Connect with us

Articles

ജയിച്ചവര്‍ സഭയുടെ പുറത്തുനില്‍ക്കുമ്പോള്‍

തൃണമൂല്‍ കോണ്‍ഗ്രസ്സും ഗവര്‍ണര്‍ സി വി ആനന്ദ ബോസും തമ്മില്‍ വീണ്ടും പോരിനൊരുങ്ങുകയാണ്. ഇത്തവണത്തേത് അസാധാരണ പോരാണ്. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ തര്‍ക്കം തുടങ്ങിയതെങ്കിലും കാര്യം മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നതില്‍ എത്തിനില്‍ക്കുകയാണ്.

Published

|

Last Updated

ചെറിയ ഇടവേളക്കു ശേഷം പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്സും ഗവര്‍ണര്‍ സി വി ആനന്ദ ബോസും തമ്മില്‍ വീണ്ടും പോരിനൊരുങ്ങുകയാണ്. ഇത്തവണത്തേത് അസാധാരണ പോരാണ്. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ തര്‍ക്കം തുടങ്ങിയതെങ്കിലും കാര്യം മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നതില്‍ എത്തിനില്‍ക്കുകയാണ്. ഒരു മുഖ്യമന്ത്രിക്കെതിരെ സംസ്ഥാന ഗവര്‍ണര്‍ മാനനഷ്ടത്തിന് കോടതിയെ സമീപിക്കുക എന്നത് രാജ്യത്തെ ആദ്യ സംഭവമായിരിക്കാം.

ജൂണ്‍ ഒന്നിന് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സിലെ രണ്ട് പ്രതിനിധികളുടെ സത്യപ്രതിജ്ഞ എവിടെ വെച്ച്, ആര് നടത്തണമെന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കത്തിന്റെ തുടക്കം. സത്യപ്രതിജ്ഞ രാജ്ഭവനില്‍ വെച്ച് നടത്തണമെന്ന് ഗവര്‍ണറും നിയമസഭയില്‍ വെച്ച് സ്പീക്കറാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാറും അവകാശപ്പെടുകയാണ്. ഇതിനിടയില്‍ സത്യപ്രതിജ്ഞക്കായി നിശ്ചയിച്ച ദിവസം പുതുതായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേരും നിയമസഭയിലെത്തിയെങ്കിലും ഗവര്‍ണര്‍ ആനന്ദ ബോസ് ഡല്‍ഹിയിലേക്ക് പോയി. ഇതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാനാകാതെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേരും നിയമസഭാ കവാടത്തില്‍ കുത്തിയിരുന്ന് ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചു.

കൊല്‍ക്കത്തക്കടുത്ത ബരാനഗറില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സയന്തിക ബാനര്‍ജിയും മുര്‍ശിദാബാദ് ജില്ലയിലെ ഭഗവാന്‍ ഗോളയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട റയാത്ത് ഹുസൈന്‍ സര്‍ക്കാറുമാണ് സത്യപ്രതിജ്ഞക്കായി കാത്തു കഴിയുന്നത്. ഇരുവരും പാര്‍ട്ടി നിലപാട് പ്രകാരം നിയമസഭയില്‍ വെച്ച് സത്യപ്രതിജ്ഞ നടത്തണമെന്ന് ആവശ്യപ്പെടുകയാണ്. നിയമസഭാ സമ്മേളനം ആരംഭിച്ച കഴിഞ്ഞ ബുധനാഴ്ച സത്യപ്രതിജ്ഞ ഉണ്ടായിരിക്കുമെന്ന സ്പീക്കര്‍ ബിമന്‍ ബാനര്‍ജിയുടെ അറിയിപ്പിനെ തുടര്‍ന്ന് ഇരുവരും നിയമസഭയില്‍ ചെല്ലുകയുണ്ടായി. എന്നാല്‍ രാജ്ഭവനില്‍ വെച്ചായിരിക്കും സത്യപ്രതിജ്ഞ എന്ന ഗവര്‍ണറുടെ അറിയിപ്പ് ഈ സമയത്തുണ്ടായി. സത്യപ്രതിജ്ഞക്കുള്ള സജ്ജീകരണങ്ങള്‍ രാജ്ഭവനില്‍ ഒരുക്കുകയും ചെയ്തിരുന്നു. നിശ്ചയിച്ച സമയം കഴിഞ്ഞപ്പോള്‍ ഗവര്‍ണര്‍ ആനന്ദ ബോസ് ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുകയും ചെയ്തു.

രാജ്ഭവനില്‍ വെച്ച് സത്യപ്രതിജ്ഞ നടത്താന്‍ തീരുമാനിക്കുക വഴി ഗവര്‍ണര്‍ ആനന്ദ ബോസ് ലക്ഷ്യമാക്കുന്നത് പഴയൊരു കണക്കു തീര്‍ക്കലാണ്. രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ ലൈംഗികമായി പീഡിപ്പിച്ചതായി രാജ്ഭവനിലെ ഒരു താത്കാലിക ജീവനക്കാരി പരാതി നല്‍കിയിരുന്നു. ജീവനക്കാരിയുടെ പരാതി പ്രകാരം കഴിഞ്ഞ മെയ് രണ്ടിന് പോലീസ് കേസെടുത്ത് ഗവര്‍ണര്‍ക്കെതിരെ അന്വേഷണത്തിന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. ജീവനക്കാരിയുടേത് കെട്ടിച്ചമച്ച ആരോപണമാണെന്ന് വ്യക്തമാണെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ്സ് ഗവര്‍ണര്‍ക്കെതിരെയുള്ള ആയുധമായി ഇതിനെ ഉപയോഗപ്പെടുത്തുകയാണ്.

മമതാ സര്‍ക്കാറും ഗവര്‍ണര്‍ ആനന്ദ ബോസും തമ്മില്‍ വിവിധ വിഷയങ്ങളില്‍ തര്‍ക്കം നിലവിലുണ്ടായിരുന്നു. രാജ്ഭവനിലെ വനിതാ ജീവനക്കാരി ഗവര്‍ണര്‍ക്കെതിരെ പീഡനാരോപണം ഉന്നയിച്ചതോടെ തര്‍ക്കം ശക്തമായി. മുന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും സര്‍ക്കാറും തമ്മിലും നല്ല ബന്ധത്തിലായിരുന്നില്ല. രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയുടെ പരാതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജി രാജ്ഭവന്‍ സ്ത്രീകള്‍ക്ക് കടന്നു ചെല്ലാന്‍ പറ്റാത്ത ഇടമാണെന്ന് ആരോപിച്ചിരുന്നു. രാജ്ഭവനില്‍ പോകാന്‍ സ്ത്രീയെന്ന നിലക്ക് തനിക്കും ഭയമാണെന്ന് അവര്‍ പറയുകയുണ്ടായി. ഗവര്‍ണര്‍ വിളിച്ചാല്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പോകുമെങ്കിലും തമ്മില്‍ കാണുന്നത് രാജ്ഭവന് പുറത്തു വെച്ചായിരിക്കുമെന്ന് മമതാ ബാനര്‍ജി കഴിഞ്ഞ പാര്‍ലിമെന്റ്തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സത്യപ്രതിജ്ഞാ തര്‍ക്കത്തിനിടയില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വീണ്ടും ഗവര്‍ണര്‍ക്കും രാജ്ഭവനുമെതിരെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ആരോപണം ആവര്‍ത്തിക്കുകയുണ്ടായി. തുടര്‍ന്നാണ് ഗവര്‍ണര്‍ ആനന്ദ ബോസ് കല്‍ക്കത്ത ഹൈക്കോടതിയില്‍ മമതാ ബാനര്‍ജിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. മമതയുടെ ആരോപണങ്ങളെ ആനന്ദ ബോസ് നേരത്തേ വിമര്‍ശിക്കുകയും മുഖ്യമന്ത്രിപദത്തിന്റെ അന്തസ്സ് മമതാ ബാനര്‍ജി കളഞ്ഞു കുളിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എം എല്‍ എമാരുടെ സത്യപ്രതിജ്ഞ രാജ്ഭവനില്‍ നടത്താന്‍ തീരുമാനിച്ചതിലൂടെ മമതാ ബാനര്‍ജിയെയും മന്ത്രിമാരെയും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാക്കളെയും രാജ്ഭവനില്‍ എത്തിക്കുകയാണ് ഗവര്‍ണര്‍ ലക്ഷ്യമാക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും നിയമസഭാ സ്പീക്കറും ഗവര്‍ണര്‍ക്ക് വഴങ്ങാന്‍ തയ്യാറല്ല. സായന്തിക ബാനര്‍ജിയും റയാത്ത് ഹുസൈന്‍ സര്‍ക്കാറും പിറ്റേ ദിവസവും സത്യപ്രതിജ്ഞക്കായി നിയമസഭയില്‍ ചെന്നെങ്കിലും ഗവര്‍ണറുടെ നിലപാട് കാരണം സത്യപ്രതിജ്ഞ നടന്നില്ല. അന്നും അവര്‍ നിയമസഭാ കവാടത്തിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനെ തുടര്‍ന്ന് സംസ്ഥാന നിയമസഭാ സ്പീക്കര്‍ ബിമന്‍ ബാനര്‍ജി ഗവര്‍ണര്‍ ആനന്ദ ബോസിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കിയിരിക്കുകയാണ്. പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണര്‍ കൂടിയായ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ സഹായവും സംസ്ഥാന നിയമസഭാ സ്പീക്കര്‍ തേടിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് അന്നത്തെ സംസ്ഥാന ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും സ്പീക്കറും തമ്മില്‍ ഇതുപോലൊരു തര്‍ക്കമുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചെത്തിയ തൃണമൂല്‍ എം എല്‍ എ ബാബുല്‍ സുപ്രിയോക്ക് ഫലപ്രഖ്യാപനം പുറത്തുവന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ആര് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും എന്നതിനെ ചൊല്ലിയായിരുന്നു അന്നത്തെ തര്‍ക്കം. ഒടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സ് അംഗമായ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജിയെ സത്യപ്രതിജ്ഞ നടത്താന്‍ ഗവര്‍ണര്‍ ധന്‍കര്‍ ചുമതലപ്പെടുത്തുകയുണ്ടായി. തിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും പുറത്തുവന്നിട്ട് ഏതാണ്ട് ഒരു മാസമായെങ്കിലും ജനങ്ങള്‍ തിരഞ്ഞെടുത്ത എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാത്തത് ആ മണ്ഡലങ്ങളോട് കാണിക്കുന്ന അനീതിയാണ്. തിരഞ്ഞെടുക്കപ്പെടുന്ന എം എല്‍ എമാര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുക നിയമസഭാ സ്പീക്കറോ ഡെപ്യൂട്ടി സ്പീക്കറോ ആണ്. അവരെ ഗവര്‍ണര്‍ അതിനായി ചുമതലപ്പെടുത്തുകയാണ് പതിവ്. ഗവര്‍ണര്‍മാര്‍ മുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും നേരിട്ട് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന രീതിയാണ് നിലവിലുള്ളത്.

എം എല്‍ എമാരുടെ സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഗവര്‍ണറുടേതാണെന്ന് സംസ്ഥാന രാജ്ഭവന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അവകാശപ്പെടുന്നു. ഭരണഘടനയുടെ 188ാം വകുപ്പ് ഉദ്ധരിച്ചു കൊണ്ടുള്ളതായിരുന്നു പത്രക്കുറിപ്പ്. നിയമസഭയിലെ ഓരോ അംഗവും അവരുടെ ഇരിപ്പിടം ഏറ്റെടുക്കുന്നതിന് മുമ്പ് ഗവര്‍ണറുടെയോ ഗവര്‍ണര്‍ നിയോഗിക്കുന്നവരുടെയോ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യണം. പുതുതായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് തൃണമൂല്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ, എം എല്‍ എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാനുള്ള ചുമതല ആരെ ഏല്‍പ്പിക്കണമെന്ന് തീരുമാനിക്കാന്‍ ഭരണഘടന ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നുണ്ടെന്ന് രാജ്ഭവന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

2021ല്‍ അന്നത്തെ ഗവര്‍ണറുടെ മുമ്പാകെ മമതാ ബാനര്‍ജി, സാക്കിര്‍ ഹുസൈന്‍, അമീറുല്‍ ഇസ്ലാം തുടങ്ങിയ ടി എം സി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തതായി രാജ്ഭവന്‍ എക്‌സില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്ഭവന്റെ പത്രക്കുറിപ്പിലും മറ്റും വിശദീകരിക്കുന്നത് സത്യപ്രതിജ്ഞ നടത്തേണ്ടത് ആരെന്ന കാര്യമാണ്. സത്യപ്രതിജ്ഞ എവിടെ വെച്ച് നടത്തണമെന്ന കാര്യത്തില്‍ രാജ്ഭവന്‍ മൗനം പാലിക്കുകയാണ്. സത്യപ്രതിജ്ഞ നടത്തേണ്ടത് ആരാണെന്നതിനെ ചൊല്ലി മമതാ ബാനര്‍ജിയോ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോ തര്‍ക്കമുന്നയിക്കുന്നില്ല. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സും ആവശ്യപ്പെടുന്നത് സത്യപ്രതിജ്ഞ നിയമസഭയില്‍ വെച്ച് നടത്തണമെന്നാണ്.

അതിനിടെ സംസ്ഥാനം സാമ്പത്തിക അരക്ഷിതാവസ്ഥ നേരിടുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക ധവളപത്രം പുറത്തിറക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെടുകയുണ്ടായി. ഡല്‍ഹിയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനെ സന്ദര്‍ശിച്ചതിനു ശേഷമാണ് ഗവര്‍ണര്‍ ആനന്ദ ബോസ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.