Kerala
തെരഞ്ഞെടുപ്പ് തോല്‍ക്കുമെന്നായപ്പോള്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനെ കൂട്ടുപിടിക്കുന്നു; കെ സുരേന്ദ്രന്
കോണ്‍ഗ്രസ് ഓഫീസ് നിറയെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ്. സ്ഥാനാര്‍ഥിക്കും പ്രതിപക്ഷ നേതാവിനും ഒപ്പമുള്ളത് പി എഫ് ഐ നേതാവാണ്.
തിരുവനന്തപുരം | തെരഞ്ഞെടുപ്പ് തോല്‍ക്കുമെന്നായപ്പോള്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനെ കൂട്ടുപിടിക്കുന്നതായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വി ഡി സതീശന് മറുപടിയില്ല. വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. കോണ്‍ഗ്രസിന്റെ വ്യക്തിത്വം നഷ്ടപ്പെട്ടുവെന്നും കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ഓഫീസ് നിറയെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണ്. സ്ഥാനാര്‍ഥിക്കും പ്രതിപക്ഷ നേതാവിനും ഒപ്പമുള്ളത് പി എഫ് ഐ നേതാവാണ്. വി ഡി സതീശന് ചെയ്യുന്നത് രാജ്യദ്രോഹമാണെന്നും നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ ഒപ്പം കൂട്ടുകയാണെന്നും സുരേന്ദ്രന് രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി. ബി ജെ പി കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്നത് അഭ്യൂഹം മാത്രമാണെന്നും സുരേന്ദ്രന് പറഞ്ഞു.
വി ഡി സതീശന് കണ്ടകശനിയാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കാണാം. സന്ദീപ് പാണക്കാട് പോയത് നല്ല കാര്യമാണ്. പാലക്കാട് നഗരസഭ ഭരണം പിടിക്കാമെന്നത് സ്വപ്നമാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. കെ മുരളീധരന് പറഞ്ഞത് സത്യമാണ്. ഷാഫി പറമ്പില്‍ വന്നതോടെ കോണ്‍ഗ്രസ് ഉപജാപക സംഘത്തിന്റെ കയ്യിലായി.