editorial
കലാവസന്തത്തിന് കൊടിയിറങ്ങുമ്പോള്‍
സ്‌കൂള്‍ കലോത്സവം സംഘാടന മികവ് കൊണ്ടും ആസൂത്രണം കൊണ്ടും ഏറെ ശ്രദ്ധേയമായി. അനാവശ്യമായി സമയം നഷ്ടപ്പെടുത്തി പരിപാടികള്‍ അനന്തമായി നീളുന്നതുള്‍പ്പെടെയുള്ള സ്ഥിരം പരാതികള്‍ക്ക് ഇടം നല്‍കാതെ മുന്‍കൂട്ടി തയ്യാറാക്കിയ കൃത്യമായ പ്ലാനിംഗോടു കൂടിയാണ് വൈവിധ്യമാര്‍ന്ന 24 വേദികളിലും മത്സരങ്ങള്‍ ഇപ്രാവശ്യം അരങ്ങേറിയത്.

സംസ്ഥാനത്തെ സര്‍ഗധനരായ വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ കലാ സംഗമമായ സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി. കോഴിക്കോട് നല്‍കിയ ആതിഥേയത്വത്തിന്റെ മധുര സ്മരണകള്‍ സമ്മാനിച്ചാണ് 61ാമത് കലോത്സവം പടിയിറങ്ങിയത്. കൈവിട്ടുപോയ കപ്പ് പാലക്കാടില്‍ നിന്ന് തിരിച്ചുപിടിച്ച് ആതിഥേയ ജില്ല കലാകിരീടം ചൂടി. കലാഹൃദയങ്ങള്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന അഞ്ച് പകലിരവുകള്‍ പര്യവസാനിക്കുമ്പോള്‍ ആയിരക്കണക്കിന് പ്രതിഭാശേഷിയുള്ള വിദ്യാര്‍ഥികളാണ് സമൂഹത്തിലേക്ക് ഇറങ്ങിവരുന്നത്. ജനുവരി മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെന്ന് വിശേഷിപ്പിക്കുന്ന സ്‌കൂള്‍ കലോത്സവം സംഘാടന മികവ് കൊണ്ടും ആസൂത്രണം കൊണ്ടും ഏറെ ശ്രദ്ധേയമായി. അനാവശ്യമായി സമയം നഷ്ടപ്പെടുത്തി പരിപാടികള്‍ അനന്തമായി നീളുന്നതുള്‍പ്പെടെയുള്ള സ്ഥിരം പരാതികള്‍ക്ക് ഇടം നല്‍കാതെ മുന്‍കൂട്ടി തയ്യാറാക്കിയ കൃത്യമായ പ്ലാനിംഗോടു കൂടിയാണ് വൈവിധ്യമാര്‍ന്ന 24 വേദികളിലും മത്സരങ്ങള്‍ ഇപ്രാവശ്യം അരങ്ങേറിയത്.
കലയും സാഹിത്യവും മനുഷ്യ മനസ്സിനെ നിരന്തരം നവീകരിക്കുന്നതാണ്. വിദ്യാഭ്യാസമെന്നത് വെറും അറിവുത്പാദനം മാത്രമല്ല, വിദ്യാര്‍ഥികളില്‍ ഒളിഞ്ഞിരിക്കുന്ന സര്‍ഗശേഷികളെ കണ്ടെത്തുമ്പോള്‍ മാത്രമേ പഠന പ്രക്രിയ അതിന്റെ പൂര്‍ണതയിലെത്തുകയുള്ളൂ. ഈ സാഹചര്യത്തില്‍ നിന്നാണ് കുട്ടികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്ന കലോത്സവങ്ങള്‍ അരങ്ങേറുന്നത്. കുട്ടികളുടെ കലാവിഷ്‌കാരങ്ങള്‍ക്ക് ആവശ്യമായ പിന്തുണയും പരിശീലനവും നല്‍കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമം അനുശാസിക്കുന്നുണ്ട്.
എന്നാല്‍ കലയുടെ മറ പിടിച്ച് ഏതെങ്കിലും സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് സഹിഷ്ണുതയോടെ സഹവസിക്കുന്ന സമൂഹത്തില്‍ പാടില്ല. സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ അവതരിപ്പിച്ച സംഗീതദൃശ്യത്തില്‍ മുസ്‌ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിക്കുന്ന രംഗങ്ങള്‍ കടന്നുവന്നത് മതേതര സമൂഹത്തില്‍ ഒരിക്കലും പൊറുക്കാന്‍ കഴിയാത്ത പാതകമാണ്. സമാധാനവും സംയമനവും ഉദ്‌ഘോഷിക്കുന്ന ഇസ്‌ലാമിന്റെ മഹിതമൂല്യങ്ങളെ അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും അടയാളമായി ചിത്രീകരിക്കപ്പെട്ട സംഭവത്തെ കുറിച്ച് ഗൗരവപൂര്‍ണമായ അന്വേഷണം ആവശ്യമാണ്. ഉത്തരവാദികളെ സമൂഹമധ്യത്തില്‍ തുറന്നുകാട്ടി ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണം. യഥാര്‍ഥ വീഴ്ച ആരുടേതെന്ന് കണ്ടെത്തി നടപടിയെടുക്കുന്നത് വരെ ഈ കലോത്സവത്തിന് മേല്‍ കരിനിഴലായി ഈ സംഭവം അവശേഷിക്കും.
പതിവില്‍ നിന്ന് വ്യത്യസ്തമായി അടുത്ത കലോത്സവം എവിടെ നടക്കുമെന്ന് സമാപന വേദിയില്‍ പ്രഖ്യാപിച്ചിട്ടില്ല. കലോത്സവ മാന്വല്‍ പരിഷ്‌കരിക്കുന്നതിനാല്‍ അടുത്ത ജില്ല ഏതെന്ന് പിന്നീട് അറിയിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്. വിദ്യാര്‍ഥികളുടെ കലാമികവിനെ പരിപോഷിപ്പിക്കുന്ന സമര്‍ഥമായ പരിഷ്‌കാരങ്ങളാണ് മാന്വലില്‍ ഉള്‍ച്ചേര്‍ക്കേണ്ടത്. മാപ്പിളകലകളിലുള്‍പ്പെടെ തനത് പാരമ്പര്യത്തില്‍ നിന്ന് തെന്നിമാറാതെ നോക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തണം. സ്‌കൂള്‍ കലോത്സവത്തോടെ വിദ്യാര്‍ഥികള്‍ക്ക് മാപ്പിളകലകളുടെ അവസരം അവസാനിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ അക്കാദമി മാത്രമാണ് ഔദ്യോഗികമായി മാപ്പിളകലകള്‍ക്ക് വേണ്ടിയുള്ള ഏക സ്ഥാപനം. ക്ഷേത്രകലകളെ അപേക്ഷിച്ച് മാപ്പിളകലകള്‍ക്ക് തുടര്‍പഠന സാധ്യതകളും ഗവേഷണ സൗകര്യങ്ങളും കുറവാണ്. ക്ഷേത്രകലകള്‍ക്ക് കലാമണ്ഡലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തുടര്‍പഠന അവസരങ്ങളുണ്ട്. ദഫ് മുട്ടോ കോല്‍ക്കളിയോ പഠിക്കാന്‍ കോളജുകളിലും സര്‍വകലാശാലകളിലും സംവിധാനങ്ങളുണ്ടാകുന്നത് ഇത്തരം മാപ്പിളകലകള്‍ സമൂഹത്തില്‍ കൂടുതല്‍ വേരൂന്നുന്നതിന് സഹായകമാകും.
കലോത്സവത്തില്‍ വിജയികളായവര്‍ പിന്നീടെങ്ങോട്ട് പോകുന്നുവെന്നതിനെ കുറിച്ച് പഠിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഗോത്രവര്‍ഗ കലകള്‍ മാന്വലില്‍ ഉള്‍പ്പെടുത്തുന്നത് ആലോചിക്കുമെന്ന പ്രഖ്യാപനവും ശ്ലാഘനീയമാണ്. കലോത്സവത്തിലെ ഭക്ഷണവിഭവത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വിരാമമിട്ട് അടുത്ത വര്‍ഷം മുതല്‍ ആവശ്യമുള്ളവര്‍ക്ക് വെജും നോണ്‍ വെജും ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
കാര്യമായ വിവാദങ്ങളില്ലാതെ മേള വിജയിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി പി എ മുഹമ്മദ് റിയാസ് സമാപന വേദിയില്‍ പറഞ്ഞു. കലോത്സവം കുറ്റമറ്റ രീതിയില്‍ നടത്താന്‍ സംഘാടക സമിതി നാല്‍പ്പത് ദിവസത്തോളം പരിശ്രമിച്ചു. കലോത്സവ നഗരിയില്‍ എത്തുന്ന മത്സരാര്‍ഥികളെ സ്വീകരിക്കുന്നതിനും അവരുടെ ഭക്ഷണം, താമസം എന്നിവ ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ തുടക്കം മുതലേ ശ്രദ്ധയോടെ നടന്നു. കലോത്സവ വണ്ടികള്‍ നഗരത്തിലൂടെ ഓടിയപ്പോള്‍ കുട്ടികള്‍ക്ക് വേദികളില്‍ നിന്ന് വേദികളിലേക്ക് പോകാന്‍ പ്രയാസമുണ്ടായില്ല. 30ഓളം വാഹനങ്ങളാണ് ഒരുക്കിയിരുന്നത്. ഇതിന് പുറമെ നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഓട്ടോകള്‍ മത്സരാര്‍ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്രാ സംവിധാനം ഒരുക്കിയിരുന്നു. വിധികര്‍ത്താക്കളെ തിരഞ്ഞെടുത്തതിലും മികവുറ്റ സംവിധാനമായിരുന്നു ഇപ്രാവശ്യം. കുറേക്കാലമായി വിധിനിര്‍ണയം നടത്തുന്നവരെ മാറ്റി. അതോടെ വിധിനിര്‍ണയത്തെച്ചൊല്ലിയുള്ള പരാതികള്‍ ഇത്തവണ ഉയര്‍ന്നില്ല. അപ്പീല്‍ വഴി കലോത്സവത്തിന് എത്തുന്നവരുടെ എണ്ണം ഇത്തവണ കുറഞ്ഞതും നടത്തിപ്പിനെ സുഗമമാക്കി. മേള വിജയിപ്പിക്കുന്നതിന് കോഴിക്കോട്ട് തന്നെ തങ്ങി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച പൊതുവിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി, മന്ത്രി മുഹമ്മദ് റിയാസ്, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും പ്രത്യേകം അഭിനന്ദനമര്‍ഹിക്കുന്നു. കൊവിഡ് കാലത്തെ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം കോഴിക്കോട്ടെത്തിയ കലാവസന്തത്തെ ഇരുകൈയും കാട്ടിയാണ് കലാസ്വാദകര്‍ സ്വീകരിച്ചത്. പതിനാലായിരത്തിൽപ്പരം പ്രതിഭകള്‍ മാറ്റുരച്ച കലോത്സവം കാണാന്‍ ആയിരങ്ങളാണ് പ്രധാന മത്സരം നടന്ന വേദികളിലെല്ലാം ഒഴുകിയെത്തിയത്. ഒപ്പനയും കോല്‍ക്കളിയും ദഫ് മുട്ടുമെല്ലാം വേദികളില്‍ അരങ്ങേറിയപ്പോള്‍ കാണികള്‍ നിറഞ്ഞുകവിഞ്ഞു. മറ്റ് പ്രധാന മത്സര ഇനങ്ങള്‍ നടന്ന വേദികളിലും കാണികള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല. അഞ്ച് ദിനരാത്രങ്ങളെ സര്‍ഗവസന്തം കൊണ്ട് വിസ്മയിപ്പിച്ച കലാവസന്തത്തിന് കൊടിയിറങ്ങുമ്പോള്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍.