Editorial
ജുഡീഷ്യറിയുടെ പോക്ക് എങ്ങോട്ട്?
ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ പരിഹരിക്കുന്നതിന് ഫലപ്രദമായ സംവിധാനമില്ലാത്തതാണ് ജുഡീഷ്യറിയില്‍ അഴിമതി വ്യാപിക്കാന്‍ ഇടയാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് വന്‍തോതില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത് അമ്പരപ്പുളവാക്കിയ വാര്‍ത്തയാണ്. നവംബര്‍ 14ന് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടിലുണ്ടായ തീപ്പിടിത്തം കെടുത്താനെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് വീട്ടിലെ ഒരു മുറിയില്‍ നിന്ന് 15 കോടിയോളം വരുന്ന നോട്ടുകെട്ടുകള്‍ കണ്ടെടുത്തതായി ഫയര്‍ഫോഴ്‌സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും അവര്‍ ആഭ്യന്തര മന്ത്രാലയത്തിന് വിവരം കൈമാറുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയം സംഭവം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അറിയിച്ചു. തുടര്‍ന്ന് യശ്വന്ത് വര്‍മക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സുപ്രീം കോടതിയുടെ ഫുള്‍കോര്‍ട്ട് യോഗം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ജുഡീഷ്യറിക്ക് കടുത്ത മാനഹാനി സൃഷ്ടിക്കുന്ന ഈ വാര്‍ത്ത പുറത്തുവന്ന് ഏറെ കഴിയുന്നതിന് മുന്നേ സംഭവം നിഷേധിച്ച് ഡല്‍ഹി ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഖാര്‍ഗെ രംഗത്തുവന്നതായി റിപോർട്ട് ചെയ്യപ്പെട്ടു. തീ അണക്കുന്നതിനിടെ സ്റ്റേഷനറി സാധനങ്ങള്‍ മാത്രമാണ് കണ്ടെടുത്തതെന്നും നോട്ടുകെട്ടുകള്‍ കണ്ടെടുത്തുവെന്ന വാര്‍ത്ത ശരിയല്ലെന്നുമാണ് അദ്ദേഹത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപോർട്ട് ചെയ്തത്. എന്നാൽ പിന്നീട് ഈ വാർത്ത അദ്ദേഹം തള്ളി. പണം കണ്ടെടുത്തുവെന്ന റിപോര്‍ട്ട് തെറ്റാണെങ്കില്‍ അങ്ങനെയൊരു വാര്‍ത്ത പ്രചരിച്ചതിന്റെ സാഹചര്യമെന്ത്? സത്യാവസ്ഥ ഏറെ താമസിയാതെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.
അഴിമതി നീതിന്യായ രംഗത്ത് ഒരു പുതിയ സംഭവമല്ല.
അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന എസ് എന്‍ ശുക്ല, ഒഡിഷ ഹൈക്കോടതി മുന്‍ ജഡ്ജി ഐ എം ഖുദ്‌സി, കര്‍ണാടക മുന്‍ ചീഫ് ജസ്റ്റിസ് പി ഡി ദിനകര്‍, മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വി രാമസ്വാമി തുടങ്ങി ഗുരുതര അഴിമതിയാരോപണത്തിന് വിധേയരായ ഉന്നത ജഡ്ജിമാര്‍ നിരവധിയാണ്. 2017ല്‍ ലക്‌നോവിലെ ജി സി ആര്‍ ജി മെഡിക്കല്‍ കോളജിന് അഡ്മിഷന്‍ നടത്തുന്നതിന് താന്‍ ഉള്‍പ്പെട്ട കോടതി ബഞ്ചിന്റെ വിധി തിരുത്താന്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങിയെന്നായിരുന്നു എസ് എന്‍ ശുക്ലയുടെ പേരിലുള്ള ആരോപണം. ഇതിന്റെ പശ്ചാത്തലത്തില്‍ ശുക്ല സ്വയം രാജിവെച്ചൊഴിയുകയോ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കുകയോ വേണമെന്ന് അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെട്ടു. ശുക്ല വഴങ്ങിയില്ല.
തുടര്‍ന്ന് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ജഡ്ജിമാരുടെ പാനല്‍, അഴിമതി ശരിവെക്കുകയും ജഡ്ജിയുടെ വിശ്വാസ്യതക്കും പദവിക്കും യോജിക്കാത്തതാണ് ശുക്ലയുടെ നടപടിയെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ജസ്റ്റിസ് ദീപക് മിശ്രയും പിന്നീട് ചീഫ് ജസ്റ്റിസ് പദം വഹിച്ച ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും ശുക്ലയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചെങ്കിലും പ്രധാനമന്ത്രി അത് കണ്ട ഭാവമേ നടിച്ചില്ല. ഉന്നത ജാതിക്കാരനായ ശുക്ലയുടെ സംഘ്പരിവാര്‍ ബന്ധമാണ് ഇതിന് കാരണമെന്ന് പറയപ്പെടുന്നു.
തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാർ ഭൂമി കൈയേറിയെന്നാണ് കര്‍ണാടക മുന്‍ ചീഫ് ജസ്റ്റിസ് പി ഡി ദിനകറിനെതിരെ ഉയര്‍ന്ന ആരോപണം. സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം തയ്യാറാക്കിയ ലിസ്റ്റില്‍ ദിനകര്‍ സ്ഥലം പിടിച്ച ഘട്ടത്തിലായിരുന്നു ഭൂമി കുംഭകോണക്കേസ് ഉയര്‍ന്നത്. ആരോപണം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ലിസ്റ്റില്‍ നിന്ന് ദിനകറിനെ ഒഴിവാക്കുകയും അദ്ദേഹത്തെ സിക്കിമിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജഡ്ജിയായിരിക്കെ ഔദ്യോഗിക വസതിക്കായി അമിത തോതില്‍ പണം ചെലവഴിച്ചതുള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായ നിയമജ്ഞനാണ് സുപ്രീം കോടതി മുന്‍ ജഡ്ജി വി രാമസ്വാമി.
അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച സുപ്രീം കോടതി ജഡ്ജിമാരുടെ പാനല്‍ 14 കുറ്റാരോപണങ്ങളില്‍ 11ഉം ശരിവെച്ചു. തുടര്‍ന്ന് പാര്‍ലിമെന്റില്‍ അദ്ദേഹത്തിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം വന്നു. തമിഴ്‌നാട്ടിലെ എ ഐ എ ഡി എം കെയുടെ പിന്തുണയില്‍ നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് കേന്ദ്രം ഭരിക്കുന്ന കാലത്തായിരുന്നു സംഭവം. എന്നാല്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ നിന്ന് അവസാന നിമിഷം കോണ്‍ഗ്രസ്സും സഖ്യകക്ഷികളും വിട്ടുനിന്നതിനാല്‍ പ്രമേയം പരാജയപ്പെട്ടു. തമിഴ്‌നാട്ടുകാരനായ രാമസ്വാമിക്കെതിരായ പ്രമേയം പാസ്സായാല്‍ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന എ ഐ എ ഡി എം കെയുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ പിന്മാറ്റം.
ഭരണഘടനയുടെ കാവല്‍ക്കാരനും നീതിയുടെ സംരക്ഷകനുമായി വാഴ്ത്തപ്പെടുന്ന സ്ഥാപനമാണ് ജുഡീഷ്യറി. നീതി തേടുന്ന സാധാരണക്കാരുടെ അവസാനത്തെ ആശ്രയം. ഇത്തരമൊരു സ്ഥാപനത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ തന്നെ അഴിമതിയില്‍ മുങ്ങിക്കുളിച്ചാല്‍ പിന്നെ ആരെ ആശ്രയിക്കും? ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ പരിഹരിക്കുന്നതിന് ഫലപ്രദമായ സംവിധാനമില്ലാത്തതാണ് ജുഡീഷ്യറിയില്‍ അഴിമതി വ്യാപിക്കാന്‍ ഇടയാക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇംപീച്ച്‌മെന്റാണ് നിലവിലുള്ള നടപടി.എന്നാല്‍ രാമസ്വാമി കേസില്‍ കണ്ടതു പോലെ കേന്ദ്ര ഭരണം കൈയാളുന്ന പാര്‍ട്ടികളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കു മുമ്പില്‍ ഇത്തരം നിയമങ്ങള്‍ നോക്കുകുത്തിയാകുകയാണ്. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതിനും എല്ലാവര്‍ക്കും നീതി ഉറപ്പാക്കുന്നതിനും ഫലപ്രദമായ പരിഹാരം ആവശ്യമാണ്.