Connect with us

Editors Pick

അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍, അഭയാര്‍ഥികളാകുമ്പോള്‍

ഇരകളെ ചേര്‍ത്തുപിടിക്കാന്‍ കിട്ടുന്ന സന്ദര്‍ഭങ്ങളൊന്നും ഗള്‍ഫ് ഭരണകൂടങ്ങളും സമൂഹവും ഉപേക്ഷിക്കുന്നില്ല. അത് ലോകത്തിന്റെ ഏത് ഭാഗത്തായാലും, ഏത് സംസ്‌കാരം പുലര്‍ത്തുന്നവരായാലും.

Published

|

Last Updated

ലോകമെമ്പാടും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മുന്നിലുള്ളത് ഗള്‍ഫ് രാജ്യങ്ങള്‍. ധനമായും അവശ്യ സാധനങ്ങളായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ദരിദ്രരാജ്യങ്ങളിലേക്കും പ്രകൃതി ദുരന്തത്തിന് ഇരയാകുന്ന രാജ്യങ്ങളിലേക്കും സഹായം പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു. ഇപ്പോള്‍, ഇസ്‌റാഈല്‍ ആക്രമണങ്ങളില്‍ തകര്‍ന്ന ഫലസ്തീനെയും ലബനാനെയും രക്ഷിക്കാന്‍ ജനങ്ങളും വ്യാപകമായി രംഗത്തിറങ്ങിയിരിക്കുന്നു. ലബനാനിലേക്ക് അവശ്യസാധനങ്ങളും ഔഷധങ്ങളും സമാഹരിച്ചു അയക്കുകയാണ്.

അഭയാര്‍ഥികളായവര്‍ക്ക് അവശ്യസാധന സമാഹരണത്തിന് യു എ ഇയാണ് മുന്‍പന്തിയില്‍. ടിന്‍ ഭക്ഷണങ്ങള്‍, പുതപ്പുകള്‍, അരി, ചായ, ഈന്തപ്പഴം, പഞ്ചസാര എന്നിങ്ങനെ ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എത്തിക്കുന്നു. ഷാര്‍ജയില്‍ മാത്രം ഒറ്റ ദിവസം 10,000 പെട്ടി സാധനങ്ങളാണ് തയ്യാറായത്. സന്നദ്ധപ്രവര്‍ത്തകര്‍ അതിരാവിലെ തന്നെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ എത്തിയിരുന്നു. 3,000 സന്നദ്ധപ്രവര്‍ത്തകര്‍ ഈ ഉദ്യമത്തെ പിന്തുണച്ചു. മുമ്പ് ഗുജറാത്ത് ഭൂകമ്പം, കേരളത്തിലെ പ്രളയം എന്നിങ്ങനെയുള്ള വേളകളിലും സമാന കാഴ്ചകള്‍ അനുഭവവേദ്യമായിരുന്നു.

ലബനാനിലും ഫലസ്തീനിലും ദിവസവും ആയിരങ്ങളാണ് ഭവനരഹിതരാകുന്നത്. മിസൈല്‍ വര്‍ഷത്തിനിടയില്‍ അവര്‍ എങ്ങോട്ടെങ്കിലും ഒളിച്ചോടിപ്പോകുന്നു. സിറിയയില്‍ അമേരിക്കന്‍ ആക്രമണം നടന്നപ്പോള്‍ കുറേ പേര്‍ക്ക് അഭയം നല്‍കിയ രാജ്യമാണ് ലബനാന്‍. 2011ലെ സാഹചര്യം പലരുടെയും ഓര്‍മയിലുണ്ട്.

‘ദര്‍ആയില്‍ നിന്നാണ് ഞാന്‍ വരുന്നത്. അവിടെ ആശാരിപ്പണിയായിരുന്നു. ആഭ്യന്തര സംഘര്‍ഷം മൂര്‍ഛിച്ചപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. പിന്നാലെ അമേരിക്കന്‍ ആക്രമണം. ആര്‍ക്കും ആരെയും വേണ്ടാതായി. എനിക്ക് ഒമ്പത് കുട്ടികളാണ്. രണ്ടിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവര്‍. ഇളയ കുട്ടിക്ക് രണ്ട് വയസ്സ്. അവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുക എളുപ്പമായിരുന്നില്ല. അതിനേക്കാള്‍ പ്രയാസകരമായത് എപ്പോഴും സ്‌ഫോടനങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദം. കുട്ടികള്‍ പേടിച്ച് വിറക്കും. കട്ടിലിനടിയില്‍ ഒളിക്കും. അവര്‍, ക്രൂരമായ കൊലപാതകങ്ങള്‍ നേരില്‍ കാണാന്‍ തുടങ്ങി. രണ്ട് കുട്ടികള്‍ അടങ്ങുന്ന ഒരു കുടുംബം ഒന്നടങ്കം സ്‌ഫോടനത്തില്‍ കൊല്ലപ്പെടുന്നത് അവര്‍ കണ്ണാലെ കണ്ടു. അവിടെ കുട്ടികള്‍ ഒന്നുകൊണ്ടും സുരക്ഷിതമല്ലെന്ന് തോന്നി. അതുകൊണ്ടാണ് ഏതെല്ലാമോ വഴികളില്‍ ഞങ്ങള്‍ ഇവിടെ എത്തിപ്പെട്ടത്.’- അഭയാര്‍ഥി ക്യാമ്പില്‍ ദുരിതങ്ങളുടെ പ്രതിരൂപമായി എത്തിപ്പെട്ട സിറിയക്കാരന്‍ പറഞ്ഞു.

ഐക്യരാഷ്ട്രസഭ അഭയാര്‍ഥികള്‍ക്ക് വേണ്ടി രൂപവത്കരിച്ച യു എന്‍ എച്ച് സി ആര്‍ ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്യുന്നതായിരുന്നു ആശ്വാസം. അന്നും ഗള്‍ഫ് രാജ്യങ്ങളാണ് ഭക്ഷണവും വസ്ത്രങ്ങളും ഔഷധങ്ങളും ഐക്യരാഷ്ട്രസഭക്ക് ഏറെയും നല്‍കിയത്. ഫലസ്തീനിലും ലബനാനിലും മിക്കയിടങ്ങളിലും ഇപ്പോള്‍ വൈദ്യുതിയില്ല. അഭയാര്‍ഥി കൂടാരങ്ങളില്‍ നിന്നു തിരിയാന്‍ പോലും ഇടമില്ല.

മുമ്പൊരിക്കല്‍ തുര്‍ക്കി നദീ തീരത്ത് മണലില്‍ മുഖം പൂഴ്ത്തി മരിച്ച ഐലന്‍ കുര്‍ദിയുടെ പിതാവ് ഇപ്പോള്‍ എന്ത് ചെയ്യുന്നുണ്ടാകും? അയാളുടെ കണ്‍മുന്നില്‍ വെച്ചാണ് ഭാര്യയും മക്കളും നിലവിളിച്ച് കടലിന്റെ ആഴത്തിലേക്ക് പോയത്. ഐലന്‍ കുര്‍ദിയുടെ മയ്യിത്തിന്റെ ചിത്രം ലോകത്തെ നടുക്കി. ഇപ്പോഴും ഹൃദയഭാരമുള്ള കവിതകളും കുറിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അന്നും ഗള്‍ഫ് ആയിരക്കണക്കിന് ആളുകള്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും വസ്ത്രങ്ങളും നല്‍കി. ജീവിതോപാധി കണ്ടെത്താന്‍ സഹായവും വാഗ്ദാനം ചെയ്തു.

ലബനാനില്‍ പരമാവധി സഹായമെത്തിക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. അബൂദബിയിലും ദുബൈയിലും ഷാര്‍ജയിലും ആയിരക്കണക്കിനാളുകള്‍ രംഗത്തുണ്ട്. ഇക്കൂട്ടത്തില്‍ ഇന്ത്യക്കാരുമുണ്ട്. ഒക്ടോബര്‍ എട്ടിന് ആരംഭിച്ച ‘യു എ ഇ സ്റ്റാന്‍ഡ്‌സ് വിത്ത് ലബനാന്‍’ ജീവകാരുണ്യ മേഖലയില്‍ വിസ്മയിപ്പിക്കുന്ന അനുഭവമാണ്. അബൂദബി ക്രൂയിസ് ടെര്‍മിനല്‍ ഒന്നില്‍ ഒറ്റ ദിവസം 250 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിച്ചു. ഇതിനകം ലബനാനിലേക്കും സിറിയയിലേക്കും നിരവധി ദുരിതാശ്വാസ വിമാനങ്ങള്‍ യു എ ഇയില്‍ നിന്ന് പറന്നു.

അയല്‍ക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറയ്ക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ലെന്ന തിരുവചനത്തില്‍ നിന്നാണ് അറബ് മേഖലയില്‍ ഇത്രമാത്രം മനുഷ്യ സാഹോദര്യം ഉറവെടുക്കുന്നത്. ഇരകളെ ചേര്‍ത്തുപിടിക്കാന്‍ കിട്ടുന്ന സന്ദര്‍ഭങ്ങളൊന്നും ഗള്‍ഫ് ഭരണകൂടങ്ങളും സമൂഹവും ഉപേക്ഷിക്കുന്നില്ല. അത് ലോകത്തിന്റെ ഏത് ഭാഗത്തായാലും, ഏത് സംസ്‌കാരം പുലര്‍ത്തുന്നവരായാലും.

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

Latest