Connect with us

Articles

ഇന്ത്യയെ ഭാരതമാക്കുമ്പോള്‍ എവിടെയാണ് ഗാന്ധി?

ഇന്ത്യ എന്ന നാമത്തെ ഭാരതമാക്കി മാറ്റുമ്പോള്‍ ഗാന്ധിജിയുടെ വിശാല ജനാധിപത്യ ബോധത്തിനും മതേതര ജീവിത സ്വാതന്ത്ര്യത്തിനും ഏല്‍ക്കുന്ന പരുക്കുകള്‍ ചെറുതായിരിക്കില്ല. കാരണം, ഭാരതം എന്ന നാമമാറ്റം കൃത്യമായ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ഉള്‍ക്കൊള്ളുന്നതാണ്. അത് ഹിന്ദുത്വ ഇതര വിഭാഗങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ അസ്തിത്വത്തെ ചോദ്യം ചെയ്യും.

Published

|

Last Updated

ഗാന്ധിജിയെ ഒരേ രീതിയില്‍ വായിക്കുക എന്നത് ആ രാഷ്ട്രീയത്തോട് ചെയ്യുന്ന അപരാധമാണ്. മാറിയ കാലത്തിന്റെ രാഷ്ട്രീയ, സാമൂഹിക സമവാക്യങ്ങളെ സൂക്ഷ്മാര്‍ഥത്തില്‍ വിശകലനം ചെയ്തുകൊണ്ട് വേണം ഇനിയുള്ള ഗാന്ധിയന്‍ വായന. ഇന്ത്യയെ സംബന്ധിച്ച് അത് ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനും വംശീയ രാഷ്ട്രീയ പ്രതിരോധത്തിനും ആവശ്യമാണ്. ഗാന്ധിജിയെ കൊല ചെയ്തവരുടെ അജന്‍ഡ പിന്‍പറ്റുന്നവര്‍ ഇന്ത്യാ മഹാരാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോള്‍ തുടങ്ങിയ വംശീയാധിഷ്ഠിത മാറ്റത്തിന്റെ തുടര്‍ച്ചയാണ് ഇന്ത്യയെ ഭാരതമാക്കി പ്രഖ്യാപിക്കാനുള്ള ഒരുക്കങ്ങള്‍. ഈ കാലത്ത് ഗാന്ധിയന്‍ വായനയുടെ പ്രസക്തി ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണത്തിന്റെ ഭാഗം കൂടിയാണ്. അതിനെ പ്രതിരോധിക്കുന്ന ഭരണകൂട ഇടപെടലുകളെ മറികടക്കേണ്ടതുണ്ട്. അത്തരം അന്വേഷണങ്ങളിലാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ തീവ്ര ദേശീയതാ നിലപാടിലുള്ള വംശീയതയുടെ പ്രത്യയശാസ്ത്രത്തെ തിരിച്ചറിയേണ്ടത്. അത് എങ്ങനെ ബഹുസ്വരതയുടെ അടിസ്ഥാന മൂല്യബോധത്തെ നിരാകരിക്കുന്നു എന്നതിലേക്ക് ജനാധിപത്യ വിശ്വാസികള്‍ എത്തിച്ചേരേണ്ടതുണ്ട്.
സമകാല ഇന്ത്യയുടെ സവിശേഷമായ രാഷ്ട്രീയ നിലപാട്, ഗാന്ധിജിയുടെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്നതാണ്. അതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നത് ഹിന്ദുത്വ ഇതര സമൂഹങ്ങളെ ജനാധിപത്യങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റിയാണ്. അവരെ സാധാരണ സാമൂഹിക ജീവിതത്തില്‍ നിന്ന് ബഹിഷ്‌കരിച്ചുകൊണ്ടുള്ള സാംസ്‌കാരിക നിര്‍മിതിയാണ് 2014ന് ശേഷം രാജ്യത്ത് നടക്കുന്നത്. ചരിത്രത്തില്‍ നിന്ന് മതേതര ഇന്ത്യക്ക് ജീവന്‍ നല്‍കിയ മനുഷ്യരെ മുറിച്ചുമാറ്റുന്നത് ഇതിന്റെ ഭാഗമാണ്. ഇതില്‍ സവര്‍ണ ഹിന്ദുത്വത്തിന്റെ ഭാഗമാകാത്ത മുഴുവന്‍ മനുഷ്യരും 2014ന് ശേഷം മാര്‍ക്ക് ചെയ്യപ്പെട്ടവരാണ്. ഈയൊരു അവസ്ഥയില്‍ നിന്നാണ് രാജ്യത്തിന്റെ സാംസ്‌കാരികവും മതേതരവുമായ രംഗങ്ങളില്‍ നിന്ന് ബഹുസ്വരതയുടെ അടിസ്ഥാന ഘടകങ്ങളെ മുറിച്ചുമാറ്റുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് ഏറ്റവും ഒടുവില്‍ ജി-20യുടെ ഭാഗമായി ലോക രാഷ്ട്രങ്ങളിലെ നേതാക്കള്‍ സന്നിഹിതരായ വേദിയില്‍ ഇന്ത്യ എന്ന പേരിനു പകരം ഭാരതം എന്ന പേര് എഴുതിയത്. ഒരു രാജ്യത്തിന്റെ നാമത്തെ ഇത്ര എളുപ്പത്തില്‍ മാറ്റിക്കൊണ്ടുള്ള നടപടി എന്തിനാണ്? സ്വാഭാവികമായും പേരു മാറ്റത്തിന്റെ യുക്തി പരിശോധിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന ഒട്ടനവധി ചോദ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയുടെ ആത്മാവിനെ സ്വന്തം ജീവിതത്തിലും പ്രവര്‍ത്തനത്തിലും ആവാഹിച്ച മഹാത്മാഗാന്ധി പേരു മാറ്റത്തില്‍ എവിടെയാണ് എന്നത്!

ഇന്ത്യയെ ഭാരതമാക്കുമ്പോള്‍ അതിന്റെ കാരണങ്ങള്‍ പല രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭരണഘടനാ നിര്‍മാണ ഘട്ടത്തില്‍ തന്നെ പേരുമായി ബന്ധപ്പെട്ട നിരവധി സംവാദങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും ഒടുവില്‍ അംബേദ്കര്‍ മുന്നോട്ടുവെച്ച “India, that is Bharath shall be a union of states’ എന്നതാണ് അംഗീകരിക്കപ്പെട്ടത്. ഈ ഒരു നിലപാടിനെ മാറ്റി ഇന്ത്യയെ ഭാരതമാക്കുമ്പോള്‍ ഗാന്ധിജി എവിടെയായിരിക്കും? ഇതൊരു ആലങ്കാരികമായ ചോദ്യമല്ല. മറിച്ച് അതില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്.

ഗാന്ധിജിയെ സംബന്ധിച്ച് എല്ലാ മനുഷ്യരെയും അവരുടെ ദേശം, ഭാഷ, സംസ്‌കാരം, മതം, ജാതി, വിശ്വാസം, ആചാരം തുടങ്ങിയതെല്ലാം അംഗീകരിച്ച് മുന്നോട്ട് പോകാനുള്ള കഴിവ് അപാരമാണ്. ആ മനസ്സാണ് വൈവിധ്യങ്ങളുടെ അപാരത കൊണ്ട് വിഭിന്നമാക്കപ്പെട്ട അനേകം ദേശമനുഷ്യരെ സ്വാതന്ത്ര്യ ബോധത്തിലേക്ക് അടുപ്പിച്ചത്. അവിടെ അപരനോടുള്ള സ്‌നേഹം സ്വയം നവീകരണത്തിന്റെയും നന്മയുടെയും മാര്‍ഗമായിരുന്നു. അതു കൊണ്ടാണ് വിഭിന്നാഭിമുഖ്യമുള്ള ജനങ്ങളുടെ അഭിരുചികളെ ചേര്‍ത്തുപിടിച്ച് മുന്നോട്ടു പോകാന്‍ ജീവിതാന്ത്യം വരെ ഗാന്ധിജിക്ക് കഴിഞ്ഞത്. അപ്പോഴൊന്നും ഹിന്ദുത്വ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ സാംസ്‌കാരിക ദേശീയതയെ ഇന്ത്യയുടെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ കൂട്ടിച്ചേര്‍ക്കാന്‍ ഗാന്ധിജി തയ്യാറായിരുന്നില്ല. അപ്പോഴും ഗാന്ധിജി അടിമുടി ഹിന്ദു വിശ്വാസത്തില്‍ അടിയുറച്ചു നിന്നിരുന്നു. അവിടെ “രാമന്‍’ മുഴുവന്‍ മനുഷ്യരുടെയും സമാധാനപൂര്‍ണമായ ജീവിതത്തെ വീണ്ടെടുക്കാനുള്ള രാഷ്ട്രീയ വഴി കൂടിയായിരുന്നു.

ഗാന്ധിജിയുടെ മൂല്യബോധത്തിന്റെ അടിസ്ഥാനം അഹിംസയാണ്. ശാന്തിയിലും സമാധാനത്തിലും ഉള്‍ച്ചേര്‍ന്ന് കിടക്കുന്ന ജ്ഞാനബോധം കൂടിയായിരുന്നു അത്. ഈ ജ്ഞാന ബോധം ഒരിക്കലും ഗാന്ധിജിക്ക് ചുറ്റും കൂടിയവര്‍ക്ക് ജ്ഞാനഭാരമായി തോന്നിയില്ല. കാരണം, വൈവിധ്യങ്ങളില്‍ നില്‍ക്കുമ്പോഴും വൈജാത്യങ്ങളുടെ വിശ്വാസപരമായ ഭിന്നതകളെ ഉള്‍ക്കൊള്ളാനുള്ള കഴിവ് ഗാന്ധിജിക്ക് ഉണ്ടായിരുന്നു. ഈ കഴിവിനെ സാമൂഹിക ജീവിതത്തില്‍ എങ്ങനെ ക്രമപ്പെടുത്തി ഉപയോഗിക്കാം എന്നത് ജീവിതം കൊണ്ട് ഗാന്ധിജി കാണിച്ചുതന്നു. അവിടെ തന്റേതല്ലാത്ത വിശ്വാസങ്ങളെ അപര വിദ്വേഷമായി ഗാന്ധിജിക്ക് കാണാന്‍ കഴിഞ്ഞില്ല.
ഇത്തരം ഉന്നതമായ മാനുഷിക ചിന്തയിലൂടെ രൂപപ്പെട്ട ജനാധിപത്യ ദര്‍ശനത്തിലൂടെയാണ് ഇന്ത്യ എന്ന ആധുനിക രാഷ്ട്ര സങ്കല്‍പ്പത്തിന്റെ പിറവി. ഇന്ത്യ എന്ന നാമത്തെ ഭാരതമാക്കി മാറ്റുമ്പോള്‍ ഗാന്ധിജിയുടെ വിശാല ജനാധിപത്യ ബോധത്തിനും മതേതര ജീവിത സ്വാതന്ത്ര്യത്തിനും ഏല്‍ക്കുന്ന പരുക്കുകള്‍ ചെറുതായിരിക്കില്ല. കാരണം, ഭാരതം എന്ന നാമമാറ്റം കൃത്യമായ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ ഉള്‍ക്കൊള്ളുന്നതാണ്. അത് ഹിന്ദുത്വ ഇതര വിഭാഗങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ അസ്തിത്വത്തെ ചോദ്യം ചെയ്യും. അതുകൊണ്ടാണ് ഭാരതം എന്ന നാമമാറ്റത്തെ വിമര്‍ശിക്കപ്പെടുന്നത്.

നമ്മുടെ രാജ്യത്തെ ഇന്ത്യ എന്നോ ഭാരതം എന്നോ വിളിക്കാം. അങ്ങനെ സുപ്രീം കോടതി പരാമര്‍ശിക്കുമ്പോഴും ഭാരതം എന്ന് മാത്രം വിളിക്കണം എന്ന് നിര്‍ദേശിച്ചിട്ടില്ല. അതുകൊണ്ട് ഓരോ ഇന്ത്യക്കാരനും ഭാരതം എന്ന പേര് ഒരു ഭാരമായോ അന്യതാബോധമായോ ഇതുവരെയും അനുഭവപ്പെട്ടില്ല. എന്നാല്‍ സമകാല ഇന്ത്യന്‍ ഭരണകൂടത്തിന്റെ അജന്‍ഡകള്‍ രൂപപ്പെടുന്നത് തീവ്ര ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രത്തെ ഉള്‍ക്കൊണ്ടാണ്. അവിടെ ഈ പേരുമാറ്റത്തെ ഭയക്കേണ്ടതുണ്ട്. ‘വിഷ്ണുപുരാണം അനുസരിച്ച് സമുദ്രത്തിന് വടക്കും ഹിമാലയത്തിന് തെക്കുമായി സ്ഥിതിചെയ്യുന്ന വര്‍ഷത്തെയാണ് ഭാരത വര്‍ഷം എന്ന് വിളിക്കുന്നത്. (ഉത്തരം യദ് സമുദ്രസ്യ ഹിമാദരേശ് ചൈവ ഭക്ഷിണം / വര്‍ഷം തദ് ഭാരതം നാമ ഭാരതി യത്ര സന്തതി) ഈ നിര്‍വചനപ്രകാരം ഇന്ന് ഇന്ത്യയുടെ ഭാഗമല്ലാത്ത അഫ്ഗാസ്താനും പാകിസ്താനുമെല്ലാം ഭാരത വര്‍ഷത്തില്‍ ഉള്‍പ്പെടുന്നു. ഭാരത വര്‍ഷത്തിലെ ഭരത വംശം ആരംഭിക്കുന്നത് സ്വയംഭൂവ മനുവില്‍ നിന്നാണെന്ന് കൂടി വിഷ്ണുപുരാണം സമര്‍ഥിക്കുന്നു (നിരീക്ഷണം കടപ്പാട് -ഡോ. ടി എസ് ശ്യാംകുമാര്‍). ഈയൊരു പശ്ചാത്തലത്തിലാണ് പേരുമാറ്റത്തിന്റെ രാഷ്ട്രീയത്തെ തിരിച്ചറിയേണ്ടത്.

ഗാന്ധിജിയെ സംബന്ധിച്ച് ആ ജീവിതം മുന്നോട്ടുവെച്ച ദര്‍ശനം ഇന്ത്യയിലെ മുഴുവന്‍ അടിസ്ഥാന വിഭാഗങ്ങളെയും മുന്നില്‍ കണ്ടാണ്. പ്രാദേശികമായ സാംസ്‌കാരിക മൂല്യങ്ങളെ വൈവിധ്യങ്ങളില്‍ നിലനിര്‍ത്തികൊണ്ടുള്ള പൊരുത്തപ്പെടല്‍ കൂടിയായിരുന്നു അത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മതങ്ങളുടെ ആത്മീയ അനുഭൂതിയെ വ്യക്തികളുടെ ഇഛക്ക് അനുസരിച്ച് അനുഭവിക്കാനുള്ള ജനാധിപത്യ അവകാശമാണ്. ഭിന്നതകളെ നിരാകരിക്കുമ്പോഴല്ല അതിനെ ചേര്‍ത്തുപിടിക്കുമ്പോഴാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നിലനില്‍പ്പ് സാധ്യമാകൂ എന്ന് ഗാന്ധിജി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ അഹിംസ ചെറുത്തുനില്‍പ്പിന്റെ ഉദാത്ത സങ്കല്‍പ്പമാകുന്നത് വിദ്വേഷത്തെ നിരാകരിക്കാനുള്ള മാര്‍ഗമായിട്ടാണ്. എന്നാല്‍ ഇന്ന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും ദളിത് സമൂഹങ്ങള്‍ക്കും പാര്‍ശ്വവത്കൃതര്‍ക്കും അനുഭവിക്കേണ്ടിവരുന്ന വിവേചനങ്ങളുടെ അടിസ്ഥാനം മതമാണ്. മതം, ജാതി, ദേശം എന്നിവയോട് ഭരണകൂടം സ്വീകരിക്കുന്ന നിലപാടിന്റെ ഭാഗമാണത്.

ഇന്ത്യയില്‍ ഇപ്പോഴും 60 ശതമാനത്തോളം മുഖ്യധാരാ ജീവിതത്തിലേക്ക് എത്താന്‍ കഴിയാത്തവരാണ്. 140 കോടിയിലധികം ജനസംഖ്യയുള്ള ഒരു രാജ്യത്തെ തീവ്ര ദേശീയതയിലേക്ക് നയിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുരുതരമായ അവസ്ഥകളെ തിരിച്ചറിയേണ്ടതുണ്ട്. ഈ അര്‍ഥത്തില്‍ ഗാന്ധിജി ഇന്ത്യയില്‍ തന്നെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. അതിനര്‍ഥം ഭാരതത്തെ ഗാന്ധിജി നിരാകരിക്കുന്നു എന്നല്ല. മറിച്ച്, ഭാരതത്തെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റുമ്പോള്‍ അവിടെ ഒരു നിമിഷം പോലും ഗാന്ധിജിയുടെ ആത്മാവിന് നിലനില്‍ക്കാന്‍ കഴിയില്ല എന്നാണ്. കാരണം, അതൊരു ജനാധിപത്യ രാഷ്ട്രമായിരിക്കില്ല എന്ന് ആദ്യം തിരിച്ചറിഞ്ഞത് മഹാത്മാ ഗാന്ധിജിയായിരുന്നു. അതിന്റെ വിലയായിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം.