ അടുത്തിടെ പറഞ്ഞത്. കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. അതില്ലാത്തത് മൂലം ഒരു വര്‍ഷത്തിലധികമായി കേസിലെ പ്രതികള്‍ ജയിലില്‍ കഴിയുകയാണ്. ഡി സി പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന കേസുകളില്‍പ്പോലും അലസതയുണ്ട്. അതിനെതിരെ നടപടി സ്വീകരിക്കണം. കേസിന്റെ അന്തിമ തീര്‍പ്പ് ഉറപ്പാക്കാതെ പോലീസ് ഒന്നിന് പിറകെ ഒന്നായി അധിക കുറ്റപത്രം സമര്‍പ്പിക്കുകയാണെന്ന വിമര്‍ശവും കോടതി നടത്തിയിരുന്നു. ഇതിന് തൊട്ടുപിറകെ മറ്റൊരു വിമര്‍ശം അഡീഷനല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവും ഉന്നയിച്ചു. വര്‍ഗീയ കലാപം സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ സംവേദനക്ഷമത കാണിക്കണമെന്ന് നിര്‍ദേശിച്ചതിന് സാമാന്യ ബുദ്ധിക്ക് നിരക്കാതെ കേസെടുക്കണമെന്ന അര്‍ഥമില്ലെന്ന് ഡല്‍ഹി പോലീസിനോട് കോടതി പറഞ്ഞു. ഡല്‍ഹി കലാപത്തിനിടെ തീവെപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജാവേദെന്ന വ്യക്തിയെ കുറ്റവിമുക്തനാക്കിയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി വിനോദ് യാദവ് ഇക്കാര്യം പറഞ്ഞത്. ജാവേദടങ്ങുന്ന സംഘം തീവെപ്പ് നടത്തിയതായി കേസിലെ മൊഴികളിലൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റവിമുക്തനാക്കിയത്. കേസിലെ സാക്ഷികള്‍ നല്‍കിയ മൊഴിയില്‍ കൊള്ള നടന്നതായി പറയുന്നുണ്ട്. ഈ കേസില്‍ പ്രതിയെ വിചാരണ നടത്താമെന്നും കോടതി വ്യക്തമാക്കി. കലാപം സംബന്ധിച്ച കേസുകള്‍ സംവേദനക്ഷമതയോടെ കൈകാര്യം ചെയ്യണമെന്ന് കോടതി തന്നെ നിര്‍ദേശിച്ചതാണ്. അതിനര്‍ഥം സാമാന്യബുദ്ധി ഉപയോഗിക്കേണ്ടെന്നല്ല. കേസുകള്‍ രേഖപ്പെടുത്തുമ്പോള്‍ അതിലേക്ക് മനസ്സര്‍പ്പിച്ചു വേണം ചെയ്യാനെന്നും കോടതി പോലീസിനോട് പറഞ്ഞു.

കലാപവുമായി ബന്ധപ്പെട്ട പല കേസുകളിലും എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ പോലീസിന് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കോടതികള്‍ കുറ്റപ്പെടുത്തി. പല കേസുകളിലും ഒരേ കുറ്റത്തിന് ഒന്നിലധികം എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. മറ്റ് പല കേസുകളിലും പോലീസ് കേസെടുക്കാന്‍ പോലും വിസമ്മതിച്ചു. കലാപത്തിനിടെ വെടിയേറ്റ് ഇടത് കണ്ണ് നഷ്ടപ്പെട്ട മുഹമ്മദ് നസീര്‍ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതിക്ക് പോലീസിന് പ്രത്യേകമായി നിര്‍ദേശം നല്‍കേണ്ടിവന്നു. പല തീവെപ്പു കേസുകളും ഒറ്റ കേസായി രജിസ്റ്റര്‍ ചെയ്തു. മദീനാ മസ്ജിദ് അഗ്നിക്കിരയാക്കിയതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പരാതി നല്‍കിയ ഹാഷിം അലിയെ തന്നെ പോലീസ് അറസ്റ്റ് ചെയ്തതില്‍ കോടതി രൂക്ഷ വിമര്‍ശം ഉന്നയിച്ചു. ഹാഷിം അലി നല്‍കിയ രണ്ട് പരാതികള്‍ നരേഷ് ചന്ദ് എന്ന വ്യക്തി നല്‍കിയ പരാതിയോടൊപ്പം ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പരാതിക്കാരനെ തന്നെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന അസംബന്ധം കോടതി ചൂണ്ടിക്കാണിച്ചു. കൃത്യമായ തെളിവുകളില്ലാത്ത നിരവധി കേസുകളുമുണ്ട്. എഫ് ഐ ആറില്‍ പേര് രേഖപ്പെടുത്താതെ അറസ്റ്റ് ചെയ്ത നാല് മുസ്‌ലിം യുവാക്കള്‍ക്ക് അടുത്തിടെ കോടതി ജാമ്യം നല്‍കിയിരുന്നു. ഇവര്‍ക്കെതിരായ സി സി ടി വി ദൃശ്യങ്ങളോ വീഡിയോകളോ ഫോട്ടോകളോ ഡല്‍ഹി പോലീസിന് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ജാമ്യം നല്‍കിയത്. കൂടാതെ ഡല്‍ഹി പോലീസ് രേഖപ്പെടുത്തിയ സാക്ഷി മൊഴികളെയും കോടതികള്‍ ചോദ്യം ചെയ്യുന്നുണ്ട്. ഡല്‍ഹി പോലീസ് തെറ്റായ മൊഴികള്‍ നല്‍കാന്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയും നിര്‍ബന്ധിക്കുകയും ചെയ്തതായി ചില സാക്ഷികള്‍ ആരോപിക്കുന്നുണ്ട്. ചില കേസുകളില്‍ പോലീസ് ഉദ്യോഗസ്ഥരെ തന്നെ സാക്ഷികളായി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. കോടതി ഇത്തരം സാക്ഷിമൊഴികളുടെ ആധികാരികത ചോദ്യം ചെയ്തു. യഥാര്‍ഥത്തില്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ഡല്‍ഹി പോലീസ് കോടതികളില്‍ വിയര്‍ക്കുകയാണ്. കലാപം തടയാന്‍ വേണ്ടി ഒന്നും ചെയ്യാതിരുന്ന ഡല്‍ഹി പോലീസ് ഒടുവില്‍ കേസുകളിലും അതേ രീതിയാണ് സ്വീകരിച്ചതെന്നത് വ്യക്തമാകുകയാണ്. അതുകൊണ്ടാണ്, ഡല്‍ഹി കലാപക്കേസിലെ കുറ്റപത്രങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ച കടലാസുകളുടെ പേരില്‍ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഖാലിദ് സൈഫിക്ക് കോടതിയില്‍ വെച്ച് ഡല്‍ഹി പോലീസിനെ പരിഹസിക്കേണ്ടി വന്നത്. ഡല്‍ഹി കലാപത്തിലെ കുറ്റപത്രം സമര്‍പ്പിച്ചത് കാരണം ഡല്‍ഹി പോലീസിന് രണ്ട് ദശലക്ഷം പേപ്പറുകള്‍ പാഴായിയെന്നും ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഡല്‍ഹി പോലീസിനെതിരെ കേസ് നല്‍കുമെന്നുമാണ് തന്റെ കേസിന്റെ വാദം നടക്കുന്നതിനിടെ ഖാലിദ് സൈഫി പറഞ്ഞത്. അസ്സലാമു അലൈക്കുമെന്ന് ഉപയോഗിക്കുന്നത് നിയമത്തിനെതിരാണെങ്കില്‍ അത് പറയുന്നത് അവസാനിപ്പിക്കാമെന്ന് ശര്‍ജീല്‍ ഇമാമിന്റെ കേസ് ചൂണ്ടിക്കാണിച്ചും ഖാലിദ് സൈഫി ഡല്‍ഹി പോലീസിനെ പരിഹസിച്ചിരുന്നു. അസ്സലാമു അലൈക്കുമെന്ന് ഒരു പ്രസംഗത്തിന്റെ തുടക്കത്തില്‍ പറയുന്നതിനെക്കുറിച്ച് ഡല്‍ഹി പോലീസ് പറയുന്ന കാര്യം വായിച്ചു. ഇത് നിയമ വിരുദ്ധമാണെങ്കില്‍ അത് പറയുന്നത് നിര്‍ത്തും. ഞാന്‍ എപ്പോഴും എന്റെ സുഹൃത്തുക്കളെ സലാം ചൊല്ലി അഭിവാദ്യം ചെയ്യാറുണ്ട്. ഇത് നിയമവിരുദ്ധമാണെങ്കില്‍ അത് നിര്‍ത്തേണ്ടിവരുമെന്നാണ് കരുതുന്നതെന്നും സൈഫി പറഞ്ഞു. അതേസമയം, ഇത് കോടതിയുടെ വാക്കല്ലെന്നും പ്രോസിക്യൂഷന്റെ വാദങ്ങളാണെന്നും കോടതി പറഞ്ഞിരുന്നു.

എങ്ങനെയായിരുന്നാലും, ഡല്‍ഹി കലാപത്തിലെ യഥാര്‍ഥ കുറ്റവാളികളിലേക്ക് തിരിയാതെ സി എ എ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരേയും മുസ്‌ലിം യുവാക്കള്‍ക്ക് നേരേയും യു എ പി എ ഉള്‍പ്പെടെയുള്ള കേസുകള്‍ ചുമത്തി ഡല്‍ഹി പോലീസ് അകാരണമായി രജിസ്റ്റര്‍ ചെയ്ത കേസുകളാണ് കോടതികളില്‍ പൊളിഞ്ഞുപോകുന്നത്.

Latest