kerala waqf board
വഖഫ് വിവാദം യഥാർഥ വിഷയത്തെ തൊടുമ്പോൾ
പി എസ് സിയിൽ തുടങ്ങിയ വിവാദം സമുദായത്തിന്റെ പല ഉൾവഴികളിലൂടെയും യാത്ര ചെയ്‌ത് വഖഫുമായി ബന്ധപ്പെട്ട യഥാർഥ പ്രശ്നങ്ങളിലേക്ക് എത്തിച്ചേരുകയാണ് എന്നു വേണം മനസ്സിലാക്കാൻ.
സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമ ഇ കെ വിഭാഗം പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രസംഗവും ശേഷം മാധ്യമങ്ങളോട് നടത്തിയ വിശദീകരണവും മുസ്‌ലിം ലീഗും തത്പര കക്ഷികളും മുന്നോട്ട് വെച്ച വാദങ്ങളെ റദ്ദുചെയ്യുക മാത്രമല്ല, വഖഫുമായി ബന്ധപ്പെട്ട യഥാര്‍ഥ പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. നേരം വെളുത്താല്‍ എല്ലാ മുസ്‌ലിംകളും അര ഗ്ലാസ് കള്ള് കുടിക്കണം എന്നാണ് ഗവണ്‍മെന്റ് പാസാക്കുന്നതെങ്കില്‍ പള്ളിയുടെ മുകളില്‍ കയറി തന്നെ പ്രതിഷേധിക്കാം അത് പോലെ പ്രതിഷേധിക്കേണ്ടതല്ല, പി എസ് സി വിഷയം എന്നാണ് തങ്ങള്‍ വിശദീകരിച്ചത്. എന്നുവെച്ചാല്‍, വിശ്വാസികളെ സംബന്ധിച്ചിടത്തോളം അത്രയൊന്നും ഗൗരവമുള്ള വിഷയമല്ല എന്നല്ലാതെ മറ്റെന്താണ് ഇതിനര്‍ഥം?
കേരള വഖഫ് ബോര്‍ഡും അതിലെ ഉദ്യോഗസ്ഥരും പരമ പരിശുദ്ധരും ഇന്ത്യയില്‍ തന്നെ മുന്തിയതുമാണെന്നാണല്ലോ ലീഗും സലഫികളും കോ ഓഡിനേഷന്‍ കമ്മിറ്റിയും പറയുന്നത്. ഈ വിഷയത്തില്‍ ജിഫ്‌രി തങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന് വാഴക്കാട്ടെ വഖഫ് സ്വത്തിന്റെ കാര്യം പറഞ്ഞുകൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ആശയ വൈകല്ല്യമുള്ളവരുടെ ഇടപെടല്‍ മൂലം സുന്നികളുടെ കൈകളില്‍ നിന്ന് ഒരുപാട് വഖ്ഫുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഒരുപാട് സുന്നി പള്ളികള്‍ നമ്മള്‍ക്ക് പോയി. പിന്നെ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങള്‍ അവിടെ നടപ്പില്‍ വരുത്താന്‍ സാഹചര്യമുണ്ടായില്ല. വഖഫ് സ്വത്തുക്കള്‍ പുത്തനാശയക്കാരായ മുജാഹിദുകളുടെ കൈകളിലെത്തുന്നതിനെതിരെ മുതവല്ലിമാര്‍ ജാഗ്രത പുലര്‍ത്തണം. സുന്നികളില്‍ നിന്ന് വഖഫ് സ്വത്തുക്കള്‍ തട്ടിയെടുത്ത പല കേസുകളും നടക്കുണ്ട്- സത്യത്തില്‍ വഖഫ് ബോർഡുമായി ബന്ധപ്പെട്ടു നടക്കുന്ന യഥാര്‍ഥ പ്രശ്‌നം ഇതാണ് എന്നല്ലേ തങ്ങള്‍ പറയുന്നത്? ആയിരക്കണക്കിന് ഏക്കര്‍ വഖ്ഫ് സ്വത്തുക്കള്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൊള്ള ചെയ്യപ്പെട്ടിട്ടുണ്ടെന്നും സുന്നീ വഖഫ് സ്വത്തുക്കളും പള്ളികളും തട്ടിയെടുക്കപ്പെട്ടിട്ടുണ്ടെന്ന യാഥാര്‍ഥ്യത്തെ പ്രശ്‌നവത്കരിക്കുകാണ് ജിഫ്‌രി തങ്ങള്‍. കഴിഞ്ഞ ദിവസം മന്ത്രിയെ കണ്ടപ്പോഴും സുന്നികളുടെ വഖഫുകൾ മുജാഹിദുകൾ തട്ടിയെടുത്തത് തങ്ങൾ ഉന്നയിക്കുകയുണ്ടായി.
ഏറെക്കുറെ ശാന്തമായി നീങ്ങുന്ന സുന്നി മഹല്ലുകളില്‍ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സലഫിയായ പി എം എ സലാമിന്റെ കുതന്ത്രത്തെയും തങ്ങള്‍ നിഷ്പ്രഭമാക്കി. സുന്നീ പള്ളിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു, സുന്നികള്‍ ഉത്തരവാദികളാകുന്ന ഒരവസ്ഥ ഉണ്ടാകാന്‍ പാടില്ല എന്ന് അദ്ദേഹം തുറന്നുപറയുന്നു. മാത്രമല്ല, മുസ്‌ലിം സമുദായം, കോഓർഡിനേഷന്‍ തുടങ്ങിയ ജാര്‍ഗണുകളുമായി വഖഫ് ബോര്‍ഡിലെ യഥാര്‍ഥ പ്രശ്‌നങ്ങളെ തമസ്‌കരിക്കാനിറങ്ങിയവരെ ഖുതുബയുടെ ഭാഷയെക്കുറിച്ചും വഹാബികളുടെ സുന്നീ വഖഫ് തട്ടിയെടുക്കലിനെക്കുറിച്ചും ഓര്‍മിപ്പിച്ച് സുന്നി സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നുമുണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍.
പള്ളിയിലേക്ക് വിഷയം വരുമെന്ന് കണ്ടപ്പോള്‍ പിണറായി പേടിച്ച് ചര്‍ച്ചക്ക് വിളിച്ചു എന്നൊക്കെയാണല്ലോ ബഡായി. കഴിഞ്ഞ ആഴ്ചയല്ല, അതിന്റെ മുമ്പത്തെ ആഴ്ചയാണ് പിണറായി വിളിച്ച് ചര്‍ച്ച ചെയ്യാം എന്ന് വാഗ്ദാനം ചെയ്തത്. അപ്പോള്‍ പിന്നെ അതും സ്വാഹ! പള്ളിക്കകത്തോ, പുറത്തോ സമരം നടത്തുന്നതിനെ കുറിച്ച് ‘സമസ്ത’ ഇപ്പോൾ ആലോചിച്ചിട്ടേയില്ല എന്നും ജിഫ്‌രി തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പി എസ് സിയിൽ തുടങ്ങിയ വിവാദം സമുദായത്തിന്റെ പല ഉൾവഴികളിലൂടെയും യാത്ര ചെയ്‌ത് വഖഫുമായി ബന്ധപ്പെട്ട യഥാർഥ പ്രശ്നങ്ങളിലേക്ക് എത്തിച്ചേരുകയാണ് എന്നു വേണം മനസ്സിലാക്കാൻ. മുസ്‌ലിം സമുദായത്തിലെ പല സൂക്ഷ്മ രാഷ്ട്രീയ പ്രശ്നങ്ങളെയും തഴുകിയും തലോടിയും അതിന്റെ അനുരണങ്ങൾ ഉണ്ടാക്കിയേ പുതിയ വിവാദം കടന്നുപോകൂ എന്നിടത്തേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങൾ.