supreme court collegium
"കൊളീജിയം ഭീതി' മറനീങ്ങുമ്പോള്‍
നീതിന്യായ സംവിധാനത്തിലെ നിയമനങ്ങളില്‍ ഇടപെടാന്‍ ഒരുനിലക്കും സാധിക്കുന്നില്ല എന്നത് നരേന്ദ്ര മോദി ഭരണകൂടത്തെയും അതിനെ പിന്തുണക്കുന്ന സംഘ്പരിവാരത്തെയും എത്രമാത്രമാണ് നിരാശപ്പെടുത്തുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട് കൊളീജിയം സംബന്ധിച്ച റിജിജുവിന്റെയും ഉപരാഷ്ട്രപതിയുടെയും വാക്കുകള്‍.
ഇന്ത്യന്‍ യൂനിയനിലെ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിന് നിലവിലുള്ള കൊളീജിയം സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രസ്താവനകള്‍ ഒരിടവേളക്ക് ശേഷം ആവര്‍ത്തിക്കുകയാണ് സംഘ്പരിവാരവും അധികാരത്തിലെ അതിന്റെ പ്രതിനിധികളും. നിയമ – നീതി വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര മന്ത്രി കിരണ്‍ റിജിജു, കൊളീജിയത്തെ വിമര്‍ശിക്കുന്നത് കഴിഞ്ഞ മാസം അഞ്ചിനാണ് (2022 നവംബര്‍ അഞ്ചിന്). രണ്ട് വര്‍ഷത്തെ കാലാവധിയോടെ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് നാല് ദിവസം മുമ്പ്. സമാന സ്വഭാവത്തില്‍ കൊളീജിയം സംവിധാനത്തെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ വിമര്‍ശിക്കുന്നത് കഴിഞ്ഞ ദിവസം കേട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കൂടി സന്നിഹിതനായ വേദിയാണ് വിമര്‍ശത്തിന് ഉപരാഷ്ട്രപതി തിരഞ്ഞെടുത്തത്.
യോഗ്യത തികഞ്ഞവരെ തഴഞ്ഞ്, ജഡ്ജിമാരുടെ പരിചയവൃത്തത്തിലുള്ളവരെ നീതിപീഠത്തിലേക്ക് ഉയര്‍ത്തുകയാണ് നിലവിലെ സംവിധാനം ചെയ്യുന്നത് എന്നായിരുന്നു കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്റെ വിമർശം. ജഡ്ജിമാരുടെ പരിചയവൃത്തത്തിലുള്ളവരെ എന്ന് റിജിജു പ്രയോഗിക്കുമ്പോള്‍ സ്വജനങ്ങളെ നിയമിക്കാനുള്ള വേദികളായി സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ തസ്തികകള്‍ മാറിയിരിക്കുന്നുവെന്ന് പറയാതെ പറയുകയാണ് അദ്ദേഹം. സുപ്രീം കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസായ വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നത് കൂടി പരിഗണിച്ചാല്‍ രാഷ്ട്രീയം മാത്രമല്ല നീതിന്യായ സംവിധാനവും കുടുംബാധിപത്യമെന്ന ആരോപണത്തില്‍ നിന്ന് മുക്തമല്ലെന്ന സൂചന കേന്ദ്ര മന്ത്രിയുടെ വാക്കുകളിലുണ്ട്. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ സംവിധാനമായിരുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ വിശ്വാസ്യത തകര്‍ക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി സമര്‍ഥമായി ഉപയോഗിച്ച ആയുധമാണ് ആ പാര്‍ട്ടിയിലെ കുടുംബാധിപത്യം. അതിന് സമാനമായി നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യാനുള്ള ശ്രമത്തിന് തുടക്കമിടുകയാണ് റിജിജു ചെയ്തത് എന്ന് കരുതണം.
2014ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിന് ശേഷം പാര്‍ലിമെന്റ് പാസ്സാക്കുകയും 2015ല്‍ ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കി സുപ്രീം കോടതി അസാധുവാക്കുകയും ചെയ്ത ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്റെ കാര്യം ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറുടെ വിമർശം. പാര്‍ലിമെന്റ് ഏകകണ്ഠമായാണ് (രാജ്യസഭയിലെ ഒരാളുടെ വിട്ടുനില്‍ക്കല്‍ മാത്രമാണ് അപവാദം) ജുഡീഷ്യല്‍ നിയമ കമ്മീഷന്‍ രൂപവത്കരിക്കുന്നതിന് അംഗീകാരം നല്‍കിയതെന്നും രാജ്യത്തെ ജനങ്ങളുടെയാകെ വികാരമാണ് അതില്‍ പ്രതിഫലിച്ചതെന്നും അത്തരമൊരു സംവിധാനത്തെ സുപ്രീം കോടതി അസാധുവാക്കിയത് ലോകത്തു തന്നെ അസാധാരണമാണെന്നുമാണ് ഉപരാഷ്ട്രപതി പറഞ്ഞത്. നീതിന്യായ സംവിധാനത്തിലെ നിയമനങ്ങളില്‍ ഇടപെടാന്‍ ഒരുനിലക്കും സാധിക്കുന്നില്ല എന്നത് നരേന്ദ്ര മോദി ഭരണകൂടത്തെയും അതിനെ പിന്തുണക്കുന്ന സംഘ്പരിവാരത്തെയും എത്രമാത്രമാണ് നിരാശപ്പെടുത്തുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട് കൊളീജിയം സംബന്ധിച്ച റിജിജുവിന്റെയും ഉപരാഷ്ട്രപതിയുടെയും വാക്കുകള്‍.
ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിശ്ചയിക്കുന്നത് യുക്തിസഹമാണോ എന്ന ചോദ്യം പ്രസക്തമാണ്. മുന്‍ ചീഫ് ജസ്റ്റിസുമാരുടെയോ ജസ്റ്റിസുമാരുടെയോ മക്കളോ ബന്ധുക്കളോ ഹൈക്കോടതികളിലും സുപ്രീം കോടതികളിലും നിയമിക്കപ്പെടുന്നുണ്ട് എന്ന വസ്തുത സ്വജനപക്ഷപാതിത്വത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. മുതിര്‍ന്ന അഭിഭാഷകരുടെ മക്കള്‍ ജഡ്ജി നിയമനത്തിന് പരിഗണിക്കപ്പെടുമ്പോഴും അതിന്‍മേല്‍ സ്വജനപക്ഷപാതിത്വത്തിന്റെ നിഴല്‍ പടരുന്നുണ്ട്. ഇതിന് വഴിവെക്കുന്ന കൊളീജിയം എന്ന സമ്പ്രദായം ഭരണഘടനയുടെ ഏതെങ്കിലും വ്യവസ്ഥയുടെ പിന്‍ബലത്തിലോ പാര്‍ലിമെന്റ് പാസ്സാക്കിയ ഏതെങ്കിലും നിയമത്തിന്റെ പിന്തുണയിലോ നിലനില്‍ക്കുന്നതുമല്ല. ഭരണകൂടത്തിന്റെ അധികാരപരിധിയില്‍ നിലനിന്നിരുന്ന ജഡ്ജി നിയമനം കൊളീജിയം എന്ന സംവിധാനത്തിന് കീഴിലേക്ക് മാറുന്നത് 1990കളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിവിധ വിധികളുടെ അടിസ്ഥാനത്തിലാണ്. സുപ്രീം കോടതി വിധി രാജ്യത്തെ നിയമമാണെന്നതിനാല്‍ കൊളീജിയം സമ്പ്രദായം നിയമവിധേയമായി മാറുന്നു. അതുമാത്രമല്ല, നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കാന്‍ പാകത്തില്‍ ചട്ടങ്ങള്‍ രൂപവത്കരിക്കാനുള്ള സ്വാതന്ത്ര്യം നീതിന്യായ സംവിധാനത്തിന് തന്നെ ഭരണഘടന നല്‍കിയിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ കൊളീജിയം സമ്പ്രദായം ഭരണഘടനാനുസൃതമാണെന്ന് നിസ്സംശയം പറയാനുമാകും. കോടതികളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു ഭരണകൂടം നിലനില്‍ക്കെ പ്രത്യേകിച്ചും.
ഹൈക്കോടതി – സുപ്രീം കോടതി ജഡ്ജിമാരുടെ പദവികളിലേക്ക് കൊളീജിയം നിര്‍ദേശിക്കുന്നവരെ അംഗീകരിക്കുക എന്നതേ കേന്ദ്ര സര്‍ക്കാറിന് കരണീയമായുള്ളൂ. നിര്‍ദേശിക്കുന്നത് അഭിഭാഷകരെയാണെങ്കില്‍ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഇന്റലിജന്‍സ് അന്വേഷണം നടത്താമെന്ന് മാത്രം. പിന്നെയുള്ള വഴി, കൊളീജിയത്തിന്റെ നിര്‍ദേശത്തില്‍ തീരുമാനം വൈകിപ്പിക്കുകയോ പേരുകള്‍ തിരിച്ചയക്കുകയോ മാത്രം. തിരിച്ചയച്ച പേരുകള്‍ കൊളീജിയം വീണ്ടും ശിപാര്‍ശ ചെയ്താല്‍ അംഗീകരിക്കണം. അതും പരമാവധി വൈകിപ്പിക്കാന്‍ പഴുതുണ്ട്. ആ വിദ്യ സമര്‍ഥമായി പ്രയോഗിക്കുന്നുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. ജഡ്ജിമാരുടെ നിയമനം വൈകാനും കേസുകള്‍ കെട്ടിക്കിടക്കാനുമേ ഫയലുകളില്‍ ചമ്രംപടിഞ്ഞിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് വഴിവെക്കൂ. കേസുകള്‍ കെട്ടിക്കിടന്നാല്‍ പ്രയാസത്തിലാകുക വോട്ടിംഗ് അവകാശമുള്ള പൗരന്മാരാണ്. അവരങ്ങനെ വലയുന്നതില്‍ എന്തെങ്കിലും ഖേദം വര്‍ഗീയ അജന്‍ഡകളുടെ പ്രയോഗത്തില്‍ മാത്രം ശ്രദ്ധാലുക്കളായ ഭരണകൂടത്തെ ഏതെങ്കിലും വിധത്തില്‍ അലോസരപ്പെടുത്തുന്നതല്ല.
എന്നാല്‍ ഭരണഘടന മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ അധികരിച്ച് നീതിനിര്‍വഹണവും നിയമങ്ങളുടെ വ്യാഖ്യാനവും നടത്താന്‍ നീതിന്യായ സംവിധാനം തീരുമാനിച്ചാല്‍, അതവരെ അലോസരപ്പെടുത്തുക തന്നെ ചെയ്യും. ഭരണഘടന നിലനില്‍ക്കെത്തന്നെ അതിനെ അട്ടിമറിച്ചോ അവഗണിച്ചോ എടുത്ത തീരുമാനങ്ങളുണ്ട്, ഭരണഘടനാ സ്ഥാപനങ്ങളെ വരുതിക്ക് നിര്‍ത്തി നടപ്പാക്കിയ തീരുമാനങ്ങളുമുണ്ട്. അവയെ ഭരണഘടനാ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തുലനം ചെയ്യാന്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തില്‍ പരമോന്നത കോടതി നിശ്ചയിച്ചാല്‍, അതിന്റെ അനുരണനങ്ങള്‍ താഴേതലത്തിലുള്ള നീതിന്യായ സംവിധാനങ്ങളിലുണ്ടാകും. അതൊരുപക്ഷേ, വര്‍ഗീയ അജന്‍ഡകളുടെ ബലത്തില്‍ കെട്ടിപ്പൊക്കിയ അധികാരശ്രേണിയെ ദുര്‍ബലമാക്കും. ചിലപ്പോള്‍ നിഷ്‌കാസിതരും. ജുഡീഷ്യറിയോട് പോരടിച്ച് നാടുവിടേണ്ടിവന്ന ഏകാധിപതികളുടെ കഥ, പാക്കിസ്ഥാന്റെ മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫും അവിടുത്തെ സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇഫ്തിഖര്‍ ചൗധരിയും പറഞ്ഞുതന്നിട്ടുണ്ട് രണ്ട് ദശകം മുമ്പ്.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ചീഫ് ജസ്റ്റിസ് സ്ഥാനമേറ്റെടുത്തതിന് ശേഷം പരമോന്നത കോടതിയിലെ മുറികളില്‍ നിന്നുയരുന്ന ശബ്ദങ്ങളില്‍, പൗരന്റെ അവകാശങ്ങളുടെ പ്രാധാന്യം വ്യവഹരിക്കുന്നുണ്ട്. അതേക്കുറിച്ച് ഭരണഘടന നിഷ്‌കര്‍ഷിച്ചത് പുലരേണ്ടേ എന്ന ചോദ്യമുണ്ട്. അവകാശങ്ങളിലേക്ക് കടന്നുകയറാനും അതുവഴി ഭീതി വിതച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താനും ശ്രമിക്കുന്ന ഭരണകൂടത്തെ ചിലതൊക്കെ ഓര്‍മിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങുന്നുണ്ട് നീതിന്യായ സംവിധാനം. പുതിയ ചീഫ് ജസ്റ്റിസിന്റെ രണ്ട് വര്‍ഷ കാലാവധിയും അതിനിടെ പരിഗണനക്കെടുക്കാനിടയുള്ള, പൗരത്വ നിയമ ഭേദഗതിയും ജമ്മു കശ്മീര്‍ വിഭജനവും ഉള്‍പ്പെടെ, പ്രധാനപ്പെട്ട വിഷയങ്ങളും ചെറുതല്ലാത്ത ഭീതി വിതച്ചിട്ടുണ്ട് നരേന്ദ്ര മോദിയും അമിത് ഷായും നയിക്കുന്ന സംഘ്പരിവാരത്തിന്റെ സെന്‍ട്രല്‍ വിസ്തയില്‍. എന്‍ ഐ എ നിയമ ഭേദഗതിയും രാജ്യദ്രോഹം വ്യവഹരിക്കുന്ന നിയമവും കോടതിയുടെ തീര്‍പ്പ് കാത്തിരിക്കുന്നു. ബ്രഹ്‌മാസ്ത്രം പോലെ ഉപയോഗിച്ച ഇവ രണ്ടിന്റെയും സാധുത റദ്ദാക്കാന്‍ നിശ്ചയിച്ചാല്‍, പ്രഹരത്തിന് പുതിയ വജ്രായുധങ്ങള്‍ മെനയേണ്ടിവരും. കാറ്റിന്റെ ഗതി പ്രതികൂലമെന്ന് കണ്ടാല്‍, ഇപ്പോള്‍ ഒപ്പം നില്‍ക്കുന്ന ഉദ്യോഗസ്ഥവൃന്ദം തിരിഞ്ഞിരുന്ന് വാരിക്കുഴി തീര്‍ക്കും.
ജനാധിപത്യവും മതനിരപേക്ഷതയും നിലനില്‍ക്കും വിധത്തിലാണ് ഭരണഘടനാ വ്യവസ്ഥകളെയും നിയമങ്ങളെയും വ്യാഖ്യാനിക്കേണ്ടത് എന്ന് പുതിയ സാഹചര്യത്തില്‍ കോടതികള്‍ നിശ്ചയിച്ചാല്‍ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള യാത്രക്ക് മുന്നില്‍ വലിയ കിടങ്ങുകളുണ്ടാകും. ഏത് കേസിലും കാവിമഷിയില്‍ തൂലിക മുക്കി വിധിന്യായം ചമയ്ക്കുന്ന അരുണ്‍ മിശ്രമാരെ കോടതികളിലേക്ക് നിയോഗിക്കുക എന്നതും പ്രയാസമാകും. അത്തരമൊരു പ്രതികൂല കാലാവസ്ഥ മുന്നില്‍ക്കാണുമ്പോള്‍ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുകയാണ് എളുപ്പവഴി. അത് നേരത്തേ തുടങ്ങിയാലേ എതിരായ വിധികളുണ്ടാകുമ്പോള്‍ ന്യായീകരണത്തിന് ബലമുണ്ടാകൂ. അതിനുള്ള ശ്രമമാണ് കിരണ്‍ റിജിജുവില്‍ തുടങ്ങി ജഗ്ദീപ് ധന്‍കറിലെത്തിനില്‍ക്കുന്നത്.
ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ നിശ്ചയിക്കുന്ന കൊളീജിയം സമ്പ്രദായം, അതിന്റെ അതാര്യതയുടെ പേരില്‍ എതിര്‍ക്കപ്പെടേണ്ടതുണ്ട്. പക്ഷേ, സംഘ്പരിവാരവും അതിന്റെ പ്രതിനിധികളും ആ സമ്പ്രദായത്തെ എതിര്‍ക്കുന്നത് നിയമനങ്ങള്‍ സുതാര്യമാക്കാനല്ല, മറിച്ച് കൂടുതല്‍ ഇരുട്ടിലേക്ക് രാജ്യത്തെ എത്തിക്കാനാണെന്നത് തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ തിരിച്ചറിയുമ്പോള്‍ കൊളീജിയം തന്നെയമൃതം കേന്ദ്രാധികാരം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം എന്ന് പറയേണ്ടിവരും. സ്വതന്ത്ര വായു ശ്വസിക്കാനുള്ള ചെറുപഴുതിന് വേണ്ടി ബന്ധു നിയമനവും കുടുംബാധിപത്യവും നമുക്ക് തത്കാലം പൊറുക്കാം. വംശഹത്യ ആസൂത്രണം ചെയ്യാന്‍ മടിക്കാത്ത, അതിനെ ന്യായീകരിക്കുന്ന സംഘ്പരിവാരത്തിന്റെ (യു ജി സി) ചട്ടങ്ങളേക്കാള്‍ ഭേദമാണത്.