Articles
വിദ്വേഷവര്‍ഷങ്ങള്‍ക്കെതിരെ കോടതി കലഹിക്കുമ്പോള്‍
രാജ്യത്തെ ഭരണഘടനയെയും അതിന്റെ മതനിരപേക്ഷ ഉള്ളടക്കത്തെയും വലിയ രീതിയില്‍ അപകടപ്പെടുത്തുന്ന വിദ്വേഷ പ്രസംഗങ്ങളെ നീതിപീഠം വേണ്ട ഗൗരവത്തോടെ കാണുന്നുണ്ട് എന്നത് ഇവ്വിഷയികമായ ന്യായാസന ഇടപെടലുകളിലെ കാര്യമായ പുരോഗതിയെയാണ് അടയാളപ്പെടുത്തുന്നത്. നമ്മുടെ മതനിരപേക്ഷ രാഷ്ട്രഗാത്രത്തെ ഇത്തിക്കണ്ണി കണക്കെ കാര്‍ന്നു തിന്നുന്ന ഫംഗസാണ് വിദ്വേഷ പ്രസംഗങ്ങള്‍.
കാജല്‍ ഹിന്ദുസ്ഥാനി എന്നാണ് പേര്. സംരംഭക, റിസര്‍ച്ച് അനലിസ്റ്റ്, സാമൂഹിക പ്രവര്‍ത്തക എന്നൊക്കെയാണ് സ്വയം പരിചയപ്പെടുത്തുന്നതെങ്കിലും കലാപത്തീ പടര്‍ത്തുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധയാണ് ആ യുവതി. രാമ നവമിയുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഉനയില്‍ കഴിഞ്ഞ മാര്‍ച്ച് 30ന് വി എച്ച് പി സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിംകള്‍ക്കെതിരെ വിഷം തുപ്പുന്ന പ്രസംഗം നടത്തിയതിനാണിപ്പോള്‍ അവര്‍ നിയമ നടപടി നേരിട്ടുകൊണ്ടിരിക്കുന്നത്. നിലതെറ്റിയ വിദ്വേഷവര്‍ഷം പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുന്നതിലേക്ക് നയിച്ചപ്പോള്‍ മാത്രമാണ് ഗുജറാത്ത് പോലീസ് നടപടി സ്വീകരിച്ചത്. ബി ജെ പി. എം എല്‍ എ. കെ സി റാത്തോഡിന്റെ സാന്നിധ്യത്തിലായിരുന്നു കാജല്‍ ഹിന്ദുസ്ഥാനിയുടെ വിദ്വേഷ പ്രസംഗം. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന പ്രഭാഷണങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ കേന്ദ്ര സര്‍ക്കാര്‍ വിദ്വേഷ പ്രസംഗങ്ങളെ പിന്തുണക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠത്തെ അറിയിച്ചത്. അതദ്ദേഹം കോടതിയില്‍ പിടിച്ചുനില്‍ക്കാന്‍ വേണ്ടി മാത്രം പറഞ്ഞതാണെന്ന് വേണം മനസ്സിലാക്കാന്‍. ഉനയില്‍ ബി ജെ പി. എം എല്‍ എയെ വേദിയിലിരുത്തിയായിരുന്നു വിദ്വേഷ പ്രസംഗമെങ്കില്‍ കഴിഞ്ഞ ജനുവരി 29ന് മുംബൈയില്‍ സാകല്‍ ഹിന്ദു സമാജ് റാലിയിലെ വര്‍ഗീയ പ്രസംഗം ഭരണകക്ഷി എം പിമാരെയും എം എല്‍ എമാരെയും സാക്ഷിയാക്കിയാണ് അരങ്ങേറിയത്. നിരന്തരം വിദ്വേഷം പ്രസരിപ്പിക്കുന്ന കേന്ദ്ര മന്ത്രിമാരും പാര്‍ലിമെന്റംഗങ്ങളും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കുള്ളപ്പോള്‍ ഏറെയൊന്നും പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 295 എ വകുപ്പുകള്‍ പ്രകാരം യഥാക്രമം കലാപ പ്രേരണക്കും മതവികാരം മുറിപ്പെടുത്തിയതിനുമാണ് കാജല്‍ ഹിന്ദുസ്ഥാനിക്കെതിരെ ഗുജറാത്ത് പോലീസ് കേസെടുത്തത്. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളുകയാണുണ്ടായത്.
ആള്‍ക്കൂട്ട ആക്രമണങ്ങളെയും വിദ്വേഷ പ്രസംഗങ്ങളെയും അഡ്രസ്സ് ചെയ്യുന്ന, ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ ശ്രദ്ധേയ നിയമ വ്യവഹാരങ്ങളിലൊന്നാണ് 2018ലെ തെഹ്സീന്‍ പൂനവാല കേസ്. 2014ല്‍ ബി ജെ പിയുടെ അധികാരാരോഹണത്തിന് ശേഷം ന്യൂനപക്ഷ, ദളിത് വിഭാഗങ്ങള്‍ക്കെതിരെ ഹിന്ദുത്വര്‍ നിരന്തരം അഴിച്ചുവിട്ട ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും അതിക്രമങ്ങളുടെയും അതിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങളുടെയും പശ്ചാത്തലത്തിലാണ് അതിനെതിരെ പൊതുതാത്പര്യ ഹരജി പരമോന്നത കോടതി കയറുന്നത്. 2018 ജൂലൈ 17ന് ഉണ്ടായ സുപ്രീം കോടതി വിധിയിലെ പ്രധാന നിര്‍ദേശങ്ങളിലൊന്ന് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനും വിദ്വേഷ പ്രചാരണങ്ങള്‍ക്ക് താഴിടാനും പാര്‍ലിമെന്റ് പ്രത്യേക നിയമം കൊണ്ടുവരണമെന്നതായിരുന്നു. പക്ഷേ വാതുറന്നാല്‍ വിഷം വമിക്കുന്ന വര്‍ഗീയത മാത്രം പറഞ്ഞുശീലമുള്ള ഹിന്ദുത്വ നേതാക്കളെ പിന്തിരിപ്പിക്കാന്‍ മാത്രം അതൊന്നും പ്രതിഫലനമുണ്ടാക്കിയില്ല. തുടര്‍ന്നും രാജ്യത്തുടനീളം ഹിന്ദു സമാജുകള്‍ വിളിച്ചു ചേര്‍ത്ത് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതാണ് നാം കണ്ടത്. ഹരിദ്വാറിലും ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും അതാവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. തടയേണ്ട ഭരണകൂടം സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ ന്യൂനപക്ഷ വിരുദ്ധ പ്രസംഗങ്ങള്‍ നടത്തി ഹിന്ദുത്വര്‍ വിദ്വേഷം പടര്‍ത്തിയ മണ്ണില്‍ തിരഞ്ഞെടുപ്പ് വിളവെടുപ്പിനുള്ള സാധ്യത കണ്ടെത്തുന്നു. അത്തരമൊരു കാലത്ത് കര്‍ക്കശ സ്വരത്തിലുള്ള ചില തീര്‍പ്പുകള്‍ കഴിഞ്ഞ ദിവസം പരമോന്നത നീതിപീഠത്തില്‍ നിന്നുണ്ടായി എന്നത് ശുഭോദര്‍ക്കമാണ്.
വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ പരാതി ലഭിക്കാന്‍ കാത്തിരിക്കേണ്ടതില്ല. സ്വമേധയാ കേസെടുക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ,153 ബി, 295 എ, 506 എന്നീ വകുപ്പുകളുടെ പരിധിയില്‍ വരുന്ന പ്രസംഗമോ പ്രവൃത്തിയോ ഉണ്ടായാല്‍ പരാതിയില്ലാതെ തന്നെ കേസെടുക്കണമെന്ന് മുഴുവന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരിക്കുകയാണ് പരമോന്നത നീതിപീഠം. ഏതെങ്കിലും തരത്തില്‍ ഉപേക്ഷ വരുത്തിയാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ട്. ഡല്‍ഹി, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് പോലീസ് വിദ്വേഷ പ്രസംഗങ്ങളില്‍ സ്വമേധയാ നടപടി സ്വീകരിക്കണമെന്ന 2022 ഒക്ടോബര്‍ 21ലെ വിധി കൂടുതല്‍ വ്യക്തതയോടെ രാജ്യത്തെല്ലായിടത്തേക്കും നീട്ടിയിരിക്കുകയാണ് കഴിഞ്ഞ ദിവസത്തെ വിധി പ്രസ്താവത്തിലൂടെ സുപ്രീം കോടതി.
വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെയുള്ള നടപടികളിലൂടെ ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെക്കുകയാണെന്ന പ്രചാരണം സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ഈയിടെ നടത്തുന്നുണ്ട്. അതും കൂടെ മുന്നില്‍ കണ്ടുകൊണ്ടാകണം വിദ്വേഷ പ്രഭാഷകരുടെ മതം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചത്. രാജ്യത്തെ ഭരണഘടനയെയും അതിന്റെ മതനിരപേക്ഷ ഉള്ളടക്കത്തെയും വലിയ രീതിയില്‍ അപകടപ്പെടുത്തുന്ന വിദ്വേഷ പ്രസംഗങ്ങളെ നീതിപീഠം വേണ്ട ഗൗരവത്തോടെ കാണുന്നുണ്ട് എന്നത് ഇവ്വിഷയികമായ ന്യായാസന ഇടപെടലുകളിലെ കാര്യമായ പുരോഗതിയെയാണ് അടയാളപ്പെടുത്തുന്നത്. നമ്മുടെ മതനിരപേക്ഷ രാഷ്ട്രഗാത്രത്തെ ഇത്തിക്കണ്ണി കണക്കെ കാര്‍ന്നു തിന്നുന്ന ഫംഗസാണ് വിദ്വേഷ പ്രസംഗങ്ങള്‍. സംഘ്പരിവാറിന്റെ അക്രമോത്സുക പ്രത്യയശാസ്ത്രത്തിന്റെ ഹോം ഗ്രൗണ്ടൊരുക്കമാണ് വിദ്വേഷ പ്രഭാഷകരുടെ ലക്ഷ്യമെങ്കില്‍ അതിന്റെ മറവില്‍ അധികാര രാഷ്ട്രീയത്തിലേക്കുള്ള വര്‍ഗീയ വിഭജന വഴികള്‍ വെട്ടുകയാണ് ബി ജെ പി ചെയ്യുന്നത്. വെറുപ്പുത്പാദകരുടെ താത്പര്യങ്ങളെന്തായാലും വിസമ്മതം പറയാന്‍ രാജ്യത്തെ മതനിരപേക്ഷ വിശ്വാസികള്‍ക്ക് കഴിയുമ്പോഴാണ് നമ്മുടെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടുന്നതെന്ന് ഒറ്റശ്വാസത്തില്‍ നമുക്ക് പറയാനാകും. സംഘ്പരിവാര്‍ അജന്‍ഡകളോട് കലഹിച്ചും ശബ്ദിച്ചും മുന്നോട്ടുപോകുന്ന കേരളം അതിന് വലിയ മാതൃകയാണെന്ന് ‘ദി കേരള സ്റ്റോറി’യുടെ പുതിയ വഴിത്തിരിവില്‍ നിന്ന് നമുക്ക് മനസ്സിലാക്കാനും കഴിയും.