Connect with us

International

10 വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ വിമാനമെവിടെ?

ലോകത്തെ എറ്റവും ചെലവേറിയ തിരച്ചിലിലും കണ്ടെത്താനാകാത്ത വിമാനത്തിനായി 70 ദശലക്ഷം ഡോളര്‍ ചെലവില്‍ വീണ്ടും തിരച്ചില്‍

Published

|

Last Updated

ക്വാലാലംപൂര്‍ | പത്ത് വര്‍ഷം മുമ്പ് അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 370 വിമാനത്തിനായുള്ള തിരച്ചില്‍ പുനരാരംഭിക്കാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി ഗതാഗത മന്ത്രി ആന്റണി ലോകെ സിയു ഫുക്ക്. തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 15,000 ചതുരശ്ര കി. മീറ്റര്‍ വിസ്തീര്‍ണമുള്ള പുതിയ പ്രദേശത്ത് വിമാനം കണ്ടെത്താന്‍ തിരച്ചില്‍ നടത്താമെന്ന പര്യവേക്ഷണ സ്ഥാപനമായ ഓഷ്യന്‍ ഇന്‍ഫിനിറ്റിയുടെ നിര്‍ദേശം അംഗീകരിക്കാന്‍ മന്ത്രിസഭ സമ്മതിച്ചതായി ലോകെ പറഞ്ഞു.

അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിന് 70 ദശലക്ഷം ഡോളറാണ് പര്യവേക്ഷണ സ്ഥാപനവുമായി കരാര്‍ ചെയ്തത്. ‘നോ ഫൈന്‍ഡ്, നോ ഫീ’ എന്ന നിലയിലായിരിക്കും ഈ ശ്രമം. ഇതനുസരിച്ച്, വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ മലേഷ്യന്‍ സര്‍ക്കാര്‍ ഓഷ്യന്‍ ഇന്‍ഫിനിറ്റിക്ക് പണം നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പടിഞ്ഞാറന്‍ ആസ്‌ത്രേലിയയുടെ തീരത്ത് തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ എവിടെയെങ്കിലും വിമാനം തകര്‍ന്നിരിക്കാമെന്നാണ് സാറ്റലൈറ്റ് ഡാറ്റ വിശകലനത്തില്‍ വ്യക്തമാകുന്നത്. 2014 മാര്‍ച്ച് എട്ടിന് കാണാതായ വിമാനത്തിനായി ലോകത്തെ എറ്റവും ചെലവേറിയ തിരച്ചിലാണ് പിന്നീട് നടന്നത്. വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര ഏജന്‍സികളും തിരച്ചില്‍ ഏറ്റെടുത്തെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

തിരോധാനത്തെക്കുറിച്ചുള്ള 495 പേജുള്ള റിപോര്‍ട്ട്,  2018 ജൂലൈയില്‍ പ്രസിദ്ധീകരിച്ചിരുന്നു. ബോയിംഗ് 777ന്റെ നിയന്ത്രണങ്ങളില്‍ ബോധപൂര്‍വം കൃത്രിമം കാണിച്ചിരിക്കാമെന്നും എന്നാല്‍ ആരാണ് ഉത്തരവാദിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായില്ലെന്നുമാണ് റിപോര്‍ട്ടിലുള്ളത്.

ക്വാലാലംപൂരിലെയും ഹോചിമിന്‍ സിറ്റിയിലെയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകള്‍ വരുത്തിയ പിഴവുകള്‍ ഇതില്‍ എടുത്തുപറയുന്നുണ്ട്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവാണ് തിരച്ചിലിന് ഏറ്റവും അനുയോജ്യമായ സമയമെന്ന് ഓഷ്യന്‍ ഇന്‍ഫിനിറ്റി സൂചിപ്പിച്ചിരുന്നു. ഇതോടെ പത്താണ്ടിന് ശേഷം  എം എച്ച് 370 എന്ന വിമാനത്തിന്റെ തിരച്ചിലിന് വീണ്ടും ജീവന്‍ വെക്കുകയാണ്. ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങിയ ആ വിമാനത്തിന് പിന്നീട് എന്ത് സംഭവിച്ചെന്നതിന്റെ ദുരൂഹത നീക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.