Connect with us

Prathivaram

പശുവിനെ ദേശീയ മൃഗമാക്കുമ്പോൾ

പശു ഇന്ത്യയുടെ ദേശീയ മൃഗമായാൽ ജനാധിപത്യത്തിനോ മതേതരത്വത്തിനോ പ്രത്യക്ഷത്തിൽ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. അതേസമയം, ഈ വിഷയം വർഗീയ ധ്രുവീകരണത്തിനും കലാപത്തിനും കൊലകൾക്കും കാരണമാകാൻ സാധ്യതയുണ്ട് എന്നതിനാലും അത്തരമൊരു സാഹചര്യം രാജ്യത്തുടനീളം വന്നാൽ സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയിൽ നമ്മുടെ രാജ്യത്തിന്റെ സൗഹാർദാന്തരീക്ഷം തകരും എന്നതും ആശങ്കയുണർത്തുന്ന കാര്യങ്ങളാണ്.

Published

|

Last Updated

ഹിന്ദു രാഷ്ട്രസങ്കൽപ്പം ഭാവിയിലെങ്കിലും യാഥാർഥ്യമാക്കാനുള്ള നീക്കങ്ങൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പശുവിനെ ദേശീയ മൃഗമാക്കണമെന്ന അഭിപ്രായങ്ങൾ അടുത്തിടെ ശക്തമായത്. അലഹബാദ് ഹൈക്കോടതിയാണ് ഈ ആവശ്യം പരിഗണിക്കണമെന്ന അഭിപ്രായം മുന്നോട്ടുവെച്ചത്. പശുരക്ഷകരുടെ വേഷമണിഞ്ഞ വർഗീയവാദികളുടെ കൈകളാൽ നിരവധി നിരപരാധികളായ മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ട ഒരു രാജ്യത്താണ് ഇത്തരമൊരാവശ്യം ഔദ്യോഗിക സ്ഥാനങ്ങളിലിരിക്കുന്നവർ തന്നെ മുന്നോട്ടുവെക്കുന്നത്.

തീർത്തും വിചിത്രമായ കാര്യങ്ങളാണ് അലഹബാദ് ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട് നിരീക്ഷിച്ചിട്ടുള്ളത്. ഓക്സിജൻ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗം പശുവാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ടെന്നാണ് സിംഗിൾ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് ശേഖർ കുമാർ യാദവ് എഴുതിയ വിധിപ്രസ്താവത്തിലെ ഒരു നിരീക്ഷണം. പശുവിന്റെ പാലിൽ നിന്നുമുണ്ടാക്കുന്ന നെയ്യ് പൂജകളിൽ ഉപയോഗിക്കുന്നത് സൂര്യരശ്മികൾക്ക് പ്രത്യേക ശക്തി പകരാൻ വേണ്ടിയാണെന്നാണ് മറ്റൊരു നിരീക്ഷണം. ഈ സൂര്യരശ്മികളാണ് മഴക്ക് കാരണമാകുന്നത് എന്നതുകൂടി പശുവിന്റെ പ്രാധാന്യം വ്യക്തമാക്കുന്നുവെന്നും കോടതിയുടെ നിരീക്ഷണത്തിൽ പറയുന്നുണ്ട്.

ആധുനിക ജനാധിപത്യ രാഷ്ട്രത്തിൽ നിന്ന് രാജ്യം വീണ്ടും പിന്നോട്ട് നടക്കുന്നതിന്റെ അടയാളങ്ങളാണ് അലഹാബാദ് ഹൈക്കോടതിയുടെ പ്രസ്താവനയിൽ തെളിഞ്ഞുകാണുന്നത്. പശുവിന്റെ പാൽ, തൈര്, നെയ്യ്, മൂത്രം, ചാണകം എന്നിവ ചേർത്തുണ്ടാക്കുന്ന പഞ്ചഗവ്യത്തിന് മാരകരോഗങ്ങൾ മാറ്റാനുള്ള ശക്തിയുണ്ടെന്നും വിധിയിലുണ്ട്. ഉത്തർപ്രദേശിൽ ഗോവധ നിരോധന നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഈ പരാമർശങ്ങൾ. പശു ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ദേശീയ മൃഗമായി പ്രഖ്യാപിക്കപ്പെടേണ്ടതാണെന്നുമായിരുന്നു കോടതി പറഞ്ഞത്.
പശുവിന് മൗലികാവകാശങ്ങൾ നൽകാനും ദേശീയ മൃഗമായി പ്രഖ്യാപിക്കാനും യു പി സർക്കാർ പാർലിമെന്റിൽ ബില്ല് അവതരിപ്പിക്കണമെന്നും പശുവിന് അപകടം വരുന്ന വിധത്തിൽ സംസാരിക്കുന്നവരെ ശിക്ഷിക്കാൻ കടുത്ത നിയമങ്ങൾ കൊണ്ടുവരണമെന്നും കോടതി പറയുന്നുണ്ട്.

പശു ഇന്ത്യയുടെ ദേശീയ മൃഗമായാൽ ജനാധിപത്യത്തിനോ മതേതരത്വത്തിനോ പ്രത്യക്ഷത്തിൽ യാതൊന്നും സംഭവിക്കാൻ പോകുന്നില്ല. അതേസമയം, ഈ വിഷയം വർഗീയ ധ്രുവീകരണത്തിനും കലാപത്തിനും കൊലകൾക്കും കാരണമാകാൻ സാധ്യതയുണ്ട് എന്നതിനാലും അത്തരമൊരു സാഹചര്യം രാജ്യത്തുടനീളം വന്നാൽ സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയിൽ നമ്മുടെ രാജ്യത്തിന്റെ സൗഹാർദാന്തരീക്ഷം തകരും എന്നതും ആശങ്കയുണർത്തുന്ന കാര്യങ്ങളാണ്. കോടതിയുടെ പരാമർശത്തിൽ തന്നെ അത്തരമൊരു അപകടത്തിന്റെ സൂചനകളുണ്ട്.

Latest