Kerala
മരണ സര്‍ട്ടിഫിക്കറ്റ് എവിടെ? സമാധി വിവാദത്തില്‍ ഹൈക്കോടതി
അന്വേഷണം നിര്‍ത്തിവെക്കാനോ നീട്ടിക്കൊണ്ടുപോകാനോ ആകില്ല. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമാണെന്ന നിഗമനത്തില്‍ എത്തേണ്ടിവരുമെന്നും കോടതി
കൊച്ചി |നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി വിവാദത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്ന് ആരാഞ്ഞ് ഹൈക്കോടതി. നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ഭാര്യ സുലോചന നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി മരണ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്.
മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമാണെന്ന നിഗമനത്തില്‍ എത്തേണ്ടിവരുമെന്നും മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ച് വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്നത് സ്വാഭാവിക നടപടിക്രമമാണ്. നിലവില്‍ അന്വേഷണം നിര്‍ത്തിവെക്കാനോ നീട്ടിക്കൊണ്ടുപോകാനോ ആവില്ല. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി, ഹരജിയില്‍ മറുപടി നല്‍കാന്‍ സര്‍ക്കാറിന് നോട്ടീസും നല്‍കി.
എന്തിനാണ് പേടിയെന്ന് ഹരജിക്കാരോട് ഹൈക്കോടതി ചോദിച്ചു. നിലവില്‍ അന്വേഷണത്തില്‍ ഇടപെടേണ്ട സാഹചര്യം ഇല്ലെന്നും കോടതി നിരീക്ഷിച്ചു. ആര്‍ ഡി ഒയുടെ ഉത്തരവ് നിയമപരമല്ലെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, എങ്ങനെയാണ് മരണം സംഭിച്ചതെന്ന് കോടതി ചോദിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചതുകൊണ്ടാണ് പോലീസ് അന്വേഷിക്കുന്നതെന്നും ഒരാളുടെ മരണത്തില്‍ സംശയമുണ്ടെങ്കില്‍ അന്വേഷിക്കാനുള്ള അവകാശം പോലീസിനുണ്ടെന്നും കോടതി നിരീക്ഷിച്ചു. എങ്ങനെ മരിച്ചുവെന്ന് പറയാന്‍ കുടുംബത്തോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മരണം എവിടെയാണ് അംഗീകരിച്ചതെന്നും സംശയാസ്പദമായ സാഹചര്യം ഇക്കാര്യത്തില്‍ ഉണ്ടെന്നും കോടതി വ്യക്തമാക്കി.
ഹരജി അടുത്ത ആഴ്ച പരിഗണിക്കും. സമാധി സ്ഥലം പൊളിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ കലക്ടര്‍, ആര്‍ ഡി ഒ, പോലീസ് എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹരജി നല്‍കിയത്.