Connect with us

siraj editorial

പെഗാസസ് പിന്നെയും പുകയുമ്പോള്‍

നികുതിപ്പണം ഉപയോഗിച്ച് ചാരപ്രവര്‍ത്തനത്തിനുള്ള ആയുധം വാങ്ങി പൗരന്മാരുടെ ഫോണുകള്‍ നിയമവിരുദ്ധമായി ചോര്‍ത്തുന്നത് ഏറ്റവും വലിയ രാജ്യദ്രോഹമാണ്. ഇക്കാര്യം വെളിച്ചത്തു കൊണ്ടുവന്ന മാധ്യമത്തെ ചീത്തപറഞ്ഞതു കൊണ്ടായില്ല, ഈ ആരോപണം സംബന്ധിച്ച് വ്യക്തമായൊരു വിശദീകരണം നല്‍കുകയാണ് ഉത്തരവാദപ്പെട്ടവര്‍ ചെയ്യേണ്ടത്

Published

|

Last Updated

മോദി സര്‍ക്കാറിനെ പിടിവിടാതെ പിന്തുടര്‍ന്നു കൊണ്ടിരിക്കുകയാണ് പെഗാസസ് വിവാദം. ആറ് മാസം മുമ്പാണ് ഇസ്‌റാഈലിന്റെ ചാര സോഫ്റ്റ്്വെയറായ പെഗാസസ് ഉപയോഗിച്ച് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ, പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, തൃണമൂല്‍ കോണ്‍ഗ്രസ്സ് ദേശീയ ജനറല്‍ സെക്രട്ടറിയും എം പിയുമായ അഭിഷേക് കിഷോര്‍ തുടങ്ങി മുന്നൂറോളം പ്രമുഖരുടെ ഫോണ്‍ സര്‍ക്കാര്‍ ചോര്‍ത്തിയെന്ന ആരോപണം ഉയര്‍ന്നത്. ചോര്‍ത്തപ്പെട്ടവരുടെ വിവരങ്ങള്‍ അന്ന് വാട്സ്ആപ്പ് ഗ്രൂപ്പ് കേന്ദ്രത്തിന് കൈമാറുകയും ചെയ്തു. സോഫ്്റ്റ്്വെയറിനുള്ളില്‍ നിയമവിരുദ്ധമായി കടന്നുകയറിയതിന് എന്‍ എസ് ഒ ഗ്രൂപ്പിനെതിരെ അമേരിക്കന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ.് ഇന്നിപ്പോള്‍ ഇസ്‌റാഈലില്‍ നിന്ന് ഇന്ത്യ പെഗാസസ് വാങ്ങിയതായി അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസിന്റെ വെളിപ്പെടുത്തലാണ് ഇതുമായി ബന്ധപ്പെട്ട പുതിയ വിവാദം. ഏതൊക്കെ രാജ്യങ്ങള്‍ പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങി ഉപയോഗിച്ചുവെന്നത് സംബന്ധിച്ച് ഒരു വര്‍ഷത്തോളമായി പഠനം നടത്തിവരികയായിരുന്നു ന്യൂയോര്‍ക്ക് ടൈംസ്. 2017ലെ പ്രതിരോധ കരാര്‍ പ്രകാരമാണ് ഇസ്‌റാഈലില്‍ നിന്ന് പെഗാസസ് വാങ്ങിയതെന്നും പ്രധാനമന്ത്രി മോദിയുടെ ഇസ്‌റാഈല്‍ സന്ദര്‍ശന വേളയിലാണ് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പ് വെച്ചതെന്നും പത്രം പറയുന്നു. 2017 ജൂലൈയിലാണ് മോദി ഇസ്‌റാഈല്‍ സന്ദര്‍ശിച്ചത്.

ഇസ്‌റാഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ എസ് ഒ കമ്പനി വികസിപ്പിച്ചെടുത്ത, ചാരവൃത്തിക്കു വേണ്ടിയുള്ള അതിനൂതന മാല്‍വെയര്‍ സോഫ്റ്റ് വെയറാണ് പെഗാസസ.് ഇത് ഉപയോഗിച്ച് കമ്പ്യൂട്ടറുകളും സ്മാര്‍ട്ട്ഫോണുകളും ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താനാകും. മറ്റുള്ളവരുടെ ഫോണിലും കമ്പ്യൂട്ടറിലുമുള്ള ഫോട്ടോ, ചാറ്റിംഗ്, ലൊക്കേഷന്‍, മറ്റു വ്യക്തിവിവരങ്ങളെല്ലാം ചോര്‍ത്താവുന്നതാണ്. 2016ല്‍ യു എ ഇയിലെ സാമൂഹിക പ്രവര്‍ത്തകനായ അഹ്മദ് മന്‍സൂറിന്റെ ഐഫോണില്‍ സംശയാസ്പദമായ മെസ്സേജ് ശ്രദ്ധയില്‍ പെട്ടതോടെയാണ് ആദ്യമായി പെഗാസസിന്റെ ഫോണ്‍ ചോര്‍ത്തല്‍ പുറംലോകമറിയുന്നത്. ഐഫോണുകളെയും ആന്‍ഡ്രോയിഡ് ഫോണുകളെയുമാണ് പ്രധാനമായും ഈ സോഫ്്റ്റ്്വെയര്‍ ലക്ഷ്യമിടുന്നത്. ഫോണുകളിലും കമ്പ്യൂട്ടറുകളിലുമുള്ള സോഫ്റ്റ് വെയറുകളിലെ പഴുതുകളും സുരക്ഷാ വീഴ്ചകളും ചൂഷണം ചെയ്താണ് മാല്‍വെയര്‍ കടന്നുകയറുന്നത്. ഫോണ്‍ ചോര്‍ത്തുന്നതിനുള്ള ഏറ്റവും എളുപ്പവും പരിഷ്‌കൃതവുമായ ആയുധമെന്നാണ് പെഗാസസിനെക്കുറിച്ച് സൈബര്‍ സുരക്ഷാ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

ഭീകര പ്രവര്‍ത്തനങ്ങളും കുറ്റകൃത്യങ്ങളും കണ്ടെത്താന്‍ ഭരണകൂടങ്ങളെ സഹായിക്കുന്നതിനാണ് സോഫ്റ്റ് വെയര്‍ വികസിപ്പിച്ചതെന്നാണ് എന്‍ എസ് ഒയുടെ അവകാശവാദം. എന്നാല്‍ സര്‍ക്കാറുകള്‍ക്ക് അവരുടെ രാഷ്ട്രീയ പ്രതിയോഗികളെയും വിമര്‍ശകരെയും നിരീക്ഷിക്കാനും ചാരപ്രവര്‍ത്തനം നടത്താനുമാണ് ഇത് ഉപയോഗിച്ചു വരുന്നത്. തങ്ങളുടെ താത്പര്യങ്ങളോട് വിയോജിപ്പുള്ളവരെ നിരീക്ഷിക്കാനും തങ്ങള്‍ ആഗ്രഹിക്കുന്ന ഏതൊരാളുടെയും രഹസ്യ വിവരങ്ങളും ഇടപെടലുകളും സമ്പര്‍ക്കങ്ങളും വിശദമായിത്തന്നെ ചോര്‍ത്താനും ഭരണകൂടങ്ങള്‍ക്ക് പെഗാസസ് വഴി സാധിക്കും. പല രാജ്യങ്ങളും പെഗാസസ് ഈ ലക്ഷ്യത്തില്‍ വാങ്ങി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 2019ല്‍ ആഗോളതലത്തില്‍ തന്നെ നടന്ന പെഗാസസ് ഫോണ്‍ചോര്‍ത്തലില്‍ ഇന്ത്യയിലെ പ്രമുഖ മാധ്യമ, സാമൂഹിക പ്രവര്‍ത്തകരും അക്കാദമീഷ്യന്മാരും അഭിഭാഷകരും ഉള്‍പ്പെട്ടതായി പരാതിയുയര്‍ന്നിരുന്നു. അതോടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പെഗാസസ് വിവാദം കടന്നുവരുന്നത്.

മോദി സര്‍ക്കാര്‍ പെഗാസസ് ഉപയോഗിച്ച് മുന്നൂറോളം പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന ആരോപണത്തിനു ബലമേകുന്നതാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ പുതിയ അന്വേഷണാത്മക റിപ്പോര്‍ട്ട്. ഫോണ്‍ ചോര്‍ത്തല്‍ ആരോപണം സംബന്ധിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു സമിതി രൂപവത്കരിച്ചിട്ടുണ്ട് സുപ്രീം കോടതി. സമിതിയുടെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ആരോപണം കൊള്ളുകയോ തള്ളുകയോ ചെയ്യാതെ ഒഴിഞ്ഞുമാറുകയാണ് കേന്ദ്ര സര്‍ക്കാര്‍. പെഗാസസ് വിവാദം സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ കോടതി വിധി കാത്തിരിക്കുകയാണെന്നും ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ മറുപടി. കേന്ദ്ര മന്ത്രി വി കെ സിംഗ് പെഗാസസ് ഇടപാട് വെളിച്ചത്തു കൊണ്ടുവന്ന ന്യൂയോര്‍ക്ക് ടൈംസിനു നേരെ കടുത്ത രോഷം പ്രകടിപ്പിക്കുകയും ചെയ്തു. “നിങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിനെ വിശ്വാസത്തിലെടുക്കരുത്. വാടകഗുണ്ടാപ്പണിയെടുക്കുന്ന മാധ്യമമാണ് ടൈംസ്’ എന്നായിരുന്നു വി കെ സിംഗിന്റെ പ്രതികരണം.

വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് പെഗാസസിന്റെ പ്രവര്‍ത്തനം. ഇത് കുറ്റകൃത്യവും ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വകാര്യതാ സംരക്ഷണമെന്ന ഭരണഘടനാ ഉറപ്പിന്റെ ലംഘനവുമാണ്. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള ഏതൊരു അധികാരത്തിന്റെയും കടന്നുകയറ്റം അംഗീകരിക്കാവതല്ല. വിമര്‍ശകരെയും രാഷ്ട്രീയ ശത്രുക്കളെയും രാജ്യദ്രോഹം ആരോപിച്ച് നിരന്തരം വേട്ടയാടുകയാണല്ലോ സര്‍ക്കാര്‍. എന്നാല്‍ പൗരന്മാരുടെ നികുതിപ്പണം ഉപയോഗിച്ച് ചാരപ്രവര്‍ത്തനത്തിനുള്ള ആയുധം വാങ്ങി അതിന്റെ സഹായത്തോടെ പൗരന്മാരുടെ ഫോണുകള്‍ നിയമവിരുദ്ധമായി ചോര്‍ത്തുന്നത് ഏറ്റവും വലിയ രാജ്യദ്രോഹമാണ്. ഇക്കാര്യം വെളിച്ചത്തു കൊണ്ടുവന്ന മാധ്യമത്തെ ചീത്തപറഞ്ഞതു കൊണ്ടായില്ല, ഈ ആരോപണം സംബന്ധിച്ച് വ്യക്തമായൊരു വിശദീകരണം നല്‍കുകയാണ് ഉത്തരവാദപ്പെട്ടവര്‍ ചെയ്യേണ്ടത്. സര്‍ക്കാര്‍ പെഗാസസ് വാങ്ങിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതെന്തിനെല്ലാം ഉപയോഗപ്പെടുത്തിയെന്ന് ജനങ്ങളോട് വ്യക്തമാക്കണം. ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത വ്യാജമാണെങ്കില്‍ നിയമപരമായാണ് അതിനെ നേരിടേണ്ടത്. പാര്‍ലിമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ നല്ലൊരു ആയുധമാണ് പ്രതിപക്ഷത്തിന്റെ കൈകളിലെത്തിയിരിക്കുന്നത്.