Uae
സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായി നാടുവിട്ടവരെ വിധിയുടെ അഗ്നി വിഴുങ്ങുമ്പോള്‍
സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായി നാട് വിട്ടവര്‍ സ്വയം ഒരു ഭാണ്ഡമായി പെട്ടിക്കുള്ളിലായി തിരിച്ചെത്തുന്നു
കുവൈത്തില്‍ കെട്ടിടത്തിന് തീ പിടിച്ചു 50ലേറെ പേര്‍ മരിച്ചതിന്റെ നടുക്കം ഗള്‍ഫിലും നാട്ടിലും വിട്ടുമാറുന്നില്ല .മരിച്ചവരില്‍ പകുതിയോളം മലയാളികള്‍ .വിദേശങ്ങളില്‍, വിശേഷിച്ചു ഗള്‍ഫില്‍ ദുരന്തമുണ്ടാകുമ്പോള്‍ മലയാളികള്‍ ഉള്‍പെടുന്നതില്‍ അത്ഭുതമില്ല .ഗള്‍ഫിന്റെ മുക്കിലും മൂലയിലും മലയാളി സാന്നിധ്യമുണ്ട് .കുടുംബം പോറ്റാന്‍ വേണ്ടി ഇപ്പോഴും ധാരാളം പേര്‍ പ്രവാസം വരിക്കുന്നു .പണ്ടത്തെ പ്രതിസന്ധികളല്ല ഇപ്പോഴത്തേത് .കുടിയേറ്റം തുടങ്ങുന്ന നാളുകളില്‍ കാലാവസ്ഥയായിരുന്നു പ്രധാന പ്രശ്‌നം .കടുത്ത ചൂടില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ മരിച്ചു വീഴുമായിരുന്നു .ഇന്ന് തൊഴില്‍ നിയമങ്ങള്‍ കര്‍ശനം .ഉച്ചച്ചൂടില്‍ പുറം ജോലികള്‍ ചെയ്യിച്ചാല്‍ അധികൃതര്‍ പിഴ ചുമത്തും .മിക്ക കെട്ടിടങ്ങളിലും ശീതീകരണ സംവിധാനങ്ങള്‍ .ഇന്ന് ,താമസ കേന്ദ്രങ്ങളില്‍ തീ പിടിത്തമാണ് വലിയ ആധി . ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല .തീ ആളിപ്പടരുന്ന സാമഗ്രികളാണ് കെട്ടിടങ്ങള്‍ക്ക് ഉപയോഗിക്കുന്നത് .ആഢംബര താമസയിടങ്ങളില്‍ പോലും മതിയായ പ്രതിരോധ സംവിധാനങ്ങളില്ല .വായു എളുപ്പം പുറത്തുപോകാന്‍ വഴിയില്ല .തീ പിടിക്കുമ്പോള്‍ കനത്ത പുക ഉയരും .പുക ശ്വസിച്ചാണ് പലരും മരണത്തിനു കീഴടങ്ങുന്നത് .തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന കെട്ടിടങ്ങളില്‍ ദുരന്ത തീവ്രത കൂടും .കുവൈത്തില്‍ അതാണ് സംഭവിച്ചത് .
കുവൈത്ത് ദുരന്തത്തില്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളും നടുക്കം പ്രകടിപ്പിച്ചു . കുവൈത്ത് ഭരണാധികാരി ശൈഖ് മിശാല്‍ അല്‍ അഹമ്മദ് അല്‍ സബാഹ് തീപിടിത്ത കാരണത്തെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.ഷോര്‍ട് സര്‍ക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം .താഴത്തെ നിലയില്‍നിന്നാണ് തീ പടര്‍ന്നത് .മുകള്‍ നിലയിലേക്ക് കനത്ത പുക പടര്‍ന്നു കയറി .രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പലരും കുഴഞ്ഞു വീണു . .കെട്ടിടത്തില്‍ പരിധിയിലധികം തൊഴിലാളികള്‍ താമസിച്ചിരുന്നതായി പോലീസ് മേധാവി മേജര്‍ ജനറല്‍ ഈദ് റശീദ് ഹമദ് ചൂണ്ടിക്കാട്ടി .’ഒരൊറ്റ താമസസ്ഥലത്ത് നിരവധി തൊഴിലാളികളെ പാര്‍പ്പിക്കുന്നതിനെതിരെ കര്‍ശന നടപടി കൈക്കൊള്ളും . തൊഴിലുടമ ചട്ടങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും.അദ്ദേഹം പറഞ്ഞു .’കെട്ടിട ഉടമകളുടെ അത്യാഗ്രഹമാണ് ദുരന്തത്തിലേക്ക് നയിക്കുന്നത് .പരിധിയിലധികം ആളുകളെ താമസിപ്പിക്കും .അംഗീകൃത രൂപ ഘടനയില്‍ അതിനനുസൃതമായി മാറ്റം വരുത്തും .’ കെട്ടിടത്തില്‍ എന്തെങ്കിലും നിയമ ലംഘനം ഉണ്ടായോ എന്ന് അന്വേഷിക്കും ‘.പോലീസ് മേധാവി അറിയിച്ചു .കെട്ടിടമുടമയ്ക്കെതിരെ തൊഴിലുടമ പരാതിപ്പെട്ടിട്ടുണ്ട് .ആര്‍ക്കും കൈ കഴുകാന്‍ പറ്റില്ല .
ദുരന്തമറിഞ്ഞു കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു .കേന്ദ്രം ഒരു സഹമന്ത്രിയെ കുവൈത്തിലേക്കയച്ചു .കേരളം നോര്‍ക്ക വഴി നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഇടപെട്ടു .മന്ത്രി വീണാ ജോര്‍ജിനെ കുവൈത്തിലേക്കയക്കാന്‍ സംസ്ഥാനം ആഗ്രഹിച്ചു .പക്ഷെ കേന്ദ്രം തടഞ്ഞു .ഇത് ശരിയായില്ല .മരിച്ചവരുടെ ആശ്രിതര്‍ക്ക് പിന്നീട് മതിയായ നഷ്ടപരിഹാരത്തിന് സംസ്ഥാന മന്ത്രിക്കും ചില നീക്കങ്ങള്‍ നടത്താന്‍ സാധിക്കുമായിരുന്നു .
ഗള്‍ഫില്‍ ബ്ലൂ കോളര്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നതിനെതിരെ തദ്ദേശീയര്‍ ശബ്ദമുയര്‍ത്താറുണ്ട് . കെട്ടിട നിര്‍മ്മാണം പോലുള്ള കനത്ത ജോലികളില്‍ ഏര്‍പ്പെടുന്ന വിഭാഗങ്ങളാണ് ചൂഷണം ചെയ്യപ്പെടുന്നത് കുറേ പേരെ ഒന്നിച്ചു താമസിപ്പിക്കും .ദുരന്തത്തിന് ആക്കം കൂടും . പല നഗരങ്ങളിലും ഇത്തരത്തില്‍ തൊഴിലാളി താമസയിടങ്ങളുണ്ട് . യു എ ഇയില്‍ മാത്രമാണ് താരതമ്യേന മെച്ചപ്പെട്ട താമസസ്ഥലങ്ങള്‍ .അധികൃതര്‍ നിരന്തരം പരിശോധന നടത്തും .എളുപ്പം തീ പടരുന്ന സാഹചര്യമുണ്ടെങ്കില്‍,ശുചിത്വം കുറവാണെങ്കില്‍ തൊഴിലുടമയ്ക്കു വലിയ പിഴ ചുമത്തും . മറ്റു രാജ്യങ്ങളില്‍ ഇത്തരം ജാഗ്രതയില്ല .
മരണം എപ്പോഴും എവിടെയും പ്രഹേളികയാണ്. ആയുസിന്റെ ബലം ആര്‍ക്കും നിശ്ചയിക്കാന്‍ കഴിയില്ല. കൊറോണക്കാലത്തെ മരണങ്ങളാണ് കഴിഞ്ഞ കാലത്തെ തീരാ കണ്ണീര്‍. വിദേശ മലയാളികളുടെ, എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു .അന്ന്മരിച്ചവരില്‍ ഏറെയും അമ്പത് വയസ് തികയാത്തവര്‍. പൊടുന്നനെ കാഴ്ചയില്‍ നിന്ന് അവര്‍ അപ്രത്യക്ഷരായി. ഗള്‍ഫില്‍ നൂറ് കണക്കിന് മലയാളികള്‍ ഈ ലോകം വിട്ടു പിരിഞ്ഞു. എല്ലാം ദുഃഖകരമായിരിക്കെത്തന്നെ ചിലത് ആളുകളെ വല്ലാതെ ഉലക്കുന്നതും ഭീതി നിറക്കുന്നതുമായി .എത്രയോ പേര്‍ക്ക് താങ്ങായി നില്‍ക്കുന്നവരാണ് പൊലിഞ്ഞു പോകുന്നത് .സ്വപ്നങ്ങളുടെ ഭാണ്ഡക്കെട്ടുമായി നാട് വിട്ടവര്‍ സ്വയം ഒരു ഭാണ്ഡമായി പെട്ടിക്കുള്ളിലായി തിരിച്ചെത്തുന്നു . അനാഥമാക്കപ്പെടുന്നത് നിരവധി പേരാണ്