Connect with us

prathivaram book review

ചരിത്രവും വർത്തമാനവും ഇഴചേരുന്നിടം

ചുമരിലോ ആര്‍ട്ട് ഗ്യാലറിയിലോ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത 200 വര്‍ഷം പഴക്കമുള്ള ഈ അപൂര്‍വ വസ്തുവിന്റെ പിന്നിലെ കഥക്കായുള്ള യാതനാപൂര്‍ണമായ യാത്രകളും അന്വേഷണവും

Published

|

Last Updated

2011ലെ അറബ് വസന്ത പ്രക്ഷോഭത്തെ തുടർന്ന് കെയ്റോയിലെ പുരാവസ്തു ഗവേഷണ ശാലയിലുണ്ടായ ഒരു തീപ്പിടിത്തത്തിൽ കേടുപാടുകൾ സംഭവിച്ച നെപ്പോളിയൻ കാലഘട്ടത്തിലെ അസാധാരണമായ ഒരു പെയിന്റിംഗിന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന ജീവനുള്ള കഥക്കായുള്ള അന്വേഷണമാണ് ഈജിപ്ഷ്യൻ എഴുത്തുകാരിയായ റഷാ അദ്്ലിയുടെ മുടി മെടഞ്ഞിട്ട പെൺകുട്ടി (ദ ഗേൾ വിത്ത് ബ്രൈഡഡ് ഹെയർ. അറബിയിൽ ശഗഫ്) എന്ന നോവൽ. ചരിത്രവും വർത്തമാനവും ഇഴചേരുന്ന നോവൽ ഈജിപ്തിലെ മധ്യകാല ജീവിതത്തിന്റെ നേർചിത്രം വരച്ചു കാട്ടുന്നു. നെപ്പോളിയന്റെ ഈജിപ്ത് പടയോട്ട കാലമാണ് നോവൽ പശ്ചാത്തലം.

ഒരു കലാ അധ്യാപികയും പുരാവസ്തു ഗവേഷണ വിഭാഗം പ്രൊഫസറുമായ യാസ്മിൻ ഗാലിബ്‌ നടത്തുന്ന പുനരുദ്ധാരണ പ്രവർത്തനത്തിനിടയിൽ, ചിത്രത്തിന്റെ ഉപരിതലത്തിലെ പെയിന്റ് പാളികൾക്കടിയിൽ സ്ത്രീയുടെതെന്ന് തോന്നിക്കുന്ന തലമുടി ചുരുളുകൾ കണ്ടെത്തുന്നു.
ഈ അസാധാരണ നിർമിതിയുടെ രഹസ്യങ്ങൾ തേടി പോകുന്ന യാസ്മിൻ ഗാലിബ്‌ മധ്യകാല ഈജിപ്തിൽ ജീവിച്ച സൈനബ് അൽ-ബകരി എന്ന കൗമാരക്കാരിയായ പെൺകുട്ടിയിലേക്കും നെപ്പോളിയൻ പടയിലെ ചിത്രകാരനായ ആൾട്ടൻ ജർമെയിനിലേക്കും ചെന്നെത്തുന്നു. രണ്ട് നൂറ്റാണ്ട് മുമ്പ് ഈജിപ്ത് കീഴടക്കാൻ വന്ന നെപ്പോളിയന്റെ സൈനിക സംഘത്തോടൊപ്പം ഉണ്ടായിരുന്ന ആൾട്ടൺ ജെർമെയ്‌ൻ എന്ന ഫ്രഞ്ച് കലാകാരന്റേതാണ് ഈ പെയിന്റിംഗ് എന്ന് നീണ്ട അന്വേഷണത്തിനൊടുവിൽ മനസ്സിലാക്കുന്നു.

ചുമരിലോ ആർട്ട് ഗ്യാലറിയിലോ പ്രദർശിപ്പിച്ചിട്ടില്ലാത്ത 200 വർഷം പഴക്കമുള്ള ഈ അപൂർവ വസ്തുവിന്റെ പിന്നിലെ കഥക്കായുള്ള യാതനാപൂർണമായ യാത്രകളും അന്വേഷണവുമാണ് 408 പേജിലായി ആഖ്യാനം ചെയ്തിരിക്കുന്നത്.

നൂറ്റാണ്ടുകളുടെ അകലത്തിൽ കെയ്റോ പട്ടണത്തിൽ ജീവിച്ച രണ്ട് സ്ത്രീ കഥാപാത്രങ്ങളുടെ ജീവിതം നിഗൂഢമായ ഒരു പെയിന്റിംഗിലൂടെ ബന്ധിപ്പിക്കുകയാണ് റഷാ അദ്്ലി.
രണ്ട് സമാന്തരപ്രണയകഥകൾ നോവലിൽ ഇതൾ വിരിയുന്നു. യാസ്മിൻ ഖാലിബും ശരീഫും തമ്മിലുള്ള വർത്തമാനകാല പ്രണയം ഒട്ടും തന്നെ ആകർഷകമല്ലെങ്കിലും, രണ്ട് നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന സെയ്‌നബ് അൽ- ബകരിയും ആൾട്ടൺ ജെർമെയ്‌നും തമ്മിലുള്ള ഇഷ്ടങ്ങളും പ്രണയവും ആ കാലഘട്ടത്തിന്റെ മുഴുവൻ വേദനകളും അർഥവത്തായി ഉൾക്കൊള്ളുന്നതാണ്.
ഈജിപ്തിലെയും സിറിയയിലെയും നെപ്പോളിയന്റെ പ്രചാരണത്തെ വിവരിക്കുന്ന ചരിത്രപരമായ ഭാഗങ്ങൾക്കൊപ്പം, ഉജ്ജ്വലമായ സമകാലിക പ്രകൃതിദൃശ്യങ്ങൾ- കെയ്‌റോയുടെ ചുഴലിക്കാറ്റ്, പ്ലേഗ് രോഗം, നെപ്പോളിയന്റെ ഒളിച്ചോട്ടം എന്നിവ സമർഥമായി നോവലിൽ സമന്വയിപ്പിക്കുന്നു.

ഫ്രഞ്ച് അധിനിവേശത്തിന്റെ സ്വേച്ഛാധിപത്യത്തിനെതിരെ ഈജിപ്തുകാർ കലാപം നടത്തിയ 1798 ലെ ഒന്നാം കെയ്റോ കലാപത്തെ തന്റെ ഡയറിയിൽ ചിത്രകാരൻ വിവരിക്കുന്നതാണ് നോവലിനെ ഏറ്റവും ആകർഷകമാക്കുന്നത്. ആയുധങ്ങൾ ഇല്ലാതെ ശത്രുക്കൾക്കിടയിലൂടെ ഒറ്റക്ക് നടന്നു പോകുന്ന ആൾട്ടൻ വായനയെ പലപ്പോഴും തീ പിടിപ്പിക്കുന്നു.
അവർ കുതിരപ്പുറത്ത് കുതിച്ചുകയറുകയും പീരങ്കികൾ പൊട്ടിക്കുകയും കത്തിക്കുകയും ചെയ്ത രംഗം ആരും മറന്നിട്ടില്ലെന്ന്, നെപ്പോളിയന്റെ ക്രൂരതകളെ സധൈര്യം തുറന്നു കാട്ടുന്ന ആൾട്ടൻ, പ്ലേഗിന്റെ കാലത്തെ മനുഷ്യ ജീവിതത്തിന്റെ ദാരുണമായ അവസ്ഥയും വിവരിക്കുന്നുണ്ട്. “ശവങ്ങൾ വിനാഗിരിയിൽ നാരങ്ങ ഉപയോഗിച്ച് കഴുകി, പിന്നീട് കാളവണ്ടികളിൽ കയറ്റി. ഈ വണ്ടികളിൽ പാതി മരിച്ചവരുടെ ഞരക്കങ്ങളും കരച്ചിലും അപ്പോഴും നിലച്ചിരുന്നില്ല.’

നെപ്പോളിയന്റെ യുദ്ധ മുന്നേറ്റങ്ങളും, വീര സാഹസിക കൃത്യങ്ങളും ലോക ശ്രദ്ധയെ ആകർഷിക്കും വിധം ചായക്കൂട്ടുകളിൽ പകർത്താൻ നിയോഗിക്കപ്പെട്ട കലാകാരനാണ് ആൾട്ടൻ ജർമെയിൻ.

നെപ്പോളിയന്റെ സൈനിക സംഘത്തോടൊപ്പം ആർട്ടനെ തന്ത്രപൂർവം വലവീശി കൊണ്ടുപോവുകയായിരുന്നു. ഈജിപ്തുകാരുടെ ദുരിത ജീവിതം കണ്ടു മനസ്സു തകർന്ന ആൾട്ടന്റെ ആത്മവിലാപങ്ങൾ നോവലിന് പേശീബലം നൽകുന്നു. തന്റെ സാമ്രാജ്യ വിപുലീകരണത്തിനായി നെപ്പോളിയൻ ബോണപ്പാർട്ട് നടത്തുന്ന സൈനിക പര്യാടനവാർത്ത മറച്ചുപിടിച്ച് ചതിക്കപ്പെടുന്ന ആൾട്ടൻ ജർമൈൻ എന്ന നിഷ്കളങ്കനായ കലാകാരന്റെയും സൈനബ് ബകരി എന്ന കൗമാരക്കാരിയുടെയും ഉള്ളു നീറുന്ന കഥയാണ് മുടി മെടഞ്ഞിട്ട പെൺകുട്ടി. ഒരേസമയം സൈനബിനെ പ്രണയിക്കുന്ന രണ്ട് കഥാപാത്രങ്ങളെനോവലിസ്റ്റ് അവതരിപ്പിക്കുന്നു.

സർവസൈന്യാധിപനും അയാളുടെ ഭടനായ ആൾട്ടനും നെപ്പോളിയന്റെ സ്വകാര്യ ജീവിതത്തിന്റെ ഉള്ളറയിലേക്ക് വായനക്കാരെ അടുപ്പിക്കുന്ന രസവിദ്യയുണ്ട് ഈ പ്രണയത്തിൽ. നിഗൂഢതകളും നിർമിത ബുദ്ധിയും നോവലിൽ കളിയാടുന്നു. ഇനിയൊരിക്കലും തന്റെ മുടിയിൽ കാമാവേശത്തോടെ സ്പർശിക്കരുതെന്ന് കരുതി സ്വന്തം മുടി മുറിച്ച് കുഴിവെട്ടി മൂടുന്ന സൈനബ്, ഒളിച്ചിരുന്ന് കാണുന്ന ആൾട്ടൻ, തന്റെ ചിത്രത്തിൽ ഒരദൃശ്യ ബിംബമാക്കി മാറ്റുന്ന കലയുടെ വശ്യ ചാരുത ഭാവഗീതാത്മകമായി നോവലിൽ സന്നിവേശിച്ചിരിക്കുന്നു.
അധികാരമോഹം എല്ലാ ധാർമിക മൂല്യങ്ങളും മാനുഷിക ബന്ധങ്ങളും തകർക്കപ്പെടുമെന്ന് റഷാ അദ്്ലി ഈ നോവലിലൂടെ വെളിപ്പെടുത്തുന്നു. 200 വർഷങ്ങൾക്കു മുമ്പ് ഈജിപ്തിൽ നെപ്പോളിയൻ നടത്തിയ അധിനിവേശ ഭീകരതക്കും നരവേട്ടക്കുമെതിരെയുള്ള കലയുടെ പ്രതിരോധമാണ് റഷാ അദ്്ലിയുടെ മുടി മെടഞ്ഞിട്ട പെൺകുട്ടി. ചരിത്രം ക്രൂരത കാട്ടിയ സൈനബ് അൽ ബകരി എന്ന പെൺകുട്ടിക്ക് തന്റെ തൂലികയിലൂടെ മോക്ഷം നൽകാൻ ശ്രമിക്കുകയാണ് എഴുത്തുകാരി. ഈജിപ്തിലെ ഫ്രഞ്ച് അധിനിവേശത്തിന് സാക്ഷ്യം വഹിച്ച അബ്ദുർറഹ്മാൻ അൽ ജബർത്തിയുടെ ജീവചരിത്ര രചനകൾ തീർച്ചയായും ഈ നോവലിന്റെ ശരിയായ ചരിത്ര സ്രോതസ്സായി മാറുന്നുണ്ട്. വിവർത്തനം. ഡോ. എൻ ഷംനാദ്. പ്രസാധനം ഗ്രീൻ ബുക്സ്. പേജ് 408. വില 560 രൂപ.

Latest