Connect with us

Articles

"ഇന്ത്യ'യിൽ ഇടതുപക്ഷമെവിടെ?

നരേന്ദ്ര മോദിയും ബി ജെ പി ഭരണ നേതൃത്വവും സംഘ്പരിവാര്‍ നിലപാടുകളുമായി തന്നെ ശക്തമായി മുന്നോട്ടു പോകുകയാണ്. ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറല്ലെന്നാണ് ഇതുവരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സൂചന നല്‍കുന്നത്. അതുകൊണ്ട് തന്നെ വ്യക്തവും ശക്തവുമായ ബി ജെ പി വിരുദ്ധ നിലപാടുകള്‍ കൈക്കൊണ്ട് തന്നെ മുന്നോട്ടുപോകാനും ഇടതുപക്ഷ-മതേതര ഐക്യം ഊട്ടിയുറപ്പിക്കാനുമാണ് ഈ അവസരത്തില്‍ ഇടതുപക്ഷം രംഗത്തുവരേണ്ടത്.

Published

|

Last Updated

കൂട്ടുകക്ഷി സര്‍ക്കാറുകളാണ് നല്ലൊരു ശതമാനം രാജ്യങ്ങളിലും ഇപ്പോള്‍ നിലനില്‍ക്കുന്നത്. നമ്മുടെ രാജ്യത്തും കൂട്ടുകക്ഷി ഭരണത്തിന്റെ കാലഘട്ടമാണിത്. മുന്നണികളെന്ന പ്രതിഭാസം 1967ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പോടു കൂടിയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. തമിഴ്‌നാട്ടില്‍ ഒഴികെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണം നടത്തിയിരുന്ന എല്ലാ സംസ്ഥാനങ്ങളിലും മുന്നണി സര്‍ക്കാറുകളാണ് അന്ന് രൂപവത്കരിക്കപ്പെട്ടത്. ഈ സംസ്ഥാനങ്ങളില്‍ എല്ലാം കോണ്‍ഗ്രസ്സ് ഇതര പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് കൂട്ടുകക്ഷി സര്‍ക്കാറുകള്‍ രൂപവത്കരിച്ചു. ഇ എം എസിന്റെ നേതൃത്വത്തില്‍ കേരളത്തിലും അന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നണി രൂപവത്കരിക്കുകയും സര്‍ക്കാര്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

അടിയന്തരാവസ്ഥയെ തുടര്‍ന്ന് 1977ലെ തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് വിരുദ്ധ കൂട്ടുകക്ഷി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വന്നു. മൊറാര്‍ജി ദേശായി നേതൃത്വം നല്‍കിയ ഈ മുന്നണി സര്‍ക്കാറിന് ഇടതുപക്ഷവും പിന്തുണ നല്‍കിയിരുന്നു. 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി പരാജയപ്പെട്ടു. മറ്റു പാര്‍ട്ടികള്‍ക്കും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. ഏറ്റവും വലിയ പാര്‍ട്ടിയാണെങ്കിലും ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ പ്രതിപക്ഷത്തിരിക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചു. ഒടുവില്‍ ജനതാ ദളിന്റെയും മറ്റു പാര്‍ട്ടികളുടെയും സഖ്യമായിരുന്ന ദേശീയ മുന്നണി (നാഷനല്‍ ഫ്രണ്ട്) വി പി സിംഗിന്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപവത്കരിച്ചു. കടക വിരുദ്ധമായ രണ്ട് രാഷ്ട്രീയ ഗ്രൂപ്പുകളുടെ – ബി ജെ പിയുടെയും ഇടതുപക്ഷത്തിന്റെയും- പിന്തുണ ഈ സര്‍ക്കാറിന് ലഭിച്ചു. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയോടെയാണ് യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ ബഹുകക്ഷി സമ്പ്രദായത്തിന്റെ കാലഘട്ടം ആരംഭിക്കുന്നത്.

ബി ജെ പിയുടെ നേതൃത്വത്തിലുളള എന്‍ ഡി എ മുന്നണിയും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുളള യു പി എ മുന്നണിയുമെല്ലാം ഈ രാജ്യത്ത് മുന്നണി സമ്പ്രദായം ഉറപ്പിക്കുകയാണ് ചെയ്തത്. ഏറ്റവും ശക്തമായ മുന്നണി കെട്ടിപ്പടുക്കാന്‍ കഴിയുന്ന പാര്‍ട്ടികള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന സാഹചര്യമാണ് നമ്മുടെ രാജ്യത്തും വളര്‍ന്ന് വന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ “ഇന്ത്യ’ മുന്നണിക്ക് രൂപം നല്‍കിയതും.

ഫാസിസ്റ്റ് വാഴ്ചയിലേക്ക് ബി ജെ പിയും സര്‍ക്കാറും നീങ്ങുകയാണെന്നും ഇതിനെ ചെറുക്കാന്‍ ബി ജെ പി ഇതര പാര്‍ട്ടികളുടെ ഏറ്റവും വിപുലമായ മുന്നണി കെട്ടിപ്പടുക്കണമെന്നും അഭിപ്രായപ്പെട്ടവരുടെ കൂട്ടത്തില്‍ കോണ്‍ഗ്രസ്സിനോടും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോടുമൊപ്പം സി പി എമ്മും ഉണ്ടായിരുന്നു. ഈ അഭിപ്രായ സമന്വയത്തിന്റെ അടിസ്ഥാനത്തിലാണ് “ഇന്ത്യ’ മുന്നണിയുടെ രൂപവത്കരണം ഉണ്ടായത്. രാജ്യത്തിന്റെ ചരിത്രപരവും ഐതിഹാസികവുമായ രാഷ്ട്രീയ സംഭവ വികാസമായിരുന്നു അത്. “ഇന്ത്യ’ മുന്നണിയുടെ ആദ്യ യോഗത്തില്‍ ഈ മുന്നണിക്ക് ഒരു പദ്ധതി തയ്യാറാക്കാന്‍ അന്ന് മുന്നണി യോഗത്തില്‍ പങ്കെടുത്തിരുന്ന മമതാ ബാനര്‍ജി സി പി എം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയെയാണ് ചുമതലപ്പെടുത്തിയത്.

എന്നിട്ടും “ഇന്ത്യ’ മുന്നണിയുടെ സബ് കമ്മിറ്റിയില്‍ (സ്റ്റാന്‍ഡിംഗ് കമ്മിറ്റി) പ്രതിനിധിയെ നല്‍കാന്‍ എന്തുകൊണ്ട് സി പി എം തയ്യാറായില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. “ഇന്ത്യ’ മുന്നണിക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ആവശ്യമില്ലെന്നും മുന്നണി ഘടകകക്ഷി നേതാക്കളുടെ യോഗം ചേര്‍ന്നാല്‍ മതിയെന്നുമാണ് ഇത് സംബന്ധിച്ച് ആദ്യം പാര്‍ട്ടി നല്‍കിയ വിശദീകരണം. ഈ വിശദീകരണം തൃപ്തികരമല്ല. കോണ്‍ഗ്രസ്സുമായി ഒരു കമ്മിറ്റിയിലിരിക്കാന്‍ പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടെന്നുള്ള വിശദീകരണവും പിന്നീട് ഉണ്ടായി.

കോണ്‍ഗ്രസ്സിനോടൊപ്പം ഒരു കമ്മിറ്റിയിലിരിക്കാന്‍ സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സ് വിലക്കിയിട്ടുണ്ടെങ്കില്‍ അത് മാറ്റാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം വിളിച്ചുകൂട്ടി ഈ തീരുമാനം മാറ്റാന്‍ നിശ്ചയിക്കുക, വരുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അതിന് അംഗീകാരം വാങ്ങുക. ഇത്തരം തീരുമാനങ്ങള്‍ പാര്‍ട്ടി അതിന്റെ ചരിത്രത്തില്‍ പലപ്പോഴും കൈക്കൊണ്ടിട്ടുള്ളതുമാണ്. ഇത് എല്ലാ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും അറിയാവുന്നതുമാണ്.
സി പി എം “ഇന്ത്യ’ മുന്നണി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ പ്രതിനിധിയെ കൊടുക്കാതിരിക്കുക മാത്രമല്ല, പിന്നീട് ഈ മുന്നണിയില്‍ നിന്നുകൊണ്ട് ചെയ്യേണ്ട നേതൃപരമായ ചുമതലകള്‍ ഏറ്റെടുക്കുന്നതിലും പലപ്പോഴും വിമുഖത കാട്ടുകയും ചെയ്തിട്ടുണ്ട്. മുന്നണി വിപുലപ്പെടുത്തുന്നതിനും ഇതില്‍ നിന്ന് പൊഴിഞ്ഞുപോയ “ഇന്ത്യ’ മുന്നണിയുടെ തന്നെ സ്ഥാപക നേതാവായ നിതീഷ് കുമാര്‍ അടക്കമുള്ള ഉന്നത നേതാക്കളെ തിരിച്ചു കൊണ്ടുവരുന്നതിനും നേതൃപരമായ ഒരു പങ്കും നിര്‍വഹിക്കാന്‍ സി പി എമ്മിന് സാധിച്ചിട്ടില്ല.
സംസ്ഥാനാടിസ്ഥാനത്തില്‍ മാത്രം തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കിയാല്‍ മതിയെന്നുള്ള സി പി എമ്മിന്റയും ഇടതുപക്ഷത്തിന്റെയും അഭിപ്രായം ഒട്ടും പ്രായോഗികമല്ലായിരുന്നു. ദേശീയാടിസ്ഥാനത്തില്‍ തന്നെ സീറ്റ് വിഭജനവും രാഷ്ട്രീയ തീരുമാനങ്ങളും വരണം. എങ്കില്‍ മാത്രമേ എല്ലാ ഘടക കക്ഷികള്‍ക്കും “ഇന്ത്യ’ മുന്നണി കൊണ്ടുള്ള പ്രയോജനം ലഭ്യമാകുകയുള്ളൂ. സി പി എമ്മിനും ഇടതുപക്ഷത്തിനും അര്‍ഹമായ സീറ്റുകള്‍ “ഇന്ത്യ’ മുന്നണിയില്‍ നിന്ന് നേടുന്ന കാര്യത്തിലും പാര്‍ട്ടിയുടെ ചാഞ്ചാട്ട നിലപാട് പ്രതികൂലമായി ബാധിച്ചു. തെലങ്കാന, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷത്തിന് പേരിനെങ്കിലും മുന്നണിയുടെ ഭാഗമായി മത്സരിക്കാന്‍ സീറ്റ് ലഭിക്കുമായിരുന്നു. അതിന് കഴിയാതെ പോയത് ഈ മുന്നണിയിലെ നേതൃപരമായ ചുമതലകള്‍ സി പി എം നിര്‍വഹിക്കാതിരുന്നതുകൊണ്ടാണ്.

“ഇന്ത്യ’ മുന്നണിയില്‍ സജീവമാകാതെ നിലകൊണ്ട സി പി എം സമീപനം ബി ജെ പി വിരുദ്ധരായ ജനലക്ഷങ്ങളില്‍ ഈ പാര്‍ട്ടിയെ സംബന്ധിച്ച് വലിയ സംശയങ്ങള്‍ ജനിപ്പിക്കാന്‍ ഇടനല്‍കിയിട്ടുണ്ട്. സി പി എമ്മിന്റെ ഈ രാഷ്ട്രീയ നിലപാട് പ്രത്യേകിച്ച് രാജ്യത്തെ ന്യൂനപക്ഷങ്ങളില്‍ സി പി എമ്മിനെ സംബന്ധിച്ച് അവിശ്വാസം ഉണ്ടാക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കാം. രാഷ്ട്രീയ നിലപാടിലെ ചാഞ്ചാട്ടവും വ്യക്തതയില്ലായ്മയും ഈ പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും ലക്ഷക്കണക്കിന് വോട്ടുകളാണ് നഷ്ടപ്പെടുത്തിയത്. കേരളത്തില്‍ ബി ജെ പി വിരുദ്ധ വോട്ട് ഇടതുപക്ഷത്തിന് ലഭിക്കാതെ പോയത് പാര്‍ട്ടിയുടെ “ഇന്ത്യ’ മുന്നണിയിലെ അവ്യക്തമായ രാഷ്ട്രീയ നിലപാട് മൂലം തന്നെയാണ്. കേരളത്തില്‍ ബി ജെ പി വിരുദ്ധ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ഒടുവില്‍ സി പി എം നേതൃത്വത്തിന് തന്നെ സമ്മതിക്കേണ്ടി വന്നിരിക്കുകയാണല്ലോ.
സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടുകള്‍ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടതിന്റെ യഥാര്‍ഥ കാരണങ്ങളെപ്പറ്റി ഇനിയെങ്കിലും നേതൃത്വത്തിന് ബോധ്യപ്പെടേണ്ടതുണ്ട്. തങ്ങളുടെ തെറ്റായ ദേശീയ രാഷ്ട്രീയ സമീപനമാണ് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയതെന്ന വസ്തുത പാര്‍ട്ടിക്ക് വൈകിയെങ്കിലും ബോധ്യപ്പെടേണ്ടതാണ്. ദേശീയ രാഷ്ട്രീയത്തിലെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ മറ്റേത് പാര്‍ട്ടിയേക്കാളും കഴിയുന്നത് സി പി എമ്മിനും ഇടതുപക്ഷത്തിനുമാണ്. രാജ്യവും ഇവിടുത്തെ ജനതയും മുന്നോട്ടാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഈ ജനകോടികളെ ശരിയായ രാഷ്ട്രീയ വഴിയിലേക്ക് നയിക്കാന്‍ വലിയ പങ്കുവഹിക്കേണ്ട പ്രസ്ഥാനം ഇടതുപക്ഷമാണ്. ഇതില്‍ നിന്ന് ഒളിച്ചോടാന്‍ ഒരിക്കലും ഇടതുപക്ഷത്തെ അനുവദിക്കരുത്.
സി പി എമ്മിന്റ തെറ്റുതിരുത്തല്‍ പ്രക്രിയയില്‍ ആദ്യം തിരുത്തേണ്ടത് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി തന്നെയാണ്. ദേശീയ രാഷ്ട്രീയത്തില്‍ ഈ പാര്‍ട്ടി സ്വീകരിച്ച അവ്യക്തമായ രാഷ്ട്രീയ നിലപാടാണ് ഉടന്‍ തിരുത്തേണ്ടത്. “ഇന്ത്യ’ മുന്നണിയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ പാര്‍ട്ടി പ്രതിനിധിയെ എത്രയും പെട്ടെന്ന് നിശ്ചയിച്ചു നല്‍കണം. ഇക്കാര്യത്തില്‍ താമസം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കണം. നരേന്ദ്ര മോദിയും ബി ജെ പി ഭരണ നേതൃത്വവും സംഘ്പരിവാര്‍ നിലപാടുകളുമായി തന്നെ ശക്തമായി മുന്നോട്ടു പോകുകയാണ്. ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറല്ലെന്നാണ് ഇതുവരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സൂചന നല്‍കുന്നത്. അതുകൊണ്ട് തന്നെ വ്യക്തവും ശക്തവുമായ ബി ജെ പി വിരുദ്ധ നിലപാടുകള്‍ കൈക്കൊണ്ട് തന്നെ മുന്നോട്ടുപോകാനും ഇടതുപക്ഷ-മതേതര ഐക്യം ഊട്ടിയുറപ്പിക്കാനുമാണ് ഈ അവസരത്തില്‍ ഇടതുപക്ഷം രംഗത്തുവരേണ്ടത്. ഇക്കാര്യത്തില്‍ സി പി എം നേതൃത്വം അമാന്തം കാണിച്ചാല്‍ രാജ്യത്തെ ഇടതുപക്ഷ-മതേതര വോട്ടർമാരില്‍ നിന്ന് ഏറ്റവും ശക്തമായ പ്രഹരമായിരിക്കും ഈ പാര്‍ട്ടിക്ക് ലഭിക്കുക.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest