Cover Story
ആ മുറിപ്പാടിൽ തൊടുമ്പോൾ...
"ഈ പാട് കണ്ടില്ലേ...ഖദറിട്ടതിന് ബ്രിട്ടീഷ് ഗവൺമെന്റിന്റെ കൂലിപ്പട്ടാളം ലാത്തികൊണ്ട് അടിച്ചതാ. ഖദർ ഷർട്ടിൽ പിടിച്ചുവലിച്ചു കീറിക്കൊണ്ട് ആ പട്ടാളക്കാരൻ അലറി, "ഖദറിടുമോടാ '. ഇടുമെന്നു പറഞ്ഞപ്പോൾ തുടർന്നും മർദനം. ഒപ്പം ഭീഷണിയും "മേലാൽ ഖദറിട്ടു കണ്ടുപോയാൽ കൊന്നുകളയും'.... ബ്രിട്ടീഷ് അടിമത്തത്തിൽ നിന്നും ഇന്ത്യൻ ജനതയെ മോചിപ്പിക്കാൻ ഗാന്ധിജിയുടെ ആഹ്വാനം കേട്ടു രംഗത്തിറങ്ങിയ കാലം മുതൽ ഖദറിനെ നെഞ്ചോട് ചേർത്ത, നൂറ് വയസ്സ് പിന്നിട്ട ബേക്കർ സാഹിബ് വിപ്ലവാനുഭവങ്ങൾ ഓർത്തെടുക്കുന്നു.
“പണത്തിന് ഏറെ ബുദ്ധിമുട്ടുള്ള കാലം. അക്കാലത്ത് അഞ്ചര രൂപ കൊടുക്കണം ഒരു ജോഡി ഖദർമുണ്ടിനും ഷർട്ടിനും. ഇതു വാങ്ങാൻ അങ്ങ് കരുനാഗപ്പള്ളി തഴവാ വരെ പോകണം. വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ നടന്നുവേണം പോകാൻ. കൈത്തറി തുണികൾ ഉണ്ടാക്കുന്ന ഒരു മില്ല് അവിടെ മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. അവിടെയെത്തിയാൽ തുണി വാങ്ങി തുന്നിക്കിട്ടും. പക്ഷേ, ഒരു കാര്യം. ഇന്നു കൊടുത്താൽ ഒന്നര മാസം കഴിഞ്ഞേ കിട്ടൂ… ഏറിയാൽ രണ്ട് ജോഡി വാങ്ങും. പിന്നീട് വർഷങ്ങൾക്കു ശേഷമാകും അടുത്തത് വാങ്ങുന്നത്….’
പെറ്റ നാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാട്ടത്തിനിറങ്ങിയ മധ്യകേരളത്തിലെ സ്വാതന്ത്ര്യസമരസേനാനികളിൽ ഒരാളായ “ബേക്കർ സാഹിബ്’ എന്ന് നാട്ടുകാർ ബഹുമാനപുരസ്സരം വിളിക്കുന്ന, കായംകുളം ചേരാവള്ളി “സൗഹൃദ’ത്തിൽ മകനോടൊപ്പം താമസിക്കുന്ന കെ എ ബേക്കർ ഘനഗാംഭീര്യം തണുത്തുറഞ്ഞ ശബ്ദത്തിൽ മുറിഞ്ഞുപോകാത്ത ഓർമകളിലൂടെ തന്റെ ഖദർകഥകൾ പറയുമ്പോൾ മുഖത്തു ഒരിക്കൽക്കൂടി സമരവീര്യം നുരഞ്ഞുപൊങ്ങും. ഒപ്പം മനസ്സിൽ താലോലിക്കുന്ന കമ്മ്യൂണിസത്തിന്റെ വിപ്ലവവീര്യങ്ങളും വാക്കിൽ പ്രകടമാകും.
ബ്രിട്ടീഷ് അടിമത്തത്തിൽ നിന്നും ഇന്ത്യൻ ജനതയെ മോചിപ്പിക്കാൻ ഗാന്ധിജിയുടെ ആഹ്വാനം കേട്ടു രംഗത്തിറങ്ങിയ കാലം മുതൽ ഖദറിനെ മാറോട് ചേർത്തു പിടിക്കാൻ തുടങ്ങിയ ബേക്കർ സാഹിബ് നൂറ് വയസ്സ് പിന്നിട്ടപ്പോഴും അതുതുടരുന്നതിനു പിന്നിൽ മറ്റൊരു കാരണവുമുണ്ട്. ഖദർ ജുബ്ബയുടെ ഇടതുകൈ മുകളിലോട്ടുയർത്തി കൈമുട്ടിനു മുകളിൽ ഇന്നും തെളിഞ്ഞുകാണുന്ന ഉണങ്ങിയ മുറിപ്പാട് ചൂണ്ടിക്കാട്ടി അദ്ദേഹം ആ കാരണം പറഞ്ഞു. “ഈ പാട് കണ്ടില്ലേ…ഖദറിട്ടതിന് ബ്രിട്ടീഷ് ഗവൺമെന്റിന്റെ കൂലിപ്പട്ടാളം ലാത്തികൊണ്ട് അടിച്ചതാ. ഖദർ ഷർട്ടിൽ പിടിച്ചുവലിച്ചു കീറിക്കൊണ്ട് ആ പട്ടാളക്കാരൻ അലറി, “ഖദറിടുമോടാ’. ഇടുമെന്നു പറഞ്ഞപ്പോൾ തുടർന്നും മർദനം. ഒപ്പം ഭീഷണിയും
“മേലാൽ ഖദറിട്ടു കണ്ടുപോയാൽ കൊന്നുകളയും’……..കറ്റാനം പോപ്പ് പയസ് സ്‌കൂൾ വിട്ട് മടങ്ങും വഴിയായിരുന്നു അത്. സമരത്തിന്റെ ഭാഗമായി ഞങ്ങൾ മുന്നോട്ടുനീങ്ങി. കുഞ്ഞപ്പിച്ചായൻ എന്നു വിളിക്കുന്ന ഒരാൾ ഓടിവന്നു പറഞ്ഞു. “മക്കളേ അങ്ങോട്ടു പോകരുത്. അവിടെ നിന്നും പട്ടാളം വരുന്നുണ്ട്.’ അതു വകവെക്കാതെ മുന്നോട്ടു നീങ്ങിയ ഞങ്ങളെ കണ്ട് മുകളിലോട്ട് പട്ടാളം വെടിവെച്ചു. എന്നിട്ടും പിരിഞ്ഞുപോകാതെ വന്നപ്പോഴായിരുന്നു ലാത്തിയും തോക്കിന്റെ പാത്തിയും കൊണ്ട് അടി…’
അടങ്ങാത്ത
ഖദർ പ്രേമം
കായംകുളം പെരിങ്ങാല പടിപ്പുരക്കൽ കാസിയാർ-മൈമൂന ദമ്പതികളുടെ നാല് മക്കളിൽ രണ്ടാമനായ കെ എ ബേക്കർ സാഹിബ് അന്ന് ഒരു ശപഥമെടുത്തു. “മരിക്കുവോളം ഇനി ഖദറേ ധരിക്കൂ.’… പിൽക്കാലത്ത് തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് നേതാവായി ഉയരുകയും കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുക്കുകയും ചെയ്തെങ്കിലും ഖദറിനോടുള്ള അടങ്ങാത്ത പ്രേമം അവിടം കൊണ്ടും അവസാനിച്ചില്ല. മൂന്ന് പതിറ്റാണ്ട് മുമ്പ് വാങ്ങിയ ഒരു ഖദർ സിൽക്ക് ഷർട്ട് ഇന്നും അമൂല്യനിധിയായി അദ്ദേഹം തന്റെ സ്വകാര്യ ശേഖരത്തിൽ കാത്തുസൂക്ഷിക്കുന്നു. വർഷത്തിൽ ഒരിക്കൽ, സ്വാതന്ത്ര്യദിനത്തിൽ മാത്രം ധരിക്കും. അന്ന് അത് ധരിച്ചുകൊണ്ടാകും കൊടി ഉയർത്തുക. വീട്ടിലെത്തിയാൽ ഊരിക്കഴുകി അലമാരയിൽ സൂക്ഷിക്കും. നൂറ്റാണ്ടിന്റെ ഓർമകൾ നെഞ്ചിലേറ്റുന്ന ഈ വിപ്ലവകാരിയുടെ ഇന്നും മുടക്കം വരാത്ത ചര്യയാണിത്.
സിരകളിൽ പടർന്ന
സമരവീര്യം
ബേക്കർ സാഹിബിന് അന്ന് 17 വയസ്സ്. ബ്രിട്ടീഷ് ഭരണത്തിനെതിരെ സമരരംഗത്തിറങ്ങാൻ 1938ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആഹ്വാനം. പഠന ആശ്രമത്തിൽ ഗാന്ധിജി വന്ന ദിവസമായിരുന്നു അത്. ആ ലഹരിയിൽ എല്ലാം ഇട്ടെറിഞ്ഞു സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരരംഗത്തിറങ്ങിയതോടെ തുടക്കംകുറിച്ച നിലയ്ക്കാത്ത പ്രവർത്തനം പിന്നീടങ്ങോട്ട് കൊടുങ്കാറ്റായി മാറുകയായിരുന്നു. വീട്ടുകാരുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചു രംഗത്തിറങ്ങിയ അദ്ദേഹത്തെ ഒരിക്കൽ വീട്ടിൽനിന്നുപോലും പുറത്താക്കിയിരുന്നു. തുടർന്ന് ഹോട്ടലിൽ താമസിച്ചുകൊണ്ടുള്ള പ്രവർത്തനം. ഇതിനെല്ലാം പാരിതോഷികമായി ലഭിച്ചത് നിരവധിതവണ കൊടിയ മർദനവും പലപ്പോഴായി 12 മാസത്തെ ജയിൽ ജീവിതവും. ആ ജൈത്രയാത്രക്കിടയിലും ഖദറിനെ മറക്കാനും അദ്ദേഹം തയ്യാറായില്ല. ഗാന്ധിജിയെയും നെഹ്‌റുവിനേയും നേരിൽക്കണ്ട അനുഭവങ്ങൾ ജീവിതത്തിലെ അനർഘനിമിഷങ്ങളായിരുന്നുവെന്നു അദ്ദേഹം ഇന്നും സ്മരിക്കുന്നു. 1956ൽ കായംകുളം നഗരസഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ചു നഗരസഭാംഗമായി. കേരള നിയമസഭാ സ്പീക്കറായിരുന്ന ശങ്കരനാരായണൻ തമ്പിയുടെ സഹോദരിമാർ തന്റെ പ്രചാരണത്തിനെത്തിയത് അദ്ദേഹത്തിന്റെ മനസ്സിൽ ഒളിമങ്ങാത്ത ഓർമയായി ഇന്നും തങ്ങിനിൽക്കുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതിരുന്ന പലരും പിൽക്കാലത്ത് കോൺഗ്രസ് നേതാക്കളായതിൽ പ്രതിഷേധിച്ചു ഗാന്ധിയനായ ബേക്കർ സാഹിബ് കമ്മ്യൂണിസ്റ്റുകാരനായി പാർട്ടി അംഗത്വമെടുത്തു. എങ്കിലും പിൽക്കാലത്ത് പാർട്ടി പിളർന്നതോടെ സജീവ പാർട്ടി പ്രവർത്തനം ഉപേക്ഷിച്ചു. പി കേശവദേവുമായുള്ള ബന്ധമായിരുന്നു അദ്ദേഹത്തെ പാർട്ടിയോടടുപ്പിച്ചത്. എന്നാൽ അന്ന് ലഭിച്ച പാർട്ടി മെമ്പർഷിപ്പ് ഇന്നും അമൂല്യ നിധിയായി അദ്ദേഹം ചേർത്തുപിടിക്കുന്നു. 1949ൽ കായംകുളത്ത് രൂപംകൊണ്ട ആദ്യ പാർട്ടി സെല്ലിലെ ഒരാളായിരുന്നു അദ്ദേഹം. തോപ്പിൽ ഭാസി, ശങ്കരനാരായണൻ തമ്പി, കാമ്പിശ്ശേരി കരുണാകരൻ, കേശവൻ പോറ്റി, കെ നാരായൺ, കൃഷ്ണൻ കുട്ടി തുടങ്ങിയവരെല്ലാം അക്കാലത്തെ സഹപ്രവർത്തകരും. അദ്ദേഹത്തിന്റെ സമരവീര്യത്തെപ്പറ്റി തോപ്പിൽഭാസി “ഒളിവിലെ ഓർമകളി’ലും പുതുപ്പള്ളി രാഘവൻ “വിപ്ലവസ്മരണകളി’ലും രേഖപ്പെടുത്തിയിട്ടുണ്ട്.
മണ്ണിനെ പൊന്നാക്കാൻ രാവന്തിയോളം പാടുപെടുന്ന കർഷകത്തൊഴിലാളികളുടെ വിയർപ്പിന്റെ ഗന്ധം ഏറ്റവുമധികം അനുഭവിക്കാൻ അവസരം ലഭിച്ച അദ്ദേഹം കർഷകത്തൊഴിലാളികൾക്ക് കൂലിക്കൂടുതലിനായി കേരളത്തിൽ ഉറച്ച ശബ്ദം മുഴക്കുകയുണ്ടായി. പത്തിലൊന്നിനു പകരം എട്ടിലൊന്നു പതവും നാല് ചക്രത്തിനു പകരം ഏഴ് ചക്രം കൂലിക്കൂടുതലും ആവശ്യപ്പെട്ടു പെരിങ്ങാല പാടശേഖരത്തിലെ കർഷകത്തൊഴിലാളികളെ സമരത്തിന് രംഗത്തിറക്കി. പിൽക്കാലത്ത് സമരം കുട്ടനാട്ടിലേക്ക് വ്യാപിക്കുകയായിരുന്നു. അക്കാലത്ത് അശാന്തിയിൽ അകപ്പെട്ട ലോകജനതയെ രക്ഷിക്കാനായി സോവിയറ്റ് യൂനിയന്റെ നേതൃത്വത്തിൽ ചെക്കോസ്ലാവാക്യയിൽ രൂപംകൊണ്ട ലോക സമാധാന സംഘത്തിന്റെ ദേശീയ ഉപാധ്യക്ഷനായിരുന്ന സൈഫുദ്ദീൻ കിച്ചിലുവുമായി പരിചയപ്പെടാനും അതിൽ പ്രവർത്തിക്കാനും അവസരം ലഭിച്ചു. തിരുവിതാംകൂറിൽ നടന്ന അഖിലേന്ത്യാ ലോക സമാധാന സംഘ സമ്മേളനത്തിൽ സമാധാനത്തിന്റെ പ്രതീകമായ അരിപ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്തതുകണ്ട സൈഫുദ്ദീൻ കിച്ച്്ലു അദ്ദേഹത്തെ “അരിപ്രാവ്’ എന്നു വിളിച്ചതും പിൽക്കാലത്ത് ആ പേര് അദ്ദേഹത്തിന്റെ വിളിപ്പേരായി മാറിയതും പഴമക്കാരുടെ മനസ്സിൽ മായാതെ നിൽപ്പുണ്ട്. 25,000 പേരെക്കൊണ്ട് ഒപ്പിടുവിച്ചു സൈഫുദ്ദീൻ കിച്ച്‌ലുവിനു സമാധാന സന്ദേശം അയച്ചതും അക്കാലത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ സംഭവമായിരുന്നു. ഒട്ടേറെ ദേശീയ നേതാക്കൾ പൊന്നാടയണിയിച്ചു സ്വീകരിച്ചതും സ്വാതന്ത്ര്യ സമരസേനാനി എന്ന നിലയിലുള്ള അംഗീകാരമായി അദ്ദേഹം കാണുന്നു. സ്വാതന്ത്ര്യ സമര ഭടന്മാർക്കുള്ള പെൻഷൻ അനുവദിച്ചതിൽ ഏറെ ആഹ്ലാദവാനാണെങ്കിലും ജീവിതത്തിന്റെ സന്ധ്യാവേളയിൽ അത് അുവദിച്ചതുകാരണം ഇപ്പോഴും പെൻഷൻ കൈയിൽ ലഭിച്ചിട്ടില്ല.
ഓർമകളിൽ ഒടുങ്ങാത്ത
വീരേതിഹാസങ്ങൾ
വ്യാപാരി വ്യവസായികൾക്കും ചെറുകിട കച്ചവടക്കാർക്കും സംഘടനകൾ ഉണ്ടാകുന്നതിനു പതിറ്റാണ്ടുകൾക്കു മുമ്പെ കേരളത്തിലെ പെട്ടിക്കടക്കാർ, പച്ചക്കറി കച്ചവടക്കാർ, ശീതളപാനീയ-പഴവർഗ വിൽപ്പനക്കാർ, ഉൾനാടൻ മത്സ്യത്തൊഴിലാളികൾ എന്നിവരെയെല്ലാം പങ്കെടുപ്പിച്ച് അവർക്കുവേണ്ടി സംഘടന ഉണ്ടാക്കാൻ രംഗത്തുവന്നനുഭവവും ബേക്കർ സാഹിബിനുണ്ട്. പച്ചക്കറി, വെറ്റില, അടയ്ക്ക തുടങ്ങിയവക്ക് നികുതി ഏർപ്പെടുത്തിയതിനെതിരെ ശക്തമായ സമരത്തിനു നേതൃത്വം നൽകി പിൻവലിപ്പിച്ച സംഭവമുണ്ടായി. ജീവനക്കാർക്ക് ആനുകൂല്യം നൽകണമെന്നാവശ്യപ്പെട്ടുള്ള സമരം, മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പതിറ്റാണ്ടുകൾക്കു മുമ്പ് രംഗത്തിറങ്ങിയ സംഭവങ്ങൾ എല്ലാം അദ്ദേഹത്തെ മറ്റു സമരഭടന്മാരിൽ നിന്നും വേറിട്ടു നിർത്തുന്ന ഗാന്ധിയനായ കമ്മ്യൂണിസ്റ്റുകാരനാക്കി. ക്വിറ്റ് ഇന്ത്യാ സമരം ഉൾപ്പെടെയുള്ള ഒട്ടേറെ പോരാട്ടങ്ങളുടെ ഭാഗമാകാൻ സാധിച്ച അദ്ദേഹത്തെ സ്വാതന്ത്ര്യത്തിന്റെ പിറ്റേ ദിവസമാണ് അവസാനമായി മോചിപ്പിച്ചതെന്ന പ്രത്യേകതയും വേറിട്ട അനുഭവമാണ്. ഇതു കാരണം ആദ്യ സ്വാതന്ത്ര്യദിനാഘോഷം കൺകുളിർക്കെ കാണാൻ ഭാഗ്യമുണ്ടാകാതെ പോയ അപൂർവം സ്വാതന്ത്ര്യ സമരഭടന്മാരിൽ ഒരാളായി മാറി. അധികാര രാഷ്ട്രീയത്തോടും അഴിമതിയോടും എന്നും എതിർപ്പുണ്ടായിരുന്ന ബേക്കർ സാഹിബിന്റെ സത്യസന്ധമായ പ്രവർത്തനങ്ങൾ ഒപ്പമുണ്ടായിരുന്ന പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ കേരള രാഷ്ട്രീയ ചരിത്ര ഏടുകളിൽ അദ്ദേഹത്തിനു വേണ്ടത്ര സ്ഥാനവും ലഭിച്ചിട്ടില്ല.
ബ്രിട്ടീഷ് മേൽക്കോയ്മക്കെതിരെ സന്ധിയില്ലാ സമരം നടത്തി നിരവധി ജീവനുകൾ വെടിഞ്ഞു നേടിയെടുത്ത സ്വാതന്ത്ര്യത്തെ പലരും ഇപ്പോൾ ദുരുപയോഗം ചെയ്യുന്നതിൽ ഏറെ ദുഃഖിതനാണെങ്കിലും ഇനിയും മതേതര മൂല്യങ്ങളിൽ ഉറച്ചുനിന്നു ഒട്ടേറെ മുന്നോട്ടുപോകാനുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു. ലോക രാജ്യങ്ങൾക്കു മുമ്പിൽ ഇന്ത്യക്ക് തലയുയർത്തി നിൽക്കണമെങ്കിൽ ഇന്ത്യൻ മക്കൾ ഒന്നാണെന്ന ചിന്തയിലൂടെ രാജ്യം ഭരിക്കണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നടന്നുവരുന്ന പലതിലും ഏറെ ദുഃഖിതനാകുന്ന അദ്ദേഹം ഒട്ടേറെ സംഘടനകളുടെ ഉത്തരവാദിത്വം വഹിച്ചിട്ടുണ്ട്.
വിശ്വാസി, ഗാന്ധിയൻ,
കമ്മ്യൂണിസ്റ്റ്
വർഷങ്ങളെത്ര കൊഴിഞ്ഞാലും ഓർമകളിൽ ഒടുങ്ങാത്ത ആവേശം നിറക്കുന്ന ഈ സ്വാതന്ത്ര്യ സമരപ്പോരാളി ജീവിതത്തിന്റെ സന്ധ്യാവേളയിലും കണ്ണടയില്ലാതെ വിശുദ്ധ ഖുർആൻ വായിക്കുന്നതിൽ സമയം കണ്ടെത്തുന്നു. പ്രായാധിക്യത്തിലും റമസാൻ വ്രതാനുഷ്ഠാനം മുടക്കാറില്ല. സ്വാതന്ത്ര്യാനന്തര ഭരണത്തിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാനായെങ്കിലും ഒട്ടേറെ പോരായ്മകളും ഉള്ളതായും അദ്ദേഹം പരിഭവിക്കുന്നു. ജനാധിപത്യ രീതിയിൽ അധികാരികളുടെ മുമ്പിൽ ആവശ്യങ്ങൾ പങ്കിട്ടു പരാജയപ്പെടുമ്പോൾ മാത്രമേ സമരത്തിനിറങ്ങാവൂ എന്നു ബേക്കർ സാഹിബ് പുതുതലമുറയെ ഓർമപ്പെടുത്തുന്നു. എങ്കിലും അഴിമതിയില്ലാതെ പാവങ്ങളെ സംരക്ഷിക്കുന്ന ഒരു നല്ല ഭരണം എങ്ങനെ സാധ്യമാകും എന്ന ചോദ്യത്തിനു പ്രായാധിക്യത്തിലും പതറാത്ത മനസ്സുമായി തന്റെ ഓർമച്ചെപ്പുകളിൽ നിന്നും കെ എ ബേക്കർ സാഹിബിന് ഒറ്റ ഉത്തരമേ സ്വാതന്ത്ര്യ ദിനത്തിൽ നമ്മോട് പറയാനുള്ളൂ.. “അത് ഗാന്ധിജി തന്നെ പറഞ്ഞിട്ടുണ്ടല്ലോ.. . ഉമറുൽ ഫാറൂഖിന്റെ ഭരണം തന്നെ വരണമെന്ന് ‘…..അപ്പോൾ ഗാന്ധിയനോ, കമ്മ്യൂണിസ്റ്റോ, വിശ്വാസിയോ ഇതിൽ ഏതാണ് അങ്ങ് എന്ന ചോദ്യത്തിനും സാഹിബിനു പുഞ്ചിരി തൂകി ഒറ്റ ഉത്തരമേ നമ്മോടു പറയാനുള്ളൂ.. “ഇതെല്ലാമാണ് ഞാൻ…’
.