Connect with us

Articles

സ്വര്‍ണ വില ഇതെങ്ങോട്ടാണ്?

ഇങ്ങനെ പോയാല്‍ സ്വര്‍ണം പവന് ഒരു ലക്ഷം രൂപക്കൊപ്പം എത്തുന്ന കാലം വിദൂരമല്ല. നിക്ഷേപകരുടെ വഴികളില്‍ മറ്റെന്തെങ്കിലും കാര്യങ്ങള്‍ പുതുതായി എത്താത്തിടത്തോളം സ്വര്‍ണത്തില്‍ തന്നെ അവരുടെ വിശ്വാസവും ധനവും നിക്ഷേപിക്കാന്‍ തന്നെയാകും അവരുടെ തീരുമാനം. അങ്ങനെയാകുമ്പോള്‍ സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കാന്‍ സ്വര്‍ണം മുന്‍പന്തിയില്‍ ഉണ്ടാകുമെന്നുതന്നെ കരുതേണ്ടിവരും.

Published

|

Last Updated

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ചില സമയങ്ങളില്‍ നാമമാത്രമായ കുറവ് രേഖപ്പെടുത്തും. പിന്നീട് വിലയില്‍ വലിയ കുതിപ്പുണ്ടാകുന്നു. സ്വര്‍ണം പവന് അറുപതിനായിരത്തോട് അടുത്തിരിക്കുകയാണ് ഇപ്പോള്‍.

സ്വര്‍ണമെന്ന അത്ഭുത ലോഹം
കൊവിഡ് കാലത്തെ ഒരു സംഭവം നോക്കാം. കൊവിഡ് മൂലം മാസങ്ങള്‍ കടകളടച്ച് വീട്ടിലിരിക്കേണ്ടിവന്നപ്പോള്‍ എല്ലാ കച്ചവടക്കാരെയും പോലെ സ്വര്‍ണ വ്യാപാരികളും ഏറെ വിഷമിച്ചിരുന്നു. എന്നാല്‍ കൊവിഡാനന്തരം പവന് ഏതാണ്ട് അയ്യായിരത്തോളം രൂപയാണ് കൂടിയത്. ഒരു വസ്തുവിന് ഡിമാന്‍ഡ് കൂടുമ്പോള്‍ വില കൂടുമെന്നത് വ്യാപാരത്തിന്റെ ബാലപാഠമാണ്. എന്നാല്‍ ആരും വാങ്ങാതെ, ആര്‍ക്കും വേണ്ടാതെ അടഞ്ഞ കടകളിലിരുന്ന സ്വര്‍ണത്തിനു മാത്രം എങ്ങനെ വില കൂടിക്കൊണ്ടിരുന്നു. അതാണ് സ്വര്‍ണത്തെ മറ്റു ലോഹങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത്. സ്വര്‍ണം ആഭരണമായി അണിയാന്‍ മാത്രമുള്ള ലോഹമല്ല. അത് ലോകത്തുതന്നെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപ മാര്‍ഗമാണ്. കൊവിഡ് കാലത്ത് ലോകം മുഴുവന്‍ സ്തംഭിച്ചതിനെ തുടര്‍ന്ന് ഷെയര്‍ മാര്‍ക്കറ്റുകള്‍ക്ക് തകര്‍ച്ച സംഭവിച്ചപ്പോള്‍ ഏറെപ്പേരും നിക്ഷേപം സ്വര്‍ണത്തിലേക്കാണ് മാറ്റിയത്. പാനിക് ഇന്‍വെസ്റ്റ്‌മെന്റ് (Panic Invetsment) എന്നാണ് അതിനെ പറയുന്നത്.

ലോകത്തെ സ്വാധീനിക്കുമ്പോള്‍
സ്വര്‍ണം സ്വാധീനിക്കുന്നത് ഒരു പ്രദേശത്തെ മാത്രമല്ല, ലോകത്തെ ആകമാനമാണ്. ഇപ്പോഴും സ്വര്‍ണത്തിന്റെ വിലയിലുണ്ടാകുന്ന കുതിപ്പ് വിരല്‍ചൂണ്ടുന്നത് ലോകത്തെ വിവിധ സംഭവ വികാസങ്ങളിലേക്കാണ്. നമ്മുടെ രാജ്യത്തെ ജനങ്ങളെ സംബന്ധിച്ച് സ്വര്‍ണം ആര്‍ഭാടത്തിന്റെ മാത്രം പ്രതീകമല്ല. പകരം ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിലാകെ സ്വര്‍ണം ഒഴിച്ചുകൂടാനാകാത്ത വസ്തുവാണ്. നിക്ഷേപങ്ങളുടെ രൂപത്തിലും മറ്റെന്തിനെയും വെല്ലാന്‍ സ്വര്‍ണം തന്നെയാണ് ഇന്ന് മുന്‍പന്തിയില്‍. അങ്ങനെ ആകമാനം നാം സ്വര്‍ണത്തിന് നല്‍കിയിരിക്കുന്ന വീരപരിവേഷം അതിന്റെ വിലയില്‍ പ്രതിധ്വനിക്കുമ്പോള്‍ മറുവശത്ത് പാവപ്പെട്ടവര്‍ക്ക് തീര്‍ത്തും അപ്രാപ്യമായ ലോഹമായി സ്വര്‍ണം മാറുന്ന അവസ്ഥയും സംജാതമാകുന്നുണ്ട്. എന്തുവന്നാലും സാധാരണക്കാര്‍ക്ക് ഇതില്‍ നിന്ന് മാറിനില്‍ക്കാനാകാത്ത സാമൂഹിക വ്യവസ്ഥിതിയും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. സ്വര്‍ണ വിലയുടെ കുതിപ്പിന് പിന്നില്‍ അന്താരാഷ്ട്രപരമായ മറ്റു കാരണങ്ങള്‍ ഉണ്ടോ?

പതിമൂന്ന് രൂപയില്‍ നിന്ന്…
കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ സ്വര്‍ണത്തിന് വര്‍ഷത്തില്‍ പതിമൂന്ന് ശതമാനം വില വര്‍ധന ഉണ്ടായിട്ടുണ്ട്. 1925ല്‍ ഒരു പവന്‍ സ്വര്‍ണ വില 13.75 പൈസ ആയിരുന്നു. 1970 ആയപ്പോഴേക്കും അത് 135.30 രൂപയായി. പിന്നീടുള്ള കുതിച്ചുചാട്ടം ക്രമാതീതമായിരുന്നു. 1990ല്‍ 2,493 രൂപയായി. 2012 ആയപ്പോഴേക്കും ഇരുപതിനായിരം തൊട്ടു (20,880). പിന്നെ വെറും പന്ത്രണ്ട് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സ്വര്‍ണ വില അറുപതിനായിരം രൂപക്ക് തൊട്ടടുത്താണ്.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില അനുസരിച്ചാണ് എല്ലാ രാജ്യങ്ങളിലെയും സ്വര്‍ണ വില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍ വിലയിലെ വ്യതിയാനവും ഇവിടെ പരിഗണിക്കപ്പെടും. ഇതനുസരിച്ച് ആള്‍ കേരളം ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസ്സോസിയേഷനാണ് വില നിശ്ചയിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് സ്വര്‍ണ വില 50,000 കടന്നത്. അവിടുന്നിങ്ങോട്ട് ചില മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ 60,000ത്തിലെത്താന്‍ പോകുകയുമാണ്. പണമുണ്ടായിരുന്ന ഭൂതകാലത്ത് കുറച്ച് സ്വര്‍ണം വാങ്ങി നിക്ഷേപിച്ചിരുന്നെങ്കില്‍ എന്ന് കരുതാത്തവര്‍ ഉണ്ടാകില്ല.

ചൈനക്കാരും മോശമല്ല
സ്വര്‍ണത്തിന്റെ ഉപഭോഗത്തില്‍ ഇന്ത്യക്കാരാണ് മുന്നില്‍ എന്ന് പൊതുവെ പറയാറുണ്ടെങ്കിലും നമ്മുടെ അയല്‍രാജ്യമായ ചൈനയും അക്കാര്യത്തില്‍ മോശക്കാരല്ല. ഇന്ത്യക്കാരെപ്പോലെ തന്നെ ചൈനക്കാരുടെയും സ്വര്‍ണാഭരണങ്ങളോടുള്ള ഭ്രമം കൂടുതലാണ്. ലോകത്ത് ഏറ്റവുമധികം സ്വര്‍ണം ഖനനം ചെയ്യുന്ന രാജ്യം ചൈനയാണ്. എന്നാല്‍ അവരുടെ ആവശ്യങ്ങള്‍ക്കായി പിന്നീട് വീണ്ടും ഇറക്കുമതി ചെയ്യേണ്ടിവരുന്ന അവസ്ഥ അവര്‍ എത്രമാത്രം സ്വര്‍ണ പ്രേമികളാണെന്ന് കാട്ടിത്തരുന്നു. 2022ല്‍ ഇന്ത്യയിലെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് 600.56 ടണ്‍ ആയിരുന്നു. ചൈനയുടേതാകട്ടെ 570.8 ടണ്ണും. അടുത്ത വര്‍ഷം (2023) തന്നെ ചൈനയുടെ ഉപഭോഗം 630 ടണ്‍ ആയി ഉയര്‍ന്നു. ചൈന കൂടുതലായും റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് നിക്ഷേപം നടത്തിവന്നിരുന്നത്. എന്നാല്‍ ആ മേഖല തകര്‍ന്നതോടെ രണ്ടാമത്തെ നിക്ഷേപ സാധ്യതയായി അവര്‍ തിരഞ്ഞെടുത്തത് സ്വര്‍ണമാണ്. അതിനൊപ്പം ചൈനയിലെ സ്ത്രീകള്‍ കൂടുതല്‍ സ്വര്‍ണാഭരണ പ്രിയരായതോടെ ഡിമാന്‍ഡ് ക്രമാതീതമായി വര്‍ധിക്കുകയും ചെയ്തു.

ഡോളറിന്റെ സ്വാധീനം
സ്വര്‍ണ വിപണി ഉയരാന്‍ മറ്റൊരു പ്രധാന കാരണക്കാരന്‍ കറന്‍സികളുടെ രാജാവായ ഡോളറാണ്. ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടം സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നുണ്ടോ? സ്വര്‍ണത്തിന്റെ അന്താരാഷ്ട്ര വിനിമയവും വിലനിശ്ചയവുമെല്ലാം ഡോളറിലാണ് കണക്കാക്കുന്നത്. അപ്പോള്‍ ഡോളറിന്റെ ഡിമാന്‍ഡ് കൂടുന്നത് സ്വര്‍ണത്തിന്റെ വിലയെ സ്വാധീനിക്കുന്നു. അടുത്തിടെ ഡോളറിന്റെ മൂല്യത്തില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടാകുന്നത്. ഈ ചാഞ്ചാട്ടം നിക്ഷേപകരില്‍ ഡോളറിനോടുള്ള മതിപ്പ് കുറയാന്‍ കാരണമാക്കി മാറ്റി. അത് വലിയ നിലയില്‍ സ്വര്‍ണത്തിന് ഗുണകരമായി മാറി.
വിവിധ വാണിജ്യ, സാമ്പത്തിക മേഖലകളില്‍ ഡോളറിന്റെ അപ്രമാദിത്തം തകരുന്ന അവസ്ഥയായ “ഡീഡോളറൈസേഷന്‍’ എന്ന പ്രതിഭാസം ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ തകര്‍ച്ചയില്‍ നിന്ന് കരകയറാനായി ലോകരാജ്യങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിനും, മറ്റു സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമായി 1944ലെ ബ്രെട്ടന്‍ വുഡ് (Bretton Woods Agreement) കരാര്‍ മുന്നോട്ടുവെക്കുകയും അതനുസരിച്ച് രാജ്യാന്തര വിനിമയത്തിനുള്ള കറന്‍സിയായി ഡോളറിനെ തീരുമാനിക്കുകയും ചെയ്തു. ഓരോ രാജ്യത്തിന്റെയും ഡോളര്‍ ശേഖരത്തിന്റെ അളവ് അനുസരിച്ച് ആ രാജ്യത്തിന്റെ കറന്‍സി മൂല്യം നിശ്ചയിക്കപ്പെടുകയും ചെയ്തു. അങ്ങനെ രാജ്യാന്തര വിനിമയങ്ങളില്‍ ഡോളര്‍ തിളങ്ങിയപ്പോള്‍ സ്വാഭാവികമായും ഡോളറിന്റെ മേല്‍ക്കൈ മറ്റു രാജ്യങ്ങളുടെ കറന്‍സികളേക്കാള്‍ ഉയര്‍ന്നു. ഇത് അമേരിക്കയോടൊപ്പം എത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല എന്ന് അനുമാനിക്കാം. കൂടാതെ യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കു മേല്‍ ഉപരോധം ഉണ്ടാകുകയും റഷ്യയുടെ വിദേശനാണ്യ ശേഖരവും വിനിമയവും മരവിപ്പിക്കുന്ന അവസ്ഥയിലേക്ക് ചെന്നെത്തുകയും ചെയ്തു. അത് അവരുടെ വ്യാപാരത്തെയും ബാധിച്ചു.
രാജ്യാന്തര കറന്‍സി വിനിമയുമായി ബന്ധപ്പെട്ട “സ്വിഫ്റ്റ്’ല്‍ നിന്ന് റഷ്യ പുറത്തായതും അവരുടെ സാമ്പത്തികനിലയെ ചോദ്യം ചെയ്തു. റഷ്യക്ക് മാത്രമല്ല, ഭാവിയില്‍ ഇത് ഏതൊരു രാജ്യത്തെയും ബാധിക്കാന്‍ സാധ്യതയുള്ള പ്രതിസന്ധിയായി പല രാജ്യങ്ങളും മുന്‍കൂട്ടി കാണുകയും ഡോളറിനെ അത്രകണ്ട് പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തുകയും ചെയ്തു. അങ്ങനെ ചില രാജ്യങ്ങളുടെ കൂട്ടായ്മ തന്നെ ഉണ്ടായിവന്നു. ബ്രിക്‌സ് രാജ്യങ്ങള്‍ ചേര്‍ന്ന് തങ്ങളുടേതായ ഒരു കറന്‍സി മുന്നോട്ടുവെച്ചത് ഈ അവസരത്തിലാണ്. മേല്‍ സൂചിപ്പിച്ച ബ്രെട്ടന്‍ വുഡ് കരാറിനു മുമ്പ് സ്വര്‍ണമായിരുന്നു കരുതല്‍ സമ്പത്ത്്. അവിടേക്കാണ് ഡോളറിന്റെ കടന്നുകയറ്റമുണ്ടായത്. അതിനെ പ്രതിരോധിച്ചുകൊണ്ട് വീണ്ടും സ്വര്‍ണത്തിലേക്ക് തന്നെ തിരിച്ചുപോകാനാണ് ഇന്ത്യയും ചൈനയും റഷ്യയുമടങ്ങുന്ന രാജ്യങ്ങള്‍ ശ്രമിക്കുന്നത്. ഡോളറിനെ തകര്‍ക്കുക എന്നുള്ളതല്ല, പകരം ഏകരാജ്യാന്തര കറന്‍സി എന്ന ആശയമാണ് അവര്‍ മുന്നോട്ടു വെക്കുന്നത്. അമേരിക്കയുടെ അപ്രമാദിത്വം സ്വാഭാവികമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടി ഉണ്ടെന്നുമാത്രം.

ഇന്ത്യ സ്വര്‍ണം തിരിച്ചെടുക്കുമ്പോള്‍
ഇന്ത്യയെ സംബന്ധിച്ച് ബേങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ നിന്ന് ഒരു ലക്ഷം കിലോ സ്വര്‍ണമാണ് ഇന്ത്യ തിരികെ എത്തിച്ചത്. അതായത് വിദേശത്തുള്ള ഇന്ത്യയുടെ മുഴുവന്‍ സ്വര്‍ണ ശേഖരത്തിന്റെയും നാലില്‍ ഒന്ന് വരും. സ്വര്‍ണത്തിന് ചില സമയങ്ങളില്‍ ഉണ്ടായ വിലയിടിവിന്റെ കരണവും മറ്റൊന്നല്ല. ചൈന പെട്ടെന്ന് സ്വര്‍ണം വാങ്ങുന്നത് കുറക്കുകയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഇടിയുകയും ചെയ്തതാണ് ആ കുറവിന്റെ കാരണം. പക്ഷേ, പിന്നീട് ഡിമാന്‍ഡ് കൂടാന്‍ തുടങ്ങിയപ്പോള്‍ സ്വര്‍ണ വിലയും മുകളിലേക്ക് പോയിക്കൊണ്ടിരുന്നു. ഇതുകൂടാതെ യുദ്ധം മുറുകിയാലും രാജ്യാന്തര രാഷ്ട്രീയ സാഹചര്യങ്ങളില്‍ മാറ്റം വന്നാലുമൊക്കെ സ്വര്‍ണ വിലയില്‍ കുതിപ്പുണ്ടായേക്കാം.

ഇങ്ങനെ പോയാല്‍
ഇങ്ങനെ പോയാല്‍ സ്വര്‍ണം പവന് ഒരു ലക്ഷം രൂപക്കൊപ്പം എത്തുന്ന കാലം വിദൂരമല്ല. നിക്ഷേപകരുടെ വഴികളില്‍ മറ്റെന്തെങ്കിലും കാര്യങ്ങള്‍ പുതുതായി എത്താത്തിടത്തോളം സ്വര്‍ണത്തില്‍ തന്നെ അവരുടെ വിശ്വാസവും ധനവും നിക്ഷേപിക്കാന്‍ തന്നെയാകും അവരുടെ തീരുമാനം. അങ്ങനെയാകുമ്പോള്‍ സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കാന്‍ സ്വര്‍ണം മുന്‍പന്തിയില്‍ ഉണ്ടാകുമെന്നുതന്നെ കരുതേണ്ടിവരും.

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)

Latest