Connect with us

Articles

ഡല്‍ഹി സര്‍വീസസ് ബില്‍ പാര്‍ലിമെന്റ് കടക്കുമ്പോള്‍

ബി ജെ പിയും ആം ആദ്മിയും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ച ഓര്‍ഡിനന്‍സ് നിയമമാക്കി മാറ്റാനാണ് ഇപ്പോള്‍ ഗവണ്‍മെന്റ് ഓഫ് നാഷനല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍ 2023 എന്ന് വിളിക്കപ്പെടുന്ന ഡല്‍ഹി സര്‍വീസസ് ബില്‍ പാസ്സാക്കിയത്. ഇതോടെ ഡല്‍ഹി സര്‍ക്കാറിന് വിശാലമായ അധികാര പരിധി നിര്‍ണയിച്ചു നല്‍കിയ സുപ്രീം കോടതിയുടെ നിര്‍ദേശത്തെ കേന്ദ്ര സര്‍ക്കാറിന് കവച്ചു വെക്കാനാകും.

Published

|

Last Updated

പ്രതിപക്ഷ കക്ഷികളുടെ വന്‍ പ്രക്ഷോഭങ്ങള്‍ക്കിടയിലും ഡല്‍ഹി സര്‍വീസസ് ബില്‍ പാര്‍ലിമെന്റ് കടന്നിരിക്കുകയാണ്. ആഗസ്റ്റ് ഏഴിന് രാജ്യസഭയില്‍ ശബ്ദ വോട്ടോടെ പാസ്സായതോടെ ബില്ലില്‍ ഇനി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പിട്ടാല്‍ നിയമമായി പ്രഖ്യാപിക്കപ്പെടും. രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ ഭരണത്തെ ചൊല്ലി നിലനില്‍ക്കുന്ന, കേന്ദ്ര സര്‍ക്കാറും ഡല്‍ഹി സര്‍ക്കാറും തമ്മിലുള്ള തര്‍ക്ക വിഷയങ്ങളുടെ മറ്റൊരു പ്രധാന ചരിത്ര ഭാഗമായി ഈ ബില്‍ മാറും.
നിലവില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ഒട്ടു മിക്ക അധികാരവും ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് നല്‍കി മെയ് 11ന് സുപ്രീം കോടതി പ്രഖ്യാപനം നടത്തിയിരുന്നു. പൊതു നിയമങ്ങള്‍, ഭൂമി കൈകാര്യം, പോലീസ് എന്നിവ ഒഴികെയുള്ള എല്ലാ കാര്യങ്ങളുടെയും പൂര്‍ണമായ നിയന്ത്രണം ആം ആദ്മി സര്‍ക്കാറിനായിരിക്കും എന്നായിരുന്നു വിധി. ഇതിനെ തുടര്‍ന്ന് മെയ് 19ന് കേന്ദ്ര സര്‍ക്കാറിന്റെ ഒരു ഓര്‍ഡിനന്‍സ് അവതരിപ്പിക്കുകയുണ്ടായി. നിയമന കൈമാറ്റം, വിജിലന്‍സ്, മറ്റ് അടിയന്തര പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കാന്‍ മാത്രമായി ഡല്‍ഹി സര്‍ക്കാറിന് അധികാരമുണ്ടായിരിക്കും എന്നതായിരുന്നു ഓര്‍ഡിനന്‍സ്. “ദേശീയ തലസ്ഥാനമെന്ന നിലയിലുള്ള പ്രത്യേക പദവി പരിഗണിച്ച്, പ്രാദേശികവും ദേശീയവുമായ എല്ലാ ജനാധിപത്യ താത്പര്യങ്ങളെയും സന്തുലിതമായി കൈകാര്യം ചെയ്യുന്നതിനായി ഇന്ത്യന്‍ ഭരണകൂടവും ഡല്‍ഹി സര്‍ക്കാറും ചേര്‍ന്ന് നിയമപ്രകാരമുള്ള ഒരു ഭരണ സംവിധാനം രൂപപ്പെടുത്തേണ്ടതുണ്ട്’ എന്നാണ് സര്‍ക്കാര്‍ ആ ഉത്തരവില്‍ പറഞ്ഞിരുന്നത്. നിയമനം, വിജിലന്‍സ്, അടിയന്തര പ്രശ്‌നങ്ങള്‍ എന്നിവയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ശിപാര്‍ശകള്‍ നല്‍കുന്നതിന് ഒരു സ്ഥിരം അതോറിറ്റി ഉണ്ടാകുമെന്നും അത് ഡല്‍ഹി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരിക്കും എന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
ബി ജെ പിയും ആം ആദ്മിയും തമ്മില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ച ഈ ഓര്‍ഡിനന്‍സ് നിയമമാക്കി മാറ്റാനാണ് ഇപ്പോള്‍ ഗവണ്‍മെന്റ് ഓഫ് നാഷനല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍ 2023 എന്ന് വിളിക്കപ്പെടുന്ന ഡല്‍ഹി സര്‍വീസസ് ബില്‍ പാസ്സാക്കിയത്. ഇതോടെ ഡല്‍ഹി സര്‍ക്കാറിന് വിശാലമായ അധികാര പരിധി നിര്‍ണയിച്ചു നല്‍കിയ സുപ്രീം കോടതിയുടെ നിര്‍ദേശത്തെ കേന്ദ്ര സര്‍ക്കാറിന് കവച്ചു വെക്കാനാകും. തലസ്ഥാന നഗരത്തിലെ ബ്യൂറോക്രസിയുടെ കൂടുതല്‍ നിയന്ത്രണം കേന്ദ്ര സര്‍ക്കാറിന്റെ അധികാരത്തിലാകും. അപ്പോഴും ക്രമസമാധാനം അട്ടിമറിക്കാനാണ് ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ ശ്രമമെന്ന് ആം ആദ്മി ആക്ഷേപിക്കുന്നുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികള്‍ വാക്കൗട്ട് പോലും നടത്തിയിട്ടും ഡല്‍ഹി സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരേക്കാള്‍ കേന്ദ്രം നിയോഗിച്ച ബ്യൂറോക്രാറ്റുകള്‍ക്ക് അധികാരം നല്‍കുന്ന ബില്‍ ഇരു സഭകളും പാസ്സാക്കിയിരിക്കുകയാണ്. ലോക്സഭയില്‍ തന്നെ ഏകദേശം നാല് മണിക്കൂറോളം നീണ്ട ചര്‍ച്ച നടക്കുകയും രാജ്യസഭയില്‍ അമിത് ഷാ തന്നെ നേരിട്ട് അവതരിപ്പിക്കുകയും ചെയ്ത ശേഷമാണ് ബില്‍ പാസ്സാകുന്നത്.

എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിയമനിര്‍മാണം നടത്താനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിനാണ്. ഡല്‍ഹി ഒരു കേന്ദ്ര ഭരണ പ്രദേശമായതു കൊണ്ട് തന്നെ ഇവിടുത്തെ നിയമ നിര്‍മാണങ്ങള്‍ക്ക് കേന്ദ്രത്തിന് പൂര്‍ണ അവകാശമുണ്ടെന്നും ബില്ലിന്മേലുള്ള ചര്‍ച്ചക്ക് മറുപടി പറയവെ ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമായി പ്രസ്താവിച്ചു. ഡല്‍ഹി സര്‍ക്കാറിന്റെ അധികാരം ഇല്ലാതാക്കാനുള്ള ശ്രമമാണ് എന്ന രാഷ്ട്രീയ ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍, ഭരണഘടനാപരമായ അടിസ്ഥാനമില്ലാത്ത വിവാദങ്ങള്‍ക്കാണ് പ്രതിപക്ഷം ശ്രമിക്കുന്നത് എന്ന് അമിത് ഷാ പറയുന്നു.

പുതിയ ബില്‍ വരുന്നതോടെ തലസ്ഥാനത്തെ ബ്യൂറോക്രാറ്റുകളുടെ കാര്യത്തില്‍ സസ്പെന്‍ഷനുകളടക്കമുള്ള അന്തിമ കാര്യങ്ങള്‍ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരിക്കുമെന്ന് ഡല്‍ഹി സര്‍വീസസ് ബില്‍ വ്യക്തമാക്കുന്നു. നാഷനല്‍ ക്യാപിറ്റല്‍ സിവില്‍ സര്‍വീസസ് അതോറിറ്റിയുടെ ശിപാര്‍ശകള്‍, ഡല്‍ഹി ലെജിസ്ലേറ്റീവ് അസംബ്ലി നീട്ടിവെക്കല്‍, സമന്‍സ്, പിരിച്ചുവിടല്‍ എന്നിവ ഉള്‍പ്പെടുന്ന വിവിധ കാര്യങ്ങളില്‍ ഇനി മുതല്‍ തന്റെ വിവേചനാധികാരം പ്രയോഗിക്കാന്‍ കേന്ദ്രം നിയോഗിക്കുന്ന ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പൂര്‍ണ അധികാരമുണ്ട്. ഡല്‍ഹി ചീഫ് സെക്രട്ടറി, ഡല്‍ഹി ആഭ്യന്തര സെക്രട്ടറി, ഡല്‍ഹി മുഖ്യമന്ത്രി എന്നിവര്‍ ഉള്‍പ്പെടുന്ന ദേശീയ തലസ്ഥാന സിവില്‍ സര്‍വീസസ് അതോറിറ്റിയുടെ അന്തിമ വാക്കും ഇനി കേന്ദ്രത്തിന്റെ തീരുമാനമനുസരിച്ചായിരിക്കും.

ഭരണഘടനാപരമായ അധികാര വിഭജനം അട്ടിമറിക്കുകയാണ് ബില്ലിലൂടെ നടക്കുന്നതെന്ന് ഡല്‍ഹി സര്‍വീസസ് ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കോണ്‍ഗ്രസ്സ് എം പി ശശി തരൂര്‍ ആരോപിച്ചു. നിര്‍ബന്ധിത ഫെഡറലിസമാണ് രാജ്യം ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ റിപബ്ലിക്കിന്റെ ചരിത്രത്തിലെ ഒരു ഗുരുതരമായ അധ്യായത്തിന്റെ പ്രതിനിധാനമാണ് നിര്‍ദിഷ്ട ബില്‍. നമ്മുടെ ജനാധിപത്യ പൈതൃകത്തിനും ഫെഡറലിസത്തിന്റെ ചൈതന്യത്തിനും നേരേയുള്ള കടന്നാക്രമണമാണിത് എന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന് അര്‍ധ ഫെഡറല്‍ ഘടനയുണ്ടെന്നും കേന്ദ്രത്തിനാണ് പ്രഥമ പരിഗണനയെന്നും ചര്‍ച്ചയില്‍ ഇടപെട്ട് വിദേശകാര്യ സാംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയുടെയും രാജ്യത്തിന്റെയും താത്പര്യങ്ങള്‍ നിയമാനുസൃതമായി സന്തുലിതമാക്കുകയാണ് ബില്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് ബി ജെ പി എപ്പോഴും വാഗ്ദാനം ചെയ്യാറുണ്ടായിരുന്നുവെന്നും 2014ല്‍ പ്രധാനമന്ത്രിയായാല്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന് മോദി തന്നെ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇന്ന് ഇക്കൂട്ടര്‍ ജനങ്ങളെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നുമാണ് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ ട്വിറ്റര്‍ വഴി പ്രതികരിച്ചത്.

ഒറ്റനോട്ടത്തില്‍, തിരഞ്ഞെടുക്കപ്പെടുന്ന ഒരു സര്‍ക്കാറിന്റെ അധികാരത്തില്‍ കൈവെക്കുന്നത് ജനാധിപത്യ വിരുദ്ധമാണ് എന്ന പ്രതിപക്ഷ കൂട്ടായ്മകളുടെ വാദം ഡല്‍ഹി പോലുള്ള ദേശീയ പ്രാധാന്യമുള്ള നഗരങ്ങളെ ഇതര സംസ്ഥാനങ്ങളോട് തുലനം ചെയ്തതു കൊണ്ടുണ്ടാകുന്നതാണ്. അതി തീവ്ര സുരക്ഷാ കേന്ദ്രീകൃത പ്രദേശങ്ങളില്‍ തന്ത്രപ്രധാനമായ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ അനിവാര്യമാണ്. അത് പ്രാദേശിക താത്പര്യങ്ങളെ കൂടി മുന്‍നിര്‍ത്തിയാകണം എന്നു മാത്രം. അപ്പോള്‍ മാത്രമേ അമിത് ഷാ പറഞ്ഞത് പോലെയുള്ള ജനാധിപത്യ സന്തുലനം സാധ്യമാകുകയുള്ളൂ. ജനാധിപത്യ സന്തുലനം രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ മുറിവേല്‍പ്പിച്ച് കൊണ്ടാകരുത് താനും.