book review
ചരിത്രവും ഭാവനയും ചേരുന്നിടം
കിലാപത്തു കാലത്തെ ഒരു യഥാർഥ സംഭവത്തെ ആവിഷ്കരിക്കുന്നതിനപ്പുറം സ്നേഹത്തിന് മാനവികതയുടേതായ ഉദാത്തതയെ അടയാളപ്പെടുത്തലായിട്ടാണ് ഈ പ്രണയത്തെ കാണേണ്ടത്.
“ആയിരംവട്ടം എഴുതിയ പ്രണയത്തെ കുറിച്ച് ആയിരത്തിഒന്നാമത്തെവട്ടവും എഴുതാവുന്നതേയുള്ളൂ. മുമ്പ് എഴുതിയതിൽ നിന്ന് അതിന് വ്യത്യസ്തത വേണമെന്നുമാത്രം.’ എം ടി മുമ്പൊരിക്കൽ പറഞ്ഞ കാര്യമാണിത്.
ആ അർഥത്തിൽ 1921 ലെ മാപ്പിളകലാപത്തെ ഇതിവൃത്തമാക്കി ഹംസ ആലുങ്ങൽ എഴുതിയ “കിലാപത്തുകാലം’ എന്ന 312 പേജുകളിൽ പരന്നു കിടക്കുന്ന നോവൽ വേറിട്ടുനിൽക്കുന്ന ഒന്നാണ്. നൂറ് ശതമാനവും ചരിത്രത്തെ അപ്പടി പകർത്തി വെച്ചുകൊണ്ടല്ല കിലാപത്തു കാലം വരച്ചിടുന്നത്. ചരിത്രവും ഭാവനയും ചേരുംപടിചേർത്ത് അതിനെ വായനാനുഭൂതി പ്രദാനംചെയ്യുന്ന ഒരു സർഗസൃഷ്ടിയായി മാറ്റിയിരിക്കുന്നു കഥാകൃത്ത്.
നിരവധി റഫറൻസ് ഗ്രന്ഥങ്ങളിൽനിന്നും ചികഞ്ഞെടുത്ത സംഭവങ്ങളിൽ ഭാവനയുടെ തേരോട്ടത്താൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ സാർജന്റ് എ എച്ച് ആൻഡ്രൂസിന്റെ ഭാര്യ വിർജീനിയയുടെ ഡയറി കുറിപ്പുകളിലൂടെ ഏതാണ്ട് എട്ട് ദശകം ബ്രിട്ടീഷുകാർ മലബാറിൽ നടത്തിയ ഭരണത്തിന്റെ പിന്നാമ്പുറ കഥകളിലേക്ക് ടോർച്ച് തെളിക്കുകയാണ് നോവലിൽ.
വല്ല്യുപ്പയുടെ സഹപ്രവർത്തകനായിരുന്ന ഗോപാലൻ നായരുടെ പേരക്കുട്ടി രാഗിണി ഇല്ലത്തേക്ക് ആളയച്ചു വരുത്തി യാസർ അറഫാത്തിനു സമ്മാനിച്ചതാണ് ഡയറി.
വിർജീനിയയുടെ ഭർത്താവുമൊത്തുള്ള ജീവിതത്തിന്റെ പൊരുത്തക്കേടുകളും കയ്പ്പേറിയ അനുഭവങ്ങളും ഡയറിത്താളുകളിൽ നിറഞ്ഞു നിൽക്കുമ്പോൾ അധാർമികതയോട് ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാതിരുന്ന ഒരു ബ്രിട്ടീഷ് വനിതയുടെ ദുരനുഭവങ്ങളിൽ നിന്നുതന്നെ ബ്രിട്ടീഷുകാർ നടത്തിയ ഭരണകൂട ചൂഷണങ്ങളുടെയും മർദനങ്ങളുടെയും ആഴം പ്രതിഫലിക്കുന്നുണ്ട്.
നീലമന കോവിലകം ആക്രമിക്കാനും തങ്ങളെ ദ്രോഹിക്കുന്ന ജന്മിമാരെ നിലയ്ക്കു നിറുത്താനും മായന്റെ സഹായത്തോടെ തോട്ടുങ്ങൽ മമ്മദിന്റെ നേതൃത്വത്തിൽ നടന്ന സമരത്തിൽ ഒരു വർഗസമരസന്ദേശവും ഗറില്ലാ സമരമുറകളും ഉൾച്ചേർന്നിട്ടുണ്ടെങ്കിലും അതിലെ ധീരതമാറ്റിനിറുത്തിയാൽ തന്ത്രപരമായ പാളിച്ചകളും നോവലിൽ നിന്ന് വായിച്ചെടുക്കാം. മായനുവേണ്ടി അമ്മുക്കുട്ടിയെ മതംമാറ്റുന്നതും മലബാർ സമര കാലത്തു നടന്ന സമരപാതയിലെ അപചയങ്ങളിൽ ചിലതായി വ്യാഖ്യാനിച്ചേക്കാം. പക്ഷേ, ചരിത്രത്തിന് നോവൽ പശ്ചാതലമൊരുക്കുമ്പോൾ ഇത്തരം അപ്രിയ സത്യങ്ങളും ആവിഷ്കരിക്കുന്നിടത്താണ് നോവൽ ചരിത്രം പകർത്തിവെക്കലിനപ്പുറം സർഗാത്മകമാവുന്നത്.
അമ്മുക്കുട്ടിയും മായനും തമ്മിലുള്ള ഇഷ്ട ത്തിൽ രൂപപ്പെടുന്ന ആംഗ്യങ്ങളുടെയും വിനിമയങ്ങളുടെയും ഭാഷ ഏതാണ്ട് ബഷീറിന്റെ മതിലുകളിലെ പ്രണയരംഗങ്ങളെ ഓർമിപ്പിക്കുന്നു.
കിലാപത്തു കാലത്തെ ഒരു യഥാർഥ സംഭവത്തെ ആവിഷ്കരിക്കുന്നതിനപ്പുറം സ്നേഹത്തിന് മാനവികതയുടേതായ ഉദാത്തതയെ അടയാളപ്പെടുത്തലായിട്ടാണ് ഈ പ്രണയത്തെ കാണേണ്ടത്.
അമ്മുക്കുട്ടിയുടെ ഭർത്താവായ നമ്പൂതിരിയെ വെട്ടിക്കൊല്ലേണ്ടി വന്നതിനു ശേഷം മായൻ അമ്മുവിനോട് മാപ്പപേക്ഷിച്ചപ്പോൾ അമ്മുവിന്റെ മറുപടി “നിങ്ങൾ എന്നെ ശിക്ഷിക്കുകയല്ല രക്ഷിക്കുകയാണ് ചെയ്തത്.’ എന്നായത് ഫ്യൂഡൽ തമ്പുരാക്കന്മാരുടെ ദുഷ്ചെയ്തികളിൽ നിന്ന് അവരുടെയൊന്നും ഭാര്യമാർക്കുപോലും നീതി ലഭിച്ചിട്ടില്ലായിരുന്നു എന്ന സത്യത്തെ സൂചിപ്പിക്കുന്നു.
ഒളിവിലിരിക്കുന്ന സമയത്ത് മായൻ അമ്മുവിനോട് പറയുന്നു. ” എനിക്കു വേണ്ടി രംഗത്തിറങ്ങാനും പട്ടാളത്തോട് പൊരുതാനും തയ്യാറുള്ള ഒരു വലിയ ജനത ഈ നാട്ടിലും അയൽനാട്ടിലും ഉണ്ട്. നമുക്കെന്നല്ല കുടിയാന്മാർക്ക് ഒരുപ്രശ്നം വന്നാലും സർക്കാരിന്റെ കാടൻ നയങ്ങൾക്കെതിരെ പൊരുതാൻ അവരെയൊന്ന് ഒരുമിച്ചുകൂട്ടാൻ കഴിഞ്ഞാൽ എന്റെ ലക്ഷ്യം പകുതി വിജയിച്ചു’
ശരിക്കും മലബാർ സമരമെന്ന വിശേഷണമുള്ള കിലാഫത്തു ലഹളയുടെ രാഷ്ട്രീയ സന്ദേശത്തിന്റെ പ്രാധാന്യവും അതുതന്നെയാണ്.
മുട്ടിച്ചിറ ലഹള ജാതി വെറിക്കെതിരേ സംഘടിക്കാൻ കീഴ്ജാതിക്കാർക്ക് ധൈര്യവും പ്രചോദനവുമായതും അതിൽ ഖിലാഫത്തു പ്രസ്ഥാനം വഹിച്ച പങ്കും ആ കാലത്തിന്റെ നേർ ചിത്രത്തിന്റെ നോവൽ ഭാഷ്യമായി കരുതാം. മതപരിവർത്തനം നടത്തി മുസ്്ലിം സ്തീയായിട്ടും പഴയ ചിരുതക്ക് ഹിന്ദു ജന്മിയായ കാപ്രാട്ട് പണിക്കരുടെ അതിക്രമത്തിൽ നിന്നും രക്ഷപ്പെടാനായില്ല. അവരെ മാനഭംഗം നടത്തിയ പണിക്കരുടെ തല വെട്ടിമാറ്റിയ സംഭവം നോവലിനെ 1970 കളിൽ കേരളത്തിൽ അരങ്ങേറിയ നക്സൽ കലാപങ്ങളുടെയും ജനകീയ വിചാരണകളുടെയും മാതൃകയെ കിലാപത്തു കാലത്തോട് കൂട്ടി വായിപ്പിക്കും.
മമ്പുറം തങ്ങന്മാരുടെ ബിട്ടീഷ് വിരുദ്ധവും കുടിയാന്മാർക്ക് അനുകൂലവുമായ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന നോവൽ അക്കാലത്തെ ചരിത്രത്തിന്റെ നേർസാക്ഷ്യങ്ങളാവുന്നു. അതോടെ ബ്രിട്ടീഷ് വിരുദ്ധസമരത്തിൽ മമ്പുറം തങ്ങന്മാർ വഹിച്ച ധീരോദാത്തമായ പങ്ക് അനിഷേധ്യമായി അടയാളപ്പെടുകയുമാണ്.
നാലാം ഭാഗം എത്തുമ്പോഴേക്കും തിരൂരങ്ങാടിയിലേക്ക് ലഹളക്കാരുമായി സംസാരിക്കാൻ കെ പി കേശവമേനോൻ, കെ കേളപ്പൻ ഉൾപ്പെടെ 24 പേർ എത്തുന്നതും പോരാളികളിൽ കുറച്ചുപേർ പിടികൊടുത്ത് കലാപം ഒഴിവാക്കി പട്ടാള ഭീകരതയിൽ നിന്ന് നാടിനെ രക്ഷിക്കാൻ അവർ നടത്തുന്ന ആഹ്വാനവും അത് നടക്കാതെയാവുന്നതും പിന്നീട് തടവുകാരെ ദ്വീപിലേക്ക് നാടുകടത്തുന്നതും ദ്വീപിൽ രൂപപ്പെടുന്ന അഭയാർഥികളുടെ നാടും. എല്ലാം ചരിത്രത്തോട് പരമാവധി നീതി പുലർത്തിക്കൊണ്ടാണ് മുന്നോട്ടു പോവുന്നത്.
നോവലിന്റെ വായനയെ ഏറ്റവും ഉദ്വേഗവും ജിജ്ഞാസാ ഭരിതവുമാക്കുന്നത് അവസാനഭാഗങ്ങളിലെത്തുമ്പോൾ വാഗൺ ട്രാജഡി ദുരന്തത്തിന്റെ പശ്ചാത്തല വിവരണാവിഷ്കാരങ്ങളിലാണ്. ലോക ചരിത്രത്തിൽത്തന്നെ തുല്യതയില്ലാത്ത കൊടുംക്രൂരത നടത്തിയ ബ്രിട്ടീഷ് ഭരണത്തിന്റെ ദുഷ്ചെയ്തിയെ തുറന്നു കാണിക്കലിലേക്ക് നോവൽ അപ്പാടെ ഗതി മാറുന്നത് കാണാം.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വീരേതിഹാസങ്ങളിലൊന്നായ 1921 ലെ മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ആ കാലഘട്ടത്തിന്റെ ചരിത്രത്തിനും മിത്തുകൾക്കും യാഥാർഥ്യങ്ങൾക്കും സങ്കൽപ്പകഥകൾക്കും സർഗഭാവന ചേരുംപടി ചേർത്തൊരുക്കി ഹംസ ആലുങ്ങൽ രചിച്ച നോവലാണ് “കിലാപത്തുകാലം’. നോവലിൽ ചരിത്രം, കാലം, പ്രണയം, പ്രതികാരം, പ്രത്യുപകാരം എന്നുവേണ്ട മനുഷ്യ ജീവിതത്തിന്റെ സമസ്തഭാവങ്ങളും സർഗഭാവന ചേർത്ത് സമഞ്ജമായി സമ്മേളിപ്പിച്ച ചരിത്ര നോവലായി “കിലാപത്തുകാലത്തെ’ വായിച്ചെടുക്കാം. പ്രസാധനം ചിന്ത പബ്ലിഷേഴ്സ് തിരുവനന്തപുരം. വില 420 രൂപ.