prathivaram poem
മരണം നൃത്തമാടുന്നിടം
അന്നേരമയാൾ,നിറഞ്ഞ പുലരി കിനാവ് കണ്ട്,പ്രതീക്ഷയുടെ കൈവിരൽ ചേർത്ത് പിടിച്ചുകൊണ്ട്,തന്റെ പൊന്നോമനയിലേക്ക് ചാഞ്ഞിരുന്നു...
മാംസ പേശികളിലൂടെ
തുളച്ചു കയറുന്ന ലോഹങ്ങൾ
ശരീരത്തിൽ സുഷിരങ്ങൾ തീർത്തു.
തുറന്നു വെച്ച
ആകാശഗോപുരത്തിലേക്ക് നോക്കി
അയാൾ അട്ടഹസിച്ചു.
തകർന്നടിഞ്ഞ
കരിങ്കൽ ചുവരുകൾ,
മസ്തിഷ്ക അറകളിൽ
തട്ടി മുറിഞ്ഞു നീറുന്നുണ്ട്.
ആ മണ്ണിൽ
അലിഞ്ഞു ചേരും പുണ്യ
ജീവനുകളിൽ ചേരാൻ
അയാൾ കൊതിക്കവേ
കാൽവിരലുകൾ
മുറിഞ്ഞു വീണിടം
കുത്തി നോവിച്ചു.
മരണം ചുറ്റിലും
നൃത്തമാടുന്നു.
അധികാര മോഹികളുടെ
പകയുടെ കടലിൽ
മുങ്ങി നിവർന്നയാൾ
ചുറ്റും നയനങ്ങൾ
കൊണ്ട് അമ്പെയ്തു.
കുമിഞ്ഞു കൂടിയ
മൃതശരീരങ്ങളിൽ,
കണ്ണീരിന്റെ ഊന്നുവടി കൊണ്ട്
സഞ്ചാരപാത തെളിച്ചു.
വെടിയുണ്ടകളിൽ
ചിതറിത്തെറിച്ച
ഇറച്ചിച്ചീളുകൾ
കണ്ണുകളെ അന്ധരാക്കി.
തിരയുന്ന കുഞ്ഞുമുഖം
കണ്ണിൽ പതിഞ്ഞില്ല.
തെരുവീഥികൾക്ക്
ഭീകര രൂപം.
മരണത്തിന്റെ ഗന്ധങ്ങൾ
നിറഞ്ഞാടുന്ന
കരിങ്കൽക്കൂനകളിൽ
നിണം വെന്തു
മണക്കുന്നു.
പ്രദർശനത്തിനു വെച്ചൊരാ
രാജ്യത്ത് ചരമ ഗീതങ്ങൾ
ഒഴുകവേ…
വേദനയുടെ ആഴങ്ങളിൽ,
കാലിട്ടടിച്ചു മുന്നോട്ട് തുഴഞ്ഞയാൾ
ശാസ്ത്ര ലോകത്തിൻ
പടിക്കൽ
പ്രതീക്ഷ തൂകി
റേസർ വയറുകളാൽ
ചുറ്റപ്പെട്ട,
രക്തപ്പൂക്കളേറ്റ
ആ കുഞ്ഞു മേനി
ഉറങ്ങുന്നുണ്ടവിടം.
അന്നേരമയാൾ,
നിറഞ്ഞ പുലരി കിനാവ് കണ്ട്,
പ്രതീക്ഷയുടെ കൈവിരൽ
ചേർത്ത് പിടിച്ചുകൊണ്ട്,
തന്റെ പൊന്നോമനയിലേക്ക്
ചാഞ്ഞിരുന്നു..