ഗള്‍ഫ് കാഴ്ച
ലോകത്തെ ഒരു പക്ഷിക്കൂടായി കാണുമ്പോൾ...
അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ചുണ്ണുന്നവൻ നമ്മിൽപെട്ടവനല്ലെന്ന പ്രവാചക അധ്യാപനമാണ് ശൈഖ് മുഹമ്മദിനെ നയിക്കുന്നത്. യു എ ഇയുടെ വികസന കാഴ്ചപ്പാട് ഇതിന് അനുരൂപമാണ്. അടിസ്ഥാന സൗകര്യമൊരുക്കുമ്പോൾ എത്രപേർക്ക് തൊഴിൽ ലഭിക്കുമെന്ന് കണക്കിലെടുക്കുന്നുണ്ട്. ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് ഇക്കാലത്ത് ആസൂത്രണങ്ങൾ ചെയ്യേണ്ടത്, ഭരിക്കേണ്ടത്.
ലോകത്ത് മനുഷ്യപ്പറ്റുള്ള ഭരണാധികാരികൾ തുലോം കുറവ്. ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരും കുറച്ചുകഴിയുമ്പോൾ “പ്രച്ഛന്ന ഭരണകൂട’ ത്തിന്റെ തടവുകാരാകുന്നു. പിന്നെ അന്താരാഷ്ട്ര ഗൂഢപദ്ധതികൾക്ക് വേണ്ടി മാത്രമാകും അത്തരക്കാരുടെ ഭരണം. ജനങ്ങളുടെ ദുരിതം അവർക്ക് അലോസരമേയല്ല. ഇതിനിടയിൽ രജതരേഖ പോലെ കുറച്ചു ഭരണാധികാരികളുണ്ട്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം മുൻപന്തിയിൽ നിൽക്കുന്നു. ജീവകാരുണ്യം, വികസനം എന്നീ രണ്ട് ബിന്ദുവിൽ ദൃഷ്ടിയുറപ്പിച്ചാണ് എപ്പോഴും പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.
മരുഭൂമിയിൽ കെട്ടിടം പണിയുന്നിടത്തു അടയിരിക്കുന്ന പക്ഷിയെ കണ്ടപ്പോൾ നിർമാണം വൈകിപ്പിച്ച ഒരു സന്ദർഭം ഓർമ വരുന്നു. ഒരു കുഞ്ഞുജീവന് വേണ്ടി എത്രയോ നഷ്ടം സഹിച്ചു. ദേരയിൽ, കെട്ടിടത്തിൽ തൂങ്ങിക്കിടന്ന പൂച്ചയെ രക്ഷിച്ച മലയാളികൾ അടക്കമുള്ള ആളുകൾക്ക് സമ്മാനം നൽകിയത് ഈ അടുത്ത കാലത്താണ്. ബർദുബൈയിൽ വസ്ത്ര വിപണന കേന്ദ്രം നവീകരിക്കുന്ന പദ്ധതി പ്രഖ്യാപിച്ചപ്പോൾ അവിടെയുള്ള ക്ഷേത്രത്തെക്കൂടി പരിഗണിച്ചായിരുന്നു അനുമതി. വിലക്കയറ്റത്തിൽ സാധാരണക്കാർ പൊറുതിമുട്ടാതിരിക്കാൻ വാണിജ്യകേന്ദ്രങ്ങളിൽ പരിശോധന നടത്തിയത് മറ്റൊരു സന്ദർഭം. കൊവിഡ് കാലത്ത് ചികിത്സാസൗകര്യം വ്യാപകമാക്കിയപ്പോൾ, സ്വദേശിയെന്നോ വിദേശിയെന്നോ നോക്കാതെ ഏവരെയും ഗുണഭോക്താക്കളാക്കി. കോടികളാണ് ഇതിനു വേണ്ടി ചെലവ് ചെയ്തത്. പരിചരണമെല്ലാം സൗജന്യമായിരുന്നു. പിന്നീട്, കൊവിഡിന് മുന്നിൽ ദീർഘകാലം ലോകം മുഴുവൻ പകച്ചുനിന്നപ്പോൾ മോചനത്തിനും മുൻകൈയെടുത്തത് ശൈഖ് മുഹമ്മദ്, വേൾഡ് എക്‌സ്‌പോ നടത്താൻ ചങ്കൂറ്റം കാട്ടുകയും ആഗോളജനതയെ വീണ്ടും പ്രതീക്ഷയിലേക്കു ചലിപ്പിക്കുകയും ചെയ്തു. മാനവിക ബോധം തന്നെയാണ് ഇവിടെയും തീരുമാനം കൈക്കൊള്ളുന്നതിൽ അടിത്തറയായി നിന്നത്.
ഇപ്പോൾ, റമസാൻ മാസത്തിൽ നൂറ് കോടി ഭക്ഷണപ്പൊതികൾ ലോകമെങ്ങും ദരിദ്രർക്ക് വിതരണം ചെയ്യുന്നു. ഇന്ത്യയിലും ഈ കാരുണ്യഹസ്തമെത്തി. മുമ്പ് കേരളം പ്രളയക്കെടുതി നേരിട്ടപ്പോൾ ഐക്യദാർഢ്യവുമായി ട്വീറ്റുകൾ പുറത്തിറക്കിയത്, മലയാളികളിൽ സൃഷ്ടിച്ച ആത്മവിശ്വാസം ചെറുതല്ല. നൂറ് കോടി ഭക്ഷണപ്പൊതി പദ്ധതിയിലേക്ക് സമൂഹത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സംഭാവനകളൊഴുകി. ജനങ്ങളിൽ അനുകമ്പാ ബോധം പ്രോജ്വലിപ്പിക്കാനും ഈ പദ്ധതിക്ക് കഴിയുന്നു. ജന്തുജാലങ്ങളുടെ ഏറ്റവും വലിയ ദുര്യോഗം പട്ടിണിയാണെന്ന് ഓരോ ഘട്ടത്തിലും ശൈഖ് മുഹമ്മദ് ഓർമിപ്പിക്കുന്നു. മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഫൗണ്ടേഷൻ ഇത്യോപ്യ, അഫ്ഗാനിസ്ഥാൻ, ഇന്തോനേഷ്യ, ഉഗാണ്ട തുടങ്ങി അനേകം രാജ്യങ്ങളിൽ സഹായം എത്തിക്കുന്നു. പ്രതിഫലേച്ഛയോടെയല്ല ഇതെല്ലാം.
അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ചുണ്ണുന്നവൻ നമ്മിൽപെട്ടവനല്ലെന്ന പ്രവാചക അധ്യാപനമാണ് ശൈഖ് മുഹമ്മദിനെ നയിക്കുന്നത്. യു എ ഇയുടെ വികസന കാഴ്ചപ്പാട് ഇതിന് അനുരൂപമാണ്. അടിസ്ഥാന സൗകര്യമൊരുക്കുമ്പോൾ എത്രപേർക്ക് തൊഴിൽ ലഭിക്കുമെന്ന് കണക്കിലെടുക്കുന്നുണ്ട്. ഇങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് ഇക്കാലത്ത് ആസൂത്രണങ്ങൾ ചെയ്യേണ്ടത്, ഭരിക്കേണ്ടത്.